ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൂട് പിടിച്ചപ്പോൾ തമിഴ്‌നാട്ടിൽ കത്തിക്കയറുകയാണ് കച്ചത്തീവ് ദ്വീപ് വിഷയം. ഇന്ത്യൻ തീരത്ത് നിന്ന് 20 കിലോമീറ്ററോളം വടക്ക് മാറിയുള്ള തർക്കപ്രദേശമായ കച്ചത്തീവ്. തമിഴ് ഭാഷയിൽ 'തരിശു ദ്വീപ്' എന്നർത്ഥമാണ് ഈ വാക്കാണ് ഉള്ളത്. ഈ വിഷയം രാഷ്ട്രീയ പ്രചരണ വിഷയമായി മാറുന്നതിൽ വിമർശനവുമായി മുൻ വിദേശകാര്യ സെക്രട്ടറിമാർ രംഗത്തെത്തി. ഈ വിഷയത്തിൽ ഇപ്പോൾ നടക്കുന്നത് സെൽഫ്‌ഗോൾ അടിക്കലാണെന്നാണ് ഇവർ ഉയർത്തുന്ന വിമർശനം.

തമിഴ്‌നാട്ടിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ മുന്നേറ്റം ലക്ഷ്യമിട്ട് ബിജെപിയാണ് ഈ വിഷയം ഉന്നയിച്ചത്. പിന്നാലെ വിഷയം സ്റ്റാലിനും ഏറ്റുപിടിച്ചു. ഇതോടെയാണ് മുൻ വിദേശകാര്യ സെക്രട്ടറിമാർ വിമർശനവുമായി രംഗത്തുവന്നത്. കച്ചത്തീവ് വിഷയം രാഷ്ട്രീയ പ്രചാരണ വിഷയമാക്കിയാൽ സെൽഫ് ഗോളാകുമെന്ന് ശിവശങ്കർ മേനോനും ശ്രീലങ്കയുമായുള്ള ബന്ധത്തെ ബാധിക്കുമെന്ന് നിരുപമ റാവുവും മുന്നറിയിപ്പ് നൽകി. രാജ്യത്തിന്റെ വിശ്വാസ്യത ഇടിക്കുന്ന നടപടിയെന്നും ഇവർ പറയുന്നു. കേന്ദ്രത്തിൽ സർക്കാരുകൾ മാറുന്നതിനു അനുസരിച്ചുള്ള നിലപാടുമാറ്റം നല്ലതല്ലെന്ന് മുൻ ഹൈക്കമ്മീഷണർ അശോക് കാന്തയും അഭിപ്രായപ്പെട്ടു.

കച്ചത്തീവ് വിഷയത്തിൽ കോൺഗ്രസിനെയും ഡിഎംകെയെയും കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നേരിട്ടാണ് പ്രചാരണം തുടങ്ങിയത്. തമിഴ്‌നാട്ടിൽ ശക്തമായ രാഷ്ട്രീയ മുന്നേറ്റം ലക്ഷ്യമിട്ടാണ് ബിജെപിയുടെ നീക്കം. 1974ൽ കച്ചത്തീവ് ദ്വീപിൽ ശ്രീലങ്കയുടെ അവകാശം അംഗീകരിക്കാൻ പോകുന്നതായി തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന എം.കരുണാനിധിയെ വിദേശകാര്യ സെക്രട്ടറി അറിയിച്ചെന്ന റിപ്പോർട്ടാണ് നരേന്ദ്ര മോദിയും ബിജെപിയും ആയുധമാക്കിയത്. ഡിഎംകെയുടെ ഇരട്ടത്താപ്പ് പുറത്തുവന്നെന്നും മോദി കുറ്റപ്പെടുത്തിയിരുന്നു. കച്ചത്തീവ് ശ്രീലങ്കയ്ക്ക് കൈമാറിയതായി പറയാനാകില്ലെന്ന് 2015ൽ വിദേശകാര്യ സെക്രട്ടറിയായിരിക്കെ എസ് ജയശങ്കർ നൽകിയ മറുപടിയാണ് കോൺഗ്രസ് ആയുധമാക്കിയത്.

ഇന്ദിര ഗാന്ധി സർക്കാർ ഈ ദ്വീപ് ശ്രീലങ്കയുടെ സമ്മർദ്ദത്തിന് വഴങ്ങി ആ രാജ്യത്തിന് വിട്ടുകൊടുത്തു എന്നതാണ് ബിജെപി തിരഞ്ഞെടുപ്പ് കാലത്ത് കുത്തിപ്പൊക്കിയത്. ബിജെപി തമിഴ്‌നാട് അദ്ധ്യക്ഷൻ കെ അണ്ണാമലൈ വിവരാവകാശ രേഖയിലൂടെ നേടിയെടുത്ത രേഖകൾ ഉയർത്തിക്കാട്ടിയാണ് വാദം. ശ്രീലങ്ക സിലോൺ ആയിരുന്ന കാലത്തെ ഉള്ള തർക്കമാണിത്. സ്വാതന്ത്ര്യാനന്തരം, അന്നത്തെ റോയൽ ഇന്ത്യൻ നേവിക്ക് കച്ചത്തീവ് ദ്വീപിൽ തങ്ങളുടെ അനുമതിയില്ലാതെ പരിശീലനം നടത്താനാവില്ലെന്ന് ശ്രീലങ്ക കട്ടായം പറഞ്ഞതോടെയാണ് പതിറ്റാണ്ടുകളായുള്ള തർക്കം മൂർച്ഛിച്ചത്. 1955 ഒക്ടോബറിൽ സിലോൺ വ്യോമസേന ദ്വീപിൽ വ്യോമാഭ്യാസം നടത്തുകയും ചെയ്തു.

1961 ൽ പണ്ഡിറ്റ് ജവഹർലാൽ നെഹ്റു കച്ചത്തീവിന് മേലുള്ള അവകാശവാദം വിട്ടുകൊടുക്കാൻ താൻ മടിക്കില്ലെന്ന് പ്രസ്താവന നടത്തിയത് വിവാദമായി. ഈ പ്രസ്താവന ഇപ്പോൾ ബിജെപി ഉയർത്തിക്കാട്ടുന്നു. ദ്വീപിന് മേലുള്ള ഇന്ത്യയുടെ അവകാശവാദം ശ്രീലങ്കയുടേതിനേക്കാൾ ശക്തമാണെന്ന അറ്റോർണി ജനറൽ എം സി സെതൽവാദിന്റെ അഭിപ്രായവും വേണ്ട പോലെ മാനിച്ചില്ലെന്നാണ് ആരോപണം. 1968 ൽ പ്രതിപക്ഷം ഈ വിഷയത്തിൽ സമ്മർദ്ദം ശക്തമാക്കിയപ്പോൾ, ദ്വീപിന് മേലുള്ള അവകാശവാദവും, നല്ല ഉഭയകക്ഷി ബന്ധവും സമതുലിതമായി കൊണ്ടുപോകണമെന്നാണ് ഇന്ദിരാ ഗാന്ധി സർക്കാർ നിലപാട് സ്വീകരിച്ചത്.

അപ്പോഴേക്കും, ശ്രീലങ്ക ദ്വീപിൽ വ്യോമാഭ്യാസം നടത്തുകയു, തങ്ങളുടെ ഭൂപടത്തിൽ കച്ചത്തീവിനെ രേഖപ്പെടുത്തുകയും ചെയ്തിരുന്നു. 1973 ൽ കൊളംബോയിലെ വിദേശകാര്യ സെക്രട്ടറി തല ചർച്ചയ്ക്ക് ശേഷം ദ്വീപിന് മേലുള്ള അവകാശവാദം ഉപേക്ഷിക്കാൻ ഇന്ത്യ തീരുമാനിച്ച വിവരം അന്നത്തെ തമിഴ്‌നാട് മുഖ്യമന്ത്രി എം കരുണാനിധിയെ അറിയിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

തിരഞ്ഞെടുപ്പ് വിഷയമാക്കി മോദി

ശ്രീലങ്കയുടെ കൈവശമുള്ള കച്ചത്തീവ് ദ്വീപ് വിട്ടുനൽകാൻ ഇടയാക്കിയതു കോൺഗ്രസ് സർക്കാരിന്റെ പിടിപ്പുകേടാണെന്നു കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി വിമർശിച്ചിരുന്നു. ഇതാദ്യമായല്ല ഈ വിഷയം പ്രധാനമന്ത്രി എടുത്തുകാട്ടുന്നത്. 2023 ഓഗസ്റ്റ് 10ന് നടന്ന അവിശ്വാസ ചർച്ചയ്ക്കിടെ പാർലമെന്റിൽ നടത്തിയ പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കച്ചത്തീവ് ദ്വീപിനെക്കുറിച്ച് പരാമർശിച്ചിരുന്നു. ഇന്ത്യയുടെ ഭാഗമായിരുന്ന കച്ചത്തീവ് 1974ൽ ശ്രീലങ്കയ്ക്ക് വിട്ടുകൊടുത്തത് ഇന്ദിരാഗാന്ധി സർക്കാരാണെന്ന് മോദി പറഞ്ഞിരുന്നു.

നെഹ്റുവിന് എതിരെ എസ് ജയശങ്കർ

ശ്രീലങ്കയ്ക്കു കച്ചത്തീവ് കൈമാറാൻ ഇന്ത്യയുടെ ജവാഹർ ലാൽ നെഹ്റു ആഗ്രഹിച്ചിരുന്നതായി വിദേശകാര്യമന്ത്രി എസ്.ജയശങ്കർ ആരോപിച്ചു. ചെറിയൊരു ദ്വീപിലെ നമ്മുടെ അവകാശവാദം ഒഴിവാക്കുകയാണെന്നു നെഹ്റു പറഞ്ഞിട്ടുണ്ട്. പാർലമെന്റിൽ ഇത്തരം വിഷയങ്ങൾ വീണ്ടും വീണ്ടും ഉന്നയിക്കപ്പെടാൻ ഇഷ്ടപ്പെടുന്നില്ലെന്നും നെഹ്റു വ്യക്തമാക്കി. പണ്ഡിറ്റ് നെഹ്റുവിന് അതൊരു ചെറിയ ദ്വീപ് മാത്രമായിരുന്നു. കച്ചത്തീവിനെ ശല്യമായാണ് അദ്ദേഹം കണ്ടത്. അദ്ദേഹത്തെ സംബന്ധിച്ച്, എത്രയും നേരത്തേ അതു കൈമാറുന്നുവോ അത്രയും നല്ലതെന്നാണ് ചിന്തിച്ചത് ജയശങ്കർ പറഞ്ഞു.

നെഹറുവും, ഇന്ദിരാ ഗാന്ധിയും കച്ചത്തീവിനെ ചെറിയ പാറയായും, ചെറിയ ദ്വീപായും ഒക്കെയാണ് വിശേഷിപ്പിച്ചതെന്ന് ജയശങ്കർ കുറ്റപ്പെടുത്തി. ഈ വിഷയം പൊടുന്നനെ ഉയർന്നു വന്നതല്ല, എല്ലായപ്പോഴും സജീവമായിരുന്നു. തമിഴ്‌നാട് ജനതയെ നാളുകയായി ഈ വിഷയത്തിൽ വഞ്ചിച്ചുവരികയാണ്. പാർലമെന്റിൽ ഈ വിഷയം പലവട്ടം ഉന്നയിക്കപ്പെടുകയും, കേന്ദ്രവും, തമിഴ്‌നാട് സർക്കാരും തമ്മിൽ ആശയവിനിമയം നടക്കുകയും ചെയ്തിരുന്നു. ഈ വിഷയത്തിൽ താൻ തമിഴ്‌നാട് മുഖ്യമന്ത്രിക്ക് 21 തവണയെങ്കിലും മറുപടി പറഞ്ഞിട്ടുണ്ട്.

1974 ൽ അന്നത്തെ തമിഴ്‌നാട് മുഖ്യമന്ത്രി എം കരുണാനിധിയെ ഇന്ത്യ-ശ്രീലങ്ക കരാറിനെ കുറിച്ച് ഇന്ദിര സർക്കാർ ധരിപ്പിച്ചിരുന്നു. ഈ വിഷയത്തിൽ യാതൊരു ഉത്തരവാദിത്വവും ഇല്ലാത്ത മട്ടിലാണ് ഡിഎംകെയും കോൺഗ്രസും പരസ്യമായി പ്രതികരിക്കുന്നത്. കഴിഞ്ഞ 20 വർഷത്തിനിടെ 6,184 മത്സ്യത്തൊഴിലാളികളെയാണ് ശ്രീലങ്ക തടങ്കലിലാക്കിയത്. 1175 മത്സ്യബന്ധനയാനങ്ങളും പിടിച്ചെടുത്തു. ഈ വിഷയത്തിന് ശ്രീലങ്കൻ സർക്കാരുമായി ആലോചിച്ച് പരിഹാരം തേടേണ്ടതുണ്ടെന്നും ജയശങ്കർ പറഞ്ഞു. 1974 ലെ കരാറിനെയാണ് ജയശങ്കർ ഈ സ്ഥിതിവിശേഷത്തിന് കാരണമായി കരുതുന്നത്.

കച്ചത്തീവ് കൈവിട്ടുപോയത് എങ്ങനെ?

പാക് കടലിടുക്കിലാണ് ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയിലുള്ള കച്ചത്തീവ്. നിലവിൽ ഇവിടെ സ്ഥിരതാമസമില്ല. 14-ാം നൂറ്റാണ്ടിലെ അഗ്നിപർവ്വത സ്‌ഫോടനം മൂലമുണ്ടായ 285 ഏക്കർ ജനവാസമില്ലാത്ത ദ്വീപാണ്. മധ്യകാലഘട്ടത്തിന്റെ തുടക്കത്തിൽ, ശ്രീലങ്കയിലെ ജാഫ്ന രാജ്യത്തിന്റെ നിയന്ത്രണത്തിലായിരുന്നു ദ്വീപ്. പതിനേഴാം നൂറ്റാണ്ടിൽ രാമേശ്വരത്ത് നിന്ന് ഏകദേശം 55 കിലോമീറ്റർ വടക്കുപടിഞ്ഞാറായി രാമനാഥപുരം കേന്ദ്രീകരിച്ച് രാമനാട് ജമീന്ദാരിക്ക് നിയന്ത്രണം കൈമാറി.

1921-ൽ ശ്രീലങ്ക കച്ചത്തീവിൽ അവകാശവാദം ഉന്നയിക്കാൻ തുടങ്ങി. തർക്കത്തിനൊടുവിൽ 1974-ൽ കച്ചത്തീവ് ദ്വീപിന് അവകാശവാദം ഉന്നയിക്കേണ്ടതില്ലെന്ന് ഇന്ദിര ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ സർക്കാർ ഔദ്യോഗികമായി തീരുമാനിച്ചു. ഇന്ന്, ദ്വീപ് നിയന്ത്രിക്കുന്നത് ശ്രീലങ്കയാണ്. ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്ക് ദ്വീപ് മത്സ്യബന്ധനത്തിന് ഉപയോഗിക്കാം എന്നത് മാത്രമായിരുന്നു അന്നത്തെ ആ കരാറിൽ ഇന്ത്യക്ക് അനുകൂലമായ കാര്യം. എന്നാൽ, 1976 ൽ ഇന്ദിരാഗാന്ധി ഒപ്പുവെച്ച പുതിയ കരാർ പ്രകാരം ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്ക് കച്ചത്തീവ് ദ്വീപ് ഉപയോഗിക്കാൻ കഴിയില്ല.

"ഇരു രാജ്യങ്ങളും പ്രത്യേക സാമ്പത്തിക മേഖലകൾ സ്ഥാപിക്കുന്നതോടെ, ഇന്ത്യയും ശ്രീലങ്കയും അതത് മേഖലകളിലെ ജീവനുള്ളതും അല്ലാത്തതുമായ വിഭവങ്ങളിൽ പരമാധികാരം വിനിയോഗിക്കും. ഇന്ത്യയിലെ മത്സ്യബന്ധന യാനങ്ങളും മത്സ്യത്തൊഴിലാളികളും ആ പ്രദേശത്തെ ജലത്തിലും കടലിലും ശ്രീലങ്കയുടെ പ്രത്യേക സാമ്പത്തിക മേഖലയിലും മത്സ്യബന്ധനത്തിൽ ഏർപ്പെടരുത്, കൂടാതെ ശ്രീലങ്കയിലെ മത്സ്യബന്ധന കപ്പലുകളും മത്സ്യത്തൊഴിലാളികളും ആ പ്രദേശത്തെ കടലിൽ മത്സ്യബന്ധനത്തിൽ ഏർപ്പെടരുത്'-കരാറിലെ വ്യവസ്ഥ ദോഷകരമായി ബാധിച്ചത് ഇന്ത്യൻ മത്സ്യത്തൊഴിലാളികളെയാണ്. ഇപ്പോൾ, ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്ക് വിശ്രമിക്കാനും വല ഉണക്കാനും ദ്വീപിലെ ഏകെ കെട്ടിടമായ സെന്റ് ആന്റണീസ് കത്തോലിക്ക പള്ളിയിലെ പെരുന്നാളിനും മാത്രമേ ദ്വീപ് ഉപയോഗിക്കാൻ അനുവാദമുള്ളൂ. മത്സ്യബന്ധനത്തിന് ദ്വീപ് ഉപയോഗിക്കാൻ സാധിക്കില്ല. സെന്റ് ആന്റണീസ് പള്ളി പെരുന്നാളിന് ഇരു രാജ്യങ്ങളിൽ നിന്നുമുള്ള ഭക്തർ തീർത്ഥാടനം നടത്തുന്നു. കഴിഞ്ഞ വർഷം രാമേശ്വരത്ത് നിന്ന് 2500 ഇന്ത്യക്കാരാണ് കച്ചത്തീവിലെ പെരുന്നാളിന് എത്തിയത്.