ലണ്ടന്‍: ബ്രിട്ടീഷ് ജനതയ്ക്കിടയില്‍ പ്രധാനമന്ത്രി സര്‍ കീര്‍ സ്റ്റാര്‍മറുടെ ജനപ്രീതിയില്‍ വന്‍ ഇടിവുണ്ടായതായി പുതിയ അഭിപ്രായ സര്‍വ്വേഫലം. ഒപ്പീനിയം നടത്തിയ സര്‍വ്വേയില്‍ കഴിഞ്ഞ ജൂലായ് മുതല്‍ സര്‍ കീര്‍ സ്റ്റാര്‍മറുടെ ജനപ്രീതിയില്‍ 45 പോയിന്റുകളുടെ ഇടിവുണ്ടായി എന്നാണ് ഫലം. ലേബര്‍ പാര്‍ട്ടിയേയും സര്‍ക്കാരിനെയും ഞെട്ടിപ്പിച്ചു കൊണ്ട്, വെറും 24 ശതമാനം വോട്ടര്‍മാര്‍ മാത്രമാണ് ഇപ്പോള്‍ സ്റ്റാര്‍മര്‍ പ്രധാനമന്ത്രി എന്ന നിലയില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കും എന്ന് വിശ്വസിക്കുന്നത് എന്നും കണ്ടെത്തി.

പകുതിയോളം പേര്‍ (50 ശതമാനം) അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തെ കുറിച്ച് വിപരീതാഭിപ്രായമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതോടെ അദ്ദേഹത്തിന്റെ ആകെയുള്ള റേറ്റിംഗ് മൈനസ് 26 ശതമാനമായി. പ്രധാനമന്ത്രിയായി ചുമതല ഏറ്റെടുത്ത ജൂലായ് മാസത്തില്‍ സ്റ്റാര്‍മറുടെ റേറ്റിംഗ് പ്ലസ് 19 ശതമാനം ആയിരുന്നു എന്നതോര്‍ക്കണം. ഇപ്പോള്‍, മൈനസ് 25 ശതമാനം റേറ്റിംഗ് ഉള്ള ഋഷി സുനകിന്റെ പുറകിലാണ് ജനപ്രീതിയുടെ കാര്യത്തില്‍ പ്രധാനമന്ത്രി എന്നതാണ് ലേബര്‍ വൃത്തങ്ങളെ ആശങ്കയിലാഴ്ത്തുന്നത്. ലിവര്‍പൂളില്‍ പാര്‍ട്ടിയുടെ വാര്‍ഷിക സമ്മേളനം നടക്കുന്നതിനിടയിലാണ് ഇത്തരത്തിലൊരു സര്‍വ്വേഫലം പുറത്തുവരുന്നത് എന്നത് നേതൃ നിരക്ക് ഏറെ ആശങ്കയുളവാക്കുന്നു.

പകുതില്‍ അല്പം താഴെയാളുകള്‍ (45 ശതമാനം) സ്റ്റാര്‍മര്‍ക്കും ലേബര്‍ പാര്‍ട്ടിക്കും എതിരെ കടുത്ത പ്രതിഷേധമാണ് രേഖപ്പെടുത്തിയത്. ജൂലായില്‍ പാര്‍ട്ടി അധികാരത്തിലേറിയതിന് ശേഷം ഇപ്പോള്‍ വരെയുള്ള കാലയളവിലാണ് ഈ അഭിപ്രായം രൂപപ്പെട്ടിരിക്കുന്നത്. സര്‍ക്കാരിന്റെ ആദ്യ ചില മാസങ്ങള്‍ക്കുള്ളില്‍ തന്നെ സര്‍ക്കാരിന് മികവ് തെളിയിക്കാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നത് 27 ശതമാനം പേര്‍ മാത്രമാണ്. അതേസമയം 57 ശതമാനം പേര്‍ വിശ്വസിക്കുന്നത് ഈ സര്‍ക്കാര്‍ ഒരു പരാജയം ആകുമെന്നാണ്. 2024 ല്‍ ലേബര്‍ പാര്‍ട്ടിക്ക് വോട്ട് ചെയ്തവരില്‍ മൂന്നിലൊരാള്‍ (32 ശതമാനം) വീതം വിശ്വസിക്കുന്നതും സര്‍ക്കാര്‍ പരാജയമാണെന്നാണ്.

ഏകദേശം 10 ദശലക്ഷം വരുന്ന പെന്‍ഷന്‍കാരുടെ വിന്റര്‍ ഫ്യുവല്‍ പേയ്മെന്റ് നിര്‍ത്തലാക്കാനുള്ള തീരുമാനമാണ് ഇത്രയധികം തിരിച്ചടിച്ചത് എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പൊതുവെ വിലയിരുത്തുന്നത്. മാത്രമല്ല, വരുന്ന ബജറ്റില്‍ കൂടുതല്‍ കടുത്ത നടപടികള്‍ ഉണ്ടാകും എന്ന പ്രഖ്യാപനവും ഇതില്‍ വലിയൊരു പങ്ക് വഹിച്ചതായി അവര്‍ പറയുന്നു.

ലേബര്‍ സര്‍ക്കാര്‍ മുന്‍ സര്‍ക്കാരിനെകാള്‍ നല്ല പ്രകടനം കാഴ്ച വയ്ക്കുന്നു എന്ന് 30 ശതമാനം പേര്‍ വിശ്വസിക്കുമ്പോള്‍ 34 ശതമാനം പേര്‍ വിപരീതമായി ചിന്തിക്കുന്നവരാണ്. ലേബര്‍ പാര്‍ട്ടിക്കുള്ളിലെ ഐക്യം തകര്‍ന്നു എന്ന് 37 ശതമാനം പേര്‍ ചിന്തിക്കുമ്പോള്‍ അങ്ങനെയല്ല എന്ന് ചിന്തിക്കുന്നവര്‍ 32 ശതമാനം മാത്രമാണെന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്തിനിടയില്‍ 1 ലക്ഷം പൗണ്ട് മൂല്യം വരുന്ന സമ്മാനങ്ങള്‍ കീര്‍ സ്റ്റാര്‍മര്‍ സ്വീകരിച്ചുവെന്നുള്ള വിവാദം കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് ഉയര്‍ന്ന് വന്നതായിരിക്കാം ഇത്തരത്തില്‍ ചിന്തിക്കാന്‍ ലേബര്‍ വോട്ടര്‍മാരെ പ്രേരിപ്പിച്ചതെന്ന് വിലയിരുത്തപ്പെടുന്നു.