തിരുവനന്തപുരം: ഗുജറാത്ത് തീരത്തിനടുത്ത് ചരക്ക് കപ്പൽ ഡ്രോൺ ആക്രമണത്തിന് ഇരയായ സംഭവത്തിൽ അമേരിക്കയുടെ ആരോപണം നിഷേധിച്ച് ഇറാൻ. ആക്രമണവുമായി പങ്കില്ലെന്ന് ഇറാൻ വ്യക്തമാക്കി. ഡ്രോൺ ആക്രമണവുമായി ബന്ധമില്ലെന്ന് വിദേശകാര്യ സഹമന്ത്രി അലി ബഘേരി പറഞ്ഞു. ഹൂതികളുടെ പ്രവർത്തനങ്ങളുമായി സർക്കാരിനെ ബന്ധപ്പെടുത്തേണ്ടെന്നും അലി ബഘേരി ചൂണ്ടിക്കാട്ടി.

ഡ്രോൺ വിക്ഷേപിച്ചത് ഇറാനിൽ നിന്നെന്ന് അമേരിക്ക ആരോപിച്ചിരുന്നു. മംഗലാപുരത്തേക്ക് വന്ന കപ്പലിന് നേരെ ആക്രമണമുണ്ടായത് ഇന്നലെയാണ്. അതേ സമയം, കപ്പൽ ജാപ്പനീസ് ഉടമസ്ഥതയിലുള്ളതെന്ന് സ്ഥിരീകരണം പുറത്തുവന്നിട്ടുണ്ട്. കപ്പലുമായി ആശയവിനിമയം തുടരുന്നുവെന്നും പെന്റഗൺ പറഞ്ഞു. ആക്രമണം നേരിട്ട കപ്പൽ കോസ്റ്റ് ഗാർഡ് കപ്പലിനൊപ്പം സഞ്ചരിക്കുന്നതായി തീരസംരക്ഷണ സേന അറിയിച്ചു. കപ്പൽ തിങ്കളാഴ്ച മുംബൈയിലെത്തുമെന്നും കോസ്റ്റ് ഗാർഡ് പറഞ്ഞു.

സൗദി അറേബ്യയിൽ നിന്ന് മംഗലാപുരത്തേക്ക് ക്രൂഡ് ഓയിലുമായി വന്ന കപ്പലിന് നേരെയാണ് ആക്രമണം ഉണ്ടായത്. അതുകൊണ്ട് തന്നെ സംഭവത്തെ ഇന്ത്യയും അതീവ ഗൗരവത്തോടെയാണ് കാണുന്നത്. വിഷയത്തിൽ ഇന്ത്യ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇന്ത്യയെ എളുപ്പത്തിൽ പിണക്കാൻ ഇറാനും സാധിക്കില്ല. അതുകൊണ്ട് തന്നെയാണ് ഹൂത്തികളുടെ ആക്രമണത്തെ നിഷേധിച്ചു കൊണ്ട് ഇറാൻ രംഗത്തുവന്നതും.

ഡ്രോൺ ഉപയോഗിച്ചുള്ള ആക്രമണത്തിൽ കപ്പലിൽ സ്‌ഫോടനവും തീപിടിത്തവും ഉണ്ടായെന്നാണ് വിവരം. ആർക്കെങ്കിലും പരിക്കേറ്റതായോ ആളപായമുണ്ടായെന്നോ വിവരമില്ല.കപ്പലിലെ 20 ജീവനക്കാർ ഇന്ത്യക്കാരാണ്. ഗുജറാത്തിലെ പോർബന്തറിന് 217 നോട്ടിക്കൽ മൈൽ അകലെ വച്ചാണ് കപ്പലിന് നേരെ ആക്രമണം ഉണ്ടായത്. ഇസ്രയേൽ പങ്കാളിത്തമുള്ള നൈജീരിയൻ കൊടിയുള്ള കപ്പലാണിത്. ആരാണ് ആക്രമണം നടത്തിയതെന്ന് വ്യക്തമല്ല. ആരും ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.

ലൈബീരിയൻ പതാക വഹിക്കുന്ന കെമിക്കൽ പ്രൊഡക്ട് ടാങ്കറിന് ഇസ്രയേലുമായി ബന്ധമുണ്ടെന്ന് പറയപ്പെടുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഹൂത്തി വിമതർ ചെങ്കടലിൽ കപ്പലുകൾക്ക് നേരെ ഡ്രോൺ ആക്രമണങ്ങളും റോക്കറ്റ് ആക്രമണങ്ങളും നടത്തുന്ന പശ്ചാത്തലത്തിലാണ് ഈ ആക്രമണം നടന്നത് എന്നത് ഇതിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. ഇറാന്റെ പിന്തുണയുള്ളവരാണ് ഹൂത്തി വിമതർ. യമന്റെ ഭൂരിഭാഗം പ്രദേശങ്ങളുടെയും നിയന്ത്രണം കൈയിലുള്ള വിമതർ ഇതുവരെ 10 കപ്പലുകളിലായി നൂറോള്ളം ഡ്രോൺ - മിസൈൽ ആക്രമണങ്ങൾ നടത്തിയതായി ഒരു അമേരിക്കൻ വക്താവ് അറിയിച്ചിരുന്നത്.

ഗസ്സ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇസ്രയേലിനെ ഉന്നം വച്ചാണ് ആക്രമണം എന്നും വക്താവ് പറയുന്നു. ആക്രമണം വർദ്ധിച്ചതോടെ പല പ്രധാന ഷിപ്പിങ് കമ്പനികളും ചെങ്കടൽ വഴിയുള്ള ചരക്ക് നീക്കം നിർത്തിവെച്ചിരിക്കുകയാണ്. എന്നാൽ, ഇന്നലെ ഇന്ത്യൻ സമുദ്രാതിർത്തിയിൽ നടന്ന ആക്രമണത്തിന് പുറകിൽ ആരെന്നത് ഇനിയും സംശയരഹിതമായി തെളിഞ്ഞിട്ടില്ല. വേരാവൽ നഗരത്തിൽ നിന്നും 200 നോട്ടിക്കൽ മൈൽ തെക്ക് പടിഞ്ഞാറായി ആണ് സംഭവം നടന്നതെന്ന് ബ്രിട്ടീഷ് സൈന്യത്തിന്റെ യു കെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് വ്യക്തമാക്കുന്നു.

ചെങ്കടലിൽ നിന്നും മാറി നടക്കുന്ന ആദ്യത്തെ ആക്രമണമാണ്. ഇറാനിയൻ ഡ്രോണുകളുടെ ആക്രമണ പരിധിക്കുള്ളിലാണ് സംഭവം നടന്ന സ്ഥലം എന്നതും ശ്രദ്ധേയമാണ്. ഇന്ത്യൻ നേവിയുടെ ഒരു കപ്പലും വിമാനവും സഹായത്തിനായി സംഭവസ്ഥലത്ത് എത്തുകയുണ്ടായി. വാണിജ്യ കപ്പലുകൾക്ക് എതിരെ ചെങ്കടലിൽ നടക്കുന്ന ആക്രമണത്തിന് ഇറാന്റെ ഇടപെടലുകൾ ഉണ്ടെന്ന് നേരത്തെ അമേരിക്ക ആരോപിച്ചിരുന്നു. ഹൂത്തികൾക്ക് ദീർഘകാലമായി സഹായങ്ങൾ നൽകിക്കൊണ്ടിരിക്കുന്ന രാജ്യമാണ് ഇറാൻ. ഇത് ഈ മേഖലയിൽ രാഷ്ട്രീയ അസ്ഥിരതക്ക് കാരണമാകുന്നുമുണ്ട്.

വിഷയത്തിൽ ഇറാനെതിരെ കടുത്ത ആരോപണവുമായി യു.എസ് രംഗത്തുണ്ടെങ്കിലും തെഹ്‌റാൻ അവ നിഷേധിക്കുന്നു. ഇറാനെ ഏറെയായി യു.എസ് ലക്ഷ്യമിടുകയും ഇസ്രയേൽ സമ്മർദം ശക്തമാകുകയും ചെയ്തിട്ടും ഇത്ര കടുത്ത പ്രസ്താവനകൾ വൈറ്റ്ഹൗസിൽനിന്ന് നേരത്തെ ഉണ്ടായിരുന്നില്ല. ഇത്തവണ പക്ഷേ, നേരിട്ട് പങ്കാളിത്തം ആരോപിക്കുകയും ലോകം ഒന്നിച്ച് ഇറാനെതിരെ രംഗത്തിറങ്ങണമെന്ന് ആവശ്യപ്പെടുകയും ചെയ്തത് ഗസ്സയിലെ സംഘർഷം വ്യാപിപ്പിക്കുന്നതിന്റെ ആദ്യപടിയാകുമോയെന്ന് ആശങ്കയുണ്ട്. 20ലേറെ രാജ്യങ്ങളുടെ കൂട്ടായ്മ കടൽ സുരക്ഷിതമാക്കുന്നതിനൊപ്പം ഇസ്രയേലിന് പശ്ചിമേഷ്യയിൽ കൂടുതൽ രക്ഷയാകാൻ കൂടിയാകുമോയെന്നാണ് ലോകം ഉറ്റുനോക്കുന്നത്.