- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഖാസിം സുലൈമാനിയുടെ ഖബറിടത്തിനടുത്തുണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 103ആയി; ആക്രമണത്തിന് പിന്നിൽ ഇസ്രയേലും അമേരിക്കയുമാണെന്ന് കുറ്റപ്പെടുത്തിയ ഇറാൻ; പ്രതികാരം ചെയ്യുമെന്നും മുന്നറിയിപ്പ്; തങ്ങൾക്ക് പങ്കില്ലെന്ന് അമേരിക്കയും ഇസ്രയേലും; പശ്ചിമേഷ്യ കൂടുതൽ കലുഷിതമാകുന്നു
ബെയ്റൂത്ത്: ഇറാനിൽ ഖാസിം സുലൈമാനിയുടെ ഖബറിടത്തിന് അടുത്തുണ്ടായ സ്ഫോടനത്തില് കൊല്ലപ്പെട്ടവരുടെ എണ്ണം 103 ആയി ഉയർന്നിട്ടുണ്ട്. ആക്രമണത്തിന് പിന്നിൽ ഇസ്രയേലും അമേരിക്കയുമാണെന്ന് കുറ്റപ്പെടുത്തി ഇറാൻ രംഗത്തുവന്നിട്ടുണ്ട്. എന്നാൽ, തങ്ങൾക്ക് പങ്കില്ലെന്നാണ് അമേരിക്കയും ഇസ്രയേലും പറയുന്നത്. ബോംബ് സ്ഫോടനത്തിൽ 141 പേർക്കാണ് പരിക്കേറ്റത്. സംഭവത്തിൽ പ്രതികാരം ചെയ്യുമെന്നാണ് ഇറാൻ പറയുന്നത്. സ്ഫോടനത്തിൽ പങ്കില്ലെന്ന് അമേരിക്ക വ്യക്തമാക്കി. പൂർണ ശ്രദ്ധ ഗസ്സ യുദ്ധത്തിലാണെന്നും പ്രതികരിക്കാനില്ലെന്നും ഇസ്രയേൽ സൈനിക വക്താവ് അറിയിച്ചു.
റെവല്യൂഷനറി ഗാർഡ് മുൻ കമാൻഡർ ഖാസിം സുലൈമാനിയുടെ രക്തസാക്ഷിത്വ വാർഷികത്തിനിടെയാണ് ഇന്നലെ ഇറാനെ ഞെട്ടിച്ച സ്ഫോടനം. കെർമാൻ പ്രവിശ്യയിലുള്ള ഖാസിം സുലൈമാനിയുടെ സ്മാരകത്തിന് സമീപമാണ് ഇരട്ട സ്ഫോടനങ്ങളുണ്ടായത്. രക്തസാക്ഷി വാർഷികവുമായിബന്ധപ്പെട്ട ചടങ്ങിൽ പങ്കെടുക്കാൻ ആയിരങ്ങൾതടിച്ചുകൂടിയ ഘട്ടത്തിലാണ് ഭീകരർ റിമോർട്ട് ഉപയോഗിച്ച് സ്ഫോടനം നടത്തിയത്.
സ്മാരകത്തിൽ നിന്ന് 700 മീറ്റർ ദൂരയൊയിരുന്നു ആദ്യ സ്ഫോടനം. 13 മിനിറ്റിനു പിന്നാലെ രണ്ടാമത്തെ സ്ഫോടനം. സ്ഫോടത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചവരിൽ പലരുടെയും നില ഗുരുതരമാണ്. ഭീകരാക്രമണം ആസൂത്രണം ചെയ്ത ആരെയും വെറുതെ വിടില്ലെന്ന് ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റഈസി പറഞ്ഞു. പിന്നിൽ സയണിസ്റ്റ് ഏജന്റുമാരും അവരുടെ സഹായികളുമാണെന്ന് ഇറാൻ വൈസ് പ്രസിഡന്റ് വ്യക്തമാക്കി. അമേരിക്കയുടെയും ഇസ്രയേലിന്റെയും കരങ്ങൾ വ്യക്തമാണെന്ന് ഇറാനിയൻ റവലൂഷനറി ഗാർഡിലെ ഖുദ്സ് ഫോഴ്സ് കമാണ്ടർ. ഇറാനിലെഭീകരാക്രമണത്തിന് ഇസ്രയേലിലെ തെൽ അവീവിലും ഹൈഫയിലും മറുപടി നൽകണമെന്ന് ഇറാൻ ആരോഗ്യ മന്ത്രാലയം മുൻവക്താവ് ഡോ. കിയാനുഷ് ജഹാൻപുർ പറഞ്ഞു.
ഇറാൻ സ്ഫോടനത്തിനു പിന്നിൽ ആരാണെന്നതു സംബന്ധിച്ച് ഒന്നും അറിയില്ലെന്ന് യു.എസ് സ്റ്റേറ്റ് വകുപ്പ് വക്താവ് ജോൺ കെർബി വ്യക്തമാക്കി. പിന്നിൽ ഇസ്രയേൽ ആണെന്ന് കരുതുന്നില്ല. അമേരിക്കക്കെതിരെയുള്ള ഇറാന്റെ ആരോപണം വസ്തുതക്ക് നിരക്കുന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാൻ സ്ഫോടനത്തെ കുറിച്ച് പ്രതികരിക്കാനില്ലെന്ന് ഇസ്രയേൽ സൈനിക വക്താവ് പറഞ്ഞു. ഗസ്സ യുദ്ധത്തിലാണ് ഇപ്പോൾ പൂർണ ശ്രദ്ധയെന്നും വക്താവ് ചൂണ്ടിക്കാട്ടി. ഇറാൻ സ്ഫോടനത്തിനു പിന്നിൽ പ്രവർത്തിച്ചവർക്ക് വൈകാതെ മാരക തിരിച്ചടി ഉണ്ടാകുമെന്ന് തെഹ്റാനു പുറമെ ഹിസ്ബുല്ലയും ഹൂത്തികളും താക്കീത് ചെയ്തു.
അതേസമയം ഹമാസ് നേതാവ് സാലിഹ് അൽ അറൂറിയെ ലബനാൻ തലസ്ഥാനമായ ബൈറൂത്തിൽ ഡ്രോൺ ഉപയോഗിച്ച് ബോംബിട്ട് കൊലപ്പെടുത്തിയതും ഇറാനിൽ ഖാസിം സുലൈമാനിയുടെ ഖബറിടത്തിനടുത്തുണ്ടായ സ്ഫോടനത്തിൽ നൂറിലേറെ പേർ കൊല്ലപ്പെട്ടതും പശ്ചിമേഷ്യയെ മുൾമുനയിലാക്കുന്ന അവസ്ഥയിലാണ്. അറൂറി വധത്തിന് തിരിച്ചടിയുണ്ടാകുമെന്ന് ഹിസ്ബുല്ല പ്രഖ്യാപിച്ചിട്ടുണ്ട്. ഇസ്രയേൽ നഗരങ്ങളിൽ സുരക്ഷ ശക്തമാക്കിയതായും എന്ത് പ്രത്യാഘാതവും നേരിടാൻ തയാറാണെന്നും സൈനിക വക്താവ് ഡാനിയൽ ഹഗാരി അറിയിച്ചു.
ഇറാൻ റെവല്യൂഷനറി ഗാർഡ് കമാൻഡറായിരുന്ന ഖാസിം സുലൈമാനിയുടെ നാലാം ചരമവാർഷികദിനത്തിലാണ് സ്ഫോടനം. സംഭവത്തിൽ അമേരിക്കയുടെ ഇടപെടലിനെക്കുറിച്ച് സംശയം ഉയരുന്നുണ്ട്. മൂന്നുവർഷം മുമ്പ് യു.എസ് ഡ്രോൺ ആക്രമണത്തിലാണ് സുലൈമാനി കൊല്ലപ്പെട്ടത്. ഹിസ്ബുല്ല നേതാക്കളുമായി ബൈറൂത്തിൽ കൂടിക്കാഴ്ച നടത്താനിരിക്കെയാണ് ഓഫിസിനുനേരെ നടന്ന ആക്രമണത്തിൽ ചൊവ്വാഴ്ച അറൂറി കൊല്ലപ്പെട്ടത്. അൽഖസ്സാം ബ്രിഗേഡ് നേതാക്കളായ സാമിർ ഫന്ദി, അസ്സാം അഖ്റ എന്നിവരും ഹമാസ് അംഗങ്ങളായ മഹ്മൂദ് ഷാഹീൻ, മുഹമ്മദ് ബശാശ, മുഹമ്മദ് അൽ റഈസ്, അഹ്മദ് ഹമ്മൂദ് എന്നിവരും കൊല്ലപ്പെട്ടു. വെസ്റ്റ്ബാങ്ക് സ്വദേശിയായ സാലിഹ് അൽ അറൂറി അൽഖസ്സാം ബ്രിഗേഡിന്റെ സ്ഥാപക നേതാക്കളിലൊരാളാണ്.
ദീർഘകാലം ഇസ്രയേലി ജയിലിലായിരുന്ന അദ്ദേഹം മോചിതനായശേഷം ലബനാനിലാണ് താമസം. ഹമാസും ഹിസ്ബുല്ലയുമായുള്ള ചർച്ചകൾക്ക് നേതൃത്വം നൽകിയിരുന്നത് അദ്ദേഹമായിരുന്നു. ഇന്റലിജൻസ് വിവരങ്ങളും ഫോൺ സിഗ്നലുകളും പിന്തുടർന്നാണ് അറൂറിയെ വധിച്ചതെന്നാണ് സൂചന. കൂടിക്കാഴ്ച നടക്കുന്ന സ്ഥലം, തീയതി, ആരൊക്കെ പങ്കെടുക്കുന്നുവെന്ന വിവരം, പങ്കെടുക്കുന്നവരിലൊരാളുടെ ഫോൺ നമ്പർ എന്നിവ ഇസ്രയേൽ രഹസ്വാന്വേഷണ ഏജൻസിക്ക് ലഭിച്ചിരിക്കാം. ഡ്രോണുകൾക്ക് കൃത്യതയോടെ ആക്രമണം നടത്താൻ ഫോൺ സിഗ്നലുകൾ ഉപയോഗിച്ചിരിക്കാമെന്നും കരുതുന്നു.
ചൊവ്വാഴ്ച ലെബനന്റെ തലസ്ഥാനമായ ബയ്റുത്തിനു തെക്ക് ദഹിയേഹിലാണ് അറൂറിയെയും അംഗരക്ഷകരെയും ഇസ്രയേൽ ഡ്രോൺ ആക്രമണത്തിൽ വധിച്ചത്. ഗസ്സയിലെ ആക്രമണത്തിന്റെപേരിൽ ഇസ്രയേലിലേക്ക് ദിവസേനയെന്നോണം മിസൈൽ അയക്കുന്ന ഹിസ്ബുള്ളയുടെ ശക്തികേന്ദ്രമാണ് ലെബനൻ.
ഹമാസിനെപ്പോലെ ഇറാന്റെ പിന്തുണയുള്ള സായുധസംഘമാണ് ഹിസ്ബുള്ളയും. അറൂറിയുടെ വധത്തിന് പ്രതികാരംചെയ്യുമെന്ന് രണ്ടുകൂട്ടരും പ്രഖ്യാപിച്ചതോടെയാണ് യുദ്ധം ഗസ്സയ്ക്കു പുറത്തേക്കു വ്യാപിക്കുമെന്ന ആശങ്ക ഉയർന്നിരിക്കുന്നത്. ഇസ്രയേലും ലെബനനും തമ്മിലുള്ള ബന്ധം മുമ്പേ സംഘർഷഭരിതമാണ്. ബയ്റുത്തിൽ അറൂറിയെ വധിച്ചതിനെ ലെബനൻ പ്രധാനമന്ത്രി നജീബ് മിതാക്കി അപലപിച്ചു. ഇസ്രയേൽ-ഹമാസ് യുദ്ധത്തിൽ ലെബനനും പെട്ടുപോകുമോ എന്ന ഭീതിയും അദ്ദേഹത്തിനുണ്ട്. ഹിസ്ബുള്ള ആക്രമണം കടുപ്പിച്ചാൽ ലെബനനെ ഗസ്സയാക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുമ്പ് ഭീഷണിപ്പെടുത്തിയിരുന്നു.
ആരാണ് അറൂറി?
ഹമാസിന്റെ രാഷ്ട്രീയവിഭാഗത്തിന്റെ രണ്ടാം വലിയ നേതാവ്; സായുധവിഭാഗമായ അൽ കസം ബ്രിഗേഡ്സിന്റെ സഹസ്ഥാപകൻ; ഇസ്രയേൽ അധിനിവേശ വെസ്റ്റ് ബാങ്കിൽ അൽ കസം ബ്രിഗേഡ്സിനെ വളർത്തുന്നതിൽ നിർണായക പങ്കുവഹിച്ച വ്യക്തി; ഇറാനും ഹിസ്ബുള്ളയും ഹമാസും തമ്മിലുള്ള കണ്ണി. അങ്ങനെ പലതായിരുന്നു ചൊവ്വാഴ്ച ഇസ്രയേൽ വധിച്ച സലേഹ് അൽ അറൂറി (57). വെസ്റ്റ് ബാങ്കിലെ റമള്ളയ്ക്കടുത്ത് അറൂറ ഗ്രാമത്തിൽ ജനനം. ഹെബ്രോൺ സർവകലാശാലയിൽ ഇസ്ലാമിക നിയമപഠനം. ഹമാസിന്റെ മാതൃസംഘടനയായ മുസ്ലിം ബ്രദർഹുഡിൽ ചെറുപ്പത്തിലേ അംഗം. ഫലസ്തീൻ രാഷ്ട്രമെന്ന ലക്ഷ്യത്തോടെ 1987-ൽ ഹമാസ് പിറന്നപ്പോൾ അതിൽ ചേർന്നു.
വെസ്റ്റ് ബാങ്കിൽ അൽ കസം ബ്രിഗേഡ്സിന്റെ ശാഖകൾ തുടങ്ങിയതിന് 1992 മുതൽ പലതവണയായി 17 കൊല്ലം ഇസ്രയേലിന്റെ തടവിൽക്കിടന്നു. നാടുവിടുമെന്ന കരാറിൽ 2010-ൽ ജയിലിൽനിന്നു വിട്ടു. സിറിയയിലേക്കു നാടുകടത്തപ്പെട്ട അറൂറി മൂന്നുവർഷം അവിടെക്കഴിഞ്ഞു. പിന്നെ, ഭാര്യക്കും രണ്ടു പെൺമക്കൾക്കുമൊപ്പം ലെബനനിലായി താമസം. 2017 ഒക്ടോബർ ഒമ്പതിനാണ് ഹമാസിന്റെ രാഷ്ട്രീയവിഭാഗം ഉപമേധാവിയായി ഇദ്ദേഹത്തെ തിരഞ്ഞെടുത്തത്. 2015-ൽ യു.എസ്. അറൂറിയെ ഭീകരരുടെ പട്ടികയിൽപ്പെടുത്തി. വിവരം നൽകുന്നവർക്ക് 50 ലക്ഷം ഡോളർ പാരിതോഷികവും പ്രഖ്യാപിച്ചു. ഇസ്രയേൽകാരെ തട്ടിക്കൊണ്ടുപോയി വധിക്കുക എന്ന തന്ത്രത്തിന്റെ ആവിഷ്കർത്താവാണ് അറൂറി.
ഇസ്രയേൽ ജീവനെടുക്കാൻ ആഗ്രഹിക്കുന്ന മറ്റുനേതാക്കളും ഹമാസിനുണ്ട്. ഖത്തറിലും തുർക്കിയിലുമായി കഴിയുന്ന ഹമാസ് തലവൻ ഇസ്മയിൽ ഹനിയെയാണ് അതിൽ ഒന്നാമൻ. ഗസ്സയിലെ ഹമാസിനെ നയിക്കുന്ന യഹ്യ സിൻവർ, അൽ കസം ബ്രിഗേഡ്സിന്റെ തലവൻ മുഹമ്മദ് ദെയ്ഫ് എന്നിവരാണ് മറ്റുള്ളവർ. ഗസ്സാ യുദ്ധത്തിന് ഇടയാക്കിയ ഒക്ടോബർ ഏഴിലെ ഇസ്രയേൽ ആക്രമണത്തിന്റെ ബുദ്ധികേന്ദ്രം ദെയ്ഫാണെന്നു കരുതുന്നു.
മറുനാടന് ഡെസ്ക്