- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ടു തവണ ട്രംപ് ജയിച്ചുകയറിയ അയോവ സംസ്ഥാനത്ത് കമല ഹാരിസിന് ലീഡ്; അഭിപ്രായ വോട്ടെടുപ്പില്‍ മൂന്നുപോയിന്റ് ലീഡ് എന്ന് കേട്ടപ്പോള്‍ ഞെട്ടി റിപ്പബ്ലിക്കന്‍ പാര്‍ട്ടി; പോള്‍ വ്യാജമെന്ന് ആരോപിച്ച് ട്രംപ്; ഇരുസ്ഥാനാര്‍ഥികളും ഗൗനിക്കാതിരുന്ന അയോവയും സ്വിങ് സ്‌റ്റേറ്റ് ആകുമോ?
അയോവ സംസ്ഥാനത്ത് കമല ഹാരിസിന് ലീഡ്
വാഷിങ്ടണ്‍: ഡൊണള്‍ഡ് ട്രംപ് രണ്ടുവട്ടം ജയിച്ച അയോവ സംസ്ഥാനത്ത് കമല ഹാരിസിന് ലീഡ് എന്ന വാര്‍ത്ത റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ ഞെട്ടിച്ചിരിക്കുകയാണ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള പ്രൈമറികളില്‍ ഡെമോക്രാറ്റുകളും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും കാര്യമായി ഗൗനിക്കാതിരുന്ന സംസ്ഥാനം ഇപ്പോള്‍ ഒരു സ്വിങ് സ്‌റ്റേറ്റ് ആകാനുള്ള സാധ്യതയാണ് കാണുന്നത്.
ഡെസ് മോയിന്‍സ് രജിസ്റ്റര്‍ പത്രം നടത്തിയ ഓടുവിലത്തെ പോളിലാണ് ട്രംപിനെതിരെ ഹാരിസ് ലീഡ് ചെയ്യുന്നത്. കമലയ്ക്ക് 47 ശതമാനവും, ട്രംപിന് 44 ശതമാനവും. സ്ത്രീകളുടെയും സ്വതന്ത്ര വോട്ടര്‍മാരുടെയും പിന്തുണയാണ് കമലയെ തുണച്ചത്. പോള്‍ ഫലം വ്യാജമെന്നും കെട്ടിച്ചമച്ചതെന്നും ട്രംപ് പ്രധാന പോരാട്ടം നടക്കുന്ന പെന്‍സില്‍വാനിയയിലെ റാലിയില്‍ പ്രതികരിച്ചു. ' എന്റെ ശത്രുക്കളില്‍ ഒരാള്‍ ഒരു പോള്‍ നടത്തിയിട്ട് ഞാന്‍ മൂന്നുപോയിന്റ് പിന്നിലെന്ന് പറയുന്നു. അയോവ സെനറ്റര്‍ ജോണി ഏണസ്റ്റ് എന്നെ വിളിച്ച് പറഞ്ഞു, നിങ്ങള്‍ അയോവയില്‍ തകര്‍ക്കുകയാണെണ്. കര്‍ഷകര്‍ എന്നെ സ്‌നേഹിക്കുന്നു, ഞാന്‍ അവരെയും' -ട്രംപ് പറഞ്ഞു.
ഏഴ് സ്വിങ് സംസ്ഥാനങ്ങളായി അറിയപ്പെടുന്നത് അരിസോണ, മിഷിഗണ്‍, നെവാഡ, നോര്‍ത്ത് കരോലിന, പെന്‍സില്‍വാനിയ, വിസ്‌കോന്‍സിന്‍ എന്നിവയാണ്. നാളെ നടക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണത്തില്‍ ഇരുസ്ഥാനാര്‍ഥികളും കാര്യമായി പരിഗണിക്കാത്ത സംസ്ഥാനമാണ് അയോവ. പൊതുവെ ട്രംപിനെ അനുകൂലിക്കുന്ന ഈ സംസ്ഥാനം ഇപ്പോള്‍ മാറി ചിന്തിക്കുന്നോ എന്നാണ് അറിയേണ്ടത്.
നാളെ നടക്കുന്ന വോട്ടെടുപ്പിന് മുന്നോടിയായി 7 കോടിയിലേറെ വോട്ടര്‍മാര്‍ ഇതിനകം വോട്ടുചെയ്തുകഴിഞ്ഞു. അയോവയിലെ അഭിപ്രായ വോട്ടെടുപ്പ് ഒക്ടോബര്‍ 28 നും 31 നും മധ്യേയാണ് നടത്തിയതെന്ന് ഡെസ് മോയിന്‍സ് രജിസ്റ്റര്‍ പരഞ്ഞു. സ്ത്രീകള്‍, പ്രത്യകിച്ചും 65 വയസായവരും അതില്‍ കൂടുതലുള്ളവരും, പാര്‍ട്ടി ചായ് വില്ലെന്ന് അവകാശപ്പെടുന്നവരുമാണ് കമല ഹാരിസിനോട് കൂറ് പുലര്‍ത്തുന്നതെന്നാണ് അഭിപ്രായ വോട്ടെടുപ്പില്‍ പറയുന്നത്. മുതിര്‍ന്ന സ്ത്രീകള്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ഥിയെയാണ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയേക്കാള്‍ പിന്തുണയ്ക്കുന്നത്. 28 എതിരെ 63 ശതമാനം. പാര്‍ട്ടി ചായ് വില്ലാത്ത സ്വതന്ത്രരും കമലയെ പിന്തുണയ്ക്കുന്നു. 29 നെതിരെ 57 ശതമാനം. പുരുഷന്മാര്‍, അയോവയിലെ കര്‍ഷകര്‍, സുവിശേഷകര്‍ എന്ന് സ്വയം വിശേഷിപ്പിക്കുവര്‍- ഇവര്‍ക്കിടയില്‍ ട്രംപ് വലിയ ഭൂരിപക്ഷം നിലനിര്‍ത്തുന്നു.
കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും അയോവയില്‍ 10 പോയിന്റിന് അടുത്താണ് ട്രംപ് ജയിച്ചുകയറിയത്. എന്നാല്‍, ഇതൊരു റിപ്പബ്ലിക്കന്‍ ശക്തികേന്ദ്രമായി കണക്കാക്കാനാവില്ല. ബരാക് ഒബാമ 2008 ലും 2012 ലും അയോവ പിടിച്ചിരുന്നു.