ന്യൂഡൽഹി: ഇറാൻ പിടിച്ചെടുത്ത ഇസ്രയേലി ശതകോടീശ്വരന്റെ ചരക്കുകപ്പലിൽ 17 ഇന്ത്യക്കാരുള്ള പശ്ചാതലത്തിൽ ഇറാൻ വിദേശകാര്യമന്ത്രിയെ വിളിച്ച് ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. എം.എസ്.സി. ഏരീസ് എന്ന കപ്പലിലെ ഇന്ത്യക്കാരെ സംബന്ധിച്ച് ഇറാൻ വിദേശകാര്യമന്ത്രി എച്ച്. അമിറബ്ദൊള്ളാഹിയാനുമായി ചർച്ച ചെയ്തത്. ഇന്ത്യക്കാരുടെ മോചനവുമായി ബന്ധപ്പെട്ട ഇടപെടൽ നടത്തിയെന്ന് എസ് ജയശങ്കർ ട്വീറ്റ് ചെയ്തു.

നൂറുകണക്കിന് ഡ്രോണുകൾ, ബാലിസ്റ്റിക് മിസൈലുകൾ, ക്രൂയിസ് മിസൈലുകൾ എന്നവയുടെ ഉപയോഗത്തോടെ മിഡിൽ ഈസ്റ്റിൽ വർധിച്ചുവരുന്ന അക്രമങ്ങൾക്കിടയിലാണ് അമിറബ്ദൊള്ളാഹിയാനുമായി സംസാരിച്ചത്. ഞായറാഴ്ച വൈകീട്ട് അമിറബ്ദൊള്ളാഹിയാനുമായി സംസാരിച്ചെന്നും കപ്പലിലെ 17 പേരെ മോചനം സംബന്ധിച്ചും മേഖലയിലെ നിലവിലെ സ്ഥിതിഗതികളെ സംബന്ധിച്ചും ചർച്ച ചെയ്തതായി ജയശങ്കർ വ്യക്തമാക്കി.

ഇറാൻ പിടിച്ചെടുത്ത ഇസ്രയേലി ശതകോടീശ്വരന്റെ ചരക്കുകപ്പലിൽ നാല് മലയാളികളാണ് ഉള്ളത്. കോഴിക്കോട് രാമനാട്ടുകര സ്വദേശിയായ ശ്യാംനാഥ് തേലംപറമ്പത്ത്, പാലക്കാട് കേരളശ്ശേരി വടശ്ശേരി സ്വദേശി സുമേഷ് (32), വയനാട് കാട്ടിക്കുളം പാൽവെളിച്ചം പൊറ്റെങ്ങോട്ട് പി.വി. ധനേഷ്, തൃശ്ശൂർ സ്വദേശി ആൻ ടെസ ജോസഫ് എന്നീ മലയാളികൾ ഉൾപ്പെടെ 17 ഇന്ത്യക്കാരാണുള്ളത്. കപ്പലിൽ ആകെ 25 ജീവനക്കാരുണ്ട്.

ദുബായിൽനിന്ന് മുംബൈയിലെ നവഷേവ തുറമുഖത്തേക്ക് വരുകയായിരുന്ന എം.എസ്.സി. ഏരീസ് എന്ന കപ്പലാണ് ഹോർമുസ് കടലിടുക്കിൽവെച്ച് ഇറാന്റെ ഔദ്യോഗികസേനാ വിഭാഗമായ റെവല്യൂഷണറി ഗാർഡ് കോർ (ഐ.ആർ.ജി.സി.) ശനിയാഴ്ച പിടിച്ചെടുത്ത് തീരത്തേക്കടുപ്പിച്ചത്. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സോഡിയാക് മാരിടൈമിന്റേതാണ് പോർച്ചുഗീസ് പതാക നാട്ടിയ എം.എസ്.സി. ഏരീസ് എന്ന കണ്ടെയ്നർ കപ്പൽ.

കപ്പലിലെ സെക്കൻഡ് എഞ്ചിനീയറാണ് ശ്യാംനാഥ്. തേർഡ് ഓഫീസറായ പാലക്കാട് സുമേഷ് നാലുമാസം മുമ്പാണ് മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനി (എം.എസ്.സി.) യുടെ കപ്പലിൽ ജോലിക്ക് കയറിയത്. കപ്പലിലെ സെക്കൻഡ് ഓഫീസറായ പി.വി. ധനേഷ് രണ്ടുമാസം പ്രായമായ മകളെ ആദ്യമായി കാണാൻ എത്താനിരിക്കെയാണ് ഇറാൻ സേനയുടെ പിടിയിലായത്.

കഴിഞ്ഞ 10 വർഷമായി ഇതേ കമ്പനിയിൽ ജോലി ചെയ്യുകയാണ് ശ്യാം നാഥ്. നിലവിൽ കപ്പലിലെ സെക്കൻഡ് എൻജിനീയറായ ശ്യാമിനൊപ്പം സെക്കൻഡ് ഓഫീസർ വയനാട് സ്വദേശി മിഥുനും തേർഡ് എൻജിനീയറായ പാലക്കാട് സ്വദേശി സുമേഷും ജോലി ചെയ്യുന്നുണ്ട്. ഇന്ത്യയും അമേരിക്കയും അടക്കമുള്ള രാജ്യങ്ങൾ വിഷയത്തിൽ നടത്തിയ ഇടപെടൽ പ്രതീക്ഷ നൽകുന്നതാണെന്നും വിവിധ രാജ്യങ്ങളിലെ പൗരന്മാർ ഉൾപ്പെടുന്ന ചരക്ക് കപ്പലിനോട് ഇറാൻ ശത്രുത കാട്ടേണ്ട കാര്യമില്ലെന്നും വിശ്വനാഥനും കുടുംബാഗങ്ങളും പ്രതീക്ഷ പ്രകടിപ്പിച്ചു.

ഇറാൻ പിടിച്ചെടുത്ത ഇസ്രയേൽ ബന്ധമുള്ള ചരക്കുകപ്പലിലെ ജീവനക്കാർ സുരക്ഷിതരെന്നു കപ്പലിലുള്ള തൃശൂർ സ്വദേശി ആൻ ടെസ ജോസഫിന്റെ കുടുംബവും പ്രതികരിച്ചത്. എല്ലാവരും സുരക്ഷിതരാണ്. ആർക്കും നിലവിൽ പ്രശ്നങ്ങളൊന്നുമില്ല. ഭക്ഷണം ലഭിക്കുന്നുണ്ട്. കപ്പലിലുള്ളവർ അവരുടെ ജോലികൾ തുടരുന്നുണ്ട്. ഇറാനിലെ ഒരു തുറമുഖത്താണ് കപ്പൽ. ജീവനക്കാരെ മോചിപ്പിക്കാനുള്ള ശ്രമം തുടരുകയാണെന്ന് കമ്പനിയിൽ നിന്നും വിവരം ലഭിച്ചതായി ആൻ ടെസയുടെ കുടുംബം പറഞ്ഞു.