ന്യൂസിലാൻഡ്: ആഗോളതലത്തിൽ, പുരോഗമന രാഷ്ട്രീയത്തിന്റെ മുഖമായ ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡെൻ സ്ഥാനം ഒഴിയുന്നു. അടുത്ത മാസം ഏഴിന് രാജിവയ്ക്കും. രാജ്യത്തെ ഞെട്ടിച്ചുകൊണ്ടായിരുന്നു രാജി പ്രഖ്യാപനം. കോവിഡ് കാലത്ത് കാര്യക്ഷമതയോടെ രാജ്യത്തെ മുന്നിൽ നിന്ന് നയിക്കുകയും, തീവ്രവാദി ആക്രമണം ഉണ്ടായപ്പോൾ തളരാതെ ധൈര്യം പകരുകയും ചെയ്ത 42 കാരിയായ നേതാവിന്റെ വിടവാങ്ങൽ തീർത്തും അപ്രതീക്ഷിത വാർത്തയായി.

ഒക്ടോബർ 14ന് ന്യൂസിലൻഡിൽ പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ജസീന്തയുടെ രാജി പ്രഖ്യാപനം. കാലാവധി തീരാൻ പത്തുമാസം ശേഷിക്കെ സ്ഥാനം ഒഴിയുന്ന അവർ അടുത്ത മാസം 7ന് ലേബർ പാർട്ടി നേതാവ് സ്ഥാനവും ഒഴിയും. തിരഞ്ഞെടുപ്പ് വരെ എംപിയായി തുടരുമെന്നും ജസിൻഡ അറിയിച്ചു. പകരക്കാരനെ കണ്ടെത്താൻ വരും ദിവസങ്ങളിൽ വോട്ടെടുപ്പ് നടക്കും. കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കുമെന്നും ജസീന്ത ആർഡെൻ വ്യക്തമാക്കി. ജനുവരി 22 ന് പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നതിനായി തന്റെ പാർട്ടി തിരഞ്ഞെടുപ്പ് നടത്തുമെന്നും അവർ പറഞ്ഞു. ' ഞാനൊരു മനുഷ്യനാണ്. നമുക്ക് കഴിയുന്നിടത്തോളം കാലം നമ്മൾ പ്രവർത്തിക്കും അതിനു ശേഷം സമയമാകും. നമ്മുടെ ശേഷിയുടെ പരമാവധി പ്രയത്‌നിച്ച് ഒരുഘട്ടമെത്തുമ്പോൾ പിന്മാറാൻ സമയമാകും. എന്നെ സംബന്ധിച്ച് ആ സമയം എത്തി, ജസീന്ത ലേബർ പാർട്ടി അംഗങ്ങളുടെ യോഗത്തിൽ പറഞ്ഞു.

സുവർണകാലഘട്ടം കഴിഞ്ഞു

2020 ലായിരുന്നു ജസീന്തയുടെ ഭരണത്തിന്റെ സുവർണകാലഘട്ടം. അതിന് ശേഷം സർക്കാരിന്റെ ജനപ്രീതിയിൽ കോട്ടങ്ങളുണ്ടായി. കുതിച്ചുയരുന്ന പണപ്പെരുപ്പവും, സാമ്പത്തിക മാന്ദ്യവും, യാഥാസ്ഥിതിക കക്ഷികൾ അടങ്ങിയ പ്രതിപക്ഷത്തിന്റെ പുനരുജ്ജീവനവും എല്ലാം ഇതിന് കാരണങ്ങളായി.

' രാജ്യത്തെ നയിക്കുക എന്നുപറഞ്ഞാൽ അപൂർവമായി കിട്ടുന്ന ജോലിയാണ്. എന്നാൽ, അത് വളരെ വെല്ലുവിളി നിറഞ്ഞതുമാണ്.ഈ പദവി എന്താണെന്ന് എനിക്ക് നന്നായി അറിയാം. അതുപോലെ ഇനി ഇത് നീതികരമായി നിർവഹിക്കാനാകില്ലെന്നും. അതിനാലാണ് പദവി ഒഴിയുന്നത്. ഇനിയൊരു തിരഞ്ഞെടുപ്പിൽ കൂടി മത്സരിക്കാനുള്ള ഊർജമില്ല' ജസിൻഡ പറഞ്ഞു.

2019 ലെ ക്രൈസ്റ്റ് ചർച്ച് മുസ്ലിം പള്ളി കൂട്ടക്കൊലയാണ് ജസീന്ത നേരിട്ട വലിയ വെല്ലുവിളികളിൽ ഒന്ന്, 51 ഇസ്ലാം മതവിശ്വാസികളാണ് അന്ന് കൊല്ലപ്പെട്ടത്. 40 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. വളരെ അനുകമ്പയോടെ ഉള്ള ജസീന്തയുടെ ആ സമയത്തെ ഇടപെടൽ വളരെ പ്രശംസ പിടിച്ചുപറ്റി. കഴിഞ്ഞ വർഷം വാകാരി അഗ്നി പർവത സ്‌ഫോടനം ഉണ്ടായപ്പോൾ, പ്രശ്‌നം കൈകാര്യം ചെയ്ത രീതിയും വളരെയേറെ ശ്രദ്ധിക്കപ്പെട്ടു.

നാട്ടിലേക്കാൾ കൂടുതൽ വിദേശത്താണ് ജസീന്ത ആർഡെൻ പ്രശസ്തയെന്നും പറയാറുണ്ട്. ബ്രിട്ടീഷ് മാസികയായ വോഗിലും, ടൈം മാഗസിനിലും ഒക്കെ കവർ പേജുകളിൽ അവർ പ്രത്യക്ഷപ്പെട്ടു. തന്റെ സുവർണകാലഘട്ടത്തിൽ ജസീന്ത ജനങ്ങൾക്ക് പ്രിയങ്കരിയായിരുന്നു. എന്നാൽ, കഴിഞ്ഞ ഒരുവർഷത്തിലേറെയായി ജനപ്രീതി താഴോട്ടായിരുന്നു. സാമ്പത്തിക രംഗം താറുമാറാക്കിയെന്നും, ഭക്ഷ്യോൽപ്പന്ന വില കുതിച്ചുയർന്നെന്നും ജസീന്ത സർക്കാരിന് എതിരെ ആരോപണങ്ങൾ ഉയർന്നു. അതുകൊണ്ട് തന്നെ ഭരണത്തിൽ പലരും അതൃപ്തരായിരുന്നു. എന്നിരുന്നാലും, ഇതുവരെ ന്യൂസിലൻഡിൽ ഉണ്ടായതിൽ ഏറ്റവും മികച്ച പ്രധാനമന്ത്രിയായാണ് പലരും ജസീന്തയെ കണക്കാക്കുന്നത്.

ജസീന്ത പടിയിറങ്ങുന്നതോടെ, ലേബർ പാർട്ടിയുടെ തലപ്പത്ത് ഒരു ശൂന്യത നിലനിൽക്കുന്നുണ്ട്. സമീപകാല അഭിപ്രായ സർവേകളിൽ, അടുത്ത തിരഞ്ഞെടുപ്പ് ജയിക്കുക ഒരു മധ്യ-വലത് മുന്നണിയായിരിക്കും എന്നാണ് ഫലം വന്നത്. എന്നാൽ, അതല്ല തന്റെ രാജിക്ക് കാരണമെന്ന് ജസീന്ത പറയുന്നു.

1990 ൽ ബേനസീർ ഭൂട്ടോയ്ക്ക് ശേഷം ഭരണത്തിലിരിക്കെ കുഞ്ഞിന് ജന്മം നൽകിയ രണ്ടാമത്തെ പ്രധാനമന്ത്രി കൂടിയാണ് ജസീന്ത ആർഡെൻ. മകൾ നീവ് ഈ വർഷാവസാനം സ്‌കൂളിൽ ചേരാനിരിക്കുകയാണ്. മകൾക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കണം, അവർ പറഞ്ഞു. മാത്രമല്ല, ജീവിത പങ്കാളിയായ ടെലിവിഷൻ താരം ക്ലാർക്ക് ഗെയ്‌ഫോഡുമായുള്ള വിവാഹവും ഉടൻ നടക്കും.

ക്രൈസ്തവ സഭയുമായി ബന്ധം ഉപേക്ഷിച്ച നേതാവ്

ഈ നൂറ്റാണ്ടിലെ ഏറ്റവും ജനകീയ ആയ ന്യൂസിലാൻഡ് ഭരണാധികാരിയായി ജസീന്ത ആർഡനെ തെരഞ്ഞെടുത്തിരുന്നു. സ്വവർഗാനുരാഗത്തെ പിന്തുണയ്ക്കുന്ന ജസീന്ത ആർഡൻ 2005ൽ ക്രൈസ്തവ സഭയുമായുള്ള ബന്ധം ഉപേക്ഷിച്ചത് വലിയ വാർത്തയായിരുന്നു. രാഷ്ട്രീയ കാഴ്ചപ്പാടും സഭയുടെ നിലപാടും ഒത്തുപോകുന്നതല്ലെന്നായിരുന്നു അന്ന് അവർ നടത്തിയ പ്രഖ്യാപനം. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപ്പേർ രംഗത്തെത്തിയിരുന്നു.

ഹാമിൽട്ടണിൽ 1980 ജൂലൈ 26നാണ് ജസീന്ത ജനിച്ചത്. പൊലീസ് ഉദ്യോഗസ്ഥനായ റോസ് ആർഡേന്റെയും സ്‌കൂളിലെ പാചകക്കാരിയായ ലോറൽ ആർഡേന്റെയും മകളായി ജനിച്ച ജസീന്ത പഠിക്കാൻ മിടുക്കിയായിരുന്നു. സ്‌കൂൾ കോളേജ് തലങ്ങളിൽ ഉന്നത വിജയത്തോടെ പഠനം പൂർത്തിയാക്കി. പൊളിറ്റിക്‌സ് ആൻഡ് പബ്ലിക് റിലേഷൻസിൽ കമ്മ്യൂണിക്കേഷൻ സ്റ്റഡീസ് ബിരുദമാണ് അവർ പഠിച്ചത്. ലേബർ പാർട്ടി നേതാവായിരുന്ന അമ്മായി മാരീ ആർഡേനാണ് ജസീന്തയെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നത്. 1999ലെ പൊതുതെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് ജസീന്ത സജീവമായിരുന്നു. പിന്നീട് ലേബർ പാർട്ടിയുടെ യുവജനവിഭാഗത്തിലെ നേതാവായി അവർ വളർന്നു. ശ്രദ്ധേയമായ ഇടപെടലുകളും ആകർഷകമായ പ്രസംഗങ്ങളുമായിരുന്നു ജസീന്ത ആർഡേന്റെ സവിശേഷത.

2008ൽ ഇന്റർനാഷണൽ യൂണിയൻ ഓഫ് സോഷ്യലിസ്റ്റ് യൂത്തിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ജസീന്ത ആഗോള നേതാവായി ഉയർന്നത്. ഈ സമയത്ത് ജോർദാൻ, ഇസ്രയേൽ അൽജീരിയ, ചൈന എന്നിവിടങ്ങൾ സന്ദർശിക്കുകയും ചെറുപ്പക്കാരുടെ പ്രശ്‌നങ്ങളിൽ ഇടപെടുകയും ചെയ്തു. 2008ൽത്തന്നെയാണ് ജസീന്ത ആദ്യമായി ന്യൂസിലാൻഡ് പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് അഞ്ചുതവണയും അവർ ന്യൂസിലാൻഡ് പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഇതിനിടയിൽ ന്യൂസിലാൻഡ് പ്രതിപക്ഷനേതാവായും അവർ പ്രവർത്തിച്ചു. 2017 ഒക്ടോബറിലാണ് ന്യൂസിലാൻഡിന്റെ നാൽപ്പതാമത് പ്രധാനമന്ത്രിയായി അവർ തെരഞ്ഞെടുക്കപ്പെട്ടത്.

കാലവസ്ഥ, അസമത്വം, സ്ത്രീ സുരക്ഷ, പ്രാദേശിക വികസനം, ദാരിദ്ര്യം തുടങ്ങിയ വിഷയങ്ങൾക്ക് മുൻഗണന നൽകുമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ജസീന്ത ആർഡേൻ പ്രധാനമന്ത്രിയായി പ്രവർത്തനം തുടങ്ങിയത്. പ്രധാനമന്ത്രിയെന്ന നിലയിൽ ശക്തമായ ഇടപെടലാണ് ഈ 40കാരി നടത്തുന്നത്. എല്ലാ ജനങ്ങൾക്കും ചികിത്സ ലഭ്യമാക്കുന്നതരത്തിൽ ആരോഗ്യസംവിധാനം ഉടച്ചുവാർത്തു. എല്ലാവർക്കും വീട് എന്ന പദ്ധതി നടപ്പാക്കുന്ന പ്രവർത്തനങ്ങളാണ് ഇപ്പോൾ നടന്നുവരുന്നത്. സാമ്പത്തിക അസമത്വം കുറച്ച് എല്ലാവർക്കും വേതനവർധനവ് നടപ്പാക്കുമെന്ന് ജസീന്ത ആർഡേൻ പ്രഖ്യാപിച്ചിട്ടുണ്ട്. 150 വർഷത്തിനിടെ ഏറ്റവും പ്രായം കുറഞ്ഞതും മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയുമാണ് ആർഡേൻ.

പ്രണയവും ജീവിത പങ്കാളിയും

ടി.വി അവതാരകനായ ക്ലാർക്ക് ഗേഫോഡാണ് ജസീന്തയുടെ പങ്കാളി ഒരു പരിപാടിക്കിടെയാണ് ഗേഫോർഡിനെ ജസീന്ത കാണുന്നതും പരിചയപ്പെടുന്നതും. ഈ പരിചയം പിന്നീട് പ്രണയമായി. ഒരർത്ഥത്തിൽ ഏറെ ആഘോഷിക്കപ്പെട്ട ദമ്പതികളാണ് ഗേഫോർഡ്-ജസീന്ത. ഇവരുടെ ഓമനമൃഗമായിരുന്ന പാഡിൽസ് എന്ന പൂച്ചയും ന്യൂസിലാൻഡിൽ ഒരു സെലിബ്രിറ്റിയെപോലെയായിരുന്നു. ഈ പൂച്ചയുടെ പേരിൽ ട്വിറ്റർ അക്കൗണ്ട് വരെ ഉണ്ടായിരുന്നു. എന്നാൽ 2017 നവംബറിൽ ഓക്ക്‌ലൻഡിൽവെച്ച് ഒരു കാറിടിച്ച് പാഡിൽ ചത്തുപോയി. പ്രധാനമന്ത്രിയായിരിക്കെ ജസീന്ത ഗർഭിണിയായി.

2018 ജൂൺ 21ന് അവർ ഒരു പെൺകുഞ്ഞിന് ജന്മം നൽകി. തെരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരിന്റെ തലപ്പത്ത് ഇരിക്കെ പ്രസവിക്കുന്ന രണ്ടാമത്തെ ഭരണാധികാരിയെന്ന നേട്ടവും ജസീന്ത സ്വന്തമാക്കി. ഇക്കാര്യത്തിൽ ബേനസിർ ഭൂട്ടോയാണ് മുന്നിൽ.