- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിജ്ജർ വധം സംബന്ധിച്ച ആരോപണങ്ങൾ ആഴ്ചകൾക്കു മുന്നേ ഇന്ത്യയെ അറിയിച്ചു; വിഷയത്തിൽ ഇന്ത്യയുമായി ക്രിയാത്മകമായി പ്രവർത്തിക്കും; നിലപാട് ആവർത്തിച്ചു ജസ്റ്റിൻ ട്രൂഡോ; തെൡവുണ്ടെന്ന് പറയുമ്പോഴും പുറത്തുവിടാതെ കാനഡ
ന്യൂഡൽഹി: ഖലിസ്താൻ നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകം സംബന്ധിച്ച നിലപാട് ആവർത്തിച്ചു കനേഡിയൻ പ്രസിഡന്റ് ജസ്റ്റിൻ ട്രൂഡോ. ആരോപണങ്ങൾ ആഴ്ചകൾക്കു മുന്നെത്തന്നെ വിഷയം ഇന്ത്യയെ അറിയിച്ചിരുന്നതായി കനേഡിയൻ പ്രസിഡന്റ് പറഞ്ഞു. ഗുരുതരമായ ഈ വിഷയത്തിൽ ഇന്ത്യയുമായി ക്രിയാത്മകമായി പ്രവർത്തിക്കുമെന്നും ട്രൂഡോ വ്യക്തമാക്കി. യുക്രൈൻ പ്രസിഡന്റ് വോളോദിമിർ സെലൻസ്‌കിയോടൊപ്പമുള്ള വാർത്താ സമ്മേളത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിശ്വസനീയമായ ആരോപണങ്ങളാണ് കാനഡ ഉന്നയിച്ചത്. ആഴ്ചകൾക്കു മുന്നെത്തന്നെ കാനഡ ഈ വിഷയം ഇന്ത്യയെ അറിയിച്ചിട്ടുണ്ട്. ഗൗരവതരമായ വിഷയത്തിൽ ഇന്ത്യ തങ്ങളോടൊപ്പം സഹകരിക്കണമെന്നും ട്രൂഡോ ആവശ്യപ്പെട്ടു. അതേസമയം നിജ്ജറിന്റെ വധവുമായി ബന്ധപ്പെട്ട തെളിവുകൾ ഇന്ത്യക്ക് കൈമാറാൻ ട്രൂഡോ സർക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
എന്നാൽ തങ്ങളുടെ പക്കൽ ആധികാരിക വിവരങ്ങളുണ്ടെന്നാണ് കാനഡയുടെ അവകാശവാദം. അന്താരാഷ്ട്ര രഹസ്യാന്വേഷണ സഖ്യമായ 'ഫൈവ് ഐ' നേരിട്ടും അല്ലാതെയും ശേഖരിച്ച ഇലക്ട്രോണിക് തെളിവുകളടക്കമുള്ള വിവരങ്ങൾ കനേഡിയൻ സർക്കാരിന് കൈമാറിയിട്ടുണ്ടെന്നാണ് സി.ബി.സി. (കനേഡിയൻ ബ്രോഡ്കാസ്റ്റ് കോർപ്പറേഷൻ) റിപ്പോർട്ട് ചെയ്തത്. ഈ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കാനഡയുടെ ആരോപണങ്ങൾ. യു.എസ്., യു.കെ., ഓസ്ട്രേലിയ, ന്യൂസീലൻഡ്, കാനഡ എന്നീ രാജ്യങ്ങളുടെ രഹസ്യാന്വേഷണ കൂട്ടായ്മയാണ് ഫൈവ് ഐസ്.
അതേസമയം നിജ്ജറിന്റെ വധത്തിൽ ഇന്ത്യൻ രഹസ്യാന്വേഷണ ഏജന്റുമാർക്ക് പങ്കുണ്ടെന്ന കാനഡയുടെ ആരോപണം അതിഗുരുതരമാണെന്ന് യു.എസ്. അറിയിച്ചു. ഇക്കാര്യത്തിൽ അന്വേഷണം വേണമെന്നും ഇന്ത്യക്കുമാത്രം പ്രത്യേക പരിഗണന നൽകാനാവില്ലെന്നും യു.എസിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവൻ പറഞ്ഞു.
അതേസമയം ഇന്ത്യയുമായുള്ള നയതന്ത്ര വിഷയത്തിൽ കാനഡയ്ക്ക് ലോക രാജ്യങ്ങളുടെ പിന്തുണ കിട്ടാത്തത് ചർച്ചകളിൽ നിറഞ്ഞിട്ടുണ്ട്. നയതന്ത്ര പ്രശ്നം പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും ട്രൂഡോ വ്യക്തമാക്കി. സഖ്യകകക്ഷികളായ പല പാശ്ചാത്യ രാജ്യങ്ങളും കാനഡയെ ശക്തമായി പിന്തുണച്ച് രംഗത്ത് വന്നില്ലെന്ന് ചർച്ച സജീവമാണ്. ഇന്ത്യയെ കടന്നാക്രമിക്കാൻ അമേരിക്കയും മുതിർന്നില്ല. തണുത്ത പ്രതികരണമാണ് പല രാജ്യങ്ങളും പ്രകടിപ്പിച്ചത്. ചൊവ്വാഴ്ച കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ യുഎൻ പൊതുസഭയെ അഭിമുഖീകരിക്കും. കാനഡ വിഷയത്തിലെ ഇന്ത്യയുടെ അതൃപ്തി അദ്ദേഹം ലോകരാഷ്ട്രങ്ങളെ അറിയിക്കുമെന്നാണ് കരുതുന്നത്.
ഇന്ത്യയ്ക്കെതിരെ കാനഡ ഉന്നയിച്ച ആരോപണത്തിൽ യുഎസ് ദേശീയ സുരക്ഷ ഉപദേഷ്ടാവ് ജെയ്ക് സള്ളിവൻ കടുത്ത ആശങ്ക രേഖപ്പെടുത്തിയിരുന്നു. ഇത്തരം കാര്യങ്ങളിൽ ഇന്ത്യയ്ക്കു മാത്രമായി പ്രത്യേക ഇളവ് നൽകാനാവില്ലെന്നും അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ അതിന് അപ്പുറത്തേക്ക് പ്രതികരണത്തിനൊന്നും അമേരിക്കയും തയ്യാറല്ല. ഇന്ത്യയ്ക്ക് അന്താരാഷ്ട്ര തലത്തിലുള്ള അംഗീകാരമാണ് ഇതിന് കാരണം. ആരും പരസ്യമായി ഇന്ത്യയെ തള്ളിപ്പറയാൻ ഒരുക്കമല്ല.
ട്രൂഡോയുടെ ആരോപണങ്ങളോടുള്ള ഇന്ത്യയുടെ പ്രതിഷേധക്കുറിപ്പും ഇന്ത്യയുടെ നടപടികളും മറ്റ് രാഷ്ട്രങ്ങളെ വിഷയത്തിൽ പുനർവിചിന്തനത്തിന് പ്രേരിപ്പിച്ചു. ഭരണം നിലനിർത്താനുള്ള ആഭ്യന്തര സമ്മർദ്ദമാണ് കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെ ഇന്ത്യക്കെതിരെ തിരിയാൻ പ്രേരിപ്പിച്ചതെന്ന് വിലയിരുത്തലും പല രാജ്യങ്ങൾക്കുമുണ്ട്. സിഖ് നേതാവ് ജഗ്മീത് സിങിന്റെ ന്യൂ ഡെമോക്രാറ്റിക് പാർട്ടിയുടെ നിർണായക പിന്തുണ ഉറപ്പിക്കാനാണ് ട്രൂഡോ ഇന്ത്യക്കെതിരെ തിരിഞ്ഞതെന്ന് പല രാജ്യങ്ങളും വിശ്വസിക്കുന്നുണ്ട്. അന്താരാഷ്ട്ര ഭീകരവാദം ചെറുക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് ക്വാഡ് രാഷ്ട്രങ്ങൾ സംയുക്ത പ്രസ്താവന ഇറക്കിയതും ഇന്ത്യക്ക് നേട്ടമാണ്.
മറുനാടന് ഡെസ്ക്