- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗസ്സ വെടിനിർത്തൽ കരാറിൽ മാറ്റങ്ങൾ വേണമെന്ന് ഹമാസ്
ന്യൂയോർക്ക്: ഗസ്സ വെടിനിർത്തൽ നിർദ്ദേശത്തിനായി ഐക്യരാഷ്ട്രസഭയിൽ പ്രമേയം അടക്കം പാസായിട്ടും തുടർ നടപടികൾ മെല്ലേപ്പോക്കിൽ. വെടിനിറുത്തലിനായി യു.എസ് മുന്നോട്ടുവച്ച കരാറിൽ ചില മാറ്റങ്ങൾ ആവശ്യപ്പെട്ട് ഹമാസ് രംഗത്തുവന്നതോടെ മദ്ധ്യസ്ഥ ചർച്ചകൾ അവതാളത്തിലായി.
ഹമാസിന്റെ ആവശ്യങ്ങളിൽ ചിലത് പ്രായോഗികമല്ലെന്നും എന്നാൽ വിടവുകൾ നികത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ അറിയിച്ചു. വെടിനിർത്തൽ വൈകുന്നതിന് കാരണം ഹമാസ് മാത്രമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ ആരോപിച്ചു. കരാറിൽ ഹമാസ് ഒപ്പുവയ്ക്കാത്തതാണ് വെടിനിർത്തൽ നീളാൻ കാരണമെന്നാണ് ബൈഡന്റെ ആരോപണം.
മൂന്നു ഘട്ടങ്ങളിലായി ഗസ്സയിൽ വെടിനിർത്തൽ വ്യവസ്ഥ ചെയ്യുന്ന അമേരിക്കൻ പ്രമേയത്തെ സ്വാഗതം ചെയ്ത് ഹമാസും ഇസ്‌ലാമിക് ജിഹാദും തങ്ങളുടെ പ്രതികരണം മധ്യസ്ഥ രാജ്യങ്ങൾക്ക് കൈമാറിയിരുന്നു. ഹമാസ് മുന്നോട്ടുവച്ച എല്ലാ ഭേദഗതികളും സ്വീകാര്യമല്ലെങ്കിലും വെടിനിർത്തൽ യാഥാർഥ്യമാക്കാൻ മുഴുവൻ നീക്കവും തുടരും എന്നായിരുന്നു അമേരിക്കൻ പ്രതികരണം. എന്നാൽ ഇസ്രയേലിനെ കരാറിനായി പ്രേരിപ്പിക്കാൻ അമേരിക്ക യാതൊന്നും ചെയ്യുന്നില്ലെന്ന പരാതി ശക്തമായിരിക്കെയാണ് ഹമാസിനെ കുറ്റപ്പെടുത്തി ജോ ബൈഡന്റെ പ്രതികരണം.
ഹമാസിന്റെ കടുംപിടിത്തവും യാഥാർഥ്യത്തിന് നിരക്കാത്ത ദേഭഗതി നിർദ്ദേശങ്ങളും വെടിനിർത്തൽ ചർച്ചയ്ക്ക് വിലങ്ങുതടിയാണെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കനും കുറ്റപ്പെടുത്തി. മദ്ധ്യസ്ഥ ചർച്ചകൾക്കായി ബ്ലിങ്കൻ ഖത്തറിലെത്തിയിരുന്നു. ഹമാസിന്റെ ചില ആവശ്യങ്ങൾ മുൻ ചർച്ചകളിൽ പരിഗണിച്ചിരുന്നെന്നും ബ്ലിങ്കൻ വ്യക്തമാക്കി. നിർദ്ദേശത്തിന് യു.എൻ രക്ഷാ സമിതി കഴിഞ്ഞ ദിവസം അംഗീകാരം നൽകിയിരുന്നു.
ഇസ്രയേൽ നിർദ്ദേശം അംഗീകരിച്ചെന്ന് യു.എസ് അറിയിച്ചു. എന്നാൽ ഇസ്രയേൽ ഇത് ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല.അതേ സമയം, ഗസ്സയുദ്ധത്തിന്റെ പ്രാരംഭഘട്ടത്തിൽ ഇസ്രയേൽ മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾ ചെയ്‌തെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ (യു.എൻ) സ്വതന്ത്ര കമ്മിഷന്റെ അന്വേഷണ റിപ്പോർട്ട്.
ഇസ്രയേലും ഹമാസ് അടക്കമുള്ള ഫലസ്തീൻ സായുധ ഗ്രൂപ്പുകളും യുദ്ധക്കുറ്റങ്ങൾ ചെയ്‌തെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഇസ്രയേൽ അന്താരാഷ്ട്ര മാനുഷിക, മനുഷ്യാവകാശ നിയമങ്ങളുടെ ലംഘനങ്ങൾ നടത്തി.പട്ടിണിയെ യുദ്ധരീതിയായി പ്രയോഗിച്ചു. ഗസ്സയിൽ ആഹാരം, വെള്ളം, മരുന്ന് തുടങ്ങിയ അവശ്യ വസ്തുക്കൾ ഉറപ്പാക്കുന്നതിൽ പരാജയപ്പെട്ടെന്ന് മാത്രമല്ല, മറ്റുള്ളവർ ഇവ വിതരണം ചെയ്യുന്നത് തടയാനും ശ്രമിച്ചു. ഗസ്സയിലെ സാധാരണ ജനങ്ങൾക്ക് നേരെ വ്യാപക ആക്രമണവും ക്രൂരതകളും നടത്തിയെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. അതേ സമയം, റിപ്പോർട്ടിനെ ഇസ്രയേൽ തള്ളി. ഗസ്സയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 37,200 കടന്നു.
അതേസമയം, ഇസ്രയേലിന്റെ വടക്കൻ അതിർത്തിയിൽ സ്ഥിതി പ്രക്ഷുബ്ധമാണ്. നൂറുകണക്കിന് മിസൈലുകളും ഷെല്ലുകളുമാണ് ഇസ്രയേൽ സൈനിക കേന്ദ്രങ്ങൾക്കു നേരെ ഹിസ്ബുല്ല അയച്ചത്. ഇതേ തുടർന്ന് വൻ തീപിടിത്തവും ഉണ്ടായി. മണിക്കൂറുകൾ കഠിനാധ്വാനം നടത്തിയാണ് തീയണച്ചതെന്ന് ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഹിസ്ബുല്ലയുടെ ആക്രമണം രൂക്ഷമായതോടെ ഇസ്രയേൽ പ്രദേശത്തേക്ക് കൂടുതൽ സൈന്യത്തെ അയച്ചു. ലബനാനു നേരെ യുദ്ധം ഉണ്ടായാൽ വെറുതെയിരിക്കില്ലെന്ന് ഇറാൻ ഇസ്രയേലിന് മുന്നറിയിപ്പ് നൽകി.
ഹിസ്ബുല്ല ആക്രമണം നിർത്തിയില്ലെങ്കിൽ ലബനാനെ ചുട്ടെരിക്കുമെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പറഞ്ഞു. യുദ്ധം വ്യാപിക്കുന്നതു തടയാൻ നയതന്ത്രനീക്കം ഊർജിതമാക്കുമെന്ന് അമേരിക്കയും യൂറോപ്യൻ യൂനിയനും പ്രതികരിച്ചു. യോവ് ഗാലന്റ് ഉൾപ്പെടെ മന്ത്രിമാരെ ചർച്ചയ്ക്കായി വീണ്ടും അമേരിക്കയിലേക്ക് ക്ഷണിച്ചതായും റിപ്പോർട്ടുണ്ട്.