- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കം എല്ലാ ജീവനക്കാരെയും വിട്ടയച്ചു
ടെഹ്റാൻ: ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കം എല്ലാ ജീവനക്കാരെയും വിട്ടയച്ചു. മാനുഷിക പരിഗണന വച്ചാണ് ജീവനക്കാരെ വിട്ടയച്ചതെന്ന് ഇറാൻ അറിയിച്ചു. 16 ഇന്ത്യക്കാരുൾപ്പെടെ 24 ജീവനക്കാരെയാണു വിട്ടയച്ചത്.
17 ഇന്ത്യക്കാർ അടക്കം 24 പേരാണ് കപ്പലിലുണ്ടായിരുന്നത്. മലയാളിയായ ആൻ ടെസയെ നേരത്തെ തന്നെ മോചിച്ചിരുന്നു. മാനുഷിക പരിഗണന കണക്കിലെടുത്താണ് എല്ലാവരെയും മോചിപ്പിക്കാനുള്ള തീരുമാനമെന്നും കപ്പലിലെ ക്യാപ്റ്റന്റെ തീരുമാന പ്രകാരം ഇവർക്ക് സ്വന്തം രാജ്യത്തിലേക്ക് മടങ്ങാമെന്നും ഇറാൻ വിദേശകാര്യ മന്ത്രി അമീർ അബ്ദുള്ളാഹി അറിയിച്ചു. എസ്‌തോണിയൻ വിദേശകാര്യമന്ത്രി മർഗസ് ത്സാഖ്‌നയുമായി നടത്തിയ ഫോൺ സംഭാഷണത്തിനിടെയാണ് കപ്പലിലെ ജീവനക്കാരെ മോചിപ്പിച്ച കാര്യം അബ്ദുള്ളാഹി അറിയിച്ചത്.ഒരു എസ്‌തോണിയൻ പൗരനും കപ്പലിൽ ഉണ്ടായിരുന്നു.
കപ്പൽ ജീവനക്കാരിലെ ഏക വനിതയായിരുന്ന മലയാളി ആൻ ടെസ ജോസഫിനെ ഏപ്രിൽ 18ന് മോചിപ്പിച്ചിരുന്നു. ശേഷിക്കുന്നവരിൽ മാനന്തവാടി സ്വദേശി പി.വി.ധനേഷ് (32), കോഴിക്കോട് മാവൂർ സ്വദേശി ശ്യാം നാഥ് ((31), പാലക്കാട് കേരളശേരി സ്വദേശി എസ്.സുമേഷ് (31) എന്നിവരാണുണ്ടായിരുന്നത്. കപ്പലിലെ ജീവനക്കാരെ കാണാൻ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരെ അനുവദിച്ചിരുന്നു.
ഏപ്രിൽ 13നാണ് ഹോർമുസ് കടലിടുക്കിനു സമീപത്തു വച്ച് ഇസ്രയേൽ ബന്ധമുള്ള എംഎസ്സി ഏരീസ് എന്ന ചരക്കുകപ്പൽ ഇറാൻ പിടിച്ചെടുക്കുന്നത്. 17 ഇന്ത്യക്കാരടക്കം 25 ക്രൂ അംഗങ്ങളാണ് കപ്പലിൽ ഉണ്ടായിരുന്നത്. സമുദ്ര നിയമങ്ങൾ ലംഘിച്ചതിനെ തുടർന്നാണ് കപ്പൽ പിടികൂടിയതെന്നാണ് ഇറാൻ വിശദീകരിച്ചത്. ഡമാസ്‌കസിലെ കോൺസുലേറ്റിനു നേരെയുള്ള ഇസ്രയേൽ ആക്രമണത്തിനെതിരെ ഇറാൻ തിരിച്ചടിക്കുമെന്ന് പ്രഖ്യാപിച്ചതിനു പിറകെയാണ് കപ്പൽ പിടിച്ചെടുത്തത്.