ടെൽഅവീവ്: ഫലസ്തീൻ സായുധ സംഘമായ ഹമാസുമായുള്ള യുദ്ധത്തിൽ ഇടപെടരുതെന്ന് ലെബനോൻ സായുധ സംഘമായ ഹിസ്ബുല്ലയ്ക്ക് ഇസ്രയേലിന്റെ മുന്നറിയിപ്പ്. ഹമാസിനെപ്പോലെ ഇസ്രയേലുമായി നിരന്തരം ഏറ്റുമുട്ടുന്ന സംഘമാണ് ഹിസ്ബുല്ല. ഇസ്രയേൽ ലെബനോൻ അതിർത്തിയിൽ ഇന്ന് ഹിസ്ബുല്ല ഇസ്രയേൽ സൈനികർക്കു നേരെ വെടിയുതിർത്തിരുന്നു. മറുപടിയായി ലെബനോന്റെ ഉള്ളിൽ ഇസ്രയേൽ സൈന്യം ആക്രമണം നടത്തി. ഹിസ്ബുല്ല പ്രകോപനം തുടർന്നാൽ കനത്ത തിരിച്ചടിയുണ്ടാകുമെന്നാണ് ഇസ്രയേൽ നൽകിയ മുന്നറിയിപ്പ്.

അതേസമയം ഇസ്രയേലിൽ ഹമാസ് നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 600 കടന്നു. 2048 പേർക്ക് പരിക്കേറ്റതായി ഇസ്രയേൽ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇസ്രയേലിന്റെ തെക്കൻ മേഖലകളിൽ ഇപ്പോഴും ഹമാസുമായുള്ള ഏറ്റുമുട്ടൽ തുടരുകയാണ്. നിരവധി ഗ്രാമങ്ങൾ ഹമാസ് നിയന്ത്രണത്തിലാക്കിയെന്നും ഇവിടെയുള്ള കമാൻഡർമാർക്ക് വീണ്ടും ആയുധം എത്തിച്ചുനൽകിയതായും അൽ ജസീറ റിപ്പോർട്ട് ചെയ്തു.

എന്നാൽ, ഹമാസ് പിടിച്ചെടുത്ത പ്രദേശങ്ങളിൽ നിന്ന് ഇവരെ തുരത്തിയെന്നാണ് ഇസ്രയേൽ അവകാശപ്പെടുന്നത്. ഗസ്സ മുനമ്പിനോട് ചേർന്ന് താമസിക്കുന്ന ഇസ്രയേലുകാരെ ഒഴിപ്പിച്ചു തുടങ്ങിയതായി ഇസ്രയേൽ അറിയിച്ചു. ഗസ്സയിൽ ആക്രമണം ശക്തമാക്കാനാണ് ഇസ്രയേൽ നീക്കം. ഇവരെ 24 മണിക്കൂറിനകം ഒഴിപ്പിക്കും. നൂറോളം ഇസ്രയേലി സൈനികർ ഹമാസിന്റെ പിടിലാണെന്നാണ് സൂചന. ആക്രമണം ശക്തമാക്കാനാണ് ഇസ്രയേൽ നീക്കം.

രാജ്യത്തിനുള്ളിൽ കടന്ന് ഹമാസ് നടത്തിയ ആക്രമണത്തിന് കനത്ത തിരിച്ചടി നൽകുകയാണ് ഇസ്രയേൽ. ഗസ്സയിലെ 429 കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തിയതായി ഇസ്രയേൽ സൈന്യം അറിയിച്ചു. ലെബനിലും ഇസ്രയേൽ പ്രത്യാക്രമണം നടത്തി. ബഹുനില കെട്ടിടങ്ങൾ അടക്കം ഇസ്രയേലിന്റെ വ്യോമാക്രമണത്തിൽ നിലംപൊത്തി. 429 കേന്ദ്രങ്ങൾ ബോംബിട്ട് തകർത്തുവെന്നും ഇക്കൂട്ടത്തിൽ ഹമാസിന്റെ ആയുധ കേന്ദ്രങ്ങൾ അടക്കം ഉണ്ടെന്നുമാണ് ഇസ്രയേൽ വ്യക്തമാക്കുന്നത്.

ഗസ്സയിലെ ഏഴ് മേഖലകളിൽ നിന്ന് ഒഴിഞ്ഞു പോകണമെന്ന് ഇസ്രയേൽ ജനങ്ങളോട് അഭ്യർത്ഥിച്ചു. അതിനുശേഷം രണ്ടാം ഘട്ട ആക്രമണത്തിലൂടെ ഹമാസ് കേന്ദ്രങ്ങൾ തരിപ്പണം ആക്കുകയാണ് ലക്ഷ്യം. മുൻപ് പല ഉന്നത ഹമാസ് നേതാക്കളെയും വധിച്ച ചരിത്രമുള്ള ഇസ്രയേൽ ഇത്തവണയും അത്തരം നീക്കം നടത്തിയേക്കും. കര മാർഗം സൈനിക നീക്കം നടത്തി ഗസ്സയിൽ സ്ഥിരം ഇസ്രയേലി സൈനിക സാന്നിധ്യം ഉറപ്പിക്കാനും തീരുമാനം ഉണ്ടായേക്കാം. നീണ്ട് നിൽക്കുന്നതും ബുദ്ധിമുട്ടേറിയതുമായ യുദ്ധത്തിനാണ് രാജ്യം തുടക്കം കുറിച്ചിരിക്കുന്നത് എന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചിരിക്കുന്നത്.

ഹമാസ് ഇന്റലിജൻസ് മേധാവിയുടെ വീടിന് നേർക്ക് ഇസ്രയേൽ ബോംബാക്രമണം നടത്തിയിട്ടുണ്ട്. യുദ്ധം അവസാനിപ്പിക്കാൻ ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പ രംഗത്തെത്തി. യുദ്ധം ഒരു തോൽവിയാണ്, ഇസ്രയേലിലും ഫലസ്തീനിലും സമാധാനത്തിനായി നമുക്ക് പ്രാർത്ഥിക്കാമെന്നും സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലെ വിശ്വാസികളെ അഭിസംബോധന ചെയ്തുകൊണ്ട് മാർപാപ്പ പറഞ്ഞു. ഭീകരതയും യുദ്ധവും ഒരു പ്രശ്‌നവും പരിഹരിക്കില്ല. മറിച്ച് നിരപരാധികളായ ജനങ്ങൾക്ക് കൂടുതൽ ദുരിതവും മരണവും മാത്രമേ നൽകൂവെന്ന് മാർപാപ്പ കൂട്ടിച്ചേർത്തു. യുദ്ധം അവസാനിപ്പിക്കണമെന്ന് വിശ്വാസികളോടും ഇരുരാജ്യങ്ങളോടും മാർപാപ്പ ആഹ്വാനം ചെയ്തു.

അതിനിടെ ഇസ്രയേലിനെതിരെ നടത്തിയ അപ്രതീക്ഷിത ആക്രണത്തിന് ഇറാന്റെ സഹായം ലഭിച്ചെന്ന വെളിപ്പെടുത്തലുമായി ഫലസ്തീനിലെ സായുധ പ്രസ്ഥാനമായ ഹമാസ് രംഗത്തും വന്നിരുന്നു. ഇറാൻ നൽകിയ സഹായത്തെക്കുറിച്ച് ഹമാസ് വക്താവ് ഗസ്സി ഹമദ് ആണ് ബിബിസിയോടു വെളിപ്പെടുത്തിയത്. ടെഹ്റാനിൽനിന്ന് സഹായം ലഭിച്ചെന്നാണ് ഹമാസ് വ്യക്തമാക്കിയത്. ഇസ്രയേലിനെതിരെ ഹമാസ് നടത്തിയ ആക്രമണത്തെ പിന്തുണച്ച് രംഗത്തെത്തിയ ചുരുക്കം ചില രാജ്യങ്ങളിലൊന്നാണ് ഇറാൻ. ഇസ്രയേലിനെതിരെ നടത്തുന്ന പോരാട്ടത്തിന് ഇറാൻ പ്രതിനിധി ഹമാസിനെ അഭിനന്ദിക്കുകയും ചെയ്തിരുന്നു.

ശനിയാഴ്ച രാവിലെ ഇസ്രയേലിന്റെ അതിർത്തിക്കുള്ളിൽ കടന്നാണ് ഹമാസ് അപ്രതീക്ഷിത ആക്രമണം ആരംഭിച്ചത്. ആക്രമണത്തിനു പിന്നാലെ ഇസ്രയേലിനെതിരെയുള്ള സൈനിക നീക്കത്തിൽ ഹമാസിന് ഇറാൻ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇസ്രയേലിനെതിരെ സധൈര്യം ആക്രമണം നടത്തുന്ന ഫലസ്തീൻ പോരാളികളെ അഭിനന്ദിക്കുന്നതായാണ് ഇറാൻ പ്രഖ്യാപിച്ചത്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ ഉപദേശകനാണ് ഇറാന്റെ നിലപാട് വ്യക്തമാക്കിയത്. ഫലസ്തീന്റെയും ജറുസലമിന്റെയും സ്വാതന്ത്ര്യം യാഥാർഥ്യമാകുന്നതുവരെ ഫലസ്തീൻ പോരാളികൾക്കൊപ്പം ഉറച്ചുനിൽക്കുമെന്നാണ് ഇറാന്റെ നിലപാട്.

അതിനിടെ, ഹമാസിന്റേത് ഭീകരാക്രമാണമെന്നും ഇസ്രയേലിന് പ്രതിരോധിക്കാൻ അവകാശമുണ്ടെന്നും യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പ്രതികരിച്ചു. എല്ലാവിധ പിന്തുണയും ഇസ്രയേലിനു നൽകുമെന്നും ബൈഡൻ വ്യക്തമാക്കി. സൈനിക സഹകരണവും ബൈഡൻ വാഗ്ദാനം ചെയ്തു.ജോ ബൈഡന്റെ പ്രഖ്യാപനത്തിനു പിന്നാലെ ഇസ്രയേലും യുഎസും സൈനിക സഹകരണത്തിനുള്ള ചർച്ചകളും ആരംഭിച്ചു. വിഷയം ചർച്ച ചെയ്യാൻ യുഎൻ രക്ഷാസമിതി ഇന്ന് ചേരും. ഗസ്സയെ ഉന്നമിട്ടുള്ള ആക്രമണം കടുപ്പിക്കുന്നതിനു മുന്നോടിയായി, പ്രദേശത്തുനിന്ന് ഒഴിഞ്ഞുപോകാൻ ഇസ്രയേൽ സൈന്യം ജനങ്ങൾക്കു മുന്നറിയിപ്പു നൽകി.