- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുടിനെതിരെ തിരിയുന്നവരെല്ലാം ദുരൂഹമായി കൊല്ലപ്പെടുന്ന പതിവ് തെറ്റിയില്ല! വാഗ്നർ ഗ്രൂപ്പ് മേധാവിയെ കൊന്നതും റഷ്യൻ പ്രസിഡന്റ് അറിഞ്ഞു തന്നെയോ? പ്രിഗോഷിൻ കൊല്ലപ്പെട്ടതിൽ അത്ഭുതമില്ലെന്ന് ജോ ബൈഡൻ; പുടിൻ അറിയാതെ റഷ്യയിൽ ഒന്നും നടക്കില്ലെന്നും ബൈഡൻ; കൊല്ലപ്പെട്ടത് തടവറയിൽ നിന്നും പടയാളികളെ കണ്ടെത്തിയ നേതാവ്
വാഷിങ്ടൺ: റഷ്യയിൽ വ്‌ലാദിമിർ പുടിന്റെ ഏകാധിപത്യമാണ് നടക്കുന്നതെന്ന കാര്യം എല്ലാവർക്കും അറിവുള്ളതാണ്. പുടിനെതിരെ ശബ്ധമുയർത്തുന്ന ആരായാലും അവർ ദുരൂഹമായ സാഹചര്യങ്ങളിൽ കൊല്ലപ്പെടും. സ്വന്തമായി കൊലയാളി സംഘം തന്നെയാണ് പുടിനുള്ളത്. ഏറ്റവും ഒടുവിൽ പുടിനെതിരെ തിരിഞ്ഞ ഒരാൾ കൂടി കൊല്ലപ്പെട്ടുവെന്ന് വാർത്ത പുറത്തുവരുമ്പോൾ പാശ്ചാത്യ ലോകത്തിന് അതിൽ യാതൊരു അത്ഭുതവുമില്ല. വാഗ്നർ ഗ്രൂപ്പിന്റെ മേധാവി പ്രിഗോഷിൻ വിമാനാപകടത്തിലാണ് കൊല്ലപ്പെട്ടത. ഇതിൽ അത്ഭുതമില്ലെന്നാണ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പറയുന്നത്.
പ്രസിഡന്റ് വ്‌ലാദിമർ പുടിൻ അറിയാതെ റഷ്യയിൽ ഒന്നും നടക്കില്ലെന്നും ബൈഡൻ പറഞ്ഞു. മോസ്‌കോയിൽ നിന്ന് 100 കിലോമീറ്റർ അകലെ തിവീർ പ്രവിശ്യയിൽ ഇന്നലെ രാത്രിയാണ് 10 പേരുമായി പോയ വിമാനം അപകടത്തിൽപെട്ടത്. എട്ട് മൃതദേഹങ്ങൾ കണ്ടെടുത്തെന്ന് റഷ്യൻ വാർത്താ ഏജൻസി അറിയിച്ചു. വിമാനം വ്യോമസേന വെടിവച്ചിട്ടതാണെന്ന് വാഗ്നർ ബന്ധമുള്ള ടെലിഗ്രാം ചാനൽ ആരോപിച്ചു.
റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുടിൻ സ്വന്തം താൽപര്യസംരക്ഷണത്തിനായി വളർത്തിയെടുത്ത വാഗ്‌നർ കൂലിപ്പടയുടെ തലവനാണ് ഇപ്പോൾ ദുരൂഹമായ വിമാനാപകടത്തിൽ മരിച്ചത്. വെറുമൊരു കള്ളനിൽ നിന്ന് പുടിനെ വിറപ്പിക്കുന്ന കൂലിപ്പട്ടാളത്തിന്റെ മേധാവിയായി വളർന്നയാളാണ് യവ്ഗിനി പ്രിഗോഷിൻ. ജയിലിൽ കഴിഞ്ഞ ക്രിമിനലുകളെ കോർത്തിണക്കിയാണ് ഇയാൾ സ്വന്തം പടയാളികളെ കണ്ടെത്തിയത്.
വ്‌ലാദിമിർ പുടിന്റെ അതേ നഗരമായ സെന്റ് പീറ്റേഴ്‌സ് ബർഗിലാണ് യവ്‌ഗെനി പ്രിഗോഷിന്റെയും ജനനം. കുട്ടിക്കാലത്തുതന്നെ അടിപിടി, മോഷണം, ഗുണ്ടായിസം തുടങ്ങിയ കുറ്റകൃത്യങ്ങൾ നടത്തി. 1979 ൽ വെറും പതിനെട്ടാം വയസിൽ ജയിലിലായി. ജയിലിൽ നിന്ന് ഇറങ്ങിയിട്ടും വീണ്ടും മോഷണത്തിനിടെ പിടിച്ചു. ഒൻപതു വർഷം പിന്നെയും ശിക്ഷ അനുഭവിച്ച ശേഷം പുറത്തിറങ്ങിയ പ്രിഗോഷിൻ പുതിയ ആളായി മാറി.
ബർഗർ വിൽക്കുന്ന കട തുടങ്ങി. 1990 ആയപ്പോഴേയ്ക്കും സെന്റ് പീറ്റേഴ്‌സ് ബർഗ് നഗരത്തിന്റെ ഹൃദയ ഭാഗത്ത് സ്വന്തമായി റെസ്റ്റോറന്റ് തുറന്നു. ഈ വേളയിലാണ് വ്‌ലാദിമിർ പുടിനുമായി അടുക്കുന്നത്. പിന്നെയങ്ങോട്ട് കണ്ണഞ്ചിപ്പിക്കുന്ന വേഗതയിലായിരുന്നു വളർച്ച. 2000 ത്തിൽ പുടിൻ റഷ്യൻ പ്രസിഡന്റ് ആയപ്പോഴേയ്ക്കും യവ്‌ഗെനി പ്രിഗോഷിൻ വലംകൈ ആയി മാറിയിരുന്നു. ജയിലറകളിൽ നിന്ന് പടയാളികളെ റിക്രൂട്ട് ചെയ്യുന്ന യെവ്ഗിനി പ്രിഗോഷിൻ ക്രൂരനായ വ്യക്തിയായാണ് അന്താരാഷ്ട്ര വിദഗ്ദ്ധർ വിലയിരുത്തുന്നത്. 2016 അമേരിക്കൻ തെരഞ്ഞെടുപ്പിൽ കൈകടത്തിയ 13 റഷ്യക്കാരിൽ ഒരാളായിരുന്നു പ്രിഗോഷിൻ.
2014-ൽ യുക്രൈനിലെ ക്രിമിന പെനിൻസുലയിൽ നടന്ന പോരാട്ടത്തിലാണ് പ്രിഗോഷിന്റെ കൂലിപ്പടയായ വാഗ്‌നർ സംഘത്തിന്റെ ഉദയം. 250 പേരുമായി തുടങ്ങിയ സംഘം എട്ട് വർഷം കൊണ്ട് 50,000-ത്തിലേറെ പേർ ഉൾപ്പെടുന്ന കൂട്ടമായി മാറി. 2022 ഡിസംബറിലെ കണക്കനുസരിച്ച് 50,000 പേരാണ് യുക്രൈനെതിരെ പോരാടാൻ വാഗ്‌നർ ഗ്രൂപ്പിലുണ്ടായിരുന്നത്. ഇതിൽ 10,000 പേർ കോൺട്രാക്ടേഴ്സും 40,000 പേർ കുറ്റവാളികളുമാണ് എന്നാണ് റിപ്പോർട്ടുകൾ ചൂണ്ടികാണിക്കുന്നത്. കുറ്റവാളികളെ ജയിലിൽനിന്ന് റിക്രൂട്ട് ചെയ്യും. യുദ്ധമുഖത്തിലെത്തിയവർക്ക് ജയിൽ ശിക്ഷയിലടക്കം ഇളവും വലിയ ശമ്പള വാഗ്ദാനവുമാണ് മുന്നോട്ടുവെക്കുന്നത്. റഷ്യയിലെ ഉൾനാടൻ പ്രദേശമായ മോൾക്കിനിയിൽവച്ചാണ് ഇവർക്ക് പരിശീലനം നൽകുന്നത്.
പുടിൻസ് ഷെഫ് അഥവാ പുട്ടിന്റെ വിശ്വസ്തൻ എന്നറിയപ്പെടുന്ന റഷ്യൻ വ്യവസായി യെവ്ഗിനി പ്രിഗോഷിൻ നേതൃത്വം നൽകുന്ന സ്വകാര്യ സൈനിക സൈനിക സംഘമാണ് വാഗ്‌നർ ഗ്രൂപ്പ്. ഇവരാണു കിഴക്കൻ യുക്രെയ്‌നിൽ റഷ്യയ്ക്കായി യുദ്ധം ചെയ്തിരുന്നത്. എന്നാൽ, ഏതാനും മാസങ്ങളായി റഷ്യൻ സൈനികനേതൃത്വത്തിനും പ്രതിരോധ മന്ത്രാലയത്തിനുമെതിരെ പ്രിഗോഷിൻ പരസ്യവിമർശനം ഉയർത്തുന്നുണ്ടായിരുന്നു. ഇത് ഇരു സേനകൾ തമ്മിലുള്ള അസ്വാരസ്യങ്ങൾക്ക് ഇടവയ്ക്കുകയും ചെയ്തു.
തന്റെ പടയാളികൾക്ക് ആവശ്യത്തിന് ആയുധങ്ങൾ നൽകുന്നില്ലെന്നും അവരുടെ പ്രതിസന്ധികൾ പരിഗണിക്കുന്നില്ലെന്നുമായിരുന്നു റഷ്യൻ സൈന്യത്തിനെതിരെയുള്ള പ്രിഗോഷിന്റെ പ്രധാന പരാതി. യുക്രൈനിലെ പ്രധാന നഗരമായ ബക്മൂതിൽ കഴിഞ്ഞ മാസം നിയന്ത്രണം ഏറ്റെടുക്കുന്നതുവരെ വാഗ്‌നർ ഗ്രൂപ്പും റഷ്യൻ സൈന്യവും ഓന്നിച്ചായിരുന്നു പോരാടിയത്. എന്നാൽ, ബക്മൂത് കയ്പിടിയിൽ ഒതുക്കിയതോടെ റഷ്യ തങ്ങളെ പരിഗണിക്കുന്നില്ലെന്ന ആരോപണം വാഗ്‌നർ സംഘം ഉയർത്തി.
മറുനാടന് ഡെസ്ക്