ടെഹ്‌റാൻ: ലോകത്തെ ഞെട്ടിച്ച സ്ത്രീ മുന്നേറ്റത്തിനായിരുന്നു കഴിഞ്ഞ വർഷം, ഇസ്ലാമിക കാർക്കശ്യത്തിന്റെ അവസാനവാക്കായി കരുതപ്പെടുന്ന, ഇറാൻ സാക്ഷിയായത്. ഹിജാബ് ശരിയായി ധരിച്ചില്ലെന്ന് ആരോപിച്ച് ഇറാൻ മതകാര്യപൊലീസ് കസ്റ്റഡിയിലെടുത്ത കുർദ് യുവതി മഹ്സ അമിനി (22), 2022 സെപ്റ്റംബർ 16ന് മരിച്ചതിനു പിന്നാലെ തുടങ്ങിയ പ്രക്ഷോഭം ദിവസങ്ങൾക്കുള്ളിൽ ആളിക്കത്തുകയായിരുന്നു. ശരിയ്യ നിയമത്തിനെതിരെ പരസ്യമായി മുദ്രാവാക്യം മുഴക്കി ഇറങ്ങിയ ആയിരക്കണക്കിന് സ്ത്രീകൾ, ഹിജാബ് വലിച്ചുകീറി തീയിലിട്ടു. പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടത് 500ലേറെപ്പേർ. തടവിലാക്കപ്പെട്ടതാവട്ടെ, ഇരുപതിനായിരത്തോളം പേരും. ഇതിൽ ഏറെയും സ്ത്രീകൾ ആയിരുന്നു. ഇറാനിലെ പരമോന്നത നേതാവ് ആയത്തുള്ള ഖുമേനിയുടെ ചിത്രങ്ങൾ കത്തിച്ച് തെരുവിലറങ്ങുന്ന സ്ത്രീകളെുടെ ചിത്രങ്ങളായിരുന്നു അന്ന് എവിടെയംു നിറഞ്ഞത്.

എന്നാൽ ഈ സമരത്തിന് പത്തുമാസങ്ങൾ പിന്നിടവെ ഇറാനിൽ എല്ലാം പഴയ പടിയായ അവസ്ഥയാണ്. പ്രക്ഷോഭകരെ ഭയന്ന്, മതകാര്യപൊലീസിനെ പിൻവലിക്കുമെന്ന് പറഞ്ഞ സർക്കാർ, സമരം തണുത്തതോടെ ഇതിനെ പുനഃസ്ഥാപിച്ചു. ഇപ്പോൾ പഴയതിലും കർശനമാണ് ഇറാനിലെ നിയമങ്ങൾ. ഹിജാബ് ധരിക്കാത്തവരെ മാനസികരോഗിയാക്കി മുദ്രകുത്തുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്.

ശിരോവസ്ത്രം ധരിക്കാത്തവർക്ക് മനോരോഗം

ഹിജാബ് നിയമങ്ങൾ ലംഘിക്കുന്ന സ്ത്രീകളെ മാനസീകാരോഗ്യ കേന്ദ്രങ്ങളിലയച്ച് ഇറാൻ ഭരണകൂടം പീഡിപ്പിക്കയാണെന്നാണ്, ബിബിസി അടക്കമുള്ള പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കൂടാതെ ശിരോവസ്ത്രം ധരിക്കാത്തവരെ കൊണ്ട് ആശുപത്രികൾ മാനസികരോഗങ്ങൾക്കുള്ള മരുന്ന് നിർബന്ധിച്ച് കഴിപ്പിക്കുന്നതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇത്തരത്തിൽ കുറ്റക്കാരിയെന്ന് വിധിച്ച സ്ത്രീക്ക് മോർച്ചറിയിൽ ശുചീകരണ തൊഴിലാളിയായി ജോലി ചെയ്യണമെന്ന വിചിത്ര ശിക്ഷകളും ഇറാൻ കോടതി വിധിച്ചിട്ടുണ്ട്. ഇത്തരം ആവശ്യങ്ങൾക്കായി മാനസികരോഗ മരുന്ന് വിനിയോഗിക്കരുതെന്ന് അന്താരാഷ്ട്ര ആരോഗ്യ സംഘടനകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നിട്ടും ഹിജാബ് വിരുദ്ധ പോരാട്ടത്തെ അടിച്ചമർത്താൻ ഭരണകൂടത്തിന് കഴിയുന്നില്ല എന്നും റിപ്പോർട്ടുകളുണ്ട്.

അടുത്തിടെ അറിപത്തുയൊന്നുകാരിയായ ഇറാനിയൻ നടി അഫ്സനെ ബയേഗൻ ഹിജാബ് ധരിക്കാതെ ഒരു പൊതു ചടങ്ങിൽ പങ്കെടുക്കുകയും, അതിന്റെ ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുകയും ചെയ്തിരുന്നു. തുടർന്ന് നടിക്ക് രണ്ട് വർഷത്തെ തടവ് ശിക്ഷയാണ് മതകാര്യ കോടതി വിധിച്ചത്. കൂടാതെ കുടുംബവിരുദ്ധ വ്യക്തിത്വ വൈകല്യ ചികിത്സയ്ക്കായി മാനസികാരോഗ്യ കേന്ദ്രത്തിൽ പറഞ്ഞയക്കുകും ചെയ്തു. 1979-ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷം ഇറാനിലെ ആദ്യത്തെ സിനിമാ-ടെലിവിഷൻ താരങ്ങളിൽ ഒരാളായിരുന്നു ബയേഗൻ, രാജ്യന്തര തലത്തിൽ ബഹുമാനിക്കപ്പെടുന്ന സ്ത്രീയാണ്. ഹിജാബിന് പകരം തൊപ്പി ധരിച്ച ഇറാനിയൻ നടി അസദേ സമദിക്ക് 'സാമൂഹ്യവിരുദ്ധ വ്യക്തിത്വ വൈകല്യം' ഉണ്ടെന്ന് ഇറാനിയൻ ജഡ്ജിമാർ കണ്ടെത്തിയിരുന്നു.

മതകാര്യ പൊലീസ് തിരിച്ചുവന്നു

മഹ്സ അമിനയുടെ രക്സാക്ഷിത്വത്തെ തുടർന്നുള്ള, പ്രക്ഷോഭങ്ങൾ 2023ന്റെ തുടക്കത്തിലാണ് ഏറെക്കുറെ അവസാനിച്ചിരുന്നത്. അതിനുശേഷം ഏതാനും മാസങ്ങളിൽ മതകാര്യപൊലീസ് ഉണ്ടായിരുന്നില്ല. ഇപ്പോൾ ഇറാനിലെ ഹിജാബ് പരിശോധനകൾ വീണ്ടും സജീവമായിരിക്കയാണ്. സ്ത്രീകൾ ഹിജാബ് കൃത്യമായി ധരിച്ചോ എന്ന് നോക്കുന്ന മതകാര്യപൊലീസിനെയും ഭരണകൂടം പുനഃസ്ഥാപിച്ചു. സ്ത്രീകളെ ഇസ്ലാമിക ശിരോവസ്ത്രം ധരിക്കാൻ നിർബന്ധിതരാക്കുന്ന പുതിയ കാമ്പയിൻ കഴിഞ്ഞ ആഴ്ച ഇറാൻ അധികാരികൾ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മതകാര്യപൊലീസ് വീണ്ടും വാനുകളിൽ തെരുവുകളിൽ പട്രോളിങ് നടത്തിയത്.

പൊതുസ്ഥലത്ത് ഹിജാബ് ധരിക്കാത്ത സ്ത്രീകളെ കണ്ടെത്തി അവരെ തടങ്കലിൽ വയ്ക്കുന്ന രീതി മതകാര്യ പൊലീസ് പുനരാരംഭിക്കുമെന്ന് പൊലീസ് വക്താവ് ജനറൽ സയീദ് മൊണ്ടസെറോൾ മഹ്ദിയാണ് വ്യക്തമാക്കിയത്. 2022 ഡിസംബറിൽ മതകാര്യ പൊലീസ് പിരിച്ചുവിട്ടതായി പുറത്തുവന്ന റിപ്പോർട്ടുകൾ തെറ്റാണെന്നും, മതകാര്യ പൊലീസിന്റെ പ്രവർത്തനം താത്കാലികമായി മരവിപ്പിക്കയാണ് ചെയ്തതെന്നുമണാണ് അധികൃതർ പറയുന്നത്.

മഹ്‌സ അമിനിയുടെ കസ്റ്റഡി മരണത്തിന് പിന്നാലെ ഇറാൻ സർക്കാരിനെ വിറപ്പിച്ച പ്രതിഷേധമായിരുന്നു രാജ്യത്തുടനീളം അരങ്ങേറിയത്. 'സ്വേച്ഛാധിപത്യം തുലയട്ടെ', 'സ്വാതന്ത്ര്യം, സ്വാതന്ത്ര്യം, സ്വാതന്ത്ര്യം' എന്ന് ഉറക്കെ മുദ്രാവാക്യങ്ങൾ മുഴക്കിക്കൊണ്ട് സ്ത്രീകൾ അവരുടെ ശിരോവസ്ത്രവും ഹിജാബുകളും അഴിച്ചുമാറ്റി ഉയർത്തി വീശുകയും കത്തിക്കുകയും ചെയ്തിരുന്നു. സിനിമ, കായിക മേഖലകളിലെ പ്രമുഖർ ഉൾപ്പെടെ സമരത്തിൽ പങ്കെടുത്തിരുന്നു. ഖത്തർ ലോകകപ്പിലുൾപ്പെടെ പ്രതിഷേധം അലയടിച്ചിരുന്നു. ഖത്തർ ലോകകപ്പിൽ ഇറാൻ ഫുട്‌ബോൾ ടീം തങ്ങളുടെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ഇറങ്ങിയപ്പോൾ ദേശീയഗാനം ആലപിക്കുന്നതിനിടെ നിശബ്ദത പാലിച്ചാണ് സർക്കാരിനെതിരെ തങ്ങളുടെ പ്രതിഷേധം വ്യക്തമാക്കിയത്.

എന്നാൽ ജനുവരിയുടെ അവസാനത്തോടെ രാജ്യത്തെ പ്രതിഷേധങ്ങൾ പതിയെ കെട്ടടങ്ങി. ഇതിനിടെ ഹിജാബില്ലാതെ പൊതുയിടങ്ങളിൽ പ്രത്യക്ഷപ്പെടുന്ന സ്ത്രീകളുടെ എണ്ണം ഉയർന്നതോടെ ഭരണകൂടം വീണ്ടും നടപടികൾ കർശനമാക്കി. ഇപ്പോൾ ശിരോവസ്ത്രം ധരിക്കാത്തവരെ കണ്ടെത്തുന്നതിനായി സിസിടിവി ക്യാമറകൾ ഉൾപ്പെടെ അധികൃതർ തെരുവുകളിൽ സ്ഥാപിച്ചിരിക്കയാണ്!