വാഷിങ്ടൻ: അമേരിക്കൻ വിസകൡ ഇന്ത്യക്കാർക്ക് ഏറ്റവും താൽപ്പര്യമുള്ള വിസ പദ്ധതിക്കെതിരെ പ്രതികരിച്ചു 2024ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലേക്കുള്ള റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായ ഇന്ത്യൻ-അമേരിക്കൻ വംശജൻ വിവേക് രാമസ്വാമി. പാലക്കാട്ട് വേരുകളുള്ള മലയാളിയാണ് വിവേക് രാമസ്വാമി. വിവേക് മത്സരരംഗത്തു വന്നതു മുതൽ അദ്ദേഹം വാർത്തകളിൽ നിറഞ്ഞിരുന്നു.

എച്ച്-1ബി വീസ പ്രോഗ്രാം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്ന വിവേകിന്റെ പ്രസ്താവനയാണ് ഇന്ത്യക്കാരായ ടെക്കികൾക്ക് അടക്കം ആശങ്കയ്ക്ക് ഇടയാക്കുന്നത്. ലോട്ടറി സമ്പ്രദായത്തിന് പകരം യഥാർഥ മെറിറ്റോക്രാറ്റിക് പ്രവേശനമാണ് വേണ്ടതെന്നും എച്ച്-1 ബി വീസ ഒരു തരത്തിലുള്ള കരാർ അടിമത്തമാണെന്നുമാണ് വിവേകിന്റെ പ്രസ്താവന. അതേസമയം ഈ വിസ പലതവണ ഉപയോഗിച്ച വ്യക്തിയാണ് വിവേക് എന്നതും ശ്രദ്ധയമാണ്.

സാങ്കേതിക വൈദഗ്ധ്യമുള്ള തൊഴിലുകളിൽ വിദേശ തൊഴിലാളികളെ നിയമിക്കാൻ യുഎസ് കമ്പനികളെ അനുവദിക്കുന്ന നോൺ-ഇമിഗ്രന്റ് വീസയാണ് എച്ച്-1ബി വീസ. ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളിൽനിന്ന് ഓരോ വർഷവും പതിനായിരക്കണക്കിന് ജീവനക്കാരെ നിയമിക്കുന്നതിന് യുഎസ് കമ്പനികൾ ഈ വീസയെ ആശ്രയിക്കുന്നു. വിവേക് രാമസ്വാമിയുടെ പ്രസ്താവന യുഎസിലും ഇന്ത്യയിലുമുള്ള ടെ്ക്ക് മേഖലയെ ആശങ്കപ്പെടുത്തുന്നുണ്ട്.

വിവേക് രാമസ്വാമി തന്നെ 29 തവണ ഈ വീസ പ്രോഗ്രാം ഉപയോഗിച്ചിട്ടുണ്ട്. 2018 മുതൽ 2023 വരെ, എച്ച്-1ബി വീസയ്ക്ക് കീഴിലുള്ള ജീവനക്കാരെ നിയമിക്കുന്നതിന് രാമസ്വാമിയുടെ മുൻ കമ്പനിയായ റോവന്റ് സയൻസസിന്റെ 29 അപേക്ഷകൾ യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് അംഗീകരിച്ചിരുന്നു. 2021 ഫെബ്രുവരിയിൽ റോവന്റിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ സ്ഥാനം വിവേക് ഒഴിഞ്ഞെങ്കിലും ഈ വർഷം ഫെബ്രുവരി വരെ കമ്പനിയുടെ ഡയറക്ടർ ബോർഡ് അധ്യക്ഷനായി തുടർന്നു.

ഈ വർഷം ജൂലൈയിൽ, എച്ച്-1ബി തൊഴിൽ വീസയിൽ ഉയർന്ന വൈദഗ്ധ്യമുള്ള വിദേശ തൊഴിലാളികളുടെ വാർഷിക പ്രവേശനം ഇരട്ടിയാക്കാൻ നിർദ്ദേശിക്കുന്ന ബിൽ ഇന്ത്യൻ അമേരിക്കൻ കോൺഗ്രസ് അംഗം രാജാ കൃഷ്ണമൂർത്തി അവതരിപ്പിച്ചിരുന്നു. പ്രതിവർഷം ലഭ്യമായ എച്ച്-1 ബി വീസകളുടെ എണ്ണം 65,000 ൽ നിന്ന് 1,30,000 ആയി ഉയർത്താനാണ് ബില്ലിലൂടെ ലക്ഷ്യമിടുന്നത്. നിലവിൽ, എച്ച്-1 ബി വിസയുടെ നാലിൽ മൂന്ന് ഭാഗവും ഇന്ത്യക്കാരാണ് പ്രയോജനപ്പെടുത്തിയിരിക്കുന്നത്.

റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിത്വത്തിനായുള്ള മത്സരത്തിൽ വിവേകിന്റെ ജനപിന്തുണ വർധിക്കുന്നതായി വാർത്തകളും അടുത്തിടെ പുറത്തുവന്നിരുന്നു. ആദ്യ സംവാദത്തിൽ തന്നെ ശ്രദ്ധ നേടിയ വിവേക് രാമസ്വാമിയുടെ വാക്കുകളും അമേരിക്കക്കാർ ശ്രദ്ധിച്ചു. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ താൻ വിജയിച്ചാൽ, ലോകകോടീശ്വരനും സ്പേസ്എക്സ് മേധാവിയുമായ ഇലോൺ മസ്‌കിനെ ഉപദേശകനാക്കുമെന്നാണ് വിവികേന്റെ വാഗ്ദാനം.

അമേരിക്കൻ സർവേകൾ അനുസരിച്ചു, അമേരിക്കൻ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായുള്ള റിപ്പബ്ലിക്കൻ പ്രസിഡൻഷ്യൽ ഡിബേറ്റിൽ ഇന്ത്യൻ വംശജൻ വിവേക് രാമസ്വാമിയുടെ ജനപ്രീതി കുതിച്ചുയരുന്ന എന്നാണ് വ്യക്തമാകുന്നത്. ഓൺലൈൻ ധനസമാഹരണത്തിലും വലിയ കുതിപ്പാണ് രേഖപ്പെടുത്തുന്നത്. ചർച്ച തുടങ്ങി ഒരു മണിക്കൂറിനുള്ളിൽ ശരാശരി 38 ഡോളർ വെച്ച് 45,0000 ഡോളർ രൂപയാണ് 38കാരനായ വിവേക് രാമസ്വാമി സമാഹരിച്ചത്.

മുൻ ന്യൂജഴ്‌സി ഗവർണർ ക്രിസ് ക്രിസ്റ്റീസ്, മുൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസ്, സൗത്ത് കരോലിന ഗവർണർ നിക്കി ഹാലി എന്നിവരാണ് വിവേകിന്റെ പ്രധാന എതിരാളികൾ. ഇവരെ പിന്നിലാക്കിയാണ് ബിസിനസിലൂടെ രാഷ്ട്രീയത്തിലെത്തിയ വിവേക് ഇപ്പോൾ മുന്നേറുന്നത്. ഡൊണാൾഡ് ട്രംപിന്റെ അഭാവത്തിൽ വിവേകാണ് ജിഒപി (ഗ്രാൻഡ് ഓൾഡ് പാർട്ടി അഥവാ റിപ്പബ്ലിക്കൻ പാർട്ടി) ഡിബേറ്റിൽ തിളങ്ങുന്നത്. ഡിബേറ്റിനെ തുടർന്ന് ആദ്യ ഫലം പുറത്തുവന്നപ്പോൾ 504 പേരുടെ പ്രതികരണങ്ങളിൽ 28 ശതമാനം പേർ വിവേകാണ് മികച്ചരീതിയിൽ പ്രകടനം കാഴ്ചവെച്ചതെന്ന് പറഞ്ഞു. ഫ്‌ളോറിഡ ഗവർണർ റോൺ ഡിസാന്റിസ് (27 ശതമാനം), മൈക്ക് പെൻസ് (13 ശതമാനം), നിക്കി ഹാലി (ഏഴ് ശതമാനം) എന്നിങ്ങനെയാണ് മറ്റ് മത്സരാർത്ഥികളുടെ സ്ഥാനം.

റിപ്പബ്ലിക്കൻ പ്രസിഡൻഷ്യൻ ഡിബേറ്റുമായി ബന്ധപ്പെട്ട് ഗൂഗിളിൽ ഏറ്റവും കൂടുതൽ പേർ തിരഞ്ഞ ജിഒപി സ്ഥാനാർത്ഥിയാണ് വിവേക് എന്ന് ഫോക്‌സ് ന്യൂസ് റിപ്പോർട്ട് വ്യക്തമാക്കുന്നു. അദ്ദേഹത്തിന്റെ തൊട്ടുപിന്നിൽ ഇന്ത്യൻ വംശജയായ നിക്കി ഹാലിയാണ്. ചർച്ച നടക്കുന്ന സ്റ്റേജിലും ഇരുവരും തൊട്ടടുത്തായിരുന്നു നിന്നത്. ആദ്യ റിപ്പബ്ലിക്കൻ പ്രൈമറി ഡിബേറ്റിൽ വിവേക് രാമസ്വാമി ശ്രദ്ധ പിടിച്ചുപറ്റിയതായി വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ടു ചെയ്തു.

കേരളത്തിലെ പാലക്കാട് ജില്ലയിൽ കുടുംബ വേരുകളുള്ള വ്യക്തിയാണ് വിവേക് രാമസ്വാമി. 1970കളിലാണ് വിവേകിന്റെ മാതാപിതാക്കാൾ അമേരിക്കയിലേയ്ക്ക് കുടിയേറിയത്. പാലക്കാട് ജില്ലയിലെ വടക്കാഞ്ചേരിയിലുള്ള ഒരു തമിഴ് ബ്രാഹ്മണ കുടുംബത്തിലെ അംഗമാണ് വിവേക് രാമസ്വാമിയുടെ അച്ഛൻ വി.ജി. രാമസ്വാമി. കോഴിക്കോട് റീജിയണൽ എൻജീനിയറിങ് കോളേജിൽ നിന്ന് ബിരുദം നേടിയ ഇദ്ദേഹം പഠനത്തിന് ശേഷം അമേരിക്കയിലേക്ക് പോയി. അവിടെ ഉന്നത വിദ്യാഭ്യാസം നേടിയ അദ്ദേഹം അമേരിക്കയിൽ തന്നെ സ്ഥിരതാമസമാക്കാൻ തീരുമാനിച്ചു. മൈസൂർ മെഡിക്കൽ കോളേജിൽ നിന്നും ബിരുദം നേടിയ ഗീതയെയാണ് ഇദ്ദേഹം വിവാഹം ചെയ്തത്. 1985ൽ ഈ ദമ്പതികളുടെ മകനായാണ് വിവേക് രാമസ്വാമിയുടെ ജനനം.

ഹാർവാഡ്, യേൽ സർവകലാശാലകളിൽ നിന്ന് പഠനം പൂർത്തിയാക്കിയ വിവേക് പിന്നീട് സ്വന്തമായി ഒരു കമ്പനി ആരംഭിച്ചു. പിന്നീടുള്ള വളർച്ച വളരെ പെട്ടെന്നായിരുന്നു. ബിസിനസിലൂടെ വലിയ നേട്ടങ്ങൾ കൊയ്യാൻ അദ്ദേഹത്തിന് കഴിഞ്ഞു. അമേരിക്കയിലാണ് ജനിച്ച് വളർന്നതെങ്കിലും തമിഴിൽ അസാധ്യമായി സംസാരിക്കാനും വിവേകിന് കഴിയും. ഡോ. അപൂർവ്വ രാമസ്വാമിയെയാണ് വിവേക് വിവാഹം കഴിച്ചത്. യേൽ സർവകലാശാലയിലെ പഠനകാലത്താണ് വിവേക് അപൂർവ്വയെ കണ്ടുമുട്ടിയത്.