ന്യൂഡൽഹി: കോവിഡ് കാലത്ത് തകർന്നടിഞ്ഞ സമ്പദ് വ്യവസ്ഥയെ കരകയറ്റാനുള്ള ചൈനയുടെ ശ്രമങ്ങൾക്ക് വീണ്ടും തിരിച്ചടി. ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് പദ്ധതിയിൽ നിന്ന് ഇറ്റലി പിന്മാറുന്നു. ജി-7 രാജ്യങ്ങളിൽ, ഈ പദ്ധതിയിൽ അംഗമായ ഏകരാജ്യമായ ഇറ്റലി മാറുന്നത് ചൈനയ്ക്കും പ്രസിഡന്റ് ഷി ജിൻ പിങ്ങിനും വലിയ ക്ഷീണമാണ്.

ഇറ്റലിയുടെ പ്രതീക്ഷയ്ക്ക് ഒത്തുയർന്നില്ല

ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവ് കരാർ തങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയർന്നില്ലെന്ന് ഇറ്റാലിയൻ വിദേശകാര്യമന്ത്രി അന്റോണിയോ തജാനി മൂന്നു ദിവസത്തെ തന്റെ ബീജിങ് സന്ദർശനത്തിന് മുന്നോടിയായി പറഞ്ഞു. നാല് വർഷം മുമ്പ് പദ്ധതിയിൽ ഇറ്റലി ചേർന്നെങ്കിലും, ഇറ്റലിയും ചൈനയും തമ്മിലുള്ള വ്യാപാരം പ്രതീക്ഷ പോലെയായില്ലെന്ന് അദ്ദേഹം തുറന്നടിച്ചു.

ഇറ്റലി ഈ വർഷാവസാനത്തോടെ സ്വമേധയാ പിന്മാറിയില്ലെങ്കിൽ, ബിആർആ കരാർ സ്വാഭാവികമായി 2024 മാർച്ചിൽ പുതുക്കപ്പെടും.' ഞങ്ങൾക്ക് ചൈനയുമായി തുടർന്നും അടുത്ത് സഹകരിച്ച് പ്രവർത്തിക്കണമെന്നുണ്ട്. എന്നാൽ, നമ്മൾ കയറ്റുമതിയും വിശകലനം ചെയ്യണം. ഞങ്ങൾ ഉദ്ദേശിച്ച രീതിയിൽ കയറ്റുമതി മെച്ചപ്പെട്ടിട്ടില്ല', തജാനി സാമ്പത്തിക ഫോറത്തിൽ വ്യക്തമാക്കി. ചൈനയിലേക്കുള്ള ഇറ്റാലിയൻ കയറ്റുമതി 2022 ൽ 16.5 ബില്യൻ യൂറോ ആയിരുന്നു. അതേസമയം, ഫ്രാൻസിലേക്കും, ജർമനിയിലേക്കും 23 ബില്യനും, 107 ബില്യനുമായിരുന്നു.

ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവിൽ ചേർന്നത് ഒരു മോശം തീരുമാനമായിരുന്നുവെന്ന് ഇറ്റാലിയൻ പ്രതിരോധ മന്ത്രി ഗീഡോ ക്രൊസെത്തോ അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു. കയറ്റുമതി കൂട്ടാൻ കാര്യമായൊന്നും ചെയ്തിട്ടില്ലെന്നും അതേസമയം ഇറ്റലിയിലേക്കുള്ള ചൈനീസ് കയറ്റുമതി കുതിച്ചുയരുകയാണെന്നുമാണ് ഗീഡോ ക്രൊസെത്തോ ഒരു അഭിമുഖത്തിൽ വിമർശിച്ചിരുന്നു. കരാർ വൻ അബദ്ധമായിരുന്നുവെന്നും, താൻ അത് തിരുത്താൻ പോവുകയാണെന്നുമാണ് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി പറഞ്ഞത്.

കരാറിന്റെ ഭാഗമാകുന്നത് നാലുവർഷം മുമ്പ്

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ റോം സന്ദർശനവേളയിൽ 2019-ലാണ് ഇറ്റലി ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവിന്റെ ഭാഗമാകുന്നത്. അമേരിക്കയ്ക്കും മറ്റു പാശ്ചാത്യരാജ്യങ്ങൾക്കും ഈ തീരുമാനമറിഞ്ഞ് മുഖം കറുപ്പിച്ചു. പദ്ധതിയിൽ ചേരുന്ന ആദ്യത്തെ ജി ഏഴ് രാജ്യമായിരുന്നു ഇറ്റലി. ചൈനയ്ക്ക് അത് നയതന്ത്ര നേട്ടമായെങ്കിലും, ഇറ്റലിക്കുള്ളിലും ജി ഏഴ് കൂട്ടായ്മയിലും തർക്കങ്ങളായി. അമേരിക്കയും യൂറോപ്യൻ യൂണിയനും ഇറ്റലിയെ എടുത്തിട്ട് കുടഞ്ഞു.

ബെൽറ്റ് ആൻഡ് റോഡ് പദ്ധതി

ലോകം മുഴുവൻ വ്യാപാരപാതകളുടെ ഭീമൻ ശൃംഖല തുറക്കുന്നതാണ് ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് പദ്ധതി. ഇതുവഴി ചൈനയുടെ മറ്റ് രാഷ്ട്രങ്ങളിലേക്കുള്ള ചരക്ക് കൈമാറ്റം സുഗമവും ചെലവ്കുറഞ്ഞതും ആക്കുകയാണ് ലക്ഷ്യം. അതോടെ ചൈന മറ്റൊരു രാജ്യത്തിനും തോൽപ്പിക്കാനാവാത്ത സൂപ്പർ പവർ ആയി മാറും.

ഷീയുടെ അഭിമാനപദ്ധതിയായ ബെൽറ്റ് ആൻഡ് റോഡ് പദ്ധതി സൂപ്പർ പവർ ആകാനുള്ള ചൈനയുടെ പദ്ധതിയായി പാശ്ചാത്യ രാഷ്ട്രങ്ങൾ കാണുന്നു.. ചൈന 2013ൽ ആവിഷ്‌കരിച്ച ബെൽറ്റ് ആൻഡ് റോഡ് പദ്ധതി 70 രാജ്യങ്ങളെയും അന്താരാഷ്ട്ര സംഘടനകളെയും സഹകരിപ്പിച്ചുള്ള ചൈനയുടെ നേതൃത്വത്തിലുള്ള ഒരു ആഗോള അടിസ്ഥാനസൗകര്യ വികസന പദ്ധതിയാണ്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും ചൈനയുടെയും ആഗോള ശക്തി വിളിച്ചറിയിക്കുന്ന പദ്ധതിയാണിത്. ഇതിൽ ബെൽറ്റ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് മധ്യേഷ്യയിലെ വിവിധ രാജ്യങ്ങളെ റോഡും റെയിൽവേ ലൈനും വഴി ബന്ധിപ്പിക്കുകയാണെങ്കിൽ റോഡ് എന്നതുകൊണ്ടുദ്ദേശിക്കുന്നത് തെക്ക്കിഴക്കൻ ഏഷ്യയെ തെക്കൻ ഏഷ്യ, മധ്യേഷ്യ, ആഫ്രിക്ക എന്നിവയെ തമ്മിൽ ബന്ധിപ്പിക്കുന്ന ഇന്തോ-പസഫിക് കടൽപാതയാണ്. ഈ പദ്ധതിയുടെ ഭാഗമായി തുറമുഖങ്ങൾ, റോഡുകൾ, വിമാനത്താവളങ്ങൾ, അണക്കെട്ടുകൾ, ടണലുകൾ, അംബരചുംബികളായ കെട്ടിടങ്ങൾ എന്നിവയാണ് ഉദ്ദേശിക്കുന്നത്.

ഷിക്ക് വലിയ ക്ഷീണം

ഇറ്റലി കരാറിൽ നിന്ന് പിൻവാങ്ങിയാൽ, ചൈനയുടെ യൂറോപ്പിലെ താൽപര്യങ്ങൾക്ക് അത് വലിയ തിരിച്ചടിയാകും. മാത്രമല്ല, ചൈനീസ് പ്രസിഡന്റിന് വലിയ നാണക്കേടും. പദ്ധതിയുടെ 10 ാം വാർഷികത്തിലാണ് ചൈനയ്ക്ക് ഇറ്റലി വലിയ തിരിച്ചടി നൽകുന്നത്. 2018 ൽ രാജ്യം മാന്ദ്യത്തിലേക്ക് വീണതോടെയാണ് ഇറ്റലി നിക്ഷേപം ആകർഷിക്കാൻ ചൈനയുടെ കൈ പിടിച്ചത്. ചൈനയുടെ വൻ വിപണിയിലും അവർ നോട്ടമിട്ടിരുന്നു. എന്നാൽ, വിചാരിച്ചത് പോലെ കാര്യങ്ങൾ നീങ്ങാതെ വരികയും, ഇറ്റലിക്ക് കരാർ നഷ്ടക്കച്ചവടമായി മാറുകയും ചെയ്തു.

ശക്തമായ ഭാഷയിലാണ് പിന്മാറ്റ നീക്കത്തോട് ചൈന പ്രതികരിച്ചത്. ചില ശക്തികൾ ഇറ്റലിയുടെ പദ്ധതിയിലെ അംഗത്വത്തെ രാഷ്ട്രീയവൽക്കരിക്കുകയാണെന്ന് ചൈന വിമർശിച്ചു. ചൈനയെ സാമ്പത്തികമായി കൂടുതൽ ആശ്രയിക്കുന്നതിൽ നിന്നുള്ള യൂറോപ്യൻ രാജ്യങ്ങളുടെ പിന്മാറ്റമാായും ഇത് വ്യാഖ്യാനിക്കപ്പെടാം.