ടെഹ്‌റാൻ: ചൈനയുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചയെ തുടർന്ന് എതിരാളികളായ ഇറാനും, സൗദിയും നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാൻ തീരുമാനിച്ചു. ഏഴുവർഷത്തെ അകൽച്ചയാണ് ഇതോടെ അടുപ്പിക്കുന്നത്.

2016 ൽ സൗദിയുടെ നയതന്ത്ര കാര്യാലയങ്ങൾ ഇറാൻ പ്രക്ഷോഭകർ ആക്രമിച്ചതിനെ തുടർന്നാണ് സൗദി ബന്ധം മുറിച്ചത്. ആദരണീയ ഷിയ പണ്ഡിതനായിരുന്ന നിമർ അൽ നിമറിനെ സൗദി വധിച്ചതിനോടുള്ള കടുത്ത പ്രതികരണമായിരുന്നു പ്രക്ഷോഭം. പശ്ചിമേഷ്യയിൽ ഷിയ ഭൂരിപക്ഷ രാജ്യമായ ഇറാനും, സുന്നി ഭൂരിപക്ഷ സൗദിയും പലപ്പോഴും സംഘർഷ ബാധിത മേഖലകളിൽ എതിർപക്ഷത്താണ് നിലകൊള്ളാറുള്ളത്. യെമനിൽ ഹൂതി വിമതരെ ഇറാൻ പിന്തുണയ്ക്കുമ്പോൾ, റിയാദ്, യെമൻ സർക്കാരിനെ പിന്തുണയ്ക്കുന്ന സൈനിക സഖ്യത്തെ നയിക്കുന്നു.

രണ്ടു മാസത്തിനുള്ളിൽ എംബസികൾ തുറക്കാനും തീരുമാനമായതായി ഇറാൻ സർക്കാരിന്റെ വാർത്താ ഏജൻസിയായ ഐആർഎൻഎ റിപ്പോർട്ട് ചെയ്തു. ചൈനീസ് തലസ്ഥാനമായ ബീജിങ്ങിൽ നടന്ന ചർച്ചക്കു പിന്നാലെയാണ് ഇതുസംബന്ധിച്ച് ഇരുരാജ്യങ്ങളും ധാരണയിലെത്തിയത്. ഇതിന് പിന്നാലെ ഇരു രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാർ നേരിട്ട് കൂടിക്കാഴ്ച നടത്തി അംബാസഡർമാരെ നിയമിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്നും ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷൻ റിപ്പോർട്ട് പറയുന്നു.

രാജ്യത്തിന്റെ പരമാധികാരത്തെ മാനിക്കാമെന്നും പരസ്പരം ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുതെന്നും ഇരുരാജ്യങ്ങളും ധാരണയിലെത്തിയെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. കൂടാതെ, 2001ൽ ഒപ്പിട്ട സുരക്ഷ സഹകരണ കരാർ നടപ്പാക്കാനും ഇരുരാജ്യങ്ങളും ധാരണയായി.
ബന്ധം പുനഃസ്ഥാപിക്കുന്നതിനായി ഇരുരാജ്യങ്ങളും ഏറെ നാളായി ചർച്ചകൾ തുടരുകയായിരുന്നു. സംയുക്ത പ്രഖ്യാപനത്തിലേക്ക് എത്താൻ അഞ്ചുദിവസത്തെ ചർച്ച വേണ്ടി വന്നു. ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ സമിതി സെക്രട്ടറിയായ അലി ഷംഖാനി ബീജിങ്ങിലെത്തിയാണ് ചർച്ചകൾക്ക് മുൻകൈയെടുത്തത്.

2021 ന് ശേഷം രണ്ടുരാജ്യങ്ങളുടെയും അയൽക്കാരായ ഇറാഖും നിരവധി റൗണ്ട് ചർച്ചകൾക്ക് ആതിഥേയത്വം വഹിച്ചിരുന്നു. ഇവ താരതമ്യേന താഴെത്തട്ടിൽ, സുരക്ഷാ-ഇന്റലിജൻസ് തലത്തിലുള്ളവയായിരുന്നു. കുറെ കൂടി ഉയർന്നതലത്തിൽ ചർച്ചകൾക്ക് സന്നദ്ധമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി ഹൊസൈൻ അമീർ അബ്ദൊല്ലാഹിയാൻ ജൂലൈയിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ ഏപ്രിലിന് ശേഷം പരസ്യ പ്രഖ്യാപനങ്ങൾ ഒന്നും ഉണ്ടായതുമില്ല.

2016 ലെ സംഭവത്തിന് ശേഷം മറ്റ് ഗൾഫ് രാഷ്ട്രങ്ങളും ഇറാനുമായുള്ള ബന്ധം മരവിപ്പിച്ചിരുന്നു. എന്നാൽ, സെപ്റ്റംബറിൽ ആറ് വർഷത്തിന് ശേഷം യുഎഇയിൽ നിന്നുള്ള അംബാസഡറെ ടെഹ്‌റാൻ സ്വാഗതം ചെയ്തു. കുവൈറ്റാണ് 2016 ന് ശേഷം ആദ്യം ഇറാനിലേക്ക് അംബാസഡറെ അയച്ച രാജ്യം.

എന്നാൽ, 2017 ജൂണിൽ, സൗദിയും സഖ്യരാജ്യങ്ങളായ യുഎഇയും, ബഹ്‌റിനും, ഈജിപ്റ്റും ഖത്തറുമായുള്ള ബന്ധം വിച്ഛേദിച്ചപ്പോൾ ഇറാനുമായി വീണ്ടും അകൽച്ചയായി. തീവ്രവാദികളെ പിന്തുണയ്ക്കുന്നുവെന്നും, ഇറാനുമായി അടുത്ത ബന്ധം പുലർത്തുന്നുവെന്നുമായിരുന്നു ഖത്തറിന് എതിരെയുള്ള ആരോപണങ്ങൾ. 2021 ജനുവരിയോടെ ബന്ധം വീണ്ടും കൂട്ടിവിളക്കപ്പെട്ടു.