വാഷിങ്ടണ്‍: ഉത്തര കൊറിയന്‍ ഏകാധിപതി കിംജോങ് ഉന്നുമായി തനിക്ക് ഇപ്പോഴും മികച്ച ബന്ധമാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ആദ്യ തവണ പ്രസിഡന്റായിരുന്ന കാലഘട്ടത്തില്‍ ട്രംപ് ഉത്തര കൊറിയയുമായി മികച്ച ബന്ധമാണ് പുലര്‍ത്തിയിരുന്നത്. ഇരുവരും തമ്മില്‍ പല തവണ കൂടിക്കാഴ്ചകളും നടത്തിയിട്ടുണ്ട്. നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റൂട്ടേയുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. കിംജോങ് ഉന്നുമായി വീണ്ടും സൗഹൃദം പുനസ്ഥാപിക്കുമോ എന്ന ചോദ്യത്തിന് തീര്‍ച്ചയായും എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

കിമ്മുമായി ഇപ്പോഴും തനിക്ക് മികച്ച സൗഹൃദമാണ് ഉള്ളതെന്ന് വ്യക്തിമാക്കിയ ട്രംപ് എന്താണ് സംഭവിക്കുന്നത് എന്നറിയാന്‍ കാത്തിരിക്കാം എന്നും പറഞ്ഞു. ഉത്തരകൊറിയ ആണവ ശക്തിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ ജനുവരി ഇരുപതിന് സത്യപ്രതിജ്ഞാ വേളയിലും ഉത്തരകൊറിയയുടെ ആണവായുധങ്ങള്‍ നിരായുധികരിക്കാന്‍ ശ്രമിക്കുമോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴും ആ രാജ്യം ആണവശക്തിയാണെന്ന കാര്യം ട്രംപ് ചൂണ്ടിക്കാട്ടിയിരുന്നു.

ട്രംപ് ആദ്യവട്ടം പ്രസിഡന്റായിരുന്ന സമയത്ത് ഇതിനായി നടത്തിയ ശ്രമങ്ങള്‍ ഫലം കണ്ടിരുന്നില്ല. റഷ്യയുടേയും ചൈനയുടേയും

കൈവശം ആണവായുധങ്ങള്‍ ഉണ്ടെന്ന കാര്യം ചൂണ്ടിക്കാട്ടിയ ട്രംപ് എല്ലാവരും ഇക്കാര്യത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തണം എന്നും ആവശ്യപ്പെട്ടു. എന്നാല്‍ ഉത്തര കൊറിയയുടെ കൈവശം നിരവധി ആണവായുധങ്ങള്‍ ഉണ്ട് എന്ന കാര്യം ട്രംപ് ഓര്‍മ്മിപ്പിച്ചു. മറ്റ് പല രാജ്യങ്ങളുടേയും കൈവശം ആണവായുധങ്ങള്‍ ഉള്ള കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഉത്തര കൊറിയയെ പൂര്‍ണമായും ആണവായുധമുക്തമാക്കുന്നതിനുള്ള ശ്രമങ്ങള്‍ അമേരിക്കന്‍ പ്രസിഡന്റ് തുടരും എന്നാണ് വൈറ്റ്ഹൗസ് വൃത്തങ്ങള്‍ പറയുന്നത്. കഴിഞ്ഞ മാസം പതിനഞ്ചിന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റുബിയോ ജപ്പാനിലേയും ദക്ഷിണ കൊറിയയിലേയും വിദേശകാര്യ മന്ത്രിമാരുമായി ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു.

കഴിഞ്ഞയാഴ്ച കിംജോങ് ഉന്നിന്റെ സഹോദരിയായ കിം യോ ജോങ് ട്രംപ് ഭരണകൂടത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ആണവായുധ വിഷയത്തില്‍ അമേരിക്ക പ്രകോപനം സൃഷ്ടിക്കുന്നു എന്നായിരുന്നു അവര്‍ പറഞ്ഞത്. ഈയാഴ്ച ഉത്തരകൊറിയ നിരവധി ബാലിസ്റ്റിക് മിസൈലുകള്‍ പരീക്ഷിച്ചിരുന്നു.