പ്യോംങ്യാംഗ്: ഉത്തരകൊറിയയിലെ ഭരണകക്ഷിയായ വര്‍ക്കേഴ്സ് പാര്‍ട്ടിയുടെ എണ്‍പതാം വാര്‍ഷികാഘോഷ പരിപാടികള്‍ സ്വന്തം ശക്തിപ്രകടനമാക്കി മാറ്റി ഭരണാധികാരിയായ കിംജോങ് ഉന്‍. ചൈനീസ് പ്രധാനമന്ത്രി ലി ക്വിയാങ്ങ്, റഷ്യയുടെ മുന്‍ പ്രസിഡന്റ് ദിമിത്രി മെദ്വദേവ് എന്നിവര്‍ ഉള്‍പ്പെടെ നിരവധി പ്രമുഖരാണ് പരിപാടികളില്‍ പങ്കെടുക്കാനായി എത്തിയത്.

എതിരാളികളില്‍ നിന്ന് കടുത്ത രാഷ്ട്രീയ, സൈനിക സമ്മര്‍ദ്ദം നേരിടുമ്പോഴും സോഷ്യലിസ്റ്റ് ശക്തികളുടെ വിശ്വസ്ത അംഗമെന്ന നിലയില്‍ ഉത്തരകൊറിയയുടെ അന്താരാഷ്ട്ര അന്തസ്സ് അനുദിനം വളരുകയാണെന്നാണ് കിംജോങ് ഉന്‍ ചടങ്ങില്‍ പ്രസംഗിച്ചത്. ചടങ്ങിനെത്തിയ അതിഥികള്‍ക്ക് വന്‍ വരവേല്‍പ്പ് നല്‍കിയാണ് ഉത്തരകൊറിയ സ്വീകരിച്ചത്. വമ്പന്‍ വെടിക്കെട്ട് ഉള്‍പ്പെടെയുള്ള പരിപാടികളാണ് അതിഥികള്‍ക്കായി ഒരുക്കിയിരുന്നത്.

ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുകയാണ്. വിയറ്റ്നാമിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മേധാവി ടോ ലാം, ലാവോസ് പ്രസിഡന്റ് തോങ്‌ലൗണ്‍ സിസൗലിത്ത് തുടങ്ങിയ മറ്റ് സോഷ്യലിസ്റ്റ് രാജ്യങ്ങളില്‍ നിന്നുള്ള നേതാക്കളും വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ വാര്‍ഷികം ആഘോഷിക്കാനായി ഉത്തര കൊറിയയില്‍ എത്തിയിരുന്നു. ഈ വര്‍ഷത്തെ ആഘോഷങ്ങള്‍ രാജ്യത്തിന്റെ നയതന്ത്ര ബന്ധങ്ങളെ മെച്ചപ്പെടുത്താന്‍ കൂടി ലക്ഷ്യമിട്ടുള്ളതാണ് എന്നാണ് കരുതപ്പെടുന്നത്. ചൈനീസ് പ്രധാനമന്ത്രിയുടെ സാന്നിധ്യം ഇതാണ് സൂചിപ്പിക്കുന്നതെന്നാണ് പല നയതന്ത്ര വിദഗ്ധരും ചൂണ്ടിക്കാട്ടുന്നത്.

ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ രണ്ടാം സ്ഥാനക്കാരനാണ് ലി. 2019 ല്‍ ഷി ജിങ്ങ്പിങ്ങ് ഉത്തര കൊറിയയിലേക്ക് പോയതിന് ശേഷം ഇതാദ്യമായിട്ടാണ് ചൈനയിലെ ഉന്നതനായ ഒരു നേതാവ് ഇവിടം സന്ദര്‍ശിക്കുന്നത്. കഴിഞ്ഞ മാസം, രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാനത്തില്‍ ജപ്പാന്‍ ഔപചാരികമായി കീഴടങ്ങിയതിന്റെ 80-ാം വാര്‍ഷികത്തോടനുബന്ധിച്ച് ചൈനയില്‍ നടന്ന സൈനിക പരേഡില്‍, ഷിജിങ് പിങ്ങിനും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമൊപ്പം കിം ജോങ് ഉന്നും പങ്കെടുത്തിരുന്നു.

ലോക നേതാക്കളുടെ ഒരു അന്താരാഷ്ട്ര സമ്മേളനത്തില്‍ ഉ്ത്തരകൊറിയന്‍ നേതാവ് ആദ്യമായി പങ്കെടുത്തതും ഈ പരിപാടിയിലായിരുന്നു.

യുക്രെയ്‌നിനെതിരായ ആക്രമണത്തില്‍ റഷ്യയെ സഹായിക്കാന്‍ ഉത്തരകൊറിയ 15,000 സൈനികരെ അയച്ചതോടെ, പുടിനുമായുള്ള കിമ്മിന്റെ സഖ്യം വെളിപ്പെട്ടിരുന്നു. 2024-ല്‍ ഇരു രാജ്യങ്ങള്‍ക്കുമെതിരെ 'ആക്രമണം' ഉണ്ടായാല്‍ പരസ്പരം സഹായിക്കുമെന്ന് പ്രതിജ്ഞയെടുക്കുന്ന ഒരു കരാറില്‍ ഒപ്പുവച്ചിരുന്നു.

വ്യാഴാഴ്ച നടന്ന കലാപരിപാടികളില്‍ റഷ്യന്‍ ഗായകരും ബാലെ നര്‍ത്തകരും പങ്കെടുത്തു. ഇന്ന് രാത്രി നടക്കുന്ന സൈനിക പരേഡില്‍ ഉത്തരകൊറിയ അവരുടെ ഏറ്റവും പുതിയ മിസൈലുകളും സൈനിക ആയുധങ്ങളും പ്രദര്‍ശിപ്പിക്കുമെന്നാണ് കരുതപ്പെടുന്നത്.