വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ സെപ്റ്റംബർ മാസത്തിൽ ഇന്ത്യ സന്ദർശിക്കാൻ ഒരുങ്ങുന്നു. അമേരിക്കയുടെ അസിസ്റ്റന്റ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഫോർ സൗത്ത് ആൻഡ് സെൻട്രൽ ഏഷ്യ ഡൊണാൾഡ് ലു ആണ് വാർത്താ ഏജൻസിയായ പി.ടി.ഐയ്ക്കു നൽകിയ അഭിമുഖത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യ-യു.എസ്. ബന്ധത്തിൽ 2023 സുപ്രധാന വർഷമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ വർഷം ഏറെ ഗുണകരമായ ഒന്നായിരിക്കും. ജി 20-ക്ക് ഇന്ത്യ അധ്യക്ഷത വഹിക്കുന്നു. ഏഷ്യ പസഫിക് എക്കണോമിക് കോർപറേഷന്റെ ആതിഥ്യം വഹിക്കുന്നത് അമേരിക്കയാണ്. ജപ്പാൻ ജി 7-ന് ആതിഥ്യം വഹിക്കുന്നു. ക്വാഡി (ക്യു.യു.എ.ഡി.)ലെ ധാരാളം അംഗങ്ങൾ നേതൃസ്ഥാനങ്ങൾ വഹിക്കുകയാണ്. ഇത്, രാജ്യങ്ങളെ കൂടുതൽ അടുപ്പിക്കാനുള്ള അവസരങ്ങളാണ് നൽകുന്നത്, ഡൊണാൾഡ് ലു പറഞ്ഞു.

ജി-20 ഉച്ചകോടിയുടെ ഭാഗമായാണ് ബൈഡൻ ഇന്ത്യ സന്ദർശിക്കുന്നത്. ഇതിനു പുറമേ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ, ട്രഷറി സെക്രട്ടറി ജാനറ്റ് യെല്ലൻ, കൊമേഴ്‌സ് സെക്രട്ടറി ജിന റൈമോണ്ടോ എന്നിവരുടെ ഇന്ത്യാ സന്ദർശനവും ഉൾപ്പെടുന്നു. 2023 ഇന്ത്യ-യുഎസ് ബന്ധത്തിന് ഒരു 'വലിയ വർഷമാണ്' എന്ന് ഡൊണാൾഡ് ലു നിരീക്ഷിച്ചു.

'ഇത് ഒരു വലിയ വർഷമായിരിക്കും. ഇന്ത്യ ജി20യ്ക്ക് ആതിഥേയത്വം വഹിക്കുന്നു. യുഎസ് അപ്പെക്കിന് ആതിഥേയത്വം വഹിക്കുന്നു. ജപ്പാൻ ജി7ന് ആതിഥേയത്വം വഹിക്കുന്നു. നേതൃപരമായ റോളുകൾ ഏറ്റെടുക്കുന്ന ധാരാളം ക്വാഡ് അംഗങ്ങളുണ്ട്. നമ്മുടെ രാജ്യങ്ങളെ കൂടുതൽ അടുപ്പിക്കുന്നതിനുള്ള അവസരങ്ങൾ ഇത് നൽകുന്നു' അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ മാസം ജി-20 വിദേശകാര്യ മന്ത്രിതല യോഗത്തിന് ആതിഥേയത്വം വഹിച്ചതിലൂടെ ഇന്ത്യ നടത്തിയ പ്രവർത്തനങ്ങളിൽ നന്ദിയുള്ളവരാണെന്നും ഈ വർഷം വരാനിരിക്കുന്ന നിരവധി ജി-20 മീറ്റിങ്ങുകളിൽ സജീവമായി പങ്കെടുക്കാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയംുഎസ് പ്രസിഡന്റ് ജോ ബൈഡൻ ജൂണിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഔദ്യോഗികമായി അത്താഴ വിരുന്ന് ഒരുക്കുമെന്ന് റിപ്പോർട്ട് അടുത്തിടെ പുറത്തുവന്നിരുന്നു. രാഷ്ട്രത്തലവന്മാരെ ആദരിക്കുന്നതിന്റെ ഭാഗമായാണ് യുഎസിൽ സ്റ്റേറ്റ് ഡിന്നർ സംഘടിപ്പിക്കുന്നത്.

ചൈനീസ് വെല്ലുവിളി വർധിക്കുന്ന സാഹചര്യത്തിൽ ഇന്ത്യ-യുഎസ് ബന്ധം കൂടുതൽ ദൃഢമാക്കുന്നതിന്റെ ഭാഗമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബൈഡൻ അത്താഴവിരുന്ന് ഒരുക്കുന്നതെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. തീയതിയിൽ ചിലപ്പോൾ മാറ്റം വന്നേക്കാമെന്നും റിപ്പോർട്ടുണ്ട്. മേയിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഓസ്ട്രേലിയയിൽ വച്ച് ക്വാഡ് സമ്മേളനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോയ്ക്ക് ബൈഡൻ ഡിസംബറിൽ സ്റ്റേറ്റ് ഡിന്നർ ഒരുക്കിയിരുന്നു. ദക്ഷിണ കൊറിയൻ പ്രസിഡന്റിനായി ഏപ്രിൽ 26-ന് അത്താഴവിരുന്ന് ഒരുക്കുന്നുണ്ട്. സെപ്റ്റംബറിൽ ജി20 നേതാക്കൾക്ക് ഡൽഹിയിൽ ഇന്ത്യ ആതിഥ്യമരുളുകയാണ്. റഷ്യയുടെ യുക്രെയ്ൻ അധിനിവേശം മുഖ്യ ചർച്ചാവിഷയം ആകുമെന്നാണ് റിപ്പോർട്ട്. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ എത്തുമോ എന്ന് വ്യക്തമായിട്ടില്ല.

യുഎസ് സന്ദർശിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രസിഡന്റ് ജോ ബൈഡൻ ക്ഷണിച്ചിരുന്നു. ജൂണിലോ ജൂലൈയിലോ മോദി യുഎസ് സന്ദർശിക്കുമെന്നാണ് സൂചന. കൃത്യം തീയതി നിശ്ചയിക്കാൻ നയതന്ത്ര പ്രതിനിധികൾ ചർച്ച തുടങ്ങിയിരുന്നു. യുഎസ് കോൺഗ്രസിന്റെ സംയുക്ത യോഗത്തെ മോദി അഭിസംബോധന ചെയ്യും. ജി 20 അധ്യക്ഷൻ എന്ന നിലയിൽ ഈ വർഷം മോദിക്ക് നിരവധി പരിപാടികളുണ്ട്. സെപ്റ്റംബറിലാണ് ജി 20 ഉച്ചകോടി നടക്കുന്നത്. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അടക്കമുള്ള രാഷ്ട്രത്തലവന്മാർ അതിൽ പങ്കെടുക്കും.