ടെൽ അവീവ്: ഇസ്രയേൽ -ഹമാസ് യുദ്ധത്തിൽ മരണ സംഖ്യ കുത്തനെ ഉയരുകയാണ്. 600 പേർകൊല്ലപ്പെട്ടതായി ഇതിനോടകം തന്നെ സ്ഥിരീകരിച്ചക്കപ്പെട്ടു കഴിഞ്ഞു. രാജ്യത്തിനുള്ളിൽ കടന്ന് ഹമാസ് നടത്തിയ ആക്രമണത്തിന് കനത്ത തിരിച്ചടി നൽകുകയാണ് ഇസ്രയേൽ. ഗസ്സയിലെ ഹമാസ് ശക്തികേന്ദ്രങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കും വരെ ശക്തമായ ആക്രമണം നടത്തുമെന്നാണ് ഇസ്രയേൽ അറിയിച്ചിരിക്കുന്നത്. അതിന് അനുസരിച്ചുള്ള ആക്രമണങ്ങളാണ് അവർ നടത്തിക്കൊണ്ടിരിക്കുന്നത്.

ഗസ്സയിലെ 429 കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തിയതായി ഇസ്രയേൽ സൈന്യം അറിയിച്ചിട്ടുണ്ട്. ഗസ്സയിൽ 313 പേർ കൊല്ലപ്പെട്ടു. പരിക്കേറ്റ രണ്ടായിരത്തിലേറെ പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ലെബനിലും ഇസ്രയേൽ പ്രത്യാക്രമണം നടത്തിയിട്ടുണ്ട്. ഹമാസിന് സഹായം നൽകുന്ന ലെബനൻ മേഖലയിലാണ് ഇസ്രയേൽ ആക്രമണം നടത്തിയത്.

അക്ഷരാർത്ഥത്തിൽ ഗസ്സയ്ക്കു മേൽ തീ മഴ പെയ്ത രാത്രിയാണ് കടന്നുപോയത്. ബഹുനില കെട്ടിടങ്ങൾ അടക്കം ഇസ്രയേലിന്റെ വ്യോമാക്രമണത്തിൽ നിലംപൊത്തി. 429 കേന്ദ്രങ്ങൾ ബോംബിട്ട് തകർത്തുവെന്നും ഇക്കൂട്ടത്തിൽ ഹമാസിന്റെ ആയുധ കേന്ദ്രങ്ങൾ അടക്കം ഉണ്ടെന്നും ഇസ്രയേൽ. ഗസ്സ മുനമ്പിലെ പരിമിത സൗകര്യങ്ങൾ മാത്രമുള്ള ആശുപത്രികളിൽ മതിയായ മരുന്നോ ചികിത്സയോ ഇല്ലാതെ മുറിവേറ്റവർ നിർക്കുന്ന ദുരന്ത കാഴ്ചയാണ് ഇസ്രയേലിൽ നിന്ന് പുറത്ത് വരുന്നത്.

ഗസ്സയിലെ ഏഴ് മേഖലകളിൽ നിന്ന് ഒഴിഞ്ഞു പോകണമെന്ന് ഇസ്രയേൽ ജനങ്ങളോട് അഭ്യർത്ഥിച്ചു. അതിനുശേഷം രണ്ടാം ഘട്ട ആക്രമണത്തിലൂടെ ഹമാസ് കേന്ദ്രങ്ങൾ തരിപ്പണം ആക്കുകയാണ് ലക്ഷ്യം. മുൻപ് പല ഉന്നത ഹമാസ് നേതാക്കളെയും വധിച്ച ചരിത്രമുള്ള ഇസ്രയേൽ ഇത്തവണയും അത്തരം നീക്കം നടത്തിയേക്കും. കര മാർഗം സൈനിക നീക്കം നടത്തി ഗസ്സയിൽ സ്ഥിരം ഇസ്രയേലി സൈനിക സാന്നിധ്യം ഉറപ്പിക്കാനും തീരുമാനം ഉണ്ടായേക്കാം. നീണ്ട് നിൽക്കുന്നതും ബുദ്ധിമുട്ടേറിയതുമായ യുദ്ധത്തിനാണ് രാജ്യം തുടക്കം കുറിച്ചിരിക്കുന്നത് എന്നാണു ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പ്രഖ്യാപനം.

24 മണിക്കൂറിന് ശേഷവും ഇസ്രയേലിനുള്ളിൽ ഹമാസുമായി സൈന്യത്തിന്റെ ഏറ്റുമുട്ടൽ തുടരുകയാണ്. സൈനികർ അടക്കം നൂറിലേറെ പേർ ഇപ്പോഴും ഹമാസിന്റെ ബന്ദികളാണ്. അതേസമയം ഹമാസിനെതിരെ ഇസ്രയേൽ പ്രത്യാക്രമണം കടുപ്പിക്കുകയും സംഘർഷം രൂക്ഷമാകുകയും ചെയ്ത സാഹചര്യത്തിൽ, ഇസ്രയേലിലേക്കുള്ള കൂടുതൽ വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ. ടെൽ അവീവിലേക്കുള്ള സർവീസുകൾ ഈ മാസം 14 വരെ നിർത്തിവയ്ക്കുന്നതായി എയർ ഇന്ത്യ അറിയിച്ചു. അവിടെ നിന്ന് തിരിച്ചുള്ള സർവീസുകളും നടത്തില്ല. യാത്രക്കാരുടെയും വിമാന ജീവനക്കാരുടെയും സുരക്ഷ പരിഗണിച്ചാണ് തീരുമാനമെന്ന് എയർ ഇന്ത്യ വ്യക്തമാക്കി.

18,000 ഇന്ത്യൻ പൗരന്മാർ ഇസ്രയേലിലുണ്ടെന്നാണു കണക്ക്. മുതിർന്നവരെ ശുശ്രൂഷിക്കുന്ന 'കെയർഗിവർ' ജോലിക്കെത്തിയവരാണ് അധികവും. വജ്ര വ്യാപാരം, ഐടി, നിർമ്മാണമേഖല തുടങ്ങിയ രംഗങ്ങളിലും ഇന്ത്യക്കാരുടെ സാന്നിധ്യമുണ്ട്. കെയർഗിവർമാരായി എത്തിയവരിൽ നല്ലൊരു പങ്ക് മലയാളികളാണ്. ടെൽ അവീവ്, ബെർഷെവ, റംല എന്നീ മേഖലകളിലാണ് ഇന്ത്യക്കാർ ഏറെയുള്ളത്. ഇവർക്കു പുറമേ, ഇന്ത്യൻ വംശജരായ 85,000 യഹൂദരും ഇസ്രയേലിലുണ്ടെന്ന് എംബസി വ്യക്തമാക്കുന്നു.