വാഷിങ്ടണ്‍: ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ആക്രമിക്കണമെന്ന് ഇസ്രായേലിനോട് ഡോണള്‍ഡ് ട്രംപ്. നോര്‍ത്ത് കരോളിനയിലെ പ്രചാരണ പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് ഡോണള്‍ഡ് ട്രംപിന്റെ പരാമര്‍ശം. യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ നിലപാടിന് വിരുദ്ധമാണ് ട്രംപിന്റെ ഈ പ്രതികരണം.

പ്രചാരണപരിപാടിയില്‍ ഇറാനെ കുറിച്ച് നിങ്ങള്‍ എന്താണ് ചിന്തിക്കുന്നതെന്നായിരുന്നു ഡോണള്‍ഡ് ട്രംപിന്റെ ചോദ്യം. ഇറാന്റെ ആണവകേന്ദ്രങ്ങളെ ആക്രമിക്കുകയാണ് ഇപ്പോള്‍ നിങ്ങള്‍ക്ക് വേണ്ടതെന്നും ഡോണള്‍ഡ് ട്രംപ് പറഞ്ഞു. യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ ഇറാന്റെ ആണവകേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം നടത്തുന്നതിന് എതിരായ നിലപാട് സ്വീകരിക്കുമ്പോഴാണ് ട്രംപ് ഇതിനെ അനുകൂലിക്കുന്നത്. ഇക്കാര്യത്തില്‍ ബൈഡന്റെ നിലപാട് തെറ്റാണെന്നും ട്രംപ് പറഞ്ഞു. ഇറാന്റെ ആണവശേഷിയാണ് നമുക്കുള്ള ഏറ്റവും വലിയ വെല്ലുവിളിയെന്നും അതിനെ ആക്രമിക്കുകയാണ് ചെയ്യേണ്ടതെന്നും ഡോണള്‍ഡ് ട്രംപ് പറഞ്ഞു.

'ജോ ബൈഡനോട് ഈ പ്രശ്‌നത്തേക്കുറിച്ച് ചോദിച്ചപ്പോള്‍ ആദ്യം ആണവകേന്ദ്രങ്ങള്‍ തകര്‍ക്കുകയാണ് വേണ്ടതെന്നും തുടര്‍ന്നുവരുന്ന പ്രശ്‌നങ്ങള്‍ പിന്നീട് നോക്കാം എന്നുമായിരുന്നു അദ്ദേഹം മറുപടി പറയേണ്ടിയിരുന്നത്. ഇസ്രയേല്‍ അങ്ങനെ ചെയ്യാന്‍ പോവുകയാണെങ്കില്‍ അതിന്റെ അര്‍ത്ഥം അതുതന്നെയാണ്. പക്ഷേ അവരുടെ പദ്ധതികളെന്താണെന്ന് അറിയേണ്ടിയിരിക്കുന്നു.' ട്രംപ് പറഞ്ഞു.

ഇസ്രയേലിന് പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്നും എന്നാല്‍ അത് ആനുപാതികമായിരിക്കണമെന്നുമാണ് ഇറാന്‍-ഇസ്രയേല്‍ പ്രശ്‌നത്തേക്കുറിച്ച് ബൈഡന്‍ പറഞ്ഞത്. ഇസ്രയേലിനെതിരെ ചൊവ്വാഴ്ചയുണ്ടായ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് ഇറാനെതിരെ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്തും. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി ഉടന്‍ സംസാരിക്കുമെന്നും ബൈഡന്‍ പറഞ്ഞിരുന്നു.

നേരത്തെ ഇറാന്റെ ആണവകേന്ദ്രങ്ങളില്‍ ആക്രമണം നടത്താന്‍ ഇസ്രയേല്‍ തുനിഞ്ഞാല്‍ പിന്തുണയ്ക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ വ്യക്തമാക്കിയത്. ഇസ്രയേലില്‍ 180 മിസൈലുകള്‍ ഇറാന്‍ വര്‍ഷിച്ചതിനു ശേഷം അത്തരം പ്രതികാര നടപടിയെ പിന്തുണയ്ക്കുമോ എന്ന ചോദ്യത്തിന്, ഇല്ല എന്നായിരുന്നു ബൈഡന്റെ മറുപടി. ഇറാനുമേല്‍ പുതിയ ഉപരോധം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് കാനഡ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ജപ്പാന്‍, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളുടെ നേതാക്കളുമായി ടെലിഫോണില്‍ സംസാരിച്ചതിനു ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.