ഗസ്സ സിറ്റി: ഗസ്സയിലെ വെടിനിർത്തൽ വ്യാഴാഴ്ച രാവിലെ 10 മുതൽ ആരംഭിക്കുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും വെടിനിർത്തൽ വീണ്ടും വൈകും. ഇപ്പോഴത്തെ നിലയിൽ വെള്ളിയാഴ്‌ച്ച മാത്രമേ വെടിനിർത്തൽ ആരംഭിക്കുകയുള്ളൂവെന്നാണ് ഇസ്രയേൽ വ്യക്തമാക്കുന്നത്. ഗസ്സയിലെ ബന്ദികളെ വെള്ളിയാഴ്ചക്ക് മുമ്പ് മോചിപ്പിക്കില്ലെന്ന് ഇസ്രയേൽ വ്യക്തമാക്കി.

നാല് ദിവസത്തെ കരാർ ഹമാസും ഇസ്രയേലും അംഗീകരിച്ചിരുന്നെങ്കിലും ചർച്ചകൾ പൂർത്തിയായിട്ടില്ലെന്നാണ് ഇസ്രയേൽ ഉപദേഷ്ടാവ് ചൂണ്ടിക്കാണിക്കുന്നത്. അതു കൊണ്ട് വെള്ളിയാഴ്ചക്ക് മുൻപ് ബന്ദികളെ മോചിപ്പിക്കാനാകില്ലെന്നും ഹമാസും വ്യക്തമാക്കി. ചർച്ചകൾ പുരോഗമിക്കുമ്പോഴും ഇസ്രയേൽ വ്യോമാക്രമണവും കനത്ത ഷെല്ലാക്രമണവും തുടരുകയാണ്. നാല് ദിവസത്തെ ഇടവേള എപ്പോൾ ആരംഭിക്കുമെന്ന് ഇപ്പോഴും വ്യക്തമല്ല.

48 ദിവസം നീണ്ട വംശീയ അതിക്രമങ്ങൾക്ക് താൽക്കാലിക ആശ്വാസമായി ഖത്തറിന്റെയും ഈജിപ്തിന്റെ മധ്യസ്ഥതയിലാണ് ഇസ്രയേൽ താൽകാലിക വെടിനിർത്തൽ കരാർ അംഗീകരിച്ചത്. 150 ഫലസ്തീൻ തടവുകാർക്കു പകരം ഹമാസ് പിടിയിലുള്ള ബന്ദികളിൽ നിന്ന് 50 സ്ത്രീകളെയും കുട്ടികളെയും കൈമാറാനാണ് കരാർ വ്യവസ്ഥ.

വെടിനിർത്തലിന് പുറമേ, ഈ ദിവസങ്ങളിൽ ഗസ്സയിലേക്ക് ഇന്ധന ട്രക്കുകളും ദുരിതാശ്വാസ വാഹനങ്ങളും പ്രവേശിക്കാൻ അനുവദിക്കും. എന്നാൽ, കരാർ ലംഘിച്ചാൽ ആക്രമണം പുനരാരംഭിക്കാൻ മടിക്കില്ലെന്നാണ് നെതന്യാഹുവിന്റെ മുന്നറിയിപ്പ് നൽകി. ഒക്ടോബർ ഏഴു മുതൽ ഗസ്സയിൽ 14,500-ലധികം പേരാണ് കൊല്ലപ്പെട്ടത്. ഇസ്രയേലിൽ ഹമാസിന്റെ ആക്രമണത്തിൽ ഔദ്യോഗികമായി മരിച്ചവരുടെ എണ്ണം 1,200 ആണ്.

ഖത്തറിന്റെയും യുഎസിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയിൽ നടന്ന ചർച്ചയാണ് ഇസ്രയേൽ സുരക്ഷാ സേനകളായ ഐഡിഎഫ്, ഷിൻ ബെറ്റ്, മൊസാദ് തുടങ്ങിയവയുടെയെല്ലാം പിന്തുണയോടെ നടന്ന വോട്ടെടുപ്പിൽ ഇസ്രയേൽ വെടിനിർത്തൽ പ്രഖ്യാപിക്കുകയായിരുന്നു. വെടിനിർത്തൽ കാര്യത്തിൽ ധാരണയിലെത്തിയതായി ഇസ്രയേലും സ്ഥിരീകരിച്ചു. മന്ത്രിസഭ വോട്ടിനിട്ടാണ് വെടിനിർത്തലിന് അംഗീകാരം നൽകിയത്. മൂന്നിനെതിരെ 35 വോട്ടുകൾക്കാണ് മന്ത്രിസഭ തീരുമാനം അംഗീകരിച്ചത്.

ഇസ്രയേൽ പ്രതിരോധ സേന (ഐ.ഡി.എഫ്), മൊസാദ്, ഷിൻ ബെത് എന്നിവർ വെടിനിർത്തലിനെ അനുകൂലിച്ചു. വെടിനിർത്തലിനെ ആദ്യം എതിർത്തിരുന്ന വലത് പാർട്ടിയായ റിലിജിയസ് സയണിസ്റ്റ് പാർട്ടി പുതിയ ചർച്ചകളിലെ തീരുമാനങ്ങൾക്ക് തലകുലുക്കുകയായിരുന്നു. തീവ്രവലത് പാർട്ടിയായ ഒട്‌സമ യഹൂദിത് പാർട്ടി മാത്രമാണ് വെടിനിർത്തൽ കരാറിനെതിരെ വോട്ട് ചെയ്തത്.

നിരവധി വ്യവസ്ഥകളോടെയാണെങ്കിലും രക്തരൂക്ഷിതമായ ആക്രമണങ്ങൾ തൽക്കാലം നിലയ്ക്കുമെന്നു ഇരുവിഭാഗവും പറഞ്ഞു. ബന്ദികളുടേയും തടവുകാരുടേയും കൈമാറ്റങ്ങൾക്കനുസൃതമായി വെടിനിർത്തൽ കരാർ കൂടുതൽ ദിവസങ്ങളിലേക്ക് നീട്ടാൻ സാധ്യതയുണ്ടെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. വെടിനിർത്തൽ നീട്ടണമെന്ന് സൗദി അറേബ്യ ഉൾപ്പെടെയുള്ള അറബ് രാജ്യങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്.

ഇസ്രയേൽ ഗസ്സയിൽ ആക്രമണം തുടങ്ങിയ ശേഷം ഉണ്ടാകുന്ന നിർണ്ണായകമായ നീക്കമാണ് വെടിനിർത്തൽ. ബന്ദികളെ മോചിപ്പിക്കുന്നത് ഉൾപ്പെടെയുള്ള വിവിധ വ്യവസ്ഥകളിന്മേലാണ് വെടിനിർത്തൽ. ഖത്തറിന്റെ നേതൃത്വത്തിൽ നടന്ന മധ്യസ്ഥ ചർച്ചയിൽ ഈജിപ്തും അമേരിക്കയും പങ്കുവഹിച്ചു.

ഇന്ധനം ഉൾപ്പെടെയുള്ള മാനുഷിക സഹായങ്ങൾ വെടിനിർത്തൽ കാലയളവിൽ ഗസ്സയിലേക്ക് എത്തിക്കും. ഈജിപ്തുമായുള്ള റഫാ അതിർത്തി വഴിയാണ് സഹായങ്ങളുമായുള്ള വാഹനങ്ങൾ ഗസ്സയിലേക്ക് പോകുക. രക്തച്ചൊരിച്ചിൽ അവസാനിപ്പിക്കാനും പ്രശ്‌നങ്ങൾ പരിഹരിച്ച് ഗസ്സയിലെ ജനങ്ങളെ സംരക്ഷിക്കാനുമായുള്ള നയതന്ത്ര ശ്രമങ്ങൾ തുടരുമെന്ന് അറിയിച്ച ഖത്തർ വെടിനിർത്തൽ സാധ്യമാക്കാനായി നടത്തിയ പരിശ്രമങ്ങൾക്ക് ഈജിപ്തിനെയും അമേരിക്കയെയും അഭിനന്ദിച്ചു.

തെക്കൻ ഇസ്രയേലിൽ ഒക്ടോബർ 7 ന് ഹമാസ് നടത്തിയ മാരകമായ ആക്രമണത്തിനിടെ 240 ഇസ്രയേലികളെ ഉൾപ്പെടെ ബന്ദികളാക്കിയതിന് തൊട്ടുപിന്നാലെ, ഖത്തർ സർക്കാർ വൈറ്റ് ഹൗസുമായി ബന്ധപ്പെട്ടു ബന്ദീ മോചനത്തിനായി പ്രവർത്തനം ആരംഭിച്ചിരുന്നത്രെ. മധ്യസ്ഥ-രാജ്യാന്തര ചർച്ചകളിൽ പ്രാവീണ്യമുള്ള ഒരു സെൽ രൂപീകരിക്കുകയും ചെയ്തു. ടീം സ്ഥാപിക്കാൻ സള്ളിവൻ മക്ഗുർക്കിനെയും മറ്റൊരു ദേശീയ സുരക്ഷാ കൗൺസിൽ ഉദ്യോഗസ്ഥനായ ജോഷ് ഗെൽറ്റ്‌സറിനെയും ചുമതലപ്പെടുത്തിയത്രെ. ഖത്തറും ഇസ്രയേലും അതീവ രഹസ്യം ആവശ്യപ്പെട്ടതിനാൽ മറ്റ് പ്രസക്തമായ യുഎസ് ഏജൻസികളോട് പറയാതെയാണ് ഇത് ചെയ്തതെന്നും റിപ്പോർട്ടുകൾ.

ചെറിയ എതിർപ്പുണ്ടായെങ്കിലും ഗസ്സയിലേക്ക് തട്ടിക്കൊണ്ടുപോയ ഏകദേശം 240 പേരിൽ 50 ബന്ദികളെ മോചിപ്പിക്കുന്നതുവരെ വെടി നിർത്താനുള്ള കാബിനറ്റ് തീരുമാനം സർക്കാർ പ്രസിദ്ധീകരിച്ചു. ആദ്യഘട്ടത്തിൽ, 50 ബന്ദികളെ ഇസ്രയേലിലേക്ക് തിരിച്ചയച്ചാൽ 150 ഫലസ്തീൻ തടവുകാരെ ഇസ്രയേൽ മോചിപ്പിക്കും. ഇത് നാല് ഘട്ടങ്ങളിലായി നടക്കും, ഓരോ ഘട്ടത്തിലും കുറഞ്ഞത് 10 ബന്ദികളെ വിട്ടയക്കും.

രണ്ടാം ഘട്ടത്തിൽ, 50 അധിക ബന്ദികളെ ഇസ്രയേലിലേക്ക് തിരിച്ചയച്ചാൽ 150 ഫലസ്തീൻ സുരക്ഷാ തടവുകാരെ കൂടി ഇസ്രയേൽ മോചിപ്പിക്കും.ഫലസ്തീൻ തടവുകാരും ഇസ്രയേലി ബന്ദികളുമായുള്ള അതേ അനുപാതം ആദ്യ ഭാഗം മുതൽ തുടരുമെന്നും ഓരോ അധിക ഘട്ടത്തിലും കുറഞ്ഞത് 10 ബന്ദികളെയെങ്കിലും വിട്ടയക്കുമെന്നും അതിൽ പറയുന്നു.

ബന്ദികൾ ഇസ്രയേൽ പൗരന്മാർക്ക് പുറമേ, യുഎസ്, തായ്‌ലൻഡ്, ബ്രിട്ടൻ, ഫ്രാൻസ്, അർജന്റീന, ജർമ്മനി, ചിലി, സ്പെയിൻ, പോർച്ചുഗൽ എന്നിവയുൾപ്പെടെ 40 ഓളം രാജ്യങ്ങളിൽ നിന്നുള്ളവരാണ്. പകുതിയിലധികം ബന്ദികളും വിദേശ, ഇരട്ട പൗരത്വമുള്ളവരാണെന്ന് ഇസ്രയേൽ സർക്കാർ അറിയിച്ചിരുന്നു.

'എല്ലാ ബന്ദികളെയും നാട്ടിൽ തിരികെയെത്തിക്കാൻ ഇസ്രയേൽ ഭരണകൂടം കടപ്പെട്ടിരിക്കുന്നു. ഈ ലക്ഷ്യം മുൻനിർത്തിയുള്ള ആദ്യ പടിയെന്ന നിലയിൽ, താൽക്കാലിക വെടിനിർത്തലിന് സർക്കാർ അനുമതി നൽകുന്നു. ഇതുപ്രകാരം, ആദ്യ ഘട്ടത്തിൽ നാലു ദിവസം കൊണ്ട് സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള 50 ബന്ദികളെ മോചിപ്പിക്കും. ഈ ഘട്ടത്തിൽ താൽക്കാലിക വെടിനിർത്തൽ പ്രാബല്യത്തിലുണ്ടാകും.

10 ബന്ദികളെ മോചിപ്പിക്കുന്നതിനും 24 മണിക്കൂർ ആയുധമെടുക്കലിനു വിരാമമു?ണ്ടാകും. വീണ്ടും, രണ്ടാം ഘട്ടത്തിൽ, ബന്ദികൾ ഇസ്രയേലിൽ തിരിച്ചെത്തിയാൽ മാത്രമേ തടവുകാരെ മോചിപ്പിക്കൂ. തടവുകാരുടെ പേരുകൾ പ്രസിദ്ധീകരിച്ചതിനെത്തുടർന്ന്, കരാറിനെതിരെയോ പ്രത്യേക തടവുകാരെ വിട്ടയക്കുന്നതിനോ എതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകാൻ ഇസ്രയേലി പൊതുജനങ്ങൾക്ക് 24 മണിക്കൂർ സമയം അനുവദിച്ചിരുന്നു

ഗസ്സയിൽ ഹമാസ് ബന്ദികളാക്കിയ 50 പേരെ തിരികെ കൊണ്ടുവരാനുള്ള സർക്കാരിന്റെ കരാറിനെതിരെ ഹൈക്കോടതിയിൽ ഹർജി നൽകുമെന്ന് അൽമഗോർ ഭീകരാക്രമണ വിക്ടിംസ് അസോസിയേഷൻ പ്രഖ്യാപിച്ചു കഴിഞ്ഞു. അതേ സമയം മോചിപ്പിക്കാൻ തയാറാണെന്നു ഇസ്രയേൽ പ്രഖ്യാപിച്ച 300 തടവുകാരിൽ ബഹുഭൂരിപക്ഷവും 18 വയസും അതിൽ താഴെയുമുള്ള പുരുഷന്മാരാണ്. മറ്റ് 13 തടവുകാരും പ്രായപൂർത്തിയായ സ്ത്രീകളാണ്.