ടെഹ്‌റാൻ: ഇറാനിൽ ഹിജാബ് വിരുദ്ധ സമരത്തിൽ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ ഭരണകൂടം അതിശക്തമായി അടിച്ചമർത്തുകയാണ്. വധശിക്ഷ നൽകി കൊണ്ടാണ് സമരത്തെ ഇല്ലാതാക്കാൻ സർക്കാർ ശ്രമിക്കുന്നത്. ഇതോടെ വ്യാപകമായ അറസ്റ്റും കരുതൽ തടങ്കലും ശക്തമായി നടക്കുന്നു. ഏറ്റവും ഒടുവിലായി ഇറാനിൽ പ്രമുഖ നടിയായ താരാനെ അലിദൂസ്തിയെ പൊലീസ് അറസ്റ്റ് ചെയ്തതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.

രാജ്യത്ത് നടക്കുന്ന രാജ്യവ്യാപക പ്രതിഷേധത്തെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചെന്ന കുറ്റത്തിനാണ് നടിയെ അറസ്റ്റ് ചെയ്തതെന്ന് ദേശീയമാധ്യമം റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസം വധിശിക്ഷക്ക് വിധേയനാക്കിയ യുവാവിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തതിന് ഒരാഴ്ചയ്ക്ക് ശേഷമാണ് താരാനെ അലിദൂസ്തിയെ അറസ്റ്റ് ചെയ്തതെന്ന് വാർത്താ ഏജൻസിയായ ഐആർഎൻഎ റിപ്പോർട്ട് ചെയ്തു.

ഓസ്‌കർ പുരസ്‌കാരം നേടിയ 'ദ സെയിൽസ്മാൻ' എന്ന ചിത്രത്തിലെ നായികയാണ് ഇവർ. ചിത്രത്തിലെ താരത്തിന്റെ പ്രകടനം ലോകവ്യാപകമായി ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രകോപനപരമായ ഉള്ളടക്കം പ്രസിദ്ധീകരിച്ചതിന് മറ്റ് നിരവധി ഇറാനിയൻ സെലിബ്രിറ്റികളെയും ജുഡീഷ്യറി ബോഡി വിളിപ്പിച്ചിട്ടുണ്ടെന്നും ഐആർഎൻഎ റിപ്പോർട്ടിൽ പറയുന്നു. മുഹ്‌സിൻ ഷെക്കാരിയെ വധശിക്ഷക്ക് വിധേയമാക്കിയതിനെതിരെയാണ് 38 കാരിയായ നടി രംഗത്തെത്തിയത്. രക്തച്ചൊരിച്ചിൽ കണ്ടിട്ടും നടപടിയെടുക്കാത്ത എല്ലാ അന്താരാഷ്ട്ര സംഘടനകളും മനുഷ്യരാശിക്ക് അപമാനമാണെന്നും നടി ഇൻസ്റ്റഗ്രാം പോസ്റ്റിൽ കുറിച്ചു.

2020 ജൂണിൽ, ശിരോവസ്ത്രം നീക്കിയ സ്ത്രീയെ ആക്രമിച്ചതിന് 2018 ൽ ട്വിറ്ററിൽ പൊലീസിനെ വിമർശിച്ചതിന് അവൾക്ക് അഞ്ച് മാസത്തെ തടവ് ശിക്ഷ ലഭിച്ചിരുന്നു. ദ ബ്യൂട്ടിഫുൾ സിറ്റി, എബൗട്ട് എല്ലി എന്നിവയാണ് അലിദൂസ്തി അഭിനയിച്ച മറ്റ് സിനിമകൾ. സുരക്ഷാ സേനയിലെ അംഗത്തെ ആക്രമിച്ചെന്ന കുറ്റത്തിനാണ് ഷെക്കാരിയെ ഡിസംബർ ഒമ്പതിന് വധശിക്ഷക്ക് വിധേയമാക്കിയത്. പിന്നാലെ മദീജ് റെസ റഹ്നവാർദിനെയും വധിച്ചു. കുറ്റാരോപിതരായ ഇരുവരെയും ഒരു മാസത്തിനുള്ളിൽ ഇരുവരെയും വധിച്ചു. സെപ്റ്റംബറിൽ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടതിനുശേഷം ഐക്യദാർഢ്യം പ്രകടിപ്പിച്ച് അലിദൂസ്തി തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നേരത്തെയും പോസ്റ്റുകൾ അപ്ലോഡ് ചെയ്തിരുന്നു. ഏകദേശം 80 ലക്ഷം ഫോളോവേഴ്സ് ഉള്ള അവളുടെ അക്കൗണ്ട് ഞായറാഴ്ച സസ്‌പെൻഡ് ചെയ്തു.

സദാചാര പൊലീസ് കസ്റ്റഡിൽ 22 കാരിയായ മഹ്സ അമിനി കൊല്ലപ്പെട്ടതിനെ തുടർന്നാണ് ഇറാനിൽ പ്രതിഷേധം ശക്തമായത്. സോഷ്യൽ മീഡിയയിൽ പ്രതിഷേധക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചതിന് ഇറാനിലെ മറ്റ് രണ്ട് പ്രശസ്ത നടിമാരായ ഹെൻഗാമെ ഗസ്സിയാനി, കതയോൻ റിയാഹി എന്നിവരെ അധികൃതർ അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു.

പ്രക്ഷോഭത്തിൽ പങ്കെടുക്കുന്നവരെ മാത്രമല്ല, പിന്തുണ നൽകുന്നവരെ കൂടി തൂക്കിലേറ്റാൻ വിചിത്രകാരണങ്ങൾ കണ്ടുപിടിക്കുകയാണ്. 21 കാരനായ വിദ്യാർത്ഥി മൊഹമ്മദ് നാസിരിയാണ് അത്തരമൊരു കടുംകൈയുടെ ഇരയാകുന്നത്. ടെഹ്റാനിലെ, ഖാസ്വിൻ നഗരത്തിൽ, കഴിഞ്ഞ മാസമാണ് മൊഹമ്മദ് നാസിരിയെ അറസ്റ്റ് ചെയ്തത്. സർക്കാർ വിരുദ്ധ പ്രകഷോഭകർക്ക് ചോക്കളേറ്റുകൾ വിതരണം ചെയ്യുകയും പിന്തുണ തുറന്നുപ്രകടിപ്പിക്കുകയും ചെയ്തതാണ് പ്രകോപനം.

സെപ്റ്റംബർ മുതൽ ദേശവ്യാപകമായി തുടരുന്ന പ്രക്ഷോഭം ഏതുവിധേനയും അടിച്ചമർത്തുകയാണ് ഭരണകൂടത്തിന്റെ ലക്ഷ്യം. നാസിരിയും കൂട്ടുകാരും നേരത്തെ പ്രക്ഷോഭകർക്ക് പിന്തുണയുമായി തെരുവിലിറങ്ങിയിരുന്നു. ആളുകളെ ആലിംഗനം ചെയ്തും ചോക്കലേറ്റ് വിതരണം ചെയ്തും മറ്റുമാണ് ഐക്യദാർഢ്യം പ്രകടിപ്പിച്ചത്. സംഘത്തിൽ ഉണ്ടായിരുന്ന വാഹിദ് സംഭവം ഓർത്തെടുക്കുന്നു:

' ഞങ്ങളുടെ അഭിപ്രായത്തിൽ നിലവിലെ സാഹചര്യത്തിൽ ഏറ്റവും സമാധാനപരമായ പ്രതിഷേധമായിരുന്നു അത്. ആളുകൾ അത് പ്രോത്സാഹിപ്പിക്കുകയും ചെയ്തു. എന്നാൽ, നവംബർ 12 ന് സമീപത്ത് കൂടി നടന്നുപോയ ഒരാൾ ഞങ്ങൾക്ക് മുന്നറിയിപ്പ് നൽകി: മഫ്തിയിൽ പൊലീസ് ഉദ്യോഗസ്ഥർ നിങ്ങളെ നിരീക്ഷിക്കുന്നുണ്ട്. ഇതുകേട്ട പാടേ, സാധനങ്ങളെല്ലാം പാക്ക് ചെയ്ത് വേഗം സ്ഥലം വിടാൻ ഒരുങ്ങി. അപ്പോഴാണ് പൊലീസുകാർ ഞങ്ങളെ ഓടിച്ചത്. അതിൽ ഒരാൾ നാസിരിയെ ഇലക്ട്രിക് സ്റ്റൺ ഗൺ കൊണ്ട് അടിച്ചു. അതോടെ അവൻ നിലത്തുവീണു. മൂന്നോ നാലോ പൊലീസുകാർ ചേർന്ന് തല്ലി ഇഞ്ചപ്പരുവമാക്കിയാണ് നാസിരിയെ അവിടുന്ന് വലിച്ചിഴച്ച് കൊണ്ടുപോയത്.'

പിന്നീട് നാസിരിയെ കാണുമ്പോൾ പൊലീസുകാരുടെ അടി കൊണ്ട് വീർത്ത് അവന്റെ മുഖം തിരിച്ചറിയാൻ പോലും കഴിയാതെ ആയിരുന്നു. അധികം വൈകാതെ പ്രാദേശിക മാധ്യമങ്ങൾ നാസിരിയുടെ കുറ്റസമ്മതം പ്രചരിപ്പിക്കാൻ തുടങ്ങി. സർക്കാർ അനുകൂല ബാസിജ് സുരക്ഷാ സേനാംഗത്തെ താൻ കുത്തിയതായി നാസിരി സമ്മതിച്ചുവെന്നായിരുന്നു കുപ്രചാരണം. നാസിരി കുത്തി പരിക്കേൽപ്പിച്ചു എന്നുപറയുന്ന ആളുടെ കാലിൽ ബാൻഡേജ് ഒക്കെ ഇട്ട് ചിത്രങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തു. ഇതൊക്കെ വെറും കള്ളക്കഥ ആണെന്നാണ് നാസിരിയുടെ കൂട്ടുകാർ പറയുന്നത്.

ഇപ്പോൾ ദൈവത്തിന് എതിരെ യുദ്ധം നയിച്ചതരണംപറഞ്ഞ് മതപൊലീസ് കസ്റ്റഡിയിലെടുത്ത കുർദ് വംശജയായ മഹ്സ അമിനി എന്ന യുവതി സെപ്റ്റംബർ 16-ന് മരിച്ചതിനെ തുടർന്നാണ് ഇറാനിൽ വലിയ പ്രക്ഷോഭം ആരംഭിച്ചത്. പ്രക്ഷോഭത്തിൽ 475 പേർ കൊല്ലപ്പെട്ടിരുന്നു.