- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യ- മാലദ്വീപ് ബന്ധം കൂടുതൽ വഷളാകുന്നു
ന്യൂഡൽഹി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ചുകൊണ്ടുള്ള പരാമർശത്തിന് പിന്നാലെ ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാകുന്ന അവസ്ഥിലാണ്. സമാവായ സാധ്യത തേടി മാലിയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ മുനു മഹാവറുമായി മാലിദ്വീപ് ഭരണകൂടം ചർച്ച നടത്തി. മാലിദ്വീപ് ഹൈക്കമ്മീഷണർ ഇബ്രാഹിം ഷഹീബിനെ കേന്ദ്ര വിദേശകാര്യമന്ത്രാലയം വിളിച്ചു വരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യൻ ഹൈക്കമ്മീഷണർ മാലി അധികൃതരുമായി കൂടിക്കാഴ്ചച് നടത്തിയത്.
ഇന്ത്യാ ഔട്ട് കാമ്പയിൻ നടത്തി അധികാരത്തിലെത്തിയ മുഹമ്മദ് മുയിസുവിന്റെ സർക്കാറാണ് ഇപ്പോൾ മാലദ്വീപ് ഭരിക്കുന്നത്. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ അവസ്ഥയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ സംഘർഷഭരിതമായിരിക്കയാണ്. ചൈനയോട് അടുത്തു നിന്നു കൊണ്ടാണ് മുയിസു ഇന്ത്യയെ വെല്ലുവിളിക്കുന്ന സമീപനം സ്വീകരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ മാലിദ്വീപ് മന്ത്രിമാരുടെ അധിക്ഷേപപരാമർശത്തിൽ ഇന്ത്യ കടുത്ത അതൃപ്തി അറിയിച്ചിരുന്നു. ലക്ഷദ്വീപിൽ ടൂറിസം പ്രോത്സാഹിപ്പിക്കാൻ പ്രധാനമന്ത്രി പങ്കുവച്ച സമൂഹമാധ്യമ പോസ്റ്റിനെതിരെയാണ് മാലദ്വീപിലെ ഡപ്യൂട്ടി മന്ത്രിമാരായ മറിയം ഷിയുന, മൽഷ ഷരീഫ്, അബ്ദുല്ല മഹ്സും മജീദ് എന്നിവർ മോശം പരാമർശം നടത്തിയത്.
മോദി കോമാളിയാണെന്നും ഇസ്രയേലിന്റെ കയ്യിലെ പാവയാണെന്നും മന്ത്രി മറിയം ഷിയുന അഭിപ്രായപ്പെട്ടിരുന്നു. പിന്നീട് പരാമർശം പിൻവലിച്ചു. മോദിക്കെതിരായ പരാമർശം വിവാദമായതിനെത്തുടർന്ന് മൂന്നു മന്ത്രിമാരെ മാലിദ്വീപ് ഭരണകൂടം സസ്‌പെൻഡ് ചെയ്തിരുന്നു. മറിയം ഷിയുനയുടെ പ്രസ്താവന വ്യക്തിഗത അഭിപ്രായം മാത്രമാണെന്നും അത് സർക്കാർ നയമല്ലെന്നും മാലിദ്വീപ് ഭരണകൂടം വ്യക്തമാക്കുകയും ചെയ്തിരുന്നു.
ലക്ഷദ്വീപ് സന്ദർശനത്തിനു പിന്നാലെ മോദി പങ്കുവെച്ച ചിത്രങ്ങളും വിഡിയോകളും സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. തുടർന്ന് മാലദ്വീപിന് ബദലായി ലക്ഷദ്വീപിനെ വിനോദ സഞ്ചാര കേന്ദ്രമാക്കാനാണ് മോദി ലക്ഷ്യമിടുന്നത് എന്നതരത്തിൽ ചർച്ചകളും തുടങ്ങി. ഇതിനു പിന്നാലെയാണ് മോദിയുടെ ചിത്രം പങ്കുവെച്ച് മന്ത്രി മറിയം ഷിയൂന എക്സിൽ വിവാദ പോസ്റ്റിട്ടത്.
അതേസമയം മോദിക്കെതിരെ മാലദ്വീപ് മന്ത്രിമാർ നടത്തിയ പരാമർശത്തിനെതിരെ മാലദ്വീപ് മുൻ ഡപ്യൂട്ടി സ്പീക്കറും എംപിയുമായ ഇവ അബ്ദുല്ലയും പ്രതികരണവുമായി രംഗത്തുവന്നു. 'അപമാനകരവും വംശീയവുമായ' പ്രസ്താവനയെന്നാണ് ഇവ പ്രതികരിച്ചത്. ഇന്ത്യയോട് മാപ്പപേക്ഷിച്ച അവർ മാലദ്വീപിനെതിരായ ബഹിഷ്‌കരണം അവസാനിപ്പിക്കണമെന്നും അഭ്യർത്ഥിച്ചു. "ഇന്ത്യക്കാർ ന്യായമായും ദേഷ്യത്തിലാണ്. പ്രസ്താവന അരോചകമായിരുന്നു. പ്രസ്താവന മാലദ്വീപിലെ ജനങ്ങളുടെ അഭിപ്രായമല്ല. അപമാനകരമായ പ്രസ്താവനയിൽ ഇന്ത്യയിലെ ജനങ്ങളോട് ഞാൻ വ്യക്തിപരമായി മാപ്പ് ചോദിക്കുകയാണ്". ഇവ ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
മന്ത്രിമാരുടെ പരാമർശത്തിനെതിരെ മാലദ്വീപ് വിദേശകാര്യമന്ത്രി മൂസ സമീറും രംഗത്തെത്തി. പരാമർശം അംഗീകരിക്കാൻ സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. നമ്മുടെ അടുത്ത അയൽക്കാർക്കും വിദേശ നേതാക്കൾക്കും എതിരെ അടുത്തിടെയുണ്ടായ പരാമർശം അംഗീകരിക്കാൻ സാധിക്കില്ല. പരാമർശം സർക്കാരിന്റെ ഔദ്യോഗിക നിലപാടല്ല. അയൽ രാജ്യങ്ങളോട് പരസ്പര ബഹുമാനത്തോടെ, പുരോഗമനപരമായ ചർച്ചകൾ തുടരുമെന്നും അദ്ദേഹം എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ അപകീർത്തികരമായ പരാമർശങ്ങൾ വിവാദമായതോടെ 3 മന്ത്രിമാരെ മാലദ്വീപ് സർക്കാർ സസ്പെൻഡ് ചെയ്തിരുന്നു. ലക്ഷദ്വീപിൽ ടൂറിസം പ്രോത്സാഹിപ്പിക്കാൻ പ്രധാനമന്ത്രി പങ്കുവച്ച സമൂഹമാധ്യമ പോസ്റ്റിനെതിരെ മാലദ്വീപിലെ ഡപ്യൂട്ടി മന്ത്രിമാരായ മറിയം ഷിയുന, മൽഷ ഷരീഫ്, അബ്ദുല്ല മഹ്സും മജീദ് എന്നിവർ നടത്തിയ പരാമർശങ്ങളിൽ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. മന്ത്രിമാരുടേതു വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളായിരുന്നുവെന്നും ഔദ്യോഗിക നിലപാടല്ലെന്നും വിശദീകരിച്ചശേഷമാണു മാലദ്വീപ് സർക്കാർ മൂന്നു പേർക്കെതിരെയും നടപടിയെടുത്തത്.
അധിക്ഷേപത്തിനെതിരെ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിക്കുകയും വിവാദം ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ ഉലച്ചിലുണ്ടാക്കുകയും മാലദ്വീപിനെ ബഹിഷ്‌കരിക്കാൻ ബോളിവുഡ് താരങ്ങൾ ഉൾപ്പെടെയുള്ള ഇന്ത്യൻ സെലിബ്രിറ്റികൾ സമൂഹ മാധ്യമ കാമ്പയിൻ തുടങ്ങുകയും ചെയ്ത സാഹചര്യത്തിലാണ് ദ്വീപ് രാജ്യത്തിന്റെ നടപടി. മാലദ്വീപിലേക്കുള്ള ടൂറിസ്റ്റ് ബുക്കിംഗുകൾ കൂട്ടത്തോടെ കാൻസൽ ചെയ്യുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്.