- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഈജിപ്തിൽ രണ്ട് ഇസ്രയേലി വിനോദസഞ്ചാരികളെ പൊലീസുകാരൻ വെടിവെച്ച് കൊന്നു; യാതൊരു പ്രകോപനവും കൂടാതെ വെടിയുതിർത്തു; യുദ്ധ മേഖലയിൽ അകപ്പെട്ട 27 ഇന്ത്യക്കാർ അതിർത്തി കടന്നു, എയർ ഇന്ത്യ ജീവനക്കാരെയും ഒഴിപ്പിച്ചു
കൈറോ: ഈജിപ്തിൽ രണ്ട് ഇസ്രയേൽ പൗരന്മാരെ പൊലീസുദ്യോഗസ്ഥൻ വെടിവെച്ച് കൊന്നു. വെടിവെപ്പിൽ ഒരു ഈജിപ്ഷ്യൻ പൗരനും കൊല്ലപ്പെട്ടിട്ടുണ്ട്. ഇസ്രയേൽ - ഫലസ്തീൻ സംഘർഷം രക്തരൂക്ഷിതമായിരിക്കെയാണ് ഈ സംഭവം. വിനോദസഞ്ചാരികളായി ഈജിപ്തിലെ അലക്സാൻഡ്രിയയിലെത്തിയ ഇസ്രയേലി പൗരന്മാരാണ് കൊല്ലപ്പെട്ടത്. ഒരാൾക്ക് പരിക്കേറ്റിട്ടുമുണ്ട്. യാതൊരു പ്രകോപനവും കൂടാതെയാണ് പൊലീസുകാരൻ വെടിയുതിർത്തത്.
പൊലീസ് തോക്ക് ഉപയോഗിച്ചല്ല ഉദ്യോഗസ്ഥൻ വെടിവെപ്പ് നടത്തിയതെന്നാണ് റിപ്പോർട്ട്. പൊലീസുദ്യോഗസ്ഥൻ പിടിയിലായിട്ടുണ്ട്. കൊല്ലപ്പെട്ടവരെ തിരിച്ചറിഞ്ഞതായി ഇസ്രയേൽ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇസ്രയേലികളെ നാട്ടിലെത്തിക്കാൻ ഈജിപ്ഷ്യൻ സർക്കാറുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
അതേസമയം ഇസ്രയേലിലെ സ്ഥിതിഗതികൾ ഇന്ത്യയും നിരീക്ഷിക്കുകയാണ്. ഇസ്രയേൽ ഹമാസ് യുദ്ധം തുടരുന്നതിനിടെ ടെൽ അവീവിലുണ്ടായിരുന്ന 10 എയർ ഇന്ത്യ ജീവനക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചു. പൈലറ്റുമാർ, കാബിന് ക്രൂ, എയർപോർട്ട് മാനേജർമാർ എന്നവരുൾപ്പെടുന്ന സംഘത്തെയാണ് ഒഴിപ്പിച്ചത്. ഇസ്രയേലിലേക്കുള്ള വിമാന സർവീസും എയർ ഇന്ത്യ റദ്ദാക്കിയിട്ടുണ്ട്. ഈ മാസം 14 വരെ ടെൽ അവീവിലേക്കുള്ള എയർ ഇന്ത്യ സർവീസാണ് റദ്ദാക്കിയത്.
യുദ്ധ മേഖലയിൽ കുടുങ്ങിയ മേഘാലയ സ്വദേശികളും അതിർത്തി കടന്നു. 27 മേഘാലയ സ്വദേശികൾ ഈജിപ്ത് അതിർത്തി കടന്നതായി മുഖ്യമന്ത്രി കോൺറാഡ് സാങ്മ സ്ഥിരീകരിച്ചു. ജെറുസലേമിലേക്ക് പോയവർ ബത്ലഹേമിലായിരുന്നു കുടുങ്ങിയത്. വിദേശകാര്യ ന്ത്രാലയത്തിന്റെ സഹായത്തോടെയാണ് അതിർത്തി കടന്നത്.
ഇസ്രയേലിനുള്ളിൽ ഹമാസുമായി സൈന്യത്തിന്റെ ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്. സൈനികർ അടക്കം നൂറിലേറെ പേർ ഇപ്പോഴും ഹമാസിന്റെ ബന്ദികളാണ്. കനത്ത സുരക്ഷാ വലയം ഭേദിച്ച് ഇസ്രയേലിനുള്ളിൽ കടന്നതിന്റെ ദൃശ്യങ്ങൾ ഹമാസ് പുറത്തുവിട്ടു. 300 ഇസ്രയേൽ പൗരന്മാർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. 1600 പേർ പരിക്കുകളോടെ ആശുപത്രിയിലാണ്.
അതിനിടെ ഫലസ്തീൻ സായുധ സംഘമായ ഹമാസുമായുള്ള യുദ്ധത്തിൽ ഇടപെടരുതെന്ന് ലെബനോൻ സായുധ സംഘമായ ഹിസ്ബുല്ലയ്ക്ക് ഇസ്രയേലിന്റെ മുന്നറിയിപ്പ്. ഹമാസിനെപ്പോലെ ഇസ്രയേലുമായി നിരന്തരം ഏറ്റുമുട്ടുന്ന സംഘമാണ് ഹിസ്ബുല്ല. ഇസ്രയേൽ ലെബനോൻ അതിർത്തിയിൽ ഇന്ന് ഹിസ്ബുല്ല ഇസ്രയേൽ സൈനികർക്കു നേരെ വെടിയുതിർത്തു.
മറുപടിയായി ലെബനോന്റെ ഉള്ളിൽ ഇസ്രയേൽ സൈന്യം ആക്രമണം നടത്തി. ഹിസ്ബുല്ല പ്രകോപനം തുടർന്നാൽ കനത്ത തിരിച്ചടിയുണ്ടാകുമെന്നാണ് ഇസ്രയേൽ മുന്നറിയിപ്പ്. ഇസ്രയേലിൽ കടന്നുള്ള ആക്രമണത്തിന് ഇറാന്റെ സഹായം ലഭിച്ചതായി ഹമാസ് വക്താവ് ബിബിസിയോട് പറഞ്ഞു. ഹമാസിന്റെ ആക്രമണം അഭിമാനകരമാണെന്ന് ഇറാൻ ഇന്നലെ പ്രതികരിച്ചിരുന്നു.
മറുനാടന് ഡെസ്ക്