- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരാഴ്ചയ്ക്കുള്ളിൽ കാലപുരിക്ക് അയച്ചത് ആറ് സീനിയർ ജിഹാദികളെ; 26 വർഷമായി മോസ്റ്റ് വാണ്ടഡ് പട്ടികയിലുള്ള ഇയാദ് അൽ ഹസാനിയെ വ്യോമാക്രണത്തിലൂടെ കൊലപ്പെടുത്തി; ഗസ്സയിലെ സംഘർഷങ്ങളുടെ മറവിൽ ഇസ്ലാമിക ജിഹാദ് നേതാക്കളെ തെരഞ്ഞുപിടിച്ചു കൊന്നൊടുക്കി ഇസ്രയേൽ
ടെൽഅവീവ്: ചുണ്ടങ്ങ കൊടുത്ത് വഴുതിനങ്ങ വാങ്ങുക, എന്നതാണ് കഴിഞ്ഞ കുറച്ചുകാലമായി ഫലസ്തീൻ തീവ്രവാദ സംഘടനകൾ ഇസ്രയേലിനെതിരെ ചെയ്തുകൊണ്ടിരിക്കുന്നത്. അവർ ഒരു ചെറിയ റോക്കറ്റ് അങ്ങോട്ട് അയച്ച് പ്രകോപനം ഉണ്ടാക്കും. തിരിച്ച് അതിഭീകരമായി ഇസ്രയേൽ തിരിച്ചടിക്കും. പാവപ്പെട്ട ഫലസ്തീനി ജനതയാണ് ഇതിനിടയിൽ ദുരിതം അനുഭവിക്കുന്നത്.
ഇടക്കിടെ ലോക മാധ്യമങ്ങളിൽ വാർത്തയാവാറുള്ളതാണ് ഗസ്സ സംഘർഷങ്ങൾ. പക്ഷേ ഇത്തവണ ഗസ്സയിൽ നിന്ന് റോക്കറ്റ് അയച്ച തീവ്രവാദികൾക്ക് ഇസ്രയേൽ ശരിക്കും പണികൊടുത്തു. ഗസ്സയിലെ സംഘർഷങ്ങളുടെ മറവിൽ ഇസ്ലാമിക ജിഹാദ് നേതാക്കളെ തെരെഞ്ഞുപിടിച്ചു കൊല്ലുകയാണ് ഇസ്രയേൽ സൈന്യമെന്ന അൽജസീറയടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഒരാഴ്ചയ്ക്കുള്ളിൽ ആറോളം ഇസ്ലാമിക ജിഹാദ് സീനിയർ നേതാക്കളെയാണ് ഇസ്രയേൽ മിലിട്ടറി കൊലപ്പെടുത്തിയത്. ഇരുപത്തിയാറ് വർഷമായി ഇസ്രയേലിന്റെ മോസ്റ്റ് വാണ്ടഡ് പട്ടികയിൽ കിടന്ന ഇയാദ് അൽ ഹസാനിയേയും വ്യോമാക്രണത്തിലൂടെ കൊലപ്പെടുത്തി. ഇസ്ലാമിക ജിഹാദ് മിലിട്ടറി കൗൺസിലിന്റെ ഉന്നത ഒഫിഷൃൽ ആണ് കമാൻഡർ ഇയാദ് അൽ ഹസ്സാനി. ഗസ്സയിലെ അദ്ദേഹത്തിന്റെ വസതിക്ക് നേരെ ലക്ഷ്യംവെച്ചു നടത്തിയ വ്യോമാക്രണത്തിലാണ് ഇസ്ലാമിക് ജിഹാദ് ഉന്നത റാങ്കിൽപ്പെട്ട ഈ കമാൻഡർ കൊല്ലപ്പെട്ടത്.
ഇയാദ് അൽ-ഹസാനിയെ കൊന്നശേഷം ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് ട്വീറ്റിലൂടെ അത് സ്ഥിരീകരിക്കുകയും ചെയ്തു. യുദ്ധം ചെയ്യാൻ അവസരം കിട്ടിയതോടെ ഇസ്രയേൽ ഇസ്ലാമിക് ജിഹാദ് ടാർജറ്റുകൾ ലക്ഷ്യമാക്കി പ്രഹരിക്കുകയാണ്. വെറുതെ അലക്ഷ്യമായി റോക്കറ്റ് അയക്കയല്ല, ജിഹാദി നേതാക്കളെ കൊല്ലാൻ കിട്ടിയ അവസരം പരമാവധി ഉപയോഗിക്കയാണ് അവർ ചെയ്യുന്നത്. വെടിനിർത്തലിന് മുമ്പ് തന്നെ പരമാവധി ജിഹാദ് നേതാക്കളെ ഉന്മൂലനം ചെയ്ത് സംഘടനയിൽ നേത്വത്വശൂനൃത സൃഷ്ടിക്കുക എന്ന തന്ത്രവും അവർ പയറ്റുന്നു. ഹമാസ് നേതാക്കൾക്ക് ഒരു താക്കീത് കൂടിയാണ് ഇത്തരം ഉന്മൂലനങ്ങൾ.
ഇസ്രയേൽ മിലിട്ടറി സ്ട്രാറ്റജിയിൽ ജീവശാസ്ത്ര ഘടകങ്ങൾ കൂടി കൂട്ടിച്ചേർക്കുന്നുണ്ടെന്ന് പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. അതായത് ഇസ്രയേൽ വിരുദ്ധ തീവ്രവാദ സംഘടനകളിൽ ബുദ്ധിശക്തിയിലും നിരീക്ഷണപാടവത്തിലും സൈനിക തന്ത്രത്തിലും മികവ് കാട്ടുന്ന അത്തരം ജനിതക സവിശേഷതകൾ ഉള്ള വ്യക്തികളെ ഉന്മൂലനം ചെയ്യുക എന്നതാണ് തന്ത്രം. ഈയടുത്തകാലത്തായി ഇസ്രയേൽ സ്ട്രാറ്റജി പരിശോധിച്ചാൽ ഇത് വൃക്തമാകും. സംഘർഷങ്ങൾ ഉണ്ടായാൽ കിട്ടിയ അവസരം മുതലെടുത്ത് ഉന്മൂലനം ഇസ്രയേൽ നടപ്പാക്കിയിരിക്കും. സംഘർഷങ്ങൾക്ക് മുമ്പ് തന്നെ ഇസ്രയേൽ ഇത്തരം നേതാക്കളുടെ വാസസ്ഥലം ഉൾപ്പെടെയുള്ള വിവരങ്ങൾ ശേഖരിക്കുകയും ആക്രമണത്തിനുള്ള അവസരത്തിനായി ക്ഷമയോടെ കാത്തിരിക്കും. ഫലസ്തീൻ ഇസ്ലാമിക ജിഹാദ് മനസ്സിലാക്കാതെ പോകുന്ന ഒരു യാഥാർത്ഥ്യവും ഇതാണ്. അതായത് ഒരു ചെറിയ സംഘർഷത്തിന് അവസരം കിട്ടിയാൽ ആഞ്ഞടിച്ച് ജിഹാദികളെ ഇല്ലാതാക്കുകയാണ് ഇസ്രയേലിന്റെ തന്ത്രം.
40 ഓളം പേർ മരിച്ചു
കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഗസ്സയിൽ ഇസ്രയേൽ വ്യോമാക്രമണം ആരംഭിച്ചത്. തങ്ങൾക്ക് നേരെ വന്ന റോക്കറ്റിന് പ്രത്യാക്രമണമായിട്ടായിരുന്നു ഇത്. ഇസ്ലാമിക ജിഹാദ് ആയിരത്തോളം റോക്കറ്റുകളാണ് ഇസ്രയേലിലേക്ക് അയച്ചത്. അതിൽ 99 ശതമാനവും ഇസ്രയേലിനെ പൊതിഞ്ഞ് നിൽക്കുന്ന അയൺഡോം തകർക്കും. ബാക്കി കുറച്ചു അവിടെയും ഇവിടെയും പതിച്ചു ചെറിയ നാശനഷ്ടങ്ങൾ ഉണ്ടാക്കും. ഒരു ഇസ്രയേൽ മിലിട്ടറി കമാണ്ടറെ പോലും കൊല്ലാൻ അവർക്ക് കഴിയില്ല. സംഘർഷങ്ങൾ തീരുമ്പോൾ നഷ്ടം മാത്രം ഫലസ്തീൻ മിലിട്ടറി ഗ്രൂപ്പുകൾക്ക് മിച്ചം.
സംഘർഷങ്ങളിൽ 33 ഫലസ്തീനികൾ കൊലപ്പെട്ടപ്പോൾ ഗസ്സയിൽ റോക്കറ്റ് ആക്രമണത്തിൽ ഒരു ഇസ്രയേലി മാത്രമാണ് കൊല്ലപ്പെട്ടത്. തങ്ങളുടെ പൗരന്മാരെ പരമാവധി സംരക്ഷിക്കാൻ ഇസ്രയേലിന് കഴിയുന്നു. വടക്കൻ ഗസ്സയിലെ ജനവാസകേന്ദ്രമായ ഷുജാഇയയിലും ഖാൻ യൂനുസിലുമാണ് ഇസ്രയേൽ വ്യോമാക്രമണം നടന്നിയപ്പോഴാണ് നിരവധി പേർ കൊല്ലപ്പെട്ടത്. നൂറിലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്.
സംഘർഷം ഉണ്ടാവുമ്പോഴോക്കെ ഗസ്സയിൽ നിന്നു പുറത്തേക്കുള്ള വഴികളെല്ലാം ഇസ്രയേൽ സൈന്യം അടയ്ക്കും. ഇതുവഴി ജനങ്ങളുടെ സഞ്ചാരം നിരോധിച്ചതിനു പുറമെ ചരക്കുകടത്തും തടഞ്ഞുവെക്കും. ഇതോടെ ഫലസ്തീനികൾ തന്നെയാണ് ദുരിതത്തിലാവുക. ജറൂസലം, വെസ്റ്റ് ബാങ്ക് എന്നിവിടങ്ങളിൽ ചികിത്സ ആവശ്യമായ രോഗികളെയടക്കം പുറത്തേക്കു കടത്തിവിടുന്നില്ല. അർബുദബാധിതരും അത്യാസന്നനിലയിലുള്ളവരും അടക്കം 140 രോഗികളെയാണ് അതിർത്തിയിൽ തടഞ്ഞിരിക്കുന്നതെന്ന് അൽജസീറ റിപ്പോർട്ട് ചെയ്യുന്നു.
ഗസ്സയിൽ നിന്ന് ഇസ്രയേലിനെ ലക്ഷ്യമിട്ട് നിരവധി നിരവധി റോക്കറ്റുകൾ പോവുന്നുണ്ടെങ്കിലും എല്ലാം അയേൺഡോമിൽ തട്ടി തകരുകയാണ്. ഗസ്സയുടെ കര, വ്യോമ, നാവിക മേഖലയിൽ 16 വർഷമായി ഇസ്രയേൽ തുടരുന്ന ഉപരോധം അവസാനിപ്പിക്കണമെന്നാണ് ഫലസ്തീൻ സംഘടനകൾ ആവശ്യപ്പെടുന്നത്. ഈജിപ്തിന്റെ മധ്യസ്ഥതയിൽ വെടിനിർത്തൽ ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും സംഘർഷം തുടരുകയാണ്.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ