ജെറുസലേം: ലെബനനില്‍ 500 ഓളം പേരുടെ മരണത്തിന് ഇടയാക്കിയ ഇസ്രയേലി വ്യോമാക്രമണങ്ങള്‍ക്ക് മറുപടി നല്‍കി ഹിസ്ബുല്ല. ഇസ്രയേലി പ്രതിരോധ സേന( ഐഡിഎഫ്) തങ്ങളെ തുരത്താന്‍ ലക്ഷ്യമാക്കി ബോംബുകള്‍ വര്‍ഷിച്ചപ്പോള്‍, തിരിച്ചടിയായി ഹിസ്ബുല്ലയും മിസൈലുകള്‍ തൊടുത്തുവിട്ടു. വടക്കന്‍ ഇസ്രയേലിന്റെ സമീപ പ്രദേശങ്ങളിലും ഹൈഫയിലും അപായ സൈറനുകള്‍ മുഴങ്ങി.


ഇസ്രയേലികളെ ഒന്നുതൊടാന്‍ പോലും ഹിസ്ബുല്ലയുടെ മിസൈലുകള്‍ക്ക് ആയില്ല. ഭീകര ഗ്രൂപ്പ് തൊടുത്തുവിട്ട ഭൂരിഭാഗം മിസൈലുകളും ഇസ്രയേലിന്റെ അയണ്‍ ഡോം നിഷ്പ്രഭമാക്കി. ഏകദേശം 180 ഓളം മിസൈലുകളും ആളില്ലാത്ത വ്യോമവാഹനവും വടക്കന്‍ ഇസ്രയേലിലെ വ്യോമ മേഖല ലാക്കാക്കി എത്തിയതായി ഇസ്രയേല്‍സേന അറിയിച്ചു. ഹിസ്ബുല്ല തൊടുത്തുവിടുന്ന മിസൈലുകളും ഡ്രോണുകളും കരുതിയിരിക്കണമെന്ന് സൈന്യം മുന്നറിയിപ്പ് നല്‍കിയിരുന്നു.

അയണ്‍ ഡോം എന്നാല്‍..




ഹ്രസ്വപരിധിയുള്ള റോക്കറ്റുകളെ തകര്‍ക്കുന്നതിന് വേണ്ടി റാഫേല്‍ അഡ്വാന്‍സ്ഡ് ഡിഫന്‍സ് സിസ്റ്റം ലിമിറ്റഡ് രൂപകല്പന നല്‍കിയ സംവിധാനമാണ് അയേണ്‍ ഡോം. റഡാറുകള്‍, നിയന്ത്രണ കേന്ദ്രം, മിസൈലുകള്‍ എന്നിവ ഉള്‍പ്പെട്ടതാണ് അയേണ്‍ ഡോം. റഡാറുകള്‍ റോക്കറ്റുകളുടെ സഞ്ചാരപഥം കണ്ടെത്തി നിയന്ത്രണ കേന്ദ്രത്തിന് കൈമാറുന്നു. സംരക്ഷിത സ്ഥലങ്ങളിലേക്ക് വരുന്ന റോക്കറ്റുകളെ നിയന്ത്രണ കേന്ദ്രത്തില്‍ നിന്ന് മിസൈല്‍ വിക്ഷേപിച്ച് തകര്‍ക്കുന്നു.

എഴുപത് കിലോമീറ്റര്‍ വരെ പരിധിയുള്ള റോക്കറ്റുകളെ ഇതിന് തകര്‍ക്കാനാകും. ധാരാളം ഭീഷണികളെ ഒരുമിച്ച് നേരിടാന്‍ കഴിയുന്ന ഈ സംവിധാനം പ്രതികൂല കാലാവസ്ഥയിലും പ്രവര്‍ത്തിക്കും. ഗാസയില്‍ നിന്നുള്ള ഖ്വാസം റോക്കറ്റുകളും തെക്കന്‍ ലബനനില്‍ നിന്നുള്ള കറ്റിയൂഷാ റോക്കറ്റുകളും ഇതിന് പ്രധിരോധിക്കാന്‍ കഴിയും. 2010 മുതലാണ് ഈ സാങ്കേതിക വിദ്യയുടെ നിര്‍മ്മാണത്തിനായി ആലോചന നടന്നത്. പിന്നീട് 2011 ജൂണ്‍ മുതല്‍ അയണ്‍ ഡോം പ്രവര്‍ത്തന ക്ഷമമായി.




അതേസമയം, വ്യോമാക്രമണത്തിന് പിന്നാലെ ലെബനീസ് ജനതയ്ക്ക് മുന്നറിയിപ്പുമായി ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്‍യ്യാഹു രംഗത്തെത്തി. 'ഇസ്രയേലിന്റെ യുദ്ധം ലെബനനിലെ ജനങ്ങളോടല്ല, ഹിസ്ബുല്ലയുമായാണ്. അവര്‍ വീടുകളില്‍ മിസൈലുകള്‍ സ്ഥാപിച്ചിരിക്കുകയാണ്. ഈ മിസൈലുകള്‍ നിര്‍വീര്യമാക്കി ഇസ്രയേലികളുടെ സുരക്ഷ ഉറപ്പാക്കും', നെതന്‍യ്യാഹു വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.

' ദീര്‍ഘനാളായി ഹിസ്ബുല്ല നിങ്ങളെ മനുഷ്യ കവചങ്ങളായി ഉപയോഗിക്കുകയാണ്. അവര്‍ നിങ്ങളുടെ സ്വീകരണമുറികളില്‍ റോക്കറ്റുകള്‍ സ്ഥാപിച്ചു. നിങ്ങളുടെ ഗരാജില്‍ മിസൈലുകളും. ഈ റോക്കറ്റുകളും മിസൈലുകളും ഞങ്ങളുടെ നഗരങ്ങളെ, നേരിട്ട് ഞങ്ങളുടെ പൗരന്മാരെ ലക്ഷ്യം വച്ചിരിക്കുകയാണ്. ഹിസ്ബുല്ല ആക്രമണങ്ങളെ ചെറുക്കാന്‍, ആ ആയുധങ്ങള്‍ നിര്‍വീര്യമാക്കേണ്ടതുണ്ട്', നെതന്‍യ്യാഹു പറഞ്ഞു.

ഇസ്രയേലി പ്രതിരോധ സേന ലബനിലെ ജനങ്ങളോട് വീടുകളില്‍ നിന്ന് മാറി നില്‍ക്കാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതുവളരെ ഗൗരവത്തോടെ എടുക്കണം. ഹിസ്ബുല്ലയ്ക്ക് വേണ്ടി സ്വന്തം ജീവന്‍ അപകടപ്പെടുത്തരുത്, ഇസ്രയേല്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.




ലെബനനെ അപകടത്തിലാക്കാന്‍ ഹിസ്ബുല്ലയെ അനുവദിക്കരുത്. ഞങ്ങളുടെ ഓപ്പറേഷന്‍ പൂര്‍ത്തിയായ ശേഷം നിങ്ങള്‍ക്ക് നിങ്ങളുടെ വീടുകളിലേക്ക് സുരക്ഷിതമായി മടങ്ങിയെത്താം, അദ്ദേഹം വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.

ഗസ്സയുമായുള്ള ഇസ്രയേലിന്റെ തെക്കന്‍ അതിര്‍ത്തിയില്‍ നിന്ന് സംഘര്‍ഷം ലെബനനുമായുള്ള വടക്കന്‍ അതിര്‍ത്തിയിലേക്ക് മാറിയിരിക്കുകയാണ്. ഹമാസിനെ പിന്തുണയ്ക്കുന്ന ഹിസ്ബുല്ല ഇസ്രയേലിനെ ലക്ഷ്യമാക്കി മിസൈലുകള്‍ തൊടുത്തുവിടുന്നുണ്ടായിരുന്നു. ഐഡിഎഫിന്റെ ഓപ്പറേഷന്‍ നോര്‍ത്തേണ്‍ ആരോസിന്റെ ഭാഗമായാണ് ഇസ്രയേല്‍ ലെബനന്റെ തെക്കന്‍, കിഴക്കന്‍ അതിര്‍ത്തികള്‍ ആക്രമിച്ചത്. ബെയ്‌റൂട്ടിലും പരിമിതമായ രീതിയില്‍ ആക്രമണം ഉണ്ടായി.