- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗസ്സയിൽ നടക്കുന്ന യുദ്ധത്തിന് അവസാനമില്ല, ഹമാസിനെ തീർക്കും വരെ തുടരും
ജറുസലേം: ഗസ്സയിൽ താൽക്കാലിക വെടിനിർത്തലിനുള്ള നീക്കം സജീവമായിരിക്കവേ ഇസ്രയേലിന്റെ അടുത്ത ലക്ഷ്യം പ്രഖ്യാപിച്ചു പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഗസ്സയിൽ ഹമാസിനെതിരായ യുദ്ധത്തിന്റെ നിലവിലെ ഘട്ടം അവസാനിച്ചു കൊണ്ടിരിക്കുകയാണെന്ന് നെതന്യാഹു പറഞ്ഞു. ലെബനാനിലെ ഹിസ്ബുല്ലയെ നേരിടാൻ കൂടുതൽ സൈനികരെ വടക്കൻ അതിർത്തിയിലേക്ക് അയക്കാനുള്ള ഒരുക്കങ്ങൾ നടത്തിയതായും നെതന്യാഹു മുന്നറിയിപ്പു നൽകി.
അതേസമയം, ഗസ്സയിൽ നടക്കുന്ന യുദ്ധത്തിന് അവസാനമില്ലെന്നും നെതന്യാഹുവിനെ അനുകൂലിക്കുന്ന ചാനലായ ചാനൽ 14ന് നൽകിയ അഭിമുഖത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി വ്യക്തമാക്കി. തെക്കൻ ഗസ്സ നഗരമായ റഫയിൽ സൈന്യം നിലവിലെ കരയാക്രമണം പൂർത്തിയാക്കാനിരിക്കെ ഹമാസിനെതിരായ യുദ്ധം അവസാനിച്ചുവെന്ന് അർത്ഥമാക്കേണ്ടതില്ല. എന്നാൽ ഗസ്സയിൽ കുറച്ച് സൈനികരെ മാത്രമേ ആവശ്യമുള്ളൂവെന്നും ഹിസ്ബുല്ലയെ നേരിടാൻ സൈന്യത്തെ അവിടെനിന്ന് മോചിപ്പിക്കേണ്ടതുണ്ടെന്നും നെതന്യാഹു പറഞ്ഞു.
'ഞങ്ങളുടെ സേനകളിൽ ചിലതിനെ വടക്കോട്ട് മാറ്റാനുള്ള സാധ്യതയുണ്ട്. പ്രതിരോധത്തിനുവേണ്ടി ഞങ്ങളത് ചെയ്യും. ഒപ്പം പതിനായിരക്കണക്കിന് കുടിയിറക്കപ്പെട്ട ഇസ്രയേലികളെ നാട്ടിലേക്ക് മടങ്ങാൻ അനുവദിക്കുമെന്നും' നെതന്യാഹു പറഞ്ഞു.
ലബനിലെ ഹിസ്ബുല്ലക്കെതിരായ ഇസ്രയേൽ നീക്കം മേഖലയെ സമ്പൂർണമായി സംഘർഷത്തിലാഴ്‌ത്തുമെന്ന ആശങ്ക ഉയർത്തുന്നു. ഒക്ടോബർ 7ന് ആരംഭിച്ച ഗസ്സ ആക്രമണത്തിനു തൊട്ടുപിന്നാലെ ഇറാന്റെ പിന്തുണയുള്ള ഹിസ്ബുല്ല ഇസ്രയേലിനെതിരെ ആക്രമണം തുടങ്ങിയിരുന്നു. പല ഘട്ടങ്ങളിലും ഇരു സൈന്യവും തമ്മിൽ തീവ്രമായ ഏറ്റുമുട്ടലുകൾ നടന്നു.
ഹമാസിനേക്കാൾ ശക്തമാണ് ഹിസ്ബുല്ല. ഒരു പുതിയ യുദ്ധ മുന്നണി തുറക്കുന്നത് മറ്റ് ഇറാനിയൻ അനുകൂല സേനകളും ഇറാൻ തന്നെയും ഉൾപ്പെട്ട വ്യാപകമായ യുദ്ധത്തിന്റെ അപകടസാധ്യത ഉയർത്തുമെന്നും ഇത് അതിർത്തിയുടെ ഇരുവശത്തും കനത്ത നാശനഷ്ടങ്ങൾക്ക് ഇടയാക്കുമെന്നും വിലയിരുത്തപ്പെടുന്നു. വൈറ്റ് ഹൗസ് വക്താവ് അമോസ് ഹോച്ച്സ്റ്റീൻ കഴിഞ്ഞയാഴ്ച ഇസ്രയേലിലെയും ലെബനാനിലെയും ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയിരുന്നുവെങ്കിലും ഇതെല്ലാം മറികടന്ന് പോരാട്ടം തുടരുകയാണ്.
ഗസ്സയിൽ വെടിനിർത്തൽ ഉണ്ടാകുന്നതുവരെ ഇസ്രയേലുമായുള്ള പോരാട്ടം തുടരുമെന്ന് ഹിസ്ബുല്ല അറിയിച്ചു. ഹിസ്ബുല്ലക്ക് പുതിയ ആയുധങ്ങളും രഹസ്യാന്വേഷണ സന്നാഹങ്ങളും ഉണ്ടെന്നുള്ള സൂചന നൽകി ഇസ്രയേലിനകത്ത് കൂടുതൽ നിർണായക സ്ഥലങ്ങൾ ലക്ഷ്യമിടുമെന്ന് മുതിർന്ന നേതാവ് ഹസൻ നസ്‌റുല്ല കഴിഞ്ഞ ആഴ്ച മുന്നറിയിപ്പ് നൽകിയിരുന്നു.
കടുത്തതല്ലാത്ത പോരാട്ടത്തിന് ഹിസ്ബുല്ല ഇതിനകം തന്നെ പുതിയ ആയുധങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. പ്രതിരോധിക്കാൻ പ്രയാസമുള്ള ഡ്രോണുകൾ ഉൾപ്പെടെ ഉപയോഗിച്ച് മുന്നറിയിപ്പുകളില്ലാതെ ആക്രമിക്കുന്നു. ഡ്രോൺ ആക്രമണത്തിൽ ഒരു ഇസ്രയേലി സൈനികന് കഴിഞ്ഞ ദിവസം ഗുരുതരമായി പരിക്കേൽക്കുകയുണ്ടായി.
എന്നാൽ, തങ്ങളുടെ മുഴുശേഷിയുടെ ഒരു ചെറിയ ഭാഗം മാത്രമേ ഹിസ്ബുല്ലക്കെതിരെ പുറത്തെടുത്തിട്ടുള്ളുവെന്നും ഒരു യുദ്ധമുണ്ടായാൽ ലെബനാൻ രണ്ടാം ഗസ്സയായി മാറുമെന്നുമാണ് ഇസ്രയേലിന്റെ താക്കീത്. ലെബനാൻ ആക്രമണത്തിനുള്ള ഒരു പുതിയ പദ്ധതി അംഗീകരിച്ചതായി ഇസ്രയേൽ സൈന്യം കഴിഞ്ഞ ആഴ്ച പുറത്തുവിട്ടിരുന്നു.
അതിനിടെ ഇസ്രയേൽ-ലെബനീസ് അതിർത്തി പുകയവേ ശനിയാഴ്ച റെഡ്‌ക്രോസിന്റെ ഗസ്സയിലെ ഓഫീസിനു സമീപം ഇസ്രയേൽ നടത്തിയ ഷെല്ലാക്രമണത്തിൽ 22 പേർ കൊല്ലപ്പെട്ടിരുന്നു. ഓഫീസിനു കാര്യമായ കേടുണ്ടായെന്ന് അന്താരാഷ്ട്ര റെഡ്ക്രോസ് കമ്മിറ്റി അറിയിച്ചു. വെള്ളിയാഴ്ച തെക്കൻ ഗസ്സാനഗരമായ റാഫയിലെ അഭയാർഥിക്കൂടാരങ്ങൾക്കുമേൽ ബോംബിട്ട് ഇസ്രയേൽ 25 പേരെ വധിച്ചിരുന്നു. 50 പേർക്ക് പരിക്കേറ്റു.
ഇവരെ റെഡ്ക്രോസിന്റെ ഫീൽഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തെക്കൻ തീരമേഖലയായ അൽ മവാസിയിലാണ് ആക്രമണമുണ്ടായതെന്ന് ഗസ്സയിലെ ആരോഗ്യമന്ത്രാലയം അറിയിച്ചു. മെയ് ആദ്യം റാഫയിൽ ഇസ്രയേൽ കരയധിനിവേശം ആരംഭിച്ചതോടെ അവിടെനിന്നൊഴിഞ്ഞെത്തിയവരാണ് സുരക്ഷിതമേഖലയായി പ്രഖ്യാപിച്ച മവാസിയിൽ കൂടാരം കെട്ടിപ്പാർക്കുന്നത്.
വടക്കൻഗസ്സയിലെ പ്രധാന നഗരമായ ഗസ്സാസിറ്റിയിലും ഇസ്രയേൽ സൈന്യവും ഹമാസുകാരും തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടൽ നടക്കുകയാണ്. വെള്ളിയാഴ്ച ഗസ്സാസിറ്റിയിലെ അൽ അഹ്‌ലി ആശുപത്രിയിൽമാത്രം 30 മൃതദേഹങ്ങളെത്തി. സയ്ത്തൂണിൽ ഇസ്രയേൽ സേനാഹെലികോപ്റ്ററുകൾ തീതുപ്പി. ഗസ്സയിൽ ആകെ മരണം 37,431 ആയി.
അതിനിടെ, ലെബനനെ മറ്റൊരു ഗസ്സയാക്കുന്നത് ലോകത്തിന് താങ്ങാനാവില്ലെന്നും പെട്ടെന്നുള്ള പ്രകോപനം സൃഷ്ടിക്കുന്ന ദുരന്തം സങ്കല്പിക്കാൻ പോലും കഴിയാത്തതാകുമെന്നും യു.എൻ. സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. ഇസ്രയേലും ലെബനീസ് സായുധസംഘടനയായ ഹിസ്ബുള്ളയും പരസ്പരം ആക്രമണം ശക്തമാക്കിയതിനു പിന്നാലെയാണിത്.