- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബംഗ്ലാദേശിലെ സന്യാസിമാര്‍ക്കെതിരായ അതിക്രമം; രാജ്യമെമ്പാടും 700-ലധികം കേന്ദ്രങ്ങളില്‍ പ്രാര്‍ത്ഥന പ്രതിഷേധവുമായി ഇസ്‌കോണ്‍; സന്യാസിമാരുടെ അറസ്റ്റില്‍ ഇന്ത്യ ഇടപെടണമെന്ന് ആവശ്യം; ഇസ്കോണുമായി ബന്ധപ്പെട്ട 17 പേരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു
ന്യൂഡല്‍ഹി: ബംഗ്ലാദേശിലെ ഇസ്‌കോണ്‍ സന്യാസിമാര്‍ക്കെതിരായ അറസ്റ്റില്‍ പ്രതിഷേധം ആഞ്ഞടിക്കുകയാണ്. സന്ന്യാസിമാര്‍ക്കെതിരായ നടപടിയില്‍ ഡല്‍ഹിയില്‍ പ്രതിഷേധവുമായി ഇസ്‌കോണ്‍. ആരാധനാലയങ്ങളില്‍ പ്രാര്‍ത്ഥനാ പ്രതിഷേധമാണ് ഇവര്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിലാകെ പ്രാര്‍ത്ഥനാ പ്രതിഷേധങ്ങള്‍ക്കാണ് സംഘടന ആഹ്വാനം ചെയ്തിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരുമായി വിശദമായ സംഭാഷണങ്ങള്‍ നടത്തിയിട്ടുണ്ടെന്നും, അവര്‍ ശക്തമായ ഇടപെടല്‍ നടത്തുമെന്നാണ് കരുതുന്നതെന്നും ഇസ്‌കോണ്‍ ഡല്‍ഹി ഭാരവാഹികള്‍ പ്രതികരിച്ചത്.
ഇസ്‌കോണിന്റെ എഴുന്നൂറിലധികം കേന്ദ്രങ്ങളില്‍ പ്രാര്‍ത്ഥനകള്‍ സംഘടിപ്പിക്കുണ്ട് അവര്‍. മതപരമായ ന്യൂനപക്ഷങ്ങള്‍ക്ക് സുരക്ഷ ഉണ്ടാകണമെന്നാണ് പ്രാര്‍ത്ഥനയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സന്ന്യാസി ചിന്‍മയി കൃഷ്ണ ദാസിന്റെ അറസ്റ്റിനെ ചൊല്ലിയുള്ള പ്രതിഷേധം ശക്തമായി തുടരുന്നതിനിടെ ബംഗ്ലാദേശില്‍ വീണ്ടും ഒരു സന്യാസികൂടി അറസ്റ്റിലായി. ശ്യാം ദാസ് പ്രഭു എന്ന സന്യാസിയെ ചിറ്റഗോങ് പൊലീസാണ് അറസ്റ്റ് ചെയ്തത്. ഇസ്‌കോണ്‍ കൊല്‍ക്കത്ത ഉപാധ്യക്ഷന്‍ ആണ് ഇക്കാര്യം അറിയിച്ചത്. വാറണ്ട് പോലുമില്ലാതെയാണ് ശ്യാം ദാസ് പ്രഭുവിന്റെ അറസ്റ്റെന്നാണ് ലഭിക്കുന്ന വിവരം.
മറ്റൊരു പുരോഹിതനേക്കൂടി അറസ്റ്റ് ചെയ്ത വിവരം ഇസ്‌കോണിന്റെ ഉപാധ്യക്ഷന്‍ എക്‌സിലൂടെ വെള്ളിയാഴ്ച പുറത്തുവിട്ടിരുന്നു. ശ്യാംദാസ് പ്രഭുവിന്റെ ചിത്രമുള്‍പ്പെടെയാണ് പോസ്റ്റ്. രാജ്യദ്രോഹക്കുറ്റം ആരോപിച്ചാണ് ഇസ്‌കോണ്‍ മുന്‍ അംഗം കൂടിയായ ഹിന്ദുപുരോഹിതന്‍ ചിന്മയ് കൃഷ്ണദാസിനെ അറസ്റ്റ് ചെയ്തത്. പിന്നാലെ രാജ്യത്ത് വ്യാപക പ്രതിഷേധം അരങ്ങേറുകയും തുടര്‍ന്ന് ബംഗ്ലാദേശിലെ ഹിന്ദുക്കളുടെ സുരക്ഷയെ കുറിച്ച് ഇന്ത്യ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
അറസ്റ്റിനെ ചൊല്ലിയുള്ള തര്‍ക്കം തുടരുന്നതിനിടെ ബംഗ്ലാദേശില്‍ കൂടുതല്‍ ക്ഷേത്രങ്ങള്‍ക്ക് നേരെ അക്രമം നടന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ചട്ഗാവിലാണ് ക്ഷേത്രങ്ങള്‍ക്കു നേരെ അക്രമം നടന്നതെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ഇസ്‌കോണില്‍ അംഗമായിരുന്ന ചിന്‍മയി കൃഷ്ണ ദാസ് ബ്രഹ്‌മചാരിയെ അറസ്റ്റു ചെയ്തത് ഇന്ത്യക്കും ബംഗ്ലാദേശിനും ഇടയിലെ ബന്ധം വഷളാക്കിയിരിക്കുമ്പോഴാണ് കൂടുതല്‍ അക്രമങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വരുന്നത്. ശാന്തനേശ്വരി, കാളി, ശനി ക്ഷേത്രങ്ങള്‍ക്കു നേരെയാണ് ചട്ഗാവില്‍ അക്രമം നടന്നത്. വലിയ ജനക്കൂട്ടം എത്തിയാണ് അക്രമം നടത്തിയതെന്നാണ് വിവരം.
ശനി ക്ഷേത്രത്തിന് കേടുപാട് പറ്റിയെന്നും മറ്റു ക്ഷേത്രങ്ങളുടെ ഗേറ്റുകള്‍ തകര്‍ന്നെന്നും പൊലീസും സ്ഥിരീകരിച്ചിട്ടുണ്ട്. ക്ഷേത്രങ്ങളിലുണ്ടായിരുന്നവര്‍ക്കും വെളളിയാഴ്ച നമസ്‌ക്കാരത്തിനു ശേഷം അക്രമം നടത്താന്‍ എത്തിയവര്‍ക്കും ഇടയില്‍ കല്ലേറുണ്ടായതായും പൊലീസ് അറിയിച്ചു. മേഖലയില്‍ തത്കാലം സ്ഥിതി ശാന്തമാണ്. ഹിന്ദുക്കള്‍ക്ക് സംരക്ഷണം നല്‍കാന്‍ ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് വിദേശകാര്യമന്ത്രാലയം കഴിഞ്ഞ ദിവസവും മുന്നറിയിപ്പ് നല്‍കിയിരുന്നു.
കൊല്‍ക്കത്തയില്‍ ബംഗ്ലാദേശ് ഡെപ്യൂട്ടി ഹൈക്കമ്മീഷന് നേരെ നടന്ന അക്രമം ചൂണ്ടിക്കാട്ടിയാണ് ബംഗ്ലാദേശ് തിരിച്ചടിച്ചത്. ബാരിക്കേഡുകള്‍ തകര്‍ത്ത പ്രതിഷേധക്കാര്‍ ഡെപ്യൂട്ടി ഹൈക്കമമീഷനു മുന്നില്‍ ബംഗ്ലാദേശ് പതാക കത്തിച്ചെന്നും ഇടക്കാല സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന മൊഹമ്മദ് യൂനുസിന്റെ കോലം കത്തിച്ചെന്നും ബംഗ്ലാദേശ് വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. തര്‍ക്കം തുടരുമ്പോള്‍ ഉന്നതതലത്തിലെ ചര്‍ച്ചയിലൂടെ പ്രശ്‌നം തീര്‍ക്കണം എന്നാണ് വിദേശകാര്യ വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നത്.