വാഷിംഗ്ടണ്‍: എച്ച് വണ്‍ ബി വിസ നിരക്ക് കുത്തനെ വര്‍ധിപ്പിച്ച യു.എസ് നടപടി അന്തര്‍ദേശിയ തലത്തില്‍ പല പ്രമുഖ കമ്പനികള്‍ക്കും തിരിച്ചടി ഉണ്ടാക്കിയ കാര്യമാണ്. ടെക് രംഗത്തെ ഭീമന്‍മാര്‍ക്കെല്ലാം തീരുമാനം തിരിച്ചടിയായി. ട്രംപിന്റെ തീരുമാനത്തില്‍ പ്രതികരിച്ചു കൊണ്ട് രംഗത്തു വന്നിരിക്കയാണ് പ്രമുഖ കമ്പനിയായ ജെ പി മോര്‍ഗന്‍. പൊടുന്നനെ ഉണ്ടായ നടപടിക്ക് പിന്നാലെ അന്താരാഷ്ട്ര പങ്കാളികളുമായും നയരൂപീകരണ വിദഗ്ധരുമായും ചര്‍ച്ച നടത്തുമെന്ന് സി.ഇ.ഒ ജെയ്മി ഡിമോണ്‍ പറഞ്ഞു.

പുതുക്കിയ എച്ച് വണ്‍ ബി വിസ നിര്‍ദേശങ്ങള്‍ വന്‍കിട അമേരിക്കന്‍ ടെക്, ധനകാര്യ സ്ഥാപനങ്ങളില്‍ ആശങ്കക്ക് കാരണമായിരുന്നു. നിലവില്‍ വിസയിലുള്ളവര്‍ യു.എസില്‍ തുടരണമെന്നും രാജ്യത്തിന് പുറത്തുള്ളവര്‍ സെപ്റ്റംബര്‍ 21ന് മുമ്പ് മടങ്ങിവരണമെന്നും മൈക്രോസോഫ്റ്റ്, ആമസോണ്‍, ജെ.പി മോര്‍ഗന്‍, മെറ്റ എന്നിവര്‍ തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

'ഇത് അപ്രതീക്ഷിത നടപടിയായിരുന്നു. ആഗോളതലത്തില്‍ ജീവനക്കാരുള്ളതുകൊണ്ട് തന്നെ ഞങ്ങള്‍ക്ക് വിസ പ്രധാനമാണ്. വ്യത്യസ്ത വിപണികളില്‍ പുതിയ ജോലികളിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുന്ന വിദഗ്ധരെ ഇത്തരത്തില്‍ മാറ്റി നിയമിക്കാറുണ്ട്. നിലവിലെ സാഹചര്യം അതിന് വെല്ലുവിളിയാണ്. എന്റെ പിതാക്കള്‍ ഗ്രീസില്‍ നിന്ന് കുടിയേറിയവരാണ്. ആ സമയത്ത് അവര്‍ക്ക് ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പോലുമുണ്ടായിരുന്നില്ല. അമേരിക്ക ഒരു കുടിയേറ്റ രാഷ്ട്രമാണ്, അതാണ് അതിന്റെ അടിസ്ഥാനപരമായ ശക്തി,'- ദേശീയ മാധ്യമത്തിന് നല്‍കിയ പ്രതികരണത്തില്‍ ജാമി ഡിമോണ്‍ പറഞ്ഞു.

2024 സാമ്പത്തിക വര്‍ഷത്തില്‍ കൂടുതല്‍ എച്ച് വണ്‍ ബി വിസ സ്‌പോണ്‍സര്‍ ചെയ്ത 10 കമ്പനികളിലൊന്നാണ് ജെ.പി മോര്‍ഗന്‍. ഏകദേശം 2,440 ആളുകള്‍ക്ക് കമ്പനി വിസ അനുവദിച്ചതായി യു.എസ് ഡാറ്റയെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. പുതിയ വിസ ചട്ടം പരിഭ്രാന്തി പരത്തിയതിന് പിന്നാലെ, പുതിയ വിസ അപേക്ഷകള്‍ക്കാണ് ഫീസ് ബാധകമാകുകയെന്നും നിലവിലുള്ള വിസ ഉടമകള്‍ അമേരിക്കയിലേക്ക് മടങ്ങിയെത്തുന്നതിനോ പുതുക്കുന്നതിനോ ഫീസ് ബാധകമല്ലെന്നും വൈറ്റ് ഹൗസ് പിന്നീട് വ്യക്തമാക്കിയിരുന്നു. ട്രംപിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഉഭയകക്ഷി വ്യാപാര കരാറിലെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പറഞ്ഞു.

'ഇന്ത്യയെ അമേരിക്കയുടെ സ്വാഭാവിക സുഹൃത്തായിട്ടാണ് ഞാന്‍ കാണുന്നത്. ഒരുമിച്ച് മുന്നോട്ടുപോകാന്‍ പ്രത്യേക ആഹ്വാനത്തിന്റെ ആവശ്യമുണ്ടെന്ന് കരുതുന്നില്ല; ഇരുരാജ്യങ്ങളും കൂടുതല്‍ ബന്ധങ്ങള്‍ കെട്ടിപ്പടുക്കാന്‍ സന്നദ്ധമാവണം,' ഡിമോണ്‍ കൂട്ടിച്ചേര്‍ത്തു. അമേരിക്കന്‍ ടെക് കമ്പനികളുടെ തലപത്ത് അടക്കം എച്ച് വണ്‍ ബി വിസയില്‍ എത്തിയ നിരവധി ഇന്ത്യക്കാരുണ്ട്.

1990കളിലാണ് യു.എസ് എച്ച്-വണ്‍ ബി വിസ സമ്പ്രദായം ആരംഭിച്ചത്. ലോകത്തുടനീളമുള്ള ഉയര്‍ന്ന വൈദഗ്ധ്യമുള്ള പ്രഫഷനലുകളെ അമേരിക്കയിലെ ടെക്‌നോളജി മേഖലയിലേക്ക് ആകര്‍ഷിക്കുകയായിരുന്നു പ്രധാന ലക്ഷ്യം. അന്ന് എച്ച്-വണ്‍ ബി വിസയില്‍ യു.എസിലേക്ക് വണ്ടികയറിയവരില്‍ പലരും ടെക് മേഖലയിലെ തലതൊട്ടപ്പന്‍മാരായി മാറിയിരിക്കുന്നു. അവരുടെ കൂട്ടത്തിലെ അതികായന്‍മാരാണ് ഇലോണ്‍ മസ്‌കും സുന്ദര്‍ പിച്ചൈയും സത്യ നദല്ലയുമൊക്കെ.

സാങ്കേതിക മേഖലയിലെ തങ്ങളുടെ സര്‍ഗാത്മകത മുഴുവന്‍ നല്‍കി അവര്‍ കെട്ടിപ്പടുത്ത കമ്പനികള്‍ ലോകമെങ്ങും വളര്‍ന്നു പന്തലിച്ചു. സിലിക്കണ്‍ വാലിയുടെ നിര്‍മാണത്തിലും, എ.ഐ, ക്ലൗഡ് കംപ്യൂട്ടിങ്, ഉപഭോക്തൃ സാങ്കേതികവിദ്യ എന്നിവയുടെ പുരോഗതിയിലും ഈ വിസകള്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. ഇപ്പോള്‍ ട്രംപ് ഭരണകൂടം പുതിയ എച്ച്-വണ്‍ ബി വിസ അപേക്ഷകര്‍ക്ക് ഒരുലക്ഷം ഡോളര്‍ ഫീസ് ചുമത്തിയ സാഹചര്യത്തില്‍ യു.എസ് ടെക് ആവാസ വ്യവസ്ഥയെ രൂപപ്പെടുത്തുന്നതില്‍ ഈ വിസ ഉടമകള്‍ വഹിച്ച നിര്‍ണായക പങ്ക് തിരിച്ചറിയേണ്ടത് അനിവാര്യമാണ്.