ടെൽ അവീവ്/വാഷിങ്ടൺ: ഇസ്രയേൽ-ഫലസ്തീൻ സംഘർഷത്തിൽ ലോകം രണ്ടു ചേരിയിൽ തിരിയുമെന്ന് ഉറപ്പായി. ഇസ്രയേൽ പക്ഷത്ത് നിലയുറപ്പിച്ച അമേരിക്ക യുദ്ധത്തിൽ സഹായവും നൽകുമെന്ന് വ്യക്തമാക്കിയതോടെ വരും ദിവസങ്ങളിൽ ഗസ്സാ മുനമ്പ് ചോരക്കളമാകുമെന്ന് ഉറപ്പായി. ഫലസ്തീൻ സായുധ സംഘടനയായ ഹമാസിന്റെ സമ്പൂർണപതനം ലക്ഷ്യമിട്ടാണ് ഇസ്രയേൽ നീക്കങ്ങൾ നടക്കുന്നത്. ഇതിന്റെ ഭാഗമായാണ് ഹമാസിനെതിരെ ഇസ്രയേൽ ഔദ്യോഗികമായി യുദ്ധം പ്രഖ്യാപിച്ചത്. ഇസ്രയേൽ സുരക്ഷാകാര്യ മന്ത്രിസഭാ യോഗം ചേർന്നാണ് യുദ്ധം പ്രഖ്യാപിച്ചത്. 1973 ന് ശേഷം ആദ്യമായാണ് ഇസ്രയേൽ ഔദ്യോഗിക യുദ്ധ പ്രഖ്യാപനം നടത്തുന്നത്.

ഇസ്രയേലിന് അമേരിക്ക സാമ്പത്തിക-സൈനിക സഹായം നൽകും. അധിക സാമ്പത്തിക-സൈനിക സഹായം ഇന്ന് പ്രഖ്യാപിക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ അറിയിച്ചു. ഇസ്രയേലിന്റെ സഹായ അഭ്യർത്ഥനകൾ അവലോകനം ചെയ്യുകയാണെന്നും തീരുമാനം ഇന്ന് തന്നെ പ്രതീക്ഷിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. ഹമാസ് ആക്രമണത്തിൽ ഇസ്രയേലിനെ അമേരിക്കൻ പൗരന്മാർ കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ടുകളുണ്ട്. ഇതേ കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിച്ചു വരികയാണെന്നും ബ്ലിങ്കൻ അറിയിച്ചു.

ഹമാസിന്റെ ആക്രമണം ശക്തമായ സാഹചര്യത്തിലാണ് ഇസ്രയേൽ അമേരിക്കയുടെ സഹായം തേടിയത്. ഇസ്രയേലിന്റെ ആവശ്യത്തോട് അനുകൂല പ്രതികരണവുമായി അമേരിക്ക രംഗത്തു വരികയായിരുന്നു. ഇസ്രയേലിന് സൈനിക- നയതന്ത്ര- ഇന്റലിജൻസ് സഹായം ബ്ലിങ്കൻ വ്യക്തമാക്കി. ലബനാനിൽ ഹിസ്ബുല്ലയുമായി പുതിയ യുദ്ധമുഖം തുറക്കാനുള്ള ഇസ്രയേൽ നീക്കം അമേരിക്ക ഇടപെട്ട് ഒഴിവാക്കുമെന്നും ബ്ലിങ്കെൻ പറഞ്ഞു.

തങ്ങൾക്കാവശ്യമായ സഹായങ്ങളുടെ പട്ടിക ഇസ്രയേൽ അമേരിക്കയ്ക്ക് കൈമാറിയിരുന്നു. സൈനിക സഹായമുൾപ്പെടെയുള്ളവ നൽകുന്നത് സംബന്ധിച്ചുള്ള അമേരിക്കയുടെ പ്രഖ്യാപനം ഉടൻ പ്രഖ്യാപിക്കും. അമേരിക്കയെ കൂടാതെ ഇറ്റലി, യുക്രൈയ്ൻ ഉൾപ്പെടെയുള്ള രാജ്യങ്ങളും ഇസ്രയേലിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.

യുക്രൈൻ പ്രസിഡന്റ് വ്‌ലോദിമിർ സെലൻസ്‌കി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ഫോണിൽ സംസാരിച്ചാണ് പിന്തുണ അറിയിച്ചത്. ഇക്കാര്യം സെലൻസ്‌കി തന്നെ വെളിപ്പെടുത്തി. 'കടുത്ത ആക്രമണം നേരിടുന്ന ഇസ്രയേലിനോട് യുക്രൈൻ ഐക്യപ്പെടുന്നു എന്നറിയിക്കാൻ ഞാൻ നെതന്യാഹുവുമായി സംസാരിച്ചു. കൊല്ലപ്പെട്ടവർക്ക് അനുശോചനം അറിയിച്ചു. ആക്രമണത്തെ തുടർന്ന് പ്രദേശത്തെ സുരക്ഷയിലുണ്ടായേക്കാവുന്ന മാറ്റങ്ങളെപ്പറ്റിയും ഞങ്ങൾ സംസാരിച്ചു.'- സെലൻസ്‌കി പറഞ്ഞു.

ഇസ്രയേലിന് ആവശ്യമായ എല്ലാ സഹായവും നൽകാൻ അമേരിക്ക സന്നദ്ധമാണെന്ന് പ്രസിഡന്റ് ജോ ബൈഡൻ നേരത്തെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി നടത്തിയ സംഭാഷണത്തിൽ പറഞ്ഞിരുന്നു. ഹമാസിന് പിന്തുണ പ്രഖ്യാപിച്ച് ഇറാനും ഖത്തറും രംഗത്തു വന്നിരുന്നു. ഇസ്രയേലിനെതിരെ സധൈര്യം ആക്രമണം നടത്തുന്ന ഹമാസിനെ അഭിനന്ദിക്കുന്നതായി ഇറാൻ പ്രഖ്യാപിച്ചിട്ടുണ്ട്. മേഖലയിൽ അസ്ഥിരത സൃഷ്ടിച്ചത് ഇസ്രയേലും കൂട്ടാളികളും ആണെന്നായിരുന്നു ഇറാന്റെ പ്രതികരണം. ഇതിനു പിന്നാലെയാണ് ഇസ്രയേലിന് സൈനിക സഹായം നൽകാൻ സന്നദ്ധരാണെന്ന് അറിയിച്ച് യു.എസ് രംഗത്തെത്തിയത്.

അതേസമയം ഹമാസിന്റെ ആക്രമണത്തിൽ 600 ഇസ്രയേലികൾ കൊല്ലപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 2000 പേർക്ക് പരിക്കേറ്റതായും 750ഓളം പേരെ കാൺമാനില്ലെന്നുമാണ് ഇസ്രയേലി മാധ്യമങ്ങളുടെ റിപ്പോർട്ട്. അതേസമയം, ഗസ്സയിൽ ഇസ്രയേൽ നടത്തുന്ന കടുത്ത ആക്രമണം തുടരുകയാണ്. ഫലസ്തീനിയൻ ആരോഗ്യ മന്ത്രാലയം പറയുന്നതനുസരിച്ച് 370 പേരാണ് ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇതിൽ 20 കുഞ്ഞുങ്ങളും ഉൾപ്പെടുന്നു. 2,200ഓളം ഫലസ്തീനികൾക്ക് പരിക്കേറ്റു.

അതേസമയം, ലെബനാനിലെ ഹിസ്ബുല്ല സായുധ സംഘം ഞായറാഴ്ച ഇസ്രോയൽ അധീനതയിലുള്ള ഗോലാൻകുന്നുകളിലെ സൈനിക പോസ്റ്റുകൾക്കുനേരെ ആക്രമണം നടത്തി. 12ലേറെ തവണ റോക്കറ്റ്, ഷെല്ലാക്രമണമാണ് ഹിസ്ബുല്ല നടത്തിയത്. ഷീബ ഫാംസ് മേഖലയിലെ ഹിസ്ബുല്ല ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.

ഇന്നലെ ഹമാസ് നടത്തിയ മിന്നലാക്രമണത്തിന് മറുപടിയായി ഗസ്സയെ വിജന ദ്വീപാക്കി മാറ്റുമെന്ന് പ്രഖ്യാപിച്ചാണ് ഇസ്രയേൽ ജനവാസ മേഖലകളെ ലക്ഷ്യമിട്ട് വൻതോതിലുള്ള ആക്രമണം നടത്തുന്നത്. വൈദ്യസഹായം പോലും നൽകാൻ സാധിക്കാത്ത സാഹചര്യമാണെന്ന് സന്നദ്ധ സംഘടനയായ ഫലസ്തീനിയൻ റെഡ് ക്രെസന്റ് സൊസൈറ്റി പറയുന്നു. ഇസ്രയേൽ വൈദ്യുതി വിഛേദിച്ചതിനാൽ ഗസ്സയിലെ 20 ലക്ഷം ആളുകൾ ഇരുട്ടിലാണ് രാത്രി കഴിച്ചുകൂട്ടിയത്.