ഗാസ സിറ്റി: ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ അഞ്ച് മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. അല്‍ ജസീറയിലെ അഞ്ച് ജീവനക്കാരെ

യാണ് ഇസ്രയേല്‍ സേന കൊലപ്പെടുത്തിയത്. ഗാസയിലെ അല്‍ ഷിഫ ആശുപത്രിക്ക് പുറത്തുള്ള മീഡിയ ടെന്റ് ലക്ഷ്യമിട്ടായിരുന്നു ഇസ്രയേലിന്റെ ആക്രമണം. ഇസ്രായേലിന്റെത് ആസൂത്രിത ആക്രമണമാണെന്ന ആക്ഷേപം ഉയരുന്നുണ്ട്. അല്‍ ജസീറ റിപ്പോര്‍ട്ടര്‍ അനസ് അല്‍ ഷെരീഫും കൊല്ലപ്പെട്ടവരിലുണ്ട്.

ഹമാസിന്റെ സായുധ വിഭാഗമായ ഒരു യൂണിറ്റിനെ നയിച്ചിരുന്നത് അല്‍ ഷരീഫാണെന്ന് ഇസ്രയേല്‍ ആരോപിക്കുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്രയേല്‍ സൈന്യം ഏറ്റെടുത്തിട്ടുണ്ട്. അനസ് അല്‍ ഷരീഫിന് പുറമേ, റിപ്പോര്‍ട്ടര്‍ മുഹമ്മദ് ക്രെയിഖെ, ക്യാമറാമാന്‍മാരായ ഇബ്രാഹിം സഹര്‍, മുഹമ്മദ് നൗഫല്‍, മോമെന്‍ അലിവ എന്നിവരാണ് കൊല്ലപ്പെട്ടത്. അല്‍ ഷിഫ ആശുപത്രിയുടെ പ്രധാന കവാടത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കായുള്ള ടെന്റില്‍ ഇരിക്കുമ്പോഴാണ് ആക്രമണമുണ്ടായതെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. മാധ്യമസ്വാതന്ത്ര്യത്തിനു നേരെയുള്ള നഗ്‌നവും ആസൂത്രിതവുമായ ആക്രമമാണിതെന്ന് അല്‍ ജസീറ പ്രസ്താവനയില്‍ അറിയിച്ചു.

ഗാസ മുനമ്പില്‍ സംഭവിക്കുന്നതെന്തെന്ന് ലോകത്തെ അറിയിക്കാനുള്ള 'ഒരേയൊരു ശബ്ദമായിരുന്നു' മാധ്യമപ്രവര്‍ത്തകനായ അല്‍ ഷരീഫിന്റേതെന്ന് അല്‍ ജസീറ മാനേജിങ് എഡിറ്റര്‍ മുഹമ്മദ് മോവാദ് പ്രതികരിച്ചു. ഗാസയില്‍ പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ടായിരുന്ന അംഗീകൃത മാധ്യമപ്രവര്‍ത്തകനായിരുന്നു അല്‍ ഷരീഫ്. 28 വയസ്സായിരുന്നു. അന്താരാഷ്ട്ര മാധ്യമപ്രവര്‍ത്തകരെ സ്വതന്ത്ര റിപ്പോര്‍ട്ടിങ് നടത്താന്‍ ഗാസയിലേക്ക് ഇസ്രയേല്‍ പ്രവേശിപ്പിച്ചിരുന്നില്ല. അതിനാല്‍ അവിടത്തെ വാര്‍ത്തകള്‍ക്ക് അല്‍ ഷരീഫ് ഉള്‍പ്പെടെയുള്ള പ്രാദേശിക റിപ്പോര്‍ട്ടര്‍മാരെയാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ സമീപിച്ചിരുന്നത്.

ഗാസയ്ക്കുള്ളില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന ഏത് ചാനലിന്റെയും കവറേജ് നിശ്ശബ്ദമാക്കാന്‍ ഇസ്രയേല്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നുവെന്ന് അല്‍ ജസീറ മാനേജര്‍ പറഞ്ഞു. അവര്‍ ടെന്റിനകത്തുവെച്ചാണ് ആക്രമിക്കപ്പെട്ടത്. റിപ്പോര്‍ട്ടിങ് ചെയ്യുകപോലുമായിരുന്നില്ല. ആധുനിക ചരിത്രത്തില്‍ മുന്‍പ് കണ്ടിട്ടില്ലാത്ത ഒന്നാണിതെന്നും മോവാദ് പറഞ്ഞു. മരണത്തിന് തൊട്ടുമുന്‍പ് ഷരീഫ് ഇസ്രയേലിനെതിരേ എക്സില്‍ പോസ്റ്റ് ചെയ്തിരുന്നു. ഗാസ സിറ്റിയില്‍ ശക്തമായ ഇസ്രയേല്‍ ബോംബാക്രമണമുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിക്കൊണ്ടുള്ളതായിരുന്നു പോസ്റ്റ്.

അനസ് അല്‍ ഷരീഫിനുനേരെ ആക്രമണം നടത്തിയതായി ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്) സ്ഥിരീകരിച്ചു. ഹമാസിലെ തീവ്രവാദ വിഭാഗങ്ങളില്‍ ഒന്നിന്റെ തലവനാണ് അദ്ദേഹമെന്ന് ഐഡിഎഫ് ടെലിഗ്രാമില്‍ പോസ്റ്റുചെയ്തു. ഷരീഫ് ഒരു മാധ്യമപ്രവര്‍ത്തകനാണെന്ന് അഭിനയിക്കുകയായിരുന്നു. ഇസ്രയേലി പൗരന്മാര്‍ക്കും ഐഡിഎഫ് സൈനികര്‍ക്കും നേരെ റോക്കറ്റ് ആക്രമണങ്ങള്‍ നടത്തുന്നതിന് അദ്ദേഹം ഉത്തരവാദിയായിരുന്നെന്നും ഐഡിഎഫ് ആരോപിക്കുന്നു. എന്നാല്‍, കൊല്ലപ്പെട്ട മറ്റു മാധ്യമപ്രവര്‍ത്തകരെക്കുറിച്ച് ഐഡിഎഫിന്റെ ഭാഗത്തുനിന്ന് പരാമര്‍ശമുണ്ടായില്ല. ആക്രമണത്തില്‍ ആകെ ഏഴുപേര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്.

അല്‍ ജസീറയിലെ ജീവനക്കാര്‍ കൊല്ലപ്പെട്ടതിനെ അപലപിച്ച ഫലസ്തീനിയന്‍ ജേണലിസ്റ്റ് സംഘടന, ഇസ്രായേല്‍ നടപടി മാധ്യമസ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണെന്ന് ചൂണ്ടിക്കാണിച്ചു. അതേസമയം, ഹമാസ് പ്രവര്‍ത്തകരെ സഹായിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അല്‍ ഷരീഫ് കൊല്ലപ്പെട്ടതെന്ന് ഇസ്രായേല്‍ സൈന്യം ആരോപിച്ചു.