- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കമ്മ്യൂണിസ്റ്റ് ചൈനയില്‍ ക്രൈസ്തവ വിശ്വാസികള്‍ക്ക് രക്ഷയില്ല! പള്ളികള്‍ പൊളിക്കുന്നതും പാസ്റ്റര്‍മാരെ തുറുങ്കിലടക്കുന്നതും പതിവ് പരിപാടി; ഉയിഗൂര്‍ മുസ്ലീങ്ങള്‍ക്ക് പിന്നാലെ ക്രൈസ്തവരേയും വേട്ടയാടി ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി; ഷി ജിന്‍പിംഗിന്റെ നാട്ടിലെ അടിച്ചമര്‍ത്തല്‍ നടപടികളില്‍ ആഗോള പ്രതിഷേധം ശക്തം
കമ്മ്യൂണിസ്റ്റ് ചൈനയില്‍ ക്രൈസ്തവ വിശ്വാസികള്‍ക്ക് രക്ഷയില്ല!
ബീജിംഗ്: ചൈനയില്‍ ക്രിസ്ത്യാനികള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ദ്ധിക്കുകയാണ്. ഇതിനകം നിരവധി പള്ളികള്‍ പൂട്ടിയ അധികൃതര്‍ പല പുരോഹിതരേയും അറസ്റ്റ് ചെയ്യുകയും ചെയ്തു. ചൈനയിലെ വലിയ സ്വാധീനമുള്ള പ്രൊട്ടസ്റ്റന്റ് സഭ പറയുന്നത് തങ്ങളെ അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായി സഭയുടെ പ്രമുഖരായ പല നേതാക്കളെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ്. കഴിഞ്ഞ ചൊവ്വാഴ്ച മധ്യ ചൈനയിലെ ചെങ്ഡുവിലുള്ള വീടുകളും പള്ളി ഓഫീസും പോലീസ് റെയ്ഡ് ചെയ്തതിനെ തുടര്‍ന്ന് ഒമ്പത് പേരെ കസ്റ്റഡിയിലെടുത്തതായി ഏര്‍ലി റെയിന്‍ കവനന്റ് ചര്‍ച്ച് പറഞ്ഞു.
ബുധനാഴ്ചയോടെ ഇവരില്‍ അഞ്ച് പേരെ വിട്ടയച്ചു. രാജ്യത്തെ മതപീഡനങ്ങളെ കുറിച്ച് നിരീക്ഷണം നടത്തുന്ന ചൈന എയ്ഡ് എന്ന സംഘടന പുറത്തു വിട്ട ഒരു വീഡിയോയില്‍ അധികൃതര്‍ യായാങ് പള്ളി കെട്ടിടം പൊളിച്ചുമാറ്റാന്‍ തുടങ്ങിയതിന്റെ ദൃശ്യങ്ങള്‍ കാണാം. കഴിഞ്ഞ വര്‍ഷത്തെ മറ്റ് അറസ്റ്റുകള്‍ക്ക് ശേഷം, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രവുമായി പൊരുത്തപ്പെടാത്ത പള്ളികളെ തുടച്ചുനീക്കാനുള്ള ദൃഢനിശ്ചയമാണ് ഈ പുതിയ അറസ്റ്റുകളുടെ എണ്ണം കാണിക്കുന്നതെന്ന് ക്രിസ്ത്യന്‍ ഗ്രൂപ്പുകള്‍ പറയുന്നു.
അതേ സമയം ബി.ബി.സി ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ യു.കെയിലെ ചൈനീസ് എംബസിയുമായി ബന്ധപ്പെട്ടു എങ്കിലും അവര്‍ ഔദ്യോഗികമായി പ്രതികരിക്കാന്‍ തയ്യാറായില്ല. ചൈന നിരീശ്വരവാദത്തെ പ്രോത്സാഹിപ്പിക്കുകയും മതത്തെ നിയന്ത്രിക്കുകയും ചെയ്യുന്ന രാജ്യമാണ്. 2018-ല്‍ രാജ്യത്ത് 44 ദശലക്ഷം ക്രിസ്ത്യാനികളുണ്ടെന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇവരില്‍ പലരും രഹസ്യമായി പ്രവര്‍ത്തിക്കുന്ന പള്ളികളില്‍ പോകുന്നവരാണ് എന്നാണ് സൂചന.
സര്‍ക്കാര്‍ അംഗീകരിച്ച പാസ്റ്റര്‍മാരുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അംഗീകാരമുള്ള പള്ളികളില്‍ മാത്രം ചേരാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വളരെക്കാലമായി ക്രിസ്ത്യാനികളെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. എന്നാല്‍ ക്രിസ്ത്യന്‍ ഗ്രൂപ്പുകള്‍ പറയുന്നത്, അറസ്റ്റ് കൂടുന്നത് സര്‍ക്കാര്‍ പിടിമുറുക്കുന്നതിന്റെ ലക്ഷണമാണ് എന്നാണ്. അനധികൃത സഭാ നേതാക്കളെ അധികാരികള്‍ വേഗത്തില്‍ അറസ്റ്റ് ചെയ്യുന്നുണ്ടെന്ന് ചൈനയിലെ ചില സഭാ നേതാക്കള്‍ ബിബിസിയോട് പറഞ്ഞു. മുന്‍കാലങ്ങളില്‍, ഈ വ്യക്തികള്‍ക്ക് ആദ്യം മുന്നറിയിപ്പ് നല്‍കുകയും പിന്നീട് പിഴ ചുമത്തുകയും ഉത്തരവുകള്‍ പാലിക്കാന്‍ വിസമ്മതിച്ചാല്‍ ഒടുവില്‍ തടങ്കലില്‍ വയ്ക്കുകയും ചെയ്യുന്നതായിരുന്നു രീതി.
ആഴ്ചകള്‍ക്ക് മുമ്പ്, ഏര്‍ലി റെയിന്‍ കവനന്റ് ചര്‍ച്ചിന്റെ നേതാവായ ലി യിങ്ക്വിയാങ്, വലിയ തോതിലുള്ള അടിച്ചമര്‍ത്തലിന്റെ ആസന്നമായ സാധ്യത'യെക്കുറിച്ച് പരാമര്‍ശിച്ചിരുന്നു. ഇപ്പോള്‍ തടങ്കലില്‍ കഴിയുന്ന നാല് പേരില്‍ ലീയും ഭാര്യ ഷാങ് സിന്‍യുവും ഉള്‍പ്പെടുന്നു.
വെന്‍ഷൗവില്‍, പ്രാദേശിക അധികാരികള്‍ ഈ ആഴ്ച ആദ്യം ബുള്‍ഡോസറുകള്‍, ക്രെയിനുകള്‍ എന്നിവ ഉപയോഗിച്ച് യായാങ് പള്ളി കെട്ടിടത്തിന്റെ ഒരു ഭാഗം പൊളിച്ചുമാറ്റാന്‍ തുടങ്ങി. കെട്ടിടത്തിന് പുറത്ത് കാവലിനായി നൂറ് കണക്കിന് സായുധരായ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നു.
എന്നാല്‍ ഇവയൊന്നും തന്നെ ചിത്രീകരിക്കാന്‍ നാട്ടുകാരെ അനുവദിക്കുന്നില്ല. ചൈനയുടെ ജറുസലേം' എന്നറിയപ്പെടുന്ന വെന്‍ഷൗവില്‍ രാജ്യത്തെ മറ്റേതൊരു നഗരത്തേക്കാളും കൂടുതല്‍ ക്രിസ്ത്യാനികളുണ്ട്. കഴിഞ്ഞ ഡിസംബറില്‍, വെന്‍ഷൗവിലെ യായാങ് പള്ളിയിലെ 100 ഓളം അംഗങ്ങളെ അഞ്ച് ദിവസത്തിനിടെ അധികൃതര്‍ അറസ്റ്റ് ചെയ്തിരുന്നു. ഹ്യൂമന്‍ റൈറ്റ്സ് വാച്ച് വെളിപ്പെടുത്തിയത് 24 അംഗങ്ങള്‍ ഇപ്പോഴും കസ്റ്റഡിയിലാണ് എന്നാണ്. ചൈനയിലെ സിയോണ്‍ ചര്‍ച്ചിനേയും ഏര്‍ലി റെയിന്‍ കവനന്റ് ചര്‍ച്ചിനെയും ചൈനീസ് സര്‍ക്കാര്‍ വര്‍ഷങ്ങളായി നോട്ടമിട്ടിട്ടുണ്ട്.
2018 ല്‍, അധികാരികള്‍ പള്ളിയില്‍ റെയ്ഡ് നടത്തി സ്ഥാപക പാസ്റ്റര്‍ വാങ് യിയെയും ഭാര്യ ജിയാങ് റോങ്ങിനെയും അറസ്റ്റ് ചെയ്തു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മതത്തെക്കുറിച്ചുള്ള നയങ്ങളുടെ തുറന്ന വിമര്‍ശകനായ വാങ്, 'ഭരണകൂട അധികാരം അട്ടിമറിക്കാന്‍ പ്രേരിപ്പിക്കല്‍', 'നിയമവിരുദ്ധ ബിസിനസ്സ് പ്രവര്‍ത്തനങ്ങള്‍' എന്നിവയ്ക്ക് ജയിലിലടക്കപ്പെട്ടിരിക്കുകയാണ്. 2027-ല്‍ അദ്ദേഹം മോചിതനാകും.




