- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കീര്‍ സ്റ്റാര്‍മാരുടെ റേറ്റിങ് ചരിത്രത്തില്‍ ഏറ്റവും താഴ്ന്ന നിലയില്‍; പ്രധാനമന്ത്രി രാജി വയ്ക്കണമെന്ന് ആവശ്യപ്പെടുന്നവരുടെ എണ്ണം കൂടുന്നു; അടുത്ത മെയ്ക്ക് മുന്‍പ് സ്റ്റര്‍മാര്‍ മന്ത്രിസഭാ വീഴുമെന്ന് സൂചനകള്‍; ഇടക്കാല തെരഞ്ഞെടുപ്പില്‍ രാജ്യം പിടിക്കാന്‍ റിഫോം യുകെ
കീര്‍ സ്റ്റാര്‍മാരുടെ റേറ്റിങ് ചരിത്രത്തില്‍ ഏറ്റവും താഴ്ന്ന നിലയില്‍
ലണ്ടന്‍: ലേബര്‍ പാര്‍ട്ടിയുടെ ഉപനേതാവിനെ കണ്ടെത്താനുള്ള മത്സരത്തില്‍ മുന്‍ നിരയിലുള്ള ലൂസി പവലിന്റെ കടുത്ത വിമര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ യു ഗവ് നടത്തിയ ഏറ്റവും പുതിയ അഭിപ്രായ സര്‍വ്വേയില്‍ ഇതുവരെയുള്ളതില്‍ വെച്ച് ഏറ്റവും കുറഞ്ഞ സ്‌കോറാണ് ജനപ്രീതിയുടെ കാര്യത്തില്‍ പ്രധാനമന്ത്രി സ്റ്റാര്‍മര്‍ നേടിയത്. കടുത്ത പ്രതിസന്ധികളിലൂടെ കടന്നു പോയ ഒരാഴ്ചയ്ക്ക് ശേഷം സ്റ്റാര്‍മറിന്റെ ജനപ്രീതി ഇടിഞ്ഞ് മൈനസ് 50 ല്‍ എത്തി. രണ്ടാഴ്ച മുന്‍പ് നടന്ന മന്ത്രിസഭ പുനസംഘടനയില്‍ പുറത്താക്കിയ ലൂസി പവല്‍, സര്‍ക്കാര്‍ തങ്ങള്‍ക്കൊപ്പമാണെന്ന വിശ്വാസം പൊതുജനങ്ങള്‍ക്ക് നഷ്ടപ്പെട്ടു എന്ന് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
ഏയ്ഞ്ചല റെയ്നാര്‍ രാജിവെച്ച ഒഴിവിലേക്ക് മത്സരിക്കുന്നവരില്‍ വ്യക്തമായ മുന്‍തൂക്കം ലൂസി പവലിന് തന്നെയാണ്. പ്രധാനമന്ത്രിയുടെ പിന്തുണയുള്ള എഡ്യൂക്കെഷന്‍ സെക്രട്ടറി ബ്രിജിറ്റ് ഫിലിപ്‌സണിനേക്കാള്‍ ഏറെ മുന്നിലാണ് പവല്‍ എന്നത് കഴിഞ്ഞയാഴ്ച നടത്തിയ ഒരു സര്‍വേയില്‍ കണ്ടെത്തിയിരുന്നു. കുട്ടി പീഢകനായ ജെഫ്രി എപ്സ്റ്റീന് എഴുതിയ ഈമെയിലുകള്‍ പുറത്തു വന്നതോടെ അമേരിക്കന്‍ അമ്പാസിഡര്‍ ലോര്‍ഡ് മാന്‍ഡെല്‍സണിനെ പുറത്താക്കിയതോടെ സ്റ്റാര്‍മര്‍ക്ക് നേരെയുള്ള വിമര്‍ശനം കൂടുതല്‍ ശക്തമായിട്ടുണ്ട്. ഏകദേശം പത്തോളം എം പിമാര്‍ തങ്ങള്‍ക്ക് സ്റ്റാര്‍മറില്‍ വിശ്വാസം നഷ്ടപ്പെട്ടതായി അറിയിച്ചിട്ടുണ്ട് എന്നാണ് അറിയുന്നത്.
താനുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് ഒരു ഇടവേളയൊരുക്കുവാന്‍ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ ഔദ്യോഗിക സന്ദര്‍ശനത്തിന് കഴിയുമെന്ന പ്രതീക്ഷയിലാണ് പ്രധാനമന്ത്രി ഇപ്പോള്‍. പവല്‍ ഒരു തീപ്പന്തമായി കത്തി നില്‍ക്കുന്നതിനാല്‍ തന്നെ ഈ മാസം അവസാനത്തോടെ നടക്കുന്ന ലേബര്‍ പാര്‍ട്ടി സമ്മേളനത്തില്‍ സ്റ്റാര്‍മറുടെ ഭാവിയെ തന്നെ സ്വാധീനിക്കാവുന്ന തരത്തിലുള്ള ചോദ്യങ്ങളും വിമര്‍ശനങ്ങളും ഉയരുമെന്ന് ഉറപ്പാണ്. മാത്രമല്ല, ഒക്ടോബര്‍ അവസാനത്തോടെ പാര്‍ട്ടി ഉപനേതാവിനെ തിരഞ്ഞെടുക്കേണ്ടതുമുണ്ട്. മത്സരത്തില്‍ വിജയിച്ചാല്‍, ഈ മന്ത്രിസഭയിലേക്ക് തിരികെ പോകില്ലെന്ന് പവല്‍ വ്യക്തമാക്കിയിട്ടുമുണ്ട്.
അതിനിടയില്‍, ഇപ്പോള്‍ സ്റ്റാര്‍മര്‍ക്കെതിരായി പ്രത്യക്ഷമായ അടിയൊഴുക്കുകള്‍ ഒന്നും തന്നെയില്ലെങ്കിലും, പാര്‍ട്ടിക്കുള്ളിലെ ഇടതുപക്ഷത്തിന്റെ വക്താവായ റിച്ചാര്‍ഡ് ബര്‍ഗണ്‍ എം പി കഴിഞ്ഞ ദിവസം പറഞ്ഞത്, അടുത്ത വര്‍ഷത്തെ തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിക്ക് നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ 2026 മെയ് ആകുമ്പോഴേക്കും സ്റ്റാര്‍മര്‍ സ്ഥാനം ഒഴിയേണ്ടതായി വരും എന്നാണ്. എന്നാല്‍, മന്ത്രിസഭയുടെ പൂര്‍ണ്ണ പിന്തുണയും, പാര്‍ട്ടിയിലെ ഭൂരിപക്ഷത്തിന്റെ പിന്തുണയും സ്റ്റാര്‍മര്‍ക്ക് ഉള്ളപ്പോള്‍ ഇതെങ്ങനെ സാധ്യമാകും എന്നതിനെ കുറിച്ച് സംശയങ്ങളും ഉയരുന്നുണ്ട്.
പാര്‍ട്ടി നേതൃസ്ഥാനത്ത് നിന്നും സ്റ്റാര്‍മറെ മാറ്റണമെങ്കില്‍ ചുരുങ്ങിയത് 20 ശതമാനം ലേബര്‍ എം പിമാരെങ്കിലും അതിന് ആവശ്യപ്പെടണം. ഇന്നത്തെ സീറ്റ് നിലയനുസരിച്ച് 80 ലേബര്‍ എം പിമാര്‍ പിന്തുണച്ചാല്‍ മാത്രമെ സ്റ്റാര്‍മര്‍ക്കെതിരെ അവിശ്വാസം കൊണ്ടുവരാന്‍ കഴിയുകയുള്ളു. മാത്രമല്ല, കീര്‍ സ്റ്റാര്‍മര്‍ക്ക് എതിരെ നിര്‍ത്തുന്ന ആള്‍ പാര്‍ലമെന്റ് അംഗം ആയിരിക്കണം എന്നുണ്ട്. അതായത്, ഗ്രെയ്റ്റര്‍ മാഞ്ചസ്റ്റര്‍ മേയര്‍ ആന്‍ഡി ബേണ്‍ഹാമിനേ പോലുള്ളവര്‍ക്ക് സാധ്യതയുണ്ടാവില്ല എന്നര്‍ത്ഥം. മാത്രമല്ല, ഇത്രയധികം എം പിമാരുടെ വോട്ട് ആവശ്യമായതിനാല്‍ ഇത്തരമൊരു നീക്കം പ്രായോഗികമാവില്ല.
യു കെ ഭരണഘടന അനുസരിച്ച്, മന്ത്രിസഭ ജനപ്രതിനിധി സഭയുടെ വിശ്വാസ്യത നേടേണ്ടതുണ്ട്. ഈ വഴിയില്‍ പുറത്താക്കണമെങ്കില്‍, പ്രതിപക്ഷ നേതാവ് സഭയില്‍ ഒരു അവിശ്വാസ പ്രമേയം കൊണ്ടുവരണം. ഏറ്റവും അവസാനം ഇങ്ങനെ സംഭവിച്ചത് 1979 ല്‍ ആയിരുന്നു. അതല്ലെങ്കില്‍, സ്ഥാനത്തിന് നേരെ വെല്ലുവിളി ഉയരുമ്പോള്‍ പ്രധാനമന്ത്രിക്ക് വിശ്വാസ പ്രമേയം കൊണ്ടുവരാം. 1993 ല്‍ ജോണ്‍ മേജര്‍ അങ്ങനെ ചെയ്തിട്ടുണ്ട്. അവിശ്വാസ പ്രമേയത്തെ അതിജീവിച്ചാലും, 2022 ല്‍ ബോറിസ് ജോണ്‍സന്റെ കാലത്ത് സംഭവിച്ചതുപോലെ, മന്ത്രിമാര്‍ കൂട്ടത്തോടെ രാജിവെച്ച് പ്രധാനമന്ത്രിയെ സമ്മര്‍ദ്ദത്തിലാക്കാം.
അതിനിടയില്‍ അടുത്ത മെയ് മാസത്തില്‍ തെരഞ്ഞെടുപ്പ് നടക്കാന്‍ ഇരിക്കുന്ന വെയ്ല്‍സില്‍ ലേബര്‍ പാര്‍ട്ടി ഗുരുതര പ്രതിസന്ധിയിലാണ്. പാര്‍ട്ടിക്ക് ഫസ്റ്റ് മിനിസ്റ്റര്‍ റോള്‍ നഷ്ടപ്പെടും എന്ന് തന്നെയാണ് സര്‍വ്വേഫലങ്ങള്‍ കാണിക്കുന്നത്. ഇവിടെയും ലേബറിന് പ്രധാന വെല്ലുവിളി ഉയര്‍ത്തുന്നത് നെയ്ജല്‍ ഫരാജിന്റെ റിഫോം യു കെ പാര്‍ട്ടിയാണ്. അടുത്തിടെ നടത്തിയ ഒരു അഭിപ്രായ സര്‍വേയില്‍ 29 പോയിന്റ് നേടി റിഫോം യു കെ രണ്ടാം സ്ഥാനത്ത് എത്തിയപ്പോള്‍, 14 പോയിന്റോടെ മൂന്നാം സ്ഥാനത്ത് എത്താന്‍ മാത്രമാണ് ലേബറിന് കഴിഞ്ഞത്.