ജറൂസലം: ജറുസലേമിലെ അൽ-അഖ്സ മസ്ജിദ് കോമ്പൗണ്ടിൽ കടന്നു കയറി ഇസ്രയേൽ പൊലീസിന്റെ നടപടി. ഫലസ്തീൻ പ്രക്ഷോഭകാരികൾ മസ്ജിദിൽ കടന്ന കയറി എന്നാരോപിച്ചാണ് ഇസ്രയേൽ പൊലീസ് ആക്ഷൻ കൈക്കൊണ്ടത്. വിശ്വാസികൾക്ക് നേരെ ഇസ്രയേൽ പൊലീസിന്റെ ആക്രമണം നടത്തിയെന്നാണ് മറുവിഭാഗം ആരോപിക്കുന്നത്.

അതേസയമം കലാപം നടത്തിയതിനുള്ള മറുപടിയാണ് വെടിവെപ്പെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന് പിന്നാലെ വെസ്റ്റ് ബാങ്കിലുടനീളം കനത്ത പ്രതിഷേധമാണ് ഉയരുന്നത്. ഗസ്സയിൽ നിന്ന് ഇസ്രയേലിലേക്ക് ഒമ്പത് റോക്കറ്റുകൾ തൊടുത്തുവിട്ടതായി ഇസ്രയേൽ സൈന്യം പറഞ്ഞു.

അധിനിവേശ വെസ്റ്റ് ബാങ്കിലും ജറുസലേമിലും കഴിഞ്ഞ ഒരു വർഷമായി അക്രമം വർധിച്ച് വരികയാണ്. റമദാനും ഈസ്റ്ററും ഒന്നിച്ചായതിനാൽ ഈ മാസം സംഘർഷം വർദ്ധിക്കുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. അൽ-അഖ്സ മസ്ജിദ് കോമ്പൗണ്ടിൽ ഇസ്രയേൽ പൊലീസ് നടത്തിയ ആക്രമണത്തിനിൽ ഏഴ് ഫലസ്തീനികൾക്കാണ് പരിക്കേറ്റത്. ചികിൽസിക്കാനെത്തിയ ഡോക്ടറെ ഇസ്രയേൽ സൈന്യം പള്ളിയിലേക്ക് കയറ്റിവിട്ടില്ലെന്നും ഫലസ്തീനികൾ പറയുന്നു.

എന്നാൽ, മുഖംമൂടി ധരിച്ചെത്തിയ പ്രക്ഷോഭകർ ആക്രമണം നടത്തിയതിനാലാണ് കോമ്പൗണ്ടിനുള്ളിലേക്ക് കടക്കാൻ നിർബന്ധിതരായതെന്ന് ഇസ്രയേൽ പൊലീസ് പ്രസ്താവനയിൽ പറഞ്ഞു. പൊലീസ് പ്രവേശിച്ചപ്പോൾ, അവർക്ക് നേരെ കല്ലെറിയുകയും ഒരു വലിയ സംഘം പ്രക്ഷോഭകർ പള്ളിക്കുള്ളിൽ നിന്ന് പടക്കം പൊട്ടിക്കുകയും ചെയ്തു. ആക്രമണത്തിൽ ഒരു പൊലീസുകാരന്റെ കാലിന് പരിക്കേറ്റെന്നും ഇസ്രയേൽ പൊലീസ് പറഞ്ഞു.

എന്താണ് അഖ്‌സപള്ളി?

ക്രിസ്തീയ, ഇസ്ലാം, യഹൂദമത വിശ്വാസികൾക്ക് ഒരുപോലെ പ്രധാനപ്പെട്ട വിശുദ്ധ നഗരമാണ് ജറുസലേം. ഇസ്ലാമിക വിശ്വാസികൾക്ക് വളരെ പ്രധാനപ്പെട്ട ആരാധനാലയങ്ങളിൽ ഒന്നാണ് അഖ്‌സ പള്ളി. മക്കയിലെ മസ്ജിദുൽ ഹറം, മദീനയിലെ മസ്ജിദുൽ നബവി എന്നിവ കഴിഞ്ഞാൽ മുസ്ലീങ്ങൾ വിശുദ്ധമായി കരുതുന്ന മൂന്നാമത്തെ പള്ളിയായി ജറുസലേം നഗരത്തിൽ സ്ഥിതി ചെയ്യുന്ന മസ്ജിദുൽ അഖ്സാ അറിയപ്പെടുന്നു. മുസ്ലീങ്ങൾക്കിടയിൽ ഹറം അൽ ഷരീഫ് എന്നും യഹൂദ വിശ്വാസികൾക്കിടയിൽ നോബിൾ മൗണ്ട് എന്നും അറിയപ്പെടുന്ന 35 ഏക്കർ സ്ഥലത്താണ് ഇത് സ്ഥിതി ചെയ്യുന്നത്.

1967 ലെ അറബ്-ഇസ്രയേൽ യുദ്ധത്തിൽ ജോർദാനിൽ നിന്ന് പഴയ നഗരം ഉൾപ്പെടെയുള്ള കിഴക്കൻ ജറുസലേം ഇസ്രയേൽ പിടിച്ചെടുക്കുകയും അവ ഏകീകരിക്കുകയുംചെയ്തു. പിന്നീട് ഏകീകൃത ജറുസലേമിനെ ഇസ്രയേൽ തങ്ങളുടെ തലസ്ഥാനമായിപ്രഖ്യാപിച്ചെങ്കിലും ആ നീക്കത്തിന് അന്തർദ്ദേശീയ തലത്തിൽ അംഗീകാരം ലഭിച്ചില്ല. പതിറ്റാണ്ടുകളായി അഖ്സ പള്ളിയുടെ ഭരണ നിർവഹണം നടത്തുന്ന, ജോർദ്ദാൻ ധനസഹായം നൽകുകയും നിയന്ത്രിക്കുകയും ചെയ്യുന്ന വഖഫ് എന്ന ഇസ്ലാമിക ട്രസ്റ്റ്തന്നെ തുടർന്നും പള്ളിയുടെ നിയന്ത്രണം നടത്തിവരുന്നു. 1994-ൽ ഇസ്രയേൽ ജോർദ്ദാനുമായി ഉണ്ടാക്കിയ സമാധാന ഉടമ്പടി പ്രകാരമുള്ള ഒരു പ്രത്യേക ക്രമീകരണത്തിലൂടെയാണ് വഖഫ് ഭരണം നടത്തുന്നത്.

ഇസ്രയേലിന്റെ സുരക്ഷാസേന പള്ളിയുടെ ഭൂമിയിൽ അവരുടെ സാന്നിധ്യം നിലനിർത്തുന്നു. വഖഫുമായുള്ള ഏകോപനത്തിലൂടെയാണ് അവർ പ്രവർത്തിക്കുന്നത്. മേൽ സൂചിപ്പിച്ച പ്രത്യേക ക്രമീകരണത്തിന്റെ അടിസ്ഥാനത്തിൽ യഹൂദർക്കും ക്രൈസ്തവർക്കും പള്ളി സന്ദർശിക്കാമെങ്കിലും മുസ്ലീങ്ങളെപ്പോലെ അവിടെ നിന്ന് പ്രാർത്ഥിക്കാൻ കഴിയില്ല. ടെമ്പിൾ മൗണ്ടിനു ചുറ്റും ഉണ്ടായിരുന്ന വലിയ താങ്ങുമതിലിന്റെ അവശേഷിപ്പായ പടിഞ്ഞാറൻ മതിലിന് സമീപമുള്ള വിശുദ്ധമായ പീഠഭൂമിക്ക് തൊട്ടുതാഴെ നിന്ന് യഹൂദർ പ്രാർത്ഥിക്കാറുണ്ട്. അമുസ്ലീങ്ങൾക്കെതിരെയുള്ള വിവേചനം എന്ന് വിമർശകർ ചൂണ്ടിക്കാണിക്കുന്ന ഈ ക്രമീകരണത്തെ ചൊല്ലിയുണ്ടായ സംഘർഷം കാലക്രമേണ അക്രമാസക്തമായ നിലയിലേക്ക് വളരുകയായിരുന്നു.