ടെഹ്‌റാന്‍: ഇറാനില്‍ നിന്ന് ഞെട്ടിപ്പിക്കുന്ന ഒരു വാര്‍ത്ത കൂടി പുറത്തു വരുന്നു. കഴിഞ്ഞ ഒരു വര്‍ഷം മാത്രം രാജ്യത്ത് ആയിരം പേരെയാണ് വധശിക്ഷക്ക് വിധേയരാക്കിയത്. 86 ജയിലുകളിലാണ് ഇവരുടെ വധശിക്ഷ നടപ്പിലാക്കിയത്. നാഷണല്‍ കൗണ്‍സില്‍ ഓഫ് റെസിസ്റ്റന്‍സ് ഓഫ് ഇറാന്‍ എന്ന സംഘടനയാണ് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്തു വിട്ടത്. ഇറാനിലെ ഇസ്ലാമിക ഭരണകൂടത്തിന്റെ ക്രൂരതകള്‍ക്കെതിരെ പോരാട്ടം നടത്തുന്ന പ്രസ്ഥാനമാണ് ഇത്. കൊല്ലപ്പെട്ടവരില്‍ 34 സ്ത്രീകളും ഏഴ് കുട്ടികളും ഉള്‍പ്പെടുന്നു.

കഴിഞ്ഞ മുപ്പത് വര്‍ഷത്തിനിടെ ഏറ്റവുമധികം പേരെ വധശിക്ഷക്ക് വിധേയരാക്കിയത് കഴിഞ്ഞ വര്‍ഷമാണ്. 119 ബലൂചിസ്ഥാന്‍കാരേയും ഈ കാലയളവില്‍ വധിച്ചിച്ചിട്ടുണ്ട്. നാല് പേരെ പരസ്യമായി അങ്ങേയറ്റം മൃഗീയമായിട്ടാണ് വധിച്ചതെന്നും റിപ്പോര്‍ട്ട് പറയുന്നു. അതേ സമയം ആയിരത്തില്‍ കൂടുതല്‍ പേരെ വധശിക്ഷക്ക് വിധേയരാക്കിയിരിക്കാം എന്നാണ് നാഷണല്‍ കൗണ്‍സില്‍ ഓഫ് റെസിസ്റ്റന്‍സ് ഓഫ് ഇറാന്‍

ആരോപിക്കുന്നത്്. പലരേയും അതീവ രഹസ്യമായിട്ടാണ് കൊന്നതെന്നാണ് പറയപ്പെടുന്നത്.

അത് കൊണ്ട് തന്നെയാണ് ഇത് സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോഴും പുറത്തു വരാത്തത്. കഴിഞ്ഞ പുതുവല്‍സര ദിനത്തില്‍ മാത്രം 12 പേരെയാണ് ഇറാനില്‍ തൂക്കിക്കൊന്നത്. ഇസ്ലാമിക ഭരണത്തിന് നേര്‍ക്ക് ഒരു ജനകീയ മുന്നേറ്റം ഉണ്ടാകുമോ എന്ന് ഭയപ്പെടുന്ന പരമോന്ത നേതാവായ ഖമൈനി രാഷ്ട്രീയ എതിരാളികളെ ഭയപ്പെടുത്തുന്നതിന് വേണ്ടിയാണ് ഇത്തരം ക്രൂരതകള്‍ തുടരുന്നതെന്നാണ് സംഘടനയുടെ നേതാവായ മറിയം രജാവി ആരോപിക്കുന്നത്. എന്നാല്‍ ഇറാനിലെ പുതിയ തലമുറ ഇതൊന്നും കണ്ട് ഭയപ്പെടുകയില്ലെന്നും ശക്തമായ പോരാട്ടവുമായി മുന്നോട്ട് പോകുമെന്നുമാണ് സംഘടന അവകാശപ്പെടുന്നത്.

ഇറാനിലെ ജനാധിപത്യം തിരികെ കൊണ്ടു വരുന്നതിനായി അന്താരാഷ്ട്ര സമൂഹത്തിന്റെ ഇടപെടല്‍ അനിവാര്യമാണെന്നാണ് മറിയം രജാവി ചൂണ്ടിക്കാട്ടുന്നത്. രാജ്യത്തെ ഇസ്ലാമിക ഭരണത്തിനെതിരെ നടക്കുന്ന പോരാട്ടങ്ങളെ തകര്‍ക്കാന്‍ തൂക്കിക്കൊല കൂടാതെ മറ്റ് അനേകം മൃഗീയ ശിക്ഷാരീതികളും ഇറാനില്‍ ഇപ്പോള്‍ നടപ്പാക്കുകയാണ്. കണ്ണിന്ന് കണ്ണ് പല്ലിന് പല്ല് എന്ന പ്രാകൃത നിയമമാണ് ഇറാനില്‍ ഇപ്പോഴും നിലവിലുള്ളത്. തടവുകാരെ പരമാവധി വേദന അനുഭവിപ്പിച്ച് കൊല്ലുന്നതാണ് ഇവിടുത്തെ രീതി. മോഷണക്കുറ്റത്തിന് കൈവിരലുകള്‍ ഛേദിക്കുന്ന രീതിയാണ് ഇവിടെ ഇപ്പോഴും നിലവിലുള്ളത്.

ഇത് പ്രാകൃതവും നിയമവിരുദ്ധവും ആണെന്നാണ് ലോകമെമ്പാടും ഉള്ള മനുഷ്യാവകാശ സംഘടനകള്‍ കണക്കാക്കുന്നത്. രണ്ടായിരാമാണ്ട് മുതല്‍ ഇതു വരെ 131 പുരുഷന്‍മാരുടെ കൈവിരലുകള്‍ മോഷണക്കുറ്റത്തിന്റെ പേരില്‍ വെട്ടിക്കളഞ്ഞിട്ടുണ്ട്. തടവുകാരുടെ കണ്ണുകള്‍ ചൂഴ്ന്നെടുക്കുന്നതും ഇവിടുത്തെ സാധാരണ ശിക്ഷാ രീതിയാണ്. ആഗോള മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണലും ഇറാന്‍ ഇത്തരത്തിലുള്ള ക്രൂരമായ ശിക്ഷാരീതികള്‍ നിര്‍ത്തലാക്കണമെന്ന് ദീര്‍ഘകാലമായി ആവശ്യപ്പെടുകയാണ്.