ന്യൂഡൽഹി: അദാനി ഓഹരി വിവാദം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ദുർബലപ്പെടുത്തുമെന്നും ഇന്ത്യയിൽ ജനാധിപത്യ പുനരുജ്ജീവനത്തിനുള്ള വഴിതുറക്കുമെന്നും വിമർശിച്ച കോടീശ്വരനും നിക്ഷേപകനുമായ ജോർജ് സോറോസിനെതിരെ രൂക്ഷ പ്രതികരണവുമായി കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ.

ന്യൂയോർക്കിൽ നിന്നുള്ള വൃദ്ധൻ, പണക്കാരൻ. അപകടകാരിയായ വ്യക്തിയെന്നാണ് വിദേശകാര്യമന്ത്രി സോറോസിനെ വിമർശിച്ചത്. ലോകം തന്റെ തീരുമാനങ്ങൾക്കനുസരിച്ച് പ്രവർത്തിക്കണമെന്നാണ് സോറോസിന്റെ ആഗ്രഹമെന്നും മന്ത്രി പറഞ്ഞു. ഓസ്ട്രേലിയൻ മന്ത്രി ക്രിസ് ബ്രൗണുമായി നടത്തിയ സംഭാഷണത്തിലാണ് ജയശങ്കർ സോറോസിനെതിരെ രംഗത്തെത്തിയത്.

ഇഷ്ടക്കാർ ജയിച്ചാൽ തെരഞ്ഞെടുപ്പ് നല്ലതെന്നും അല്ലെങ്കിൽ മോശം ജനാധിപത്യമാണെന്നും സോറോസിനെപ്പോലുള്ളവർ പറയുമെന്നും മന്ത്രി പറഞ്ഞു. ഇത്തരം വ്യക്തികൾ അപകടമാണ്. ഇല്ലാത്ത കഥകൾ പ്രചരിപ്പിക്കുന്നതിനായി ഇവർ കോടികൾ ചെലവാക്കുമെന്നും ജയശങ്കർ കുറ്റപ്പെടുത്തി. നേരത്തെ മറ്റൊരു മന്ത്രി സ്മൃതി ഇറാനിയും സോറോസിനെതിരെ രംഗത്തെത്തിയിരുന്നു.

അദാനി-ഹിൻഡൻബർഗ് വിഷയത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ജോർജ്ജ് സോറോസ് വിമർശനവുമായി രംഗത്തെത്തിയത്. മോദി ജനാധിപത്യവാദിയല്ലെന്നും അദ്ദേഹത്തിന്റെ രീതി ജനാധിപത്യരീതിയിലല്ലെന്നുമാണ് സോറോസ് വിമർശിച്ചത്. അദാനി വിഷയത്തിൽ വിദേശ നിക്ഷേപകരോടും പാർലമെന്റിനോടും മോദി ഉത്തരം പറയണമെന്നും വിഷയത്തിൽ പ്രധാനമന്ത്രി മൗനം പാലിക്കുകയാണെന്നും സോറോസ് കുറ്റപ്പെടുത്തിയിരുന്നു.

തുടർന്ന് ഇന്ത്യൻ ജനാധിപത്യത്തെക്കുറിച്ചുള്ള സോറോസിന്റെ പരാമർശത്തിൽ മന്ത്രിമാർ അതൃപ്തി പ്രകടിപ്പിച്ച് രംഗത്തി. ഇതിന് പിന്നാലെയാണ് വിദേശകാര്യ മന്ത്രിയും കടുത്ത ഭാഷയിൽ വിമർശനമുന്നയിച്ചത്.

ബോറോസിന്റെ വിമർശനം ഇന്ത്യയ്‌ക്കെതിരായ ആക്രമണമാണെന്നും രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തിൽ കടന്നുകയറാനുള്ള വിദേശശക്തികളുടെ നീക്കത്തെ ഇന്ത്യക്കാർ ചെറുക്കണമെന്നുമായിരുന്നു സ്മൃതി ഇറാനി പറഞ്ഞത്.

''സോറോസിന്റെ നീക്കം ഇന്ത്യൻ ജനാധിപത്യത്തെ തകർക്കാനുള്ള ശ്രമമാണ്. രാജ്യത്തിന്റെ ആദ്യന്തര വിഷയങ്ങളിൽ ഇടപെടാൻ ശ്രമിച്ചിട്ടുള്ള ഇത്തരം പല വിദേശശക്തികളെയും ഇന്ത്യ പരാജയപ്പെടുത്തിയിട്ടുണ്ട്. സോറോസിന് ചുട്ടമറുപടി നൽകണമെന്ന് എല്ലാ ഇന്ത്യക്കാരോടും ആവശ്യപ്പെടുന്നു'' സ്മൃതി ഇറാനി പറഞ്ഞു.

അറിയപ്പെടുന്ന 'സാമ്പത്തിക യുദ്ധക്കുറ്റവാളി'യാണ് സോറോസെന്നും സ്മൃതി ഇറാനി കുറ്റപ്പെടുത്തി. ''ബാങ്ക് ഓഫ് ഇംഗ്ലണ്ട് തകർത്ത സോറോസ് ഇപ്പോൾ ഇന്ത്യൻ ജനാധിപത്യമാണ് ലക്ഷ്യമിട്ടിരിക്കുന്നത്. മറ്റു രാജ്യങ്ങളിലെ സർക്കാരുകളെ വീഴ്‌ത്തി തങ്ങൾക്ക് താൽപര്യമുള്ളവരെ അധികാരത്തിലെത്തിക്കുകയാണ് ഇത്തരക്കാരുടെ ലക്ഷ്യം. വിദേശശക്തികൾക്കും ഇന്ത്യൻ പൗരന്മാർക്കും ഇടയിൽ ശക്തമായി നിലകൊള്ളുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അടുത്ത ലക്ഷ്യം. ഇതൊരു യുദ്ധമായി കണക്കാക്കണം'' സ്മൃതി ഇറാനി പറഞ്ഞു.ടിച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്ഥിരം വിമർശകനാണ് ജോർജ് സോറോസ്. 2020ൽ ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിലും സോറോസ്, മോദി സർക്കാരിനെ വിമർശിച്ചിരുന്നു. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട മോദി, ഹിന്ദുരാഷ്ട്രം നിർമ്മിക്കാൻ ശ്രമിക്കുകയാണെന്ന് സോറോസ് ആരോപിച്ചു.

ജമ്മു കശ്മീരിന്റെ സ്വയംഭരണാവകാശം റദ്ദാക്കിയും ആയിരക്കണക്കിനു മുസ്ലിംകളുടെ പൗരത്വം നഷ്ടപ്പെടുമെന്നു ഭീഷണിപ്പെടുത്തിയുമാണ് ഇതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ദേശീയത വിപരീതദിശയിൽ കൂടുതൽ മുന്നേറുകയാണെന്നും ഏറ്റവും ഭയപ്പെടുത്തുന്നത് ഇന്ത്യയിലെ സംഭവവികാസങ്ങൾ ആണെന്നും അദ്ദേഹം പറഞ്ഞു.