- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇറാൻ 48 മണിക്കൂറിനുള്ളിൽ ഇസ്രയേലിനെ നേരിട്ട് ആക്രമിക്കുമെന്ന് റിപ്പോർട്ട്
ന്യൂഡൽഹി: അടുത്ത 24, 48 മണിക്കൂറിനുള്ളിൽ, ഇസ്രയേലിന് നേരേ ഇറാൻ നേരിട്ടുള്ള ആക്രമണത്തിന് തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. രാജ്യത്തിന്റെ തെക്കൻ-വടക്കൻ മേഖലകളിൽ ഏതെങ്കിലും ഒന്നിൽ ഇറാൻ ആക്രമണം അഴിച്ചുവിടുമെന്നാണ് മുന്നറിയിപ്പ്. ഇസ്രയേൽ തങ്ങളുടെ പ്രതിരോധ സന്നാഹങ്ങളെല്ലാം ഒരുക്കി കനത്ത ജാഗ്രത പാലിക്കുകയാണ്. എന്നാൽ, ഇറാൻ നേതൃത്വം ആക്രമണ കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു. ഇസ്രയേലിലെ തങ്ങളുടെ ജീവനക്കാർക്ക് യുഎസ് ഏംബസി യാത്രകൾ പരിമിതപ്പെടുത്തണമെന്ന നിർദ്ദേശം നൽകി കഴിഞ്ഞു.
ഇസ്രയേലിന് തക്കതായ ശിക്ഷ നൽകുമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനി പ്രഖ്യാപിച്ചിട്ടുണ്ട്. സിറിയയിലെ തങ്ങളുടെ ഏംബസിക്ക് നേരേ നടത്തിയ വ്യോമാക്രമണം, ഇറാന്റെ പരമാധികാരത്തെ ചോദ്യം ചെയ്യുന്നതാണെന്നും അദ്ദേഹം ബുധനാഴ്ച പറഞ്ഞിരുന്നു. ഇതിന് മറുപടി എന്നോണം, തങ്ങളെ ആര് ഉപദ്രവിച്ചാലും അവരെ തങ്ങളും ഉപദ്രവിക്കുമെന്ന് നെതൻയ്യാഹു പറഞ്ഞു. രാജ്യത്തിന് വേണ്ടി പ്രതിരോധമുറകളും ആക്രമണമുറകളും അടക്കം സുരക്ഷാ ആവശ്യങ്ങൾ നിറവേറ്റാൻ പൂർണസജ്ജമെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാന്റെ ആണവ കേന്ദ്രങ്ങൾ ലക്ഷ്യം വയ്ക്കാൻ പരിശീലനം സിദ്ധിച്ച ഇസ്രയേലി പൈലറ്റുമാർ തയ്യാറായി നിൽക്കയാണെന്നും റിപ്പോർട്ടുകൾ വരുന്നു.
ആക്രമണ ഭീതിയിൽ, ഇസ്രയേലുകാർ അവശ്യസാധനങ്ങൾ വാങ്ങിക്കൂട്ടുകയാണെന്നാണ് വിവരം. ആക്രമണമുണ്ടായാൽ വൈദ്യുതിവിതരണം തടസ്സപ്പെടുമെന്ന ആശങ്കയിൽ ജനറേറ്ററുകളുടെ വിൽപ്പനയും കുത്തനെ കൂടി. പശ്ചിമേഷ്യയിലെ തങ്ങളുടെ സേനാതാവളങ്ങളിൽ യു.എസും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
മന:ശാസ്ത്രപരമായ യുദ്ധമുറയോ?
അടുത്ത 48 മണിക്കൂറിനകം ഇസ്രയേലിനെ ഇറാൻ ആക്രമിക്കുമെന്ന ഭീഷണിയുണ്ടെങ്കിലും, ഇറാന്റേത് മന: ശാസ്ത്രപരമായ യുദ്ധമുറയാണെന്നും റിപ്പോർട്ടുകൾ വരുന്നു. ഭീതിയും അനിശ്ചിതത്വവും നിറച്ച് ഇസ്രയേലിനെ അസ്ഥിരമാക്കാനുള്ള വിപുലമായ പദ്ധതിയുടെ ഭാഗമാണിതെന്നും, ഇറാന് അനുകൂലമായി ചിത്രം മാറ്റാനുള്ള തന്ത്രമാണെന്നും പറയുന്നു.
ഇസ്രയേലിന് നേരേ ഇറാൻ ഡ്രോൺ ആക്രമണമോ, മിസൈൽ ആക്രമണമോ നടത്തുമെന്ന് പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ടെഹ്‌റാന്റെ വ്യോമമേഖല അടയ്ക്കാൻ ഇറാൻ പ്രതിരോധ മന്ത്രി ഉത്തരവിട്ടതായി ഇറാൻ സർക്കാർ മാധ്യമങ്ങൾ പ്രചരിപ്പിച്ചു. ഇതോടെ, ആക്രമണ ഭീഷണി പെരുകുകയും, ഇസ്രയേലിലെ ജനങ്ങൾ പരിഭ്രാന്തരാകുകയും ചെയ്തു. അസ്ഥിരതയും ഭീതിയും നിറച്ച് ഇസ്രയേലിന്റെ ഇച്ഛാശക്തിയെ തകർക്കകയും, രാജ്യത്തിന്റെ സ്ഥിരതയിലുള്ള അന്താരാഷ്ട്ര വിശ്വാസം ചോർത്തുകയുമാണ് ഇറാന്റെ ലക്ഷ്യം.
ഇറാൻ തിരിച്ചടിച്ചാൽ, ഹമാസും, ഇസ്രയേലും തമ്മിലുള്ള ആറുമാസത്തെ യുദ്ധം, കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കുമെന്ന ആശങ്ക ഉയർന്നിരിക്കുകയാണ്. സൗദി, യുഎഇ, ഖത്തർ, ഇറാഖ് വിദേശകാര്യമന്ത്രിമാർ ഇറാനുമായി സംസാരിച്ച് സംഘർഷം ലഘൂകരിക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു. സിറിയയിലെ ഇറാൻ എംബസിക്കു നേരെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ മുതിർന്ന ഇറാനിയൻ സൈനിക ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതോടെയാണ് സംഘർഷം രൂക്ഷമായത്.
അതേസമയം, മധ്യഗസ്സയിൽ വെള്ളിയാഴ്ച ഇസ്രയേൽ രൂക്ഷമായ ആക്രമണം അഴിച്ചുവിട്ടു. രാത്രിയിൽ ഇസ്രയേലി വ്യോമാക്രമണവും, വെടിവെപ്പും ഉണ്ടായെന്ന് ഗസ്സ നിവാസികൾ പറഞ്ഞു. നിരവധി പേർ തെരുവുകളിൽ കൊല്ലപ്പെട്ടു. മൃതദേഹങ്ങൾ ചിതറി കിടക്കുകയാണ്. ഖാൻ യൂനിസിൽ ചെയ്തത് നസ്രേത്തിലും ഇസ്രയേൽ ആവർത്തിക്കുമെന്ന് ഒരു ഗസ്സ നിവാസി പറഞ്ഞു. പലരും ഏറ്റവും തെക്കുള്ള നഗരമായ റഫയിലേക്ക് പലായനം ചെയ്യുകയാണ്.
ഖാൻ യൂനിസിൽ മാസങ്ങളോളം നീണ്ട പോരാട്ടത്തിന് ശേഷം ഇസ്രയേൽ സൈനികർ അവിടെ നിന്ന് പിൻവാങ്ങി. ഇനി അഭയാർഥികൾ കഴിയുന്ന റഫയിൽ ഹമാസിനെ അമർച്ച ചെയ്യാനാണ് അടുത്ത നീക്കം. ദേയർ അൽ ബാ നഗരത്തിൽ ഒരുവീടിന് നേരേയുണ്ടായ വ്യോമാക്രമണത്തിൽ 25 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. അതേസമയം, യുദ്ധം അവസാനിപ്പിക്കാനുള്ള വെടിനിർത്തൽ ചർച്ചകൾ എങ്ങുമെത്താതെ നിൽക്കുകയാണ്.