ധാക്ക: രാജ്യദ്രോഹക്കുറ്റം ചുമത്തി ഇസ്‌കോണ്‍ സന്യാസിയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച ബംഗ്ലാദേശ് സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധം ആഞ്ഞടിക്കുകയാണ്. ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ കടുത്ത എതിര്‍പ്പുമായി രംഗത്തുവരുമ്പോള്‍ തന്നെ ഇന്ത്യയിലും വിഷയ സജീവമായി ചര്‍ച്ച ചെയ്യപ്പെടുകയാണ്. ഇപ്പോഴിതാ ബംഗ്ലാദേശിലെ പുതിയ പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍ സംഘടനക്കെതിരെ നിരോധന നടപടി ആവശ്യപ്പെട്ട് സര്‍ക്കാറും രംഗത്തുവന്നു.

ഇസ്‌കോണിനെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് സര്‍ക്കാര്‍ അനുകൂല നിലപാട് അറിയിച്ചത്. ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ കൃഷ്ണ കോണ്‍ഷ്യസ്നെസ് അഥവാ ഇസ്‌കോണ്‍ മതമൗലികവാദ സംഘടനയാണെന്ന് ബംഗ്ലാദേശ് സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചിരിക്കുന്നത്. ഹൈക്കോടതിയില്‍ എത്തിയ റിട്ട് ഹര്‍ജിയിലാണ് ബംഗ്ലാദേശ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. ഹൈന്ദവ നേതാവ് ചിന്മയ് കൃഷ്ണ ദാസിന്റെ അറസ്റ്റിനെ തുടര്‍ന്ന് ബംഗ്ലാദേശിലുടനീളം ന്യൂനപക്ഷ സംഘടനകള്‍ വ്യാപകമായി പ്രതിഷേധങ്ങള്‍ നടത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് ഭരണകൂടത്തിന്റെ നീക്കം.

ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയ ഇസ്‌കോണ്‍ നേതാവായിരുന്നു അറസ്റ്റിലായ ചിന്മയ് കൃഷ്ണ ദാസ്. മതന്യൂനപക്ഷ സമുദായങ്ങളുടെ സുരക്ഷ ആവശ്യപ്പെട്ട് നിരവധി പ്രതിഷേധങ്ങളും അദ്ദേഹം സംഘടിപ്പിച്ചിരുന്നു. തുടര്‍ന്ന് ധാക്ക എയര്‍പോര്‍ട്ടില്‍ വച്ച് നവംബര്‍ 25ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. രാജ്യദ്രോഹക്കുറ്റം ആരോപിച്ചായിരുന്നു പൊലീസ് നടപടി. ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് അദ്ദേഹത്തെ ജയിലിലേക്ക് മാറ്റി.

ധാക്കയിലെ ചിറ്റഗോങ് കോടതിക്ക് പുറത്ത് അനുയായികളെ അഭിസംബോധന ചെയ്തുകൊണ്ട് ചിന്മയ് കൃഷ്ണദാസ് ഇങ്ങനെ പറഞ്ഞു, ''ഞങ്ങള്‍ ഭരണകൂടത്തിനും സര്‍ക്കാരിനും എതിരല്ല. ഞങ്ങള്‍ സനാതനികള്‍ ഈ രാജ്യത്തിന്റെ ഭാഗമാണ്. ഞങ്ങള്‍ക്ക് ഈ രാജ്യത്തോട് ചില ഉത്തരവാദിത്വങ്ങളുണ്ട്. സമാധാനത്തെ അസ്ഥിരപ്പെടുത്താനും സഹവര്‍ത്തിത്വം തകര്‍ക്കാനും ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ പ്രതിഷേധം തുടരുക തന്നെ ചെയ്യും. വികാരങ്ങള്‍ നിയന്ത്രിച്ച് സമാധാനപരമായ പ്രതിഷേധം നടത്തും.''

ഇസ്‌കോണ്‍ സന്യാസിയുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് കോടതിക്ക് പുറത്ത് തടിച്ചുകൂടിയവരെ ഒഴിപ്പിക്കാന്‍ ശബ്ദ ഗ്രനേഡുകളടക്കം പൊലീസ് പ്രയോഗിച്ചിരുന്നു. തുടര്‍ന്നുണ്ടായ പോലീസ് നടപടിയില്‍ ചിന്മയ് കൃഷ്ണ ദാസ് അഭിഭാഷകന്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. രാജ്യദ്രോഹക്കുറ്റം ചുമത്തി ഇസ്‌കോണ്‍ സന്യാസിയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച ബംഗ്ലാദേശ് നടപടിയെ ഇന്ത്യയും അപലപിച്ചിട്ടുണ്ട്. ബംഗ്ലാദേശിലെ മത ന്യൂനപക്ഷമായ ഹിന്ദുക്കളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഭരണകൂടം തയ്യാറാകണമെന്ന് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.

ഹിന്ദുക്കളുടെയും മറ്റെല്ലാ ന്യൂനപക്ഷങ്ങളുടെയും സുരക്ഷയും സംരക്ഷണവും ഉറപ്പാക്കാന്‍ ബംഗ്ലാദേശ് സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. സമാധാനപരമായി സമ്മേളിക്കുന്നതിനും അഭിപ്രായപ്രകടനം നടത്തുന്നതിനുമുള്ള അവരുടെ അവകാശം നിഷേധിക്കരുത്. ഇദ്ദേഹത്തിന്റെ മോചനത്തിനായി സമാധാനപരമായി പ്രതിഷേധിച്ച മതന്യൂനപക്ഷ സംഘടനാ പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ ആക്രമണത്തിലും ആശങ്ക രേഖപ്പെടുത്തി. ന്യൂനപക്ഷ വിഭാഗക്കാരുടെ വീടുകളും വ്യാപാര സ്ഥാപനങ്ങളും തീയിടുകയും കൊള്ളയടിക്കുകയും ചെയ്യുക, ന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങള്‍ നശിപ്പിക്കുക തുടങ്ങി നിരവധി കേസുകള്‍ ബംഗ്ലാദേശില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും വിദേശകാര്യമന്ത്രാലയം ചൂണ്ടിക്കാട്ടി.

സ്വാമിയുടെ മോചനം ആവശ്യപ്പെട്ട് രാജ്യത്തിന്റെ പല ഭാഗങ്ങളിലും വലിയ പ്രതിഷേധ പരിപാടികള്‍ നടക്കുന്നുണ്ട്. ബംഗ്ലാദേശി എഴുത്തുകാരിയായ തസ്ലീമ നസ്രീന്‍ അടക്കമുള്ളവര്‍ ചിന്മയ് കൃഷ്ണദാസിന് പിന്തുണ പ്രഖ്യാപിച്ചു. സംഭവത്തില്‍ ഇന്ത്യ ഇടപെടണമെന്ന് ഇസ്‌കോണ്‍ ക്ഷേത്രം ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

ബംഗ്ലാദേശിലെ ഹൈന്ദവ നേതാവും , ഇസ്‌കോണ്‍ സന്യാസിയുമായ ചിന്‍മോയ് കൃഷ്ണ ദാസിനെ അറസ്റ്റ് ചെയ്തതില്‍ അപലപിച്ച് ശ്രീ ശ്രീ രവിശങ്കറും രംഗത്തുവന്നിരുന്നു. ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെ ദുരവസ്ഥ ഉയര്‍ത്തിക്കാട്ടാന്‍ മാത്രമാണ് ചിന്‍മോയ് കൃഷ്ണ ദാസ് ആഗ്രഹിക്കുന്നത് . തന്റെ ആളുകളെ പരിപാലിക്കുക മാത്രമാണ് അദ്ദേഹം ചെയ്തത് . ജനങ്ങള്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനത്തിന് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ച പ്രൊഫസര്‍ എംഡി യൂനസ് സര്‍ക്കാരില്‍ നിന്ന് ഞങ്ങള്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നു.

ബംഗ്ലാദേശിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കുന്ന തീവ്ര മതഘടകങ്ങളെ ബംഗ്ലാദേശ് സര്‍ക്കാര്‍ നിയന്ത്രിക്കുമെന്നും ന്യൂനപക്ഷ സമുദായങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.സന്യാസിമാരെയും പുരോഹിതന്മാരെയും അറസ്റ്റ് ചെയ്യുന്നത് ബംഗ്ലാദേശ് സര്‍ക്കാരിന് നല്ലതല്ല. പുരോഗമനപരവും ലിബറല്‍ രാജ്യവുമായാണ് ബംഗ്ലാദേശ് അറിയപ്പെട്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ ചില ഘടകങ്ങള്‍ അതിനെ പിന്നോട്ട് കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നു. ബംഗ്ലാദേശ് സര്‍ക്കാര്‍ ന്യൂനപക്ഷങ്ങളെ പരിപാലിക്കണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. ന്യൂനപക്ഷങ്ങളുടെ സുരക്ഷയാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത് . അന്താരാഷ്ട്ര സമൂഹവും ഇത് ശ്രദ്ധിക്കണം.- ശ്രീ ശ്രീ രവിശങ്കര്‍ പറഞ്ഞു.