- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇസ്രയേൽ സൈനിക ഇന്റലിജൻസ് മേധാവി രാജി വെച്ചു
ജറുസലം: ഒക്ടോബർ 7ന് ഹമാസ് നടത്തിയ മിന്നലാക്രമണവുമായി ബന്ധപ്പെട്ട ഇന്റലിജൻസ് വീഴ്ചയുടെ ഉത്തരവാദിത്തമേറ്റ് ഇസ്രയേൽ മിലിറ്ററി ഇന്റലിജൻസ് മേധാവി മേജർ ജനറൽ ആഹറോൺ ഹലീവ രാജിവച്ചു. ഇപ്പോഴത്തെ നിലയിലേക്ക് ലോകത്തെ എത്തിച്ചത് ഈ മിന്നലാക്രമം തടയുന്നതിൽ സംഭവിച്ച വീഴ്‌ച്ചയായിരുന്നു.
ആക്രമണം മുൻകൂട്ടി അറിയാനും തടയാനും കഴിഞ്ഞില്ലെന്ന് ഹലീവ രാജിക്കത്തിൽ വ്യക്തമാക്കി. പിൻഗാമിയെ നിയോഗിക്കും വരെ അദ്ദേഹം പദവിയിൽ തുടരും. ഉന്നത സൈനികപദവികളിൽനിന്നും വരും ദിവസങ്ങളിൽ കൂടുതൽ രാജിയുണ്ടാകുമെന്ന് ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഒക്ടോബർ 7നു പുലർച്ചെ തെക്കൻ ഇസ്രയേലിൽ ഹമാസ് നടത്തിയ ആക്രമണത്തിൽ 1200 പേരാണു കൊല്ലപ്പെട്ടത്. 250 പേരെ ബന്ദികളാക്കുകയും ചെയ്തു.
സംഭവത്തിന്റെ ഉത്തരവാദിത്തമേറ്റ് പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു രാജിവയ്ക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണു സൈനിക മേധാവിയുടെ രാജി. ഇത് രാഷ്ട്രീയമായി നെതന്യാഹുവിനെയും വെട്ടിലാക്കുന്നതാണ്. അതിനിടെ ഇറാൻ നടത്തിയ ഡ്രോൺ, മിസൈൽ ആക്രമണത്തിന് മറുപടിയായി ഇസ്രയേൽ ഇറാനിൽ ആക്രമണം നടത്തിയിരുന്നു.മധ്യ ഇസ്ഫഹാൻ പ്രവിശ്യയിലാണ് ഇസ്രയേൽ ആക്രമണം നടത്തിയത്.
അതേസമയം, ഗസ്സയിൽ കഴിഞ്ഞ 24 മണിക്കൂറിൽ ഇസ്രയേൽ ആക്രമണത്തിൽ 54 പേർ കൊല്ലപ്പെട്ടു. 104 പേർക്കു പരുക്കേറ്റു. ഒക്ടോബർ 7നുശേഷം ഇതുവരെ കൊല്ലപ്പെട്ട ഫലസ്തീൻകാരുടെ എണ്ണം 34,151 ആയി ഉയർന്നു. 77,084 പേർക്കു പരുക്കേറ്റു.
കഴിഞ്ഞ ദിവസം ഖാൻ യൂനിസിലെ നാസർ ഹോസ്പിറ്റലിലെ കൂട്ടക്കുഴിമാടത്തിൽനിന്നു കണ്ടെടുത്ത മൃതദേഹങ്ങളുടെ എണ്ണം 283 ആയി. കഴിഞ്ഞ മാസം ഇസ്രയേൽ സൈന്യം ആശുപത്രിയിൽ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടവരാണിവർ. ജറുസലമിൽ ഇന്നലെ രാവിലെ നടപ്പാതയിലേക്ക് കാറോടിച്ചു കയറ്റി 3 ഇസ്രയേലുകാരെ പരുക്കേൽപിച്ച സംഭവത്തിൽ 2 ഫലസ്തീൻ യുവാക്കൾ അറസ്റ്റിലായി.
അതേസമയം, കൊളംബിയ സർവകലാശാലയുടെ ന്യൂയോർക്ക് സിറ്റി ക്യാംപസിൽ സർവകലാശാല പ്രസിഡന്റിനെതിരായ വിദ്യാർത്ഥികളുടെ പ്രതിഷേധം 4 ദിവസം പിന്നിട്ടതോടെ ക്ലാസുകൾ ഓൺലൈനാക്കി. വ്യാഴാഴ്ച ഫലസ്തീൻ അനുകൂല പ്രകടനം നടത്തിയ നൂറിലേറെ വിദ്യാർത്ഥികളെ ക്യാംപസിൽ കടന്ന് പൊലീസ് അറസ്റ്റ് ചെയ്തതിനെതിരെയാണു സമരം. പ്രസിഡന്റ് മിനോഷ് ഷഫീഖിന്റെ ഉത്തരവിനെത്തുടർന്നായിരുന്നു പൊലീസ് നടപടി.