- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗാസയില്‍ ജനവാസ മേഖലയില്‍ ആക്രമണം നടത്തി ഇസ്രായേല്‍; വ്യോമാക്രണത്തില്‍ 84 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്; കൊല്ലപ്പെട്ടവരില്‍ 50 പേര്‍ കുട്ടികള്‍; 170 പേര്‍ക്ക് പരിക്ക്; 'കൂട്ടക്കൊല'യെന്ന് വിശേഷിപ്പിച്ചു ഫലസ്തീന്‍ ഭരണകൂടം
ഗാസയില്‍ ജനവാസ മേഖലയില്‍ ആക്രമണം നടത്തി ഇസ്രായേല്‍
ഗാസ: ഇസ്രയേല്‍ വ്യോമസേന ഗാസയില്‍ നടത്തിയ ആക്രമണത്തില്‍ 84 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇതില്‍ 50 കുട്ടികളും ഉള്‍പ്പെടുന്നു. വടക്കന്‍ ഗാസയിലെ ജനവാസ മേഖലകളില്‍ രണ്ട് പ്രാവശ്യമാണ് ഇസ്രയേല്‍ ആക്രമണം നടത്തിയത്. ഗാസയിലെ സര്‍ക്കാര്‍ വൃത്തങ്ങള്‍ ഇതിനെ കൂട്ടക്കൊല എന്നാണ് വിശേഷിപ്പിച്ചത്. ആക്രമണത്തില്‍ 170 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി പേരെ കാണാതായതായും റിപ്പോര്‍ട്ടുണ്ട്.
കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ കണ്ടെടുക്കാനോ പരിക്കേറ്റവരെ ചികിത്സിക്കാനോ ഉളള സംവിധാനങ്ങള്‍ പോലും ഇപ്പോള്‍ ഗാസയില്‍ ഇല്ലെന്നാണ് ഫലസ്തീന്‍ സര്‍ക്കാര്‍ പറയുന്നത്. സാധാരണക്കാരായ ജനങ്ങള്‍ താമസിക്കുന്ന മേഖലകളില്‍ ഇസ്രയേല്‍ ഇത്തരത്തില്‍ ആക്രമണം നടത്തുന്നത് ഒരു കാരണവശാലും അംഗീകരിക്കില്ല എന്നും അന്താരാഷ്ട്ര യുദ്ധനിയമങ്ങളുടെ ലംഘനമാണ് ഇസ്രയേല്‍ നടത്തുന്നത് എന്നുമാണ് ഫലസ്തീന്‍ ആരോപിക്കുന്നത്.
ഇവിടെയുള്ള ആശുപത്രികള്‍ പലതും ഹമാസ് കേന്ദ്രങ്ങളാണെന്ന് ആരോപിച്ച് ഇസ്രയേല്‍ തകര്‍ത്തതായും അവര്‍ കുറ്റപ്പെടുത്തുന്നു. ഇസ്രയേലിന്റെ കൂട്ടാളികളായ അമേരിക്കയും ഫ്രാന്‍സും ബ്രിട്ടനും ജര്‍മ്മനിയും എല്ലാം ഈ നരഹത്യത്ത് സമാധാനം പറയേണ്ടി വരുമെന്നും ഫലസ്തീന്‍ സര്‍ക്കാര്‍ കുറ്റപ്പെടുത്തി. അമേരിക്ക ഇസ്രയേലിന് വരും ദിവസങ്ങല്‍ ശക്തമായ തോതില്‍ ആക്രമണം നടത്താനുള്ള കൂടുതല്‍ ആയുധങ്ങളും പോര്‍ വിമാനങ്ങളും നല്‍കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ കൂടിയാണ് ഇസ്രയേല്‍ ഇപ്പോള്‍ ഇത്രയും ശക്തമായ തോതിലുള്ള ആക്രമം നടത്തുന്നത്.
കഴിഞ്ഞ ഒക്ടോബര്‍ ഏഴിന് ശേഷം ഇസ്രയേല്‍ ഗാസയില്‍ നടത്തിയ ആക്രമണങ്ങളില്‍ ഇതേ വരെ 43259 പേരാണ് കൊല്ലപ്പെട്ടത് എന്നാണ് അവിടുത്തെ സര്‍്ക്കാര്‍ നല്‍കുന്ന കണക്ക്. അതേ സമയം ഹമാസ് തീവ്രവാദികള്‍ ഇസ്രയേലിലേക്ക് കടന്ന് കയറി നടത്തിയ ആക്രമണത്തില്‍ 1139 പേരാണ് കൊല്ലപ്പെട്ടത്. 200 ഓളം പേരെം ബന്ദികളാക്കുകയും ചെയ്തിരുന്നു. ലബനനില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങല്‍ കൊല്ലപ്പെട്ടത് 2897 പേരാണ്.
അതേസമയം ഇസ്രായേലിനെ ലക്ഷ്യമിട്ട് ലബനാനില്‍ നിന്നും തുടര്‍ച്ചയായ റോക്കറ്റാക്രമണങ്ങളും എത്തിയിരുന്നു. ടെല്‍ അവീവിന്റെ വടക്ക്-കിഴക്കന്‍ പ്രദേശമായ ഹാഷ്‌റോണിനെതിരെയും ടിറക്ക് നേരെയുമാണ് ആക്രമണങ്ങള്‍ ഉണ്ടായത്. ഹാഷ്‌റോണില്‍ ഉണ്ടായ ആക്രമണത്തില്‍ 19 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ടിറയിലുണ്ടായ ആക്രമണത്തില്‍ 11 പേര്‍ക്കും പരിക്കേറ്റു. ടിറയില്‍ പരിക്കേറ്റവരില്‍ രണ്ട് പേര്‍ക്ക് സാരമായ പരിക്കുണ്ടെന്ന് ഇസ്രായേല്‍ അറിയിച്ചു. അഞ്ച് പേര്‍ക്ക് നിസാര പരിക്കാണ് ഉള്ളത്. എന്നാല്‍, പരിക്കേറ്റ മറ്റുള്ളവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.
മൂന്ന് റോക്കറ്റുകളാണ് ലബനാനില്‍ നിന്നും എത്തിയതെന്നാണ് ഇസ്രായേല്‍ പ്രതിരോധസേന അറിയിക്കുന്നത്. റോക്കറ്റുകള്‍ ഇസ്രായേലില്‍ പതിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. അതേസമയം, ലബനാനില്‍ ഗസ്സ യുദ്ധം തുടങ്ങിയ ശേഷം ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ 2,897 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 13,150 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 30 പേരാണ് ലബനാനില്‍ കൊല്ലപ്പെട്ടതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.