ടെൽ അവീവ്: ഇസ്രയേലിനെതിരെ ഇറാൻ നടത്തിയ ആക്രമണത്തിൽ ശക്തമായി തിരിച്ചടിക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കിയതോടെ ഏത് നിമിഷവും വീണ്ടുമൊരു സംഘർഷം പൊട്ടിപ്പുറപ്പെടാന് സാധ്യതകൾ ഏറെയാണ്. ഇറാൻ സൈന്യം കൂടാതെ മറ്റ് സഖ്യരാജ്യങ്ങളിൽ നിന്നും ഇസ്രയേലിനുനേരെ ആക്രമണമുണ്ടായതായാണ് റിപ്പോർട്ട്. അതേസമയം പശ്ചിമേഷ്യയിൽ യുദ്ധഭീതിനിലനിൽക്കേ ഇസ്രയേൽ ലക്ഷ്യമാക്കി ഡ്രോണുകളും മിസൈലുകളും ഞായറാഴ്ച പുലർച്ചെയോടെയായിരുന്നു ഇറാൻ തൊടുത്ത് വിട്ടത്.

കഴിഞ്ഞ കുറച്ച് വർഷങ്ങളായും പ്രത്യേകിച്ച് കുറച്ച് ആഴ്ചകളായി ഇറാന്റെ ഭാഗത്തു നിന്ന് ആക്രമണം ഇസ്രയേൽ പ്രതീക്ഷിക്കുന്നുണ്ടെന്നും തങ്ങളെ അക്രമിക്കുന്നവരെ തിരിച്ചടിക്കാൻ ഇസ്രയേലും ഐ.ഡി.എഫും തയ്യാറാണെന്നും നെതന്യാഹു വ്യക്തമാക്കി. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് നെതന്യാഹു പ്രതികരിച്ചിരിക്കുന്നത്.

ഇസ്രയേലിനെ പിന്തുണച്ച യു.എസ്, ബ്രിട്ടൻ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളെ ഇസ്രയേൽ പ്രധാനമന്ത്രി അഭിനന്ദിച്ചുയ. ഇസ്രയേലിനെതിരായ ആക്രമണം സ്ഥിരീകരിച്ച് ഇറാൻ സൈന്യവും രംഗത്തെത്തിയിരുന്നു. തങ്ങളുടെ സൈനിക നടപടിയിൽ നിന്നും യു.എസ് വിട്ടുനിൽക്കണമെന്ന മുന്നറിയിപ്പും ഇറാൻ സൈന്യം നൽകി. ഇറാന് പുറമെ യെമനിലെ ഹൂതി വിമതരും ലെബനനിലെ ഫലസ്തീൻ അനുകൂല സായുധസംഘമായ ഹിസ്ബുള്ളയും ഇസ്രയേലിനെ ആക്രമിച്ചതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇറാന്റെ പിന്തുണയുള്ള സായുധസംഘമാണ് ഹിസ്ബുള്ള.

ഏപ്രിൽ ഒന്നിന് സിറിയയിലെ നയതന്ത്രകാര്യാലയത്തിൽ ബോംബിട്ട് രണ്ടു സൈനിക ജനറൽമാരെ വധിച്ച ഇസ്രയേലിനെ ശിക്ഷിക്കുമെന്ന് ഇറാൻ ഭരണകൂടം വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്നു. 48 മണിക്കൂറിനുള്ളിൽ ഇറാൻ തിരിച്ചടിക്കുമെന്ന റിപ്പോർട്ടുകൾ പശ്ചിമേഷ്യയെ യുദ്ധഭീതിയിലാഴ്‌ത്തിയിരിക്കേയാണ് ആക്രമണമുണ്ടാകുന്നത്.

അതേസമയം ഇസ്രയേൽ- ഇറാൻ സംഘർഷ സാഹചര്യത്തിൽ ഇസ്രയേലിലെ ഇന്ത്യക്കാർക്ക് മുന്നറിയിപ്പ്. എംബസി പൗരന്മാർക്ക് ജാ?ഗ്രതാ നിർദ്ദേശം നൽകി. ഇന്ത്യൻ പൗരന്മാർ എംബസിയിൽ രജിസ്റ്റർ ചെയ്യാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനായുള്ള ആപ്ലിക്കേഷൻ ഫോം നൽകി.

സംഘർഷം തുറന്ന ഏറ്റുമുട്ടലിലേക്ക് കടന്നതായി വ്യക്തമാക്കി ഇസ്രയേലിന് നേരെ ഇറാൻ ആക്രമണം തുടങ്ങിയിരുന്നു. പിന്നാലെയാണ് ഇന്ത്യൻ പൗരന്മാർക്ക് മുന്നറിയിപ്പുമായി എംബസി രംഗത്തെത്തിയത്. ഇസ്രയേൽ ലക്ഷ്യമാക്കി ഇറാൻ നൂറുകണക്കിന് ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളും ക്രൂയിസ് മിസൈലുകളും തൊടുത്തതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

സംഘർഷം അവസാനിപ്പിച്ച് സംയമനത്തോടെ നയതന്ത്ര ചർച്ചകൾക്ക് സഹചര്യം ഒരുക്കണം. ആക്രമണത്തിന്റെ പാത സ്വീകരിക്കരുതെന്നും ഇന്ത്യ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. സാഹചര്യം നിരീക്ഷിക്കുകയാണ്. മേഖലയിലെ മറ്റ് എംബസികൾ ഇന്ത്യൻ സമൂഹവുമായി സമ്പർക്കത്തിലുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.