- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇസ്മയിൽ ഹനിയയുടെ മൂന്നുമക്കളും മൂന്നുപേരക്കുട്ടികളും ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു
ഗസ്സ: ഹമാസ് മേധാവി ഇസ്മയിൽ ഹനിയയുടെ മൂന്നു മക്കളും മൂന്നു പേരക്കുട്ടികളും ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഗസ്സ മുനമ്പിലെ ഇസ്രയേൽ പ്രതിരോധ സേനയുടെ വ്യോമാക്രമണത്തിലാണ് ഇവർ കൊല്ലപ്പെട്ടതെന്ന് ഫലസ്തീൻ വാർത്താ ഏജൻസിയായ ഷേഹാബിനെ ഉദ്ധരിച്ച് ഖത്തർ ഉടമസ്ഥതയിലുള്ള അൽജസീറ ചാനൽ റിപ്പോർട്ട് ചെയ്തു.
ഗസ്സ നഗരത്തിന്റെ വടക്ക്-പടിഞ്ഞാറുള്ള ഷാതി അഭയാർഥി ക്യാമ്പിന് നേരേയുള്ള ആക്രമണത്തിലാണ് ഇസ്മയിൽ ഹനിയുടെ മക്കളും പേരക്കുട്ടികളും കൊല്ലപ്പെട്ടത്. ഈദ് ദിനത്തിലായിരുന്നു ആക്രമണമെന്നാണ് സൂചന.
തന്റെ മക്കളായ ഹസിം, ആമിർ, മുഹമ്മദ് എന്നിവരും പേരക്കുട്ടികളും കൊല്ലപ്പെട്ടതായി ഇസ്മായിൽ ഹനിയ അൽ ജസീറയോട് സ്ഥിരീകരിച്ചു. 'രക്തസാക്ഷികളായവരുടെ രക്തത്തിലൂടെയും മുറിവേറ്റവരുടെ വേദനയിലൂടെയും ഞങ്ങൾ പ്രത്യാശ സൃഷ്ടിക്കും. ഞങ്ങൾ ഭാവിയെ സൃഷ്ടിക്കും. ഞങ്ങളുടെ രാജ്യത്തിനും ജനതയ്ക്കും സ്വാതന്ത്രം നൽകും' -ഇസ്മായിൽ ഹനിയ പറഞ്ഞു.
ഹസിം ഹനിയ, മകൾ അമൽ, ആമിർ ഹനിയ, മകൻ ഖാലിദ്, മകൾ റസാൻ, മുഹമ്മദ് ഹനിയ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇസ്രയേൽ ആക്രമണത്തിൽ നേരത്തെ ഇസ്മായിൽ ഹനിയയുടെ നിരവധി കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടിട്ടുണ്ട്.
ഹനിയയുടെ മക്കളും പേരക്കുട്ടികളും ഈദ് ദിനത്തിൽ ബന്ധുവീടുകൾ സന്ദർശിക്കുന്നതിനിടെയായിരുന്നു ആക്രമണം. ആക്രമണത്തെ പൈശാചികതയെന്ന് വിശേഷിപ്പിച്ച ഇസ്മായിൽ ഹനിയ, ബന്ധുക്കളെയും വീടുകളെയും ഇസ്രയേൽ ലക്ഷ്യം വച്ചാലും ഫലസ്തീൻ നേതാക്കൾ പോരാട്ടത്തിൽ നിന്ന് പിൻവാങ്ങില്ലെന്നും പറഞ്ഞു.
യുദ്ധം തുടങ്ങിയ ശേഷം തന്റെ കുടുംബത്തിലെ 60 അംഗങ്ങൾ കൊല്ലപ്പെട്ടുവെന്ന് ഹനിയ പറഞ്ഞു. തന്റെ കുടുംബം ഷാതി അഭയാർഥി ക്യാമ്പിന് അടുത്ത് കാറിൽ സഞ്ചരിക്കുമ്പോഴാണ് ആക്രമണം ഉണ്ടായതെന്നും ഹമാസ് മേധാവി അറിയിച്ചു.
ഹനിയ ഇപ്പോൾ പ്രവാസിയായി ഖത്തറിലാണ് താമസം. ഷാതി സ്വദേശിയാണ് ഹനിയ. ഇസ്രയേലുമായുള്ള വെടിനിർത്തൽ ചർച്ചകളെ ഈ സംഭവം ബാധിക്കില്ലെന്നും ഹമാസ് മേധാവി വ്യക്തമാക്കി. നേതാക്കളുടെ കുടുംബങ്ങളെ ആക്രമിക്കുന്നത് വഴി ജനങ്ങളുടെ ആവശ്യങ്ങൾ തങ്ങൾ ഉപേക്ഷിക്കുമെന്നാണ് ശത്രു വിശ്വസിക്കുന്നതെന്നും ഹനിയ പറഞ്ഞു. തന്റെ മക്കളെ ആക്രമിക്കുന്നത് വഴി ഹമാസിന്റെ നിലപാട് മാറുമെന്ന് കരുതുന്നത് വിഡ്ഢിത്തരമാണെന്നും ഹനിയ കൂട്ടിച്ചേർത്തു.