- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സമയമാകുമ്പോൾ ഇറാന് കനത്ത മറുപടി നൽകുമെന്ന് ഇസ്രയേൽ
ടെഹ്റാൻ: ഇസ്രയേലിനെതിരെ ആദ്യമായി നേരിട്ട് നടത്തിയ സൈനിക ആക്രമണത്തിന് പിന്നാലെ ഇറാൻ പ്രതികരിച്ചത് ഇനി യുദ്ധത്തിന് താൽപ്പര്യമില്ലെന്ന് സൂചിപ്പിച്ചു കൊണ്ടാണ്. സംഭവത്തിൽ സൈനികമായി തിരിച്ചടിക്കരുതെന്ന് ഇസ്രയേലിനും സഖ്യകക്ഷികൾക്കും ഇറാൻ നൽകുന്ന സൂചന. അതേസമയം ഇസ്രയേൽ തിരിച്ചടി എങ്ങനെയാകുമെന്ന കാര്യം ഇനിയും വ്യക്തമായിട്ടില്ല. നിലവിൽ ഗൾഫ് രാജ്യങ്ങൽ മേഖലയിൽ സംഘർഷം ആഗ്രഹിക്കുന്നില്ല. ഇക്കാര്യ ഇസ്രയേലിനെയും അമേരിക്കയെയും അറിയിച്ചു കഴിഞ്ഞു. ഇതോടെ ഉരുണ്ടുകൂടിയ യുദ്ധഭീതി തല്ക്കാലത്തേക്കെങ്കിലും അവസാനിക്കുമെന്നാണ് വിലയിരുത്തലുകൾ.
ഇസ്രയേൽ പ്രത്യാക്രമണം നടത്തിയാൽ യുദ്ധം കനത്തതാകുമെന്ന് ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി അറിയിച്ചത്. "സയണിസ്റ്റ് ഭരണകൂടമോ (ഇസ്രയേൽ) അല്ലെങ്കിൽ അവരെ പിന്തുണക്കുന്നവരോ അശ്രദ്ധമായി എന്തെങ്കിലും ചെയ്യുകയാണെങ്കിൽ, അവർക്ക് നിർണായകവും വളരെ ശക്തമായതുമായ മറുപടി ലഭിക്കും," -റെയ്സി പ്രസ്താവനയിൽ പറഞ്ഞു. ആക്രമണം നടത്തിയ സൈന്യത്തെ പ്രശംസിച്ച അദ്ദേഹം ഇസ്രയേലിനെതിരായ ആക്രമണം അവസാനിപ്പിച്ചെന്നും പ്രഖ്യാപിച്ചു. ശത്രുവിനെ പാഠം പഠിപ്പിച്ചെന്നും ആക്രമണത്തിൽ ലക്ഷ്യമിട്ടത് ഇസ്രയേലിന്റെ സൈനിക താവളങ്ങളെയായിന്നുവെന്നും ഇബ്രാഹിം റെയ്സി വെളിപ്പെടുത്തി.
ആക്രമണം അതിന്റെ എല്ലാ ലക്ഷ്യങ്ങളും നേടിയെന്നും ഈ ഓപ്പറേഷൻ തുടരാൻ ഉദ്ദേശിക്കുന്നില്ലെന്നും ഇറാന്റെ സൈനിക മേധാവി മുഹമ്മദ് ബാഖരി അറിയിച്ചു. ഇസ്രയേൽ ആക്രമണത്തിന് മുതിർന്നാൽ ഇറാനിൽനിന്ന് വലിയ പ്രതികരണമുണ്ടാകുമെന്നും ബാഖരി മുന്നറിയിപ്പ് നൽകി. ഏപ്രിൽ 1 ന് ഡമാസ്‌കസ് കോൺസുലേറ്റ് ലക്ഷ്യമാക്കിയ ഇസ്രയേൽ എഫ്-35 വിമാനങ്ങൾ പറന്നുയർന്ന എയർ ബേസും ഒരു 'ഇന്റലിജൻസ് സെന്ററും', ലക്ഷ്യമിട്ടായിരുന്നു ഇറാന്റെ തിരിച്ചടിയെന്ന് ബാഖരി വെളിപ്പെടുത്തി.
ആ രണ്ട് കേന്ദ്രങ്ങളും തകർത്ത് തരിപ്പണമാക്കിയതായി അദ്ദേഹം അവകാശപ്പെട്ടു. എന്നാൽ, ആക്രമണത്തിൽ ചെറിയ നാശനഷ്ടങ്ങൾ മാത്രമേ ഉണ്ടായിട്ടുള്ളൂവെന്ന് ഇസ്രയേൽ വാദിച്ചു. ഈ വാദമാണ് അമേരിക്കയും മുന്നോട്ടു വെക്കുന്നത്. അതേസമയം, നിരവധി രാജ്യങ്ങൾ ഇറാന്റെ ആക്രമണത്തെ അപലപിച്ചിരുന്നു. പിന്നാലെ ടെഹ്റാൻ വിദേശകാര്യ മന്ത്രാലയം ഫ്രഞ്ച്, ബ്രിട്ടീഷ്, ജർമൻ അംബാസഡർമാരെ വിളിച്ചുവരുത്തി.
അതേസമയം ഇസ്രയേൽ ആക്രമണത്തിൽ ഇറാന് തക്കസമയത്ത് മറുപടി നൽകുമെന്ന് മന്ത്രി ബെന്നി ഗാന്റ്‌സ്. പ്രാദേശികമായി സഖ്യം രൂപീകരിച്ചതിന് ശേഷം തക്ക സമയത്ത് ഇറാനെ തിരിച്ചടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ഇറാനെതിരായ ആക്രമണത്തിൽ പങ്കാളിയാകില്ലെന്ന് അമേരിക്ക ഇസ്രയേലിനെ അറിയിച്ചതായാണ് റിപ്പോർട്ടുകൾ. ലോകം ഇപ്പോൾ തന്നെ പല യുദ്ധമുഖത്താണ്. ഈ സാഹചര്യത്തിൽ വീണ്ടുമൊരു യുദ്ദത്തിന് തുടക്കമിടാൻ അമേരിക്കയ്ക്ക് താൽപ്പര്യമില്ല. ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണത്തിനു പിന്നാലെ നെതന്യാഹു ബൈഡനെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. ഫോൺ സംഭാഷണത്തിലാണ് ഇറാനുമായി ഏറ്റുമുട്ടാനില്ലെന്ന് ബൈഡൻ നിലപാട് വ്യക്തമാക്കിയത്.
അതേസമയം ഇറാനെതിരെ ഇസ്രയേൽ വ്യോമാക്രമണത്തിന് മുതിരുമോ എന്നാണ് ഇനി അറിയേണ്ടത്. യുദ്ധത്തിലേക്ക് നീങ്ങരുതെന്ന അമേരിക്കൻ താത്പര്യങ്ങൾക്കപ്പുറം നെതന്യാഹു പോയാൽ ലോകരാഷ്ട്രീയം തന്നെ കലങ്ങിമറിയും. യുഎൻ ചാർട്ടറിലെ ആർട്ടിക്കിൾ 51 അനുസരിച്ച് നയതന്ത്ര സ്ഥാപനങ്ങൾ ആക്രമിച്ചാൽ, പ്രത്യാക്രണമത്തിന് ഏതൊരുരാജ്യത്തിനും അവകാശമുണ്ട്.
ഇസ്രയേൽ ഇനി തിരിച്ചടിക്കാതെ നിൽക്കുകയാണെങ്കിൽ തത്കാലം ഇറാൻ ഈ ആക്രമണത്തോടെ അടങ്ങിയിരിക്കാനാണ് സാധ്യത. ഇസ്രയേലിനെ ഇനിയും ആക്രമണത്തിൽ പിന്തുണച്ചാൽ അമേരിക്കയുടെ പശ്ചിമേഷ്യയിലെ സൈനിക താവളങ്ങൾ ലക്ഷ്യമിടുമെന്നും ഇറാൻ ഭീഷണി മുഴക്കിയിട്ടുണട്. ഇറാനെതിരെ കൂടുതൽ സൈനിക നടപടികൾ വേണ്ടെന്ന നിലപാടാണ് ബൈഡൻ ഭരണകൂടത്തിനുള്ളത്.
ഇക്കാര്യം ബൈഡൻ നെതന്യാഹുവിനെ അറിയിച്ചതായി അമേരിക്കൻ മാധ്യമങ്ങൾ റിപോർട്ട് ചെയ്യുന്നു. ഇതു കേട്ട് നെതന്യാഹു അടങ്ങിയിരിക്കുകയാണെങ്കിൽ യുദ്ധഭീതി ഇല്ലാതാകും. സ്വന്തം രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി നെതന്യാഹു ഇറാനെതിരായ ആക്രമണം തുടർന്നാൽ പശ്ചിമേഷ്യയെ മാത്രമല്ല ലോകത്തെയാകെ ബാധിക്കുന്ന യുദ്ധമായി അത് മാറും. ഇറാനെ പിന്തുണക്കാൻ റഷ്യയോ ചൈനയോ വടക്കൻ കൊറിയയോ നേരിട്ടെത്തിയാൽ രംഗം മാറും.
ഇത് ലോക സാമ്പത്തിക രംഗത്തെ അവതാളത്തിലാക്കും. ഗൾഫ് രാജ്യങ്ങൾ ഇത്തരമൊരു സാഹചര്യം ഭയപ്പെടുന്നുണ്ട്. അതുകൊണ്ടു തന്നെ അമേരിക്കയ്ക്കും ഇസ്രയേലിനും മേൽ ജിസിസി രാഷ്ട്രങ്ങളുടെ സമ്മർദം ശക്തമാണ്. കഴിഞ്ഞദിവസം രാത്രിയിലാണ് ഇസ്രയേലിലേക്ക് ഇറാൻ മിസൈൽ ആക്രമണം നടത്തിയത്. തെൽ അവീവ്, ജറൂസലം ഉൾപ്പെടെ ഇസ്രയേൽ നഗരങ്ങളിൽ വ്യോമാക്രമണ സൈറണുകളും സ്‌ഫോടന ശബ്ദങ്ങളും ഉണ്ടായതായാണ് റിപ്പോർട്ട്. എന്നാൽ ഇറാൻ തൊടുത്ത ഡസൻ കണക്കിന് ബാലിസ്റ്റിക് മിസൈലുകളിൽ ഭൂരിഭാഗവും തടയാൻ സാധിച്ചെന്നാണ് ഇസ്രയേൽ സൈന്യം അവകാശപ്പെട്ടത്.
ഇറാനിൽ നിന്നാണ് ഭൂരിഭാഗം മിസൈലുകളും വിക്ഷേപിച്ചത്. കൂടാതെ ഇറാഖിൽനിന്നും യെമനിൽനിന്നും മിസൈൽ ആക്രമണം നടന്നതായും റിപ്പോർട്ടുകളുണ്ട്. ഇറാൻ ആക്രമണത്തിൽ തെക്കൻ ഇസ്രയേലിലെ ഒരു സൈനിക കേന്ദ്രത്തിന് ചെറിയതോതിൽ നാശനഷ്ടമുണ്ടായതായി ഐ.ഡി.എഫ് വക്താവ് റിയർ അഡ്. ഡാനിയേൽ ഹഗാരി അറിയിച്ചു. ഒരു പെൺകുട്ടിക്കും പരിക്കേറ്റിട്ടുണ്ട്.
ഇസ്രയേലിന് നേരെയുള്ള തിരിച്ചടിയിൽ ആഹ്ലാദം പ്രകടിപ്പിച്ച് നൂറുകണക്കിന് പേർ ഇറാൻ തലസ്ഥാനമായ തെഹ്‌റാനിൽ പ്രകടനം നടത്തി. ദേശീയ പതാകയുമേന്തിയാണ് ജനം തെരുവിലിറങ്ങിയത്. ആക്രമണങ്ങളുടെ പശ്ചാത്താലത്തിൽ ജോർദാൻ, ഇറാഖ്, ലെബനാൻ, ഇസ്രയേൽ എന്നീ രാജ്യങ്ങൾ തങ്ങളുടെ വ്യോമപാത അടച്ചു. ഗോലൻ കുന്നുകളിലെ ഇസ്രയേൽ സൈനിക കേന്ദ്രങ്ങൾക്കുനേരെ റോക്കറ്റ് ആക്രമണം നടത്തിയതായി ലബനാനിലെ ഹിസ്ബുല്ല അറിയിച്ചു. ഗസ്സയിലെ ഫലസ്തീനികളെ പന്തുണച്ചും ലെബനാൻ ഗ്രാമങ്ങളിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിനുള്ള തിരിച്ചടിയുമാണ് റോക്കറ്റ് ആക്രമണമെന്ന് ഹിസ്ബുല്ല വ്യക്തമാക്കി.