- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹിജാബ് വിരുദ്ധ പ്രതിഷേധക്കാർക്കൊപ്പം ഇറാൻ പ്രസിഡന്റിന്റെ ചിത്രം അടങ്ങിയ വീഡിയോ പ്രദർശിപ്പിച്ചു; ഇറാൻ വിദേശകാര്യ മന്ത്രി ഇന്ത്യാ സന്ദർശനം റദ്ദാക്കി; ശക്തമായ പ്രതിഷേധം അറിയിച്ച് ഇറാൻ ഏംബസി
ന്യൂഡൽഹി: സ്ത്രീകൾ മുടി മുറിച്ച് പ്രതിഷേധിക്കുന്ന വീഡിയോ പ്രദർശിപ്പിച്ചതിന്റെ പേരിൽ ഇറാൻ വിദേശകാര്യമന്ത്രി ഹുസൈൻ ആമിർ അബ്ദുല്ലാഹിയൻ ഇന്ത്യൻ സന്ദർശനം റദ്ദാക്കി. അടുത്ത മാസമാണ് മന്ത്രി ഇന്ത്യയിൽ വരാനിരുന്നത്. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം, ഒബ്‌സർവർ റിസർച്ച് ഫൗണ്ടേഷനുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന റെയ്‌സിന ഡയലോഗിലാണ് മന്ത്രി പങ്കെടുക്കേണ്ടിയിരുന്നത്.
ഹുസൈൻ ആമിർ അബ്ദുല്ലാഹിയൻ പങ്കെടുക്കില്ലെന്ന് സംഘാടകരെ അറിയിച്ചതായി ഇന്ത്യൻ എക്സ്രപ്രസ് റിപ്പോർട്ട് ചെയ്തു. റെയ്‌സിന ഡയലോഗിന് വേണ്ടി പുറത്തിറക്കിയ പ്രമോഷണൽ വീഡിയോയിലാണ് ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ ചിത്രത്തിനൊപ്പം സ്ത്രീകൾ മുടി മുറിക്കുന്ന ഷോട്ടും ഉണ്ടായിരുന്നത്. ഒരു മാസം മുമ്പാണ് ഈ വീഡിയോ പുറത്തിറക്കിയത്.
പ്രതിഷേധക്കാർക്കൊപ്പം പ്രസിഡന്റിന്റെ ചിത്രം വീഡിയോയിൽ പ്രദർശിപ്പിച്ചത് അനുചിതമായെന്ന് ഇറാനിയൻ ഏംബസി ഒആർഎഫിനെയും, വിദേശ കാര്യമന്ത്രാലയത്തെയും അറിയിച്ചു. വീഡിയോയിലെ വിവാദ ഭാഗം നീക്കം ചെയ്യാൻ ആവശ്യപ്പെട്ടെങ്കിലും സംഘാടകർ അതിന് തയ്യാറായില്ല. ഇതോടെയാണ് പ്രതിഷേധ സൂചകമായി ഇറാൻ വിദേശകാര്യ മന്ത്രി ഇന്ത്യ സന്ദർശനം റദ്ദാക്കിയത്.
മഹ്‌സ അമിനി എന്ന യുവതി ശരിയായ രീതിയിൽ ഹിജാബ് ധരിച്ചില്ലെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെടുകയും, പിന്നീട് കസ്റ്റഡിയിൽ മരിക്കുകയും ചെയ്തതോടെയാണ് ഇറാനിൽ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. ഇന്ത്യ ഇക്കാര്യത്തിൽ അകലം പാലിക്കുന്ന നിലപാടാണ് ഇതുവരെ സ്വീകരിച്ചത്. യുഎന്നിൽ, ഇറാനിലെ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ വസ്തുതാന്വേഷണ സംഘത്തിനായി പ്രമേയം പാസാക്കിയപ്പോഴും ഇന്ത്യ വിട്ടുനിന്നിരുന്നു.
മറുനാടന് ഡെസ്ക്