ലണ്ടൻ: യുകെയിൽ ഇനി ചാൾസ് മൂന്നാമൻ രാജാവിന്റെ യുഗം. യുകെയുടെയും 14 മറ്റുകോമൺവെൽത്ത് രാജ്യങ്ങളുടെയും രാജാവായി ചെങ്കോലും കിരീടവും ചാൾസ് മൂന്നാമൻ അണിഞ്ഞു. കിരീടധാരണ ചടങ്ങുകൾ വെസ്റ്റ് മിൻസ്റ്റർ ആബിയിൽ പൂർത്തിയായി. ചാൾസ് മൂന്നാമൻ രാജാവിനെ കാന്റർബറി ആർച്ച് ബിഷപ്പ് ജസ്റ്റിൻ വെൽബി കിരീടം അണിയിച്ചു. 1953ന് ശേഷം ബ്രിട്ടണിൽ നടന്ന ആദ്യ കിരീടധാരണ ചടങ്ങിൽ ചാൾസിന്റെ പത്‌നി കാമിലയും അധികാരമേറ്റു.

കാന്റർബറി ആർച്ച്ബിഷപ് നേതൃത്വം നൽകിയ ചടങ്ങിൽ, ചാൾസിനോട് കൂറ് പ്രഖ്യാപിക്കാൻ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. തുടർന്നാണ് കിരീടധാരണം നടത്തിയത്. 2.23 കിലോഗ്രാം ഭാരമുള്ള, 360 വർഷം പഴക്കമുള്ള 'വിശുദ്ധ എഡ്വേർഡ് രാജാവിന്റെ കിരീടം' ആണ് അണിഞ്ഞത്. തുടർന്ന് ആർച്ച്ബിഷപ്പും കിരീടാവകാശി വില്യം രാജകുമാർ അടക്കം രാജാവിന്റെ അനന്തരാവകാശികളും പ്രഭുക്കന്മാരും മുട്ടുകുത്തി ചാൾസിനോട് കൂറ് പ്രഖ്യാപിച്ചു.

ബക്കിങ്ഹാം കൊട്ടാരം മുതൽ വെസ്റ്റ്മിൻസ്റ്റർ ആബി വരെയുള്ള രഥഘോഷയാത്രയോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. ബക്കിങ്ഹാം കൊട്ടാരത്തിൽനിന്ന് ആറു കുതിരകളെ പൂട്ടിയ വണ്ടിയിൽ ഹൗസ്‌ഹോൾഡ് കാവൽറി എന്ന അംഗരക്ഷകരുടെ അകമ്പടിയിലായിരുന്നു രഥഘോഷയാത്ര. തുടർന്ന് വിശുദ്ധ എഡ്വേർഡ് രാജാവിന്റെ സിംഹാസനം എന്നറിയപ്പെടുന്ന 1300 വർഷം പഴക്കമുള്ള ഇരിപ്പിടത്തിൽ ഇരുന്ന ചാൾസിന്റെ ശിരസിൽ ആർച്ച്ബിഷപ്പ് തൈലാഭിഷേകം നടത്തി. പ്രധാനമന്ത്രി ഋഷി സുനാക് ചടങ്ങിൽ ബൈബിൾ വായിച്ചു. കിരീടധാരണ ചടങ്ങിന് ശേഷം വെസ്റ്റ്മിൻസ്റ്റർ ആബിയിൽനിന്ന് ബക്കിങ്ങാം കൊട്ടാരത്തിലേക്ക് ചാൾസ് രാജാവിന്റെയും കാമില രാജ്ഞിയുടെയും മടക്ക ഘോഷയാത്ര തുടങ്ങി.

വിവിധ രാജ്യങ്ങളിൽ നിന്നും 4,000 അതിഥികളാണ് ചടങ്ങിൽ പങ്കെടുത്തത്. ഇന്ത്യയുടെ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ, ഭാര്യ സുദേഷ് ധൻകർ, ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക്, ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസ്, ന്യൂസീലൻഡ് പ്രധാനമന്ത്രി ക്രിസ് ഹിപ്കിൻസ്, യുഎസ് ഗായിക കാറ്റി പെറി തുടങ്ങി നിരവധിപ്പേർ ചടങ്ങിൽ പങ്കെടുത്തു.

1937 ന് ശേഷം ഇതാദ്യമായാണ് ഒരു രാജ്ഞി ഒരു രാജാവിനൊപ്പം കിരീടധാരണം നടത്തുന്നത്. കഴിഞ്ഞ സെപ്റ്റംബറിൽ എലിസബത്ത് രാജ്ഞിയുടെ മരണത്തോടെയാണ് മൂത്തമകനായ ചാൾസ് മൂന്നാമൻ ബ്രിട്ടന്റെ കിരീടാവകാശിയാകുന്നത്. എലിസബത്ത് രാജ്ഞിയുടെ കിരീടധാരണം 1953-ലായിരുന്നു. അതു നേരിൽക്കണ്ടവരിൽ വളരെക്കുറച്ചാളുകളേ ഇന്ന് ബ്രിട്ടനിൽ ജീവിച്ചിരിക്കുന്നുണ്ടാവൂ. പട്ടാഭിഷേകത്തിന്റെ വീരഗാഥകൾ കേട്ടുവളർന്ന, പിന്നീട് ജനിച്ച തലമുറകളോരോന്നും 70 വർഷങ്ങൾക്കിപ്പുറം വെസ്റ്റ്മിനിസ്റ്റർ ആബെയിലേക്ക് ലോകം ഉറ്റുനോക്കിയിരുന്നു എലിസബത്ത് രാജ്ഞിയുടെ മകൻ ചാൾസ് മൂന്നാമന്റെ കിരീടധാരണച്ചടങ്ങുകൾക്കായി.

ബക്കിങാം കൊട്ടാരത്തിൽ നിന്ന് ഘോഷയാത്രയോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. കിരീടധാരണം നടക്കുന്ന മധ്യ ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റർ ആബെയിലേക്കുള്ള രണ്ടുകിലോമീറ്റർ ദൂരം, ചാൾസ് മൂന്നാമനും കാമില രാജ്ഞിയും പരിവാരങ്ങൾക്കൊപ്പം സഞ്ചരിച്ചു. വെസ്റ്റ്മിനിസ്റ്റർ ആബെയിൽ കിരീടമണിഞ്ഞ നാൽപതാം പരമാധികാരിയാണ് ചാൾസ് മൂന്നാമൻ രാജാവ്. വെസ്റ്റ്മിനിസ്റ്റർ ആബെ 1066 മുതലുള്ള എല്ലാ കിരീടധാരണത്തിനും വേദിയാണ്, അവിടെ കിരീടം ചൂടിയ ആദ്യത്തെ രാജാവ് വില്യം ദി കോൺക്വറർ ആണ്.

ചാരനിറത്തിലുള്ള ആറ് വിൻഡ്സർ കുതിരകൾ വലിക്കുന്ന 'ഡയമണ്ട് ജൂബിലി സ്റ്റേറ്റ് കോച്ച്' എന്ന സ്വർണത്തേരിലായിരുന്നു രാജകീയയാത്ര. അംഗരക്ഷകരും കാലാൾപ്പടയും രാജാവിനെ അനുഗമിച്ചു. 1762-ലാണ് സ്വർണത്തേര് ആദ്യമായി ചടങ്ങുകളിൽ ഉപയോഗിക്കുന്നത്.

കിരീടധാരണത്തിന്റെ ഭാഗമായി 1661-ൽ നിർമ്മിച്ച 'സെയ്ന്റ് എഡ്വേഡ് ക്രൗൺ' എന്ന രാജകിരീടം ചാൾസ് രണ്ടാമൻ രാജാവ് മുതൽ എല്ലാ ബ്രിട്ടീഷ് ചക്രവർത്തിമാരും ഈ കിരീടം ഉപയോഗിച്ചുവരുന്നുണ്ട്. ക്വീൻ കൺസോർട്ട് കാമില രാജ്ഞി കിരീടം ധരിച്ചതും ചരിത്ര മുഹൂർത്തമായി. പതിനെട്ടാം നൂറ്റാണ്ടിന് ശേഷം ഇതാദ്യമായാണ് രാജാവിന്റെ ഭാര്യ രാജ്ഞിയുടെ കിരീടം വീണ്ടും ഉപയോഗിക്കുന്നത്.

എലിസബത്ത് രാജ്ഞിയുടെ സ്വകാര്യ ആഭരണ ശേഖരത്തിൽ നിന്നുള്ള വജ്രങ്ങൾ കൊണ്ട് കിരീടം അലങ്കരിച്ചിട്ടുണ്ട്. എഡ്വേഡ് രാജാവിന്റെ കിരീടധാരണത്തിനായി 1300-ൽ നിർമ്മിച്ച സിംഹാസനമാണ് ചടങ്ങിൽ ഉപയോഗിച്ചത്. 'വിധിയുടെ കല്ല്' അഥവാ 'സ്റ്റോൺ ഓഫ് ഡെസ്റ്റിനി' എന്ന കല്ലുപതിച്ച ഈ സിംഹാസനം ഓക്കുതടിയിലാണ് നിർമ്മിച്ചിരിക്കുന്നത്. സ്‌കോട്ട്ലൻഡ് രാജവംശത്തിൽനിന്ന് എഡ്വേഡ് ഒന്നാമൻ സ്വന്തമാക്കിയ കല്ലാണ് 'സ്റ്റോൺ ഓഫ് ഡെസ്റ്റിനി'.

അതേസമയം സ്ഥാനാരോഹണത്തിന് ശേഷം രാജാവ് ചില നിയമങ്ങൾ പാലിക്കേണ്ടതുണ്ട്. മകൻ വില്ല്യത്തിനൊപ്പം യാത്ര ചെയ്യരുത് എന്നുതുടങ്ങി സെൽഫി എടുക്കരുത്, ഓട്ടോഗ്രാഫ് നൽകരുത് എന്നിങ്ങനെ നീളുന്നു രാജാവിനുള്ള നിയമങ്ങൾ.

സമ്മാനങ്ങൾ നിരസിക്കരുത്: ബ്രിട്ടീഷ് രാജകുടുംബത്തിലെ അംഗങ്ങൾ അവർക്ക് ലഭിക്കുന്ന സമ്മാനങ്ങൾ സ്വീകരിക്കണമെന്നതാണ് പാരമ്പര്യം. അതേസമയം, സമ്മാനം നൽകുന്ന വ്യക്തിയുമായി എന്തെങ്കിലും കടപ്പാട് രൂപപ്പെടുമെന്ന സാഹചര്യങ്ങളിൽ പാരിതോഷികങ്ങൾ സ്വീകരിക്കുന്നത് ഒഴിവാക്കുകയും ചെയ്യണം.

സെൽഫി, ഓട്ടോഗ്രാഫ് ഒന്നും പാടില്ല: രാജാവിന് സെൽഫിക്ക് പോസ് ചെയ്യാനോ ഓട്ടോഗ്രാഫ് നൽകാനോ അനുവാദമില്ല. ഇത് രാജകുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും ഉള്ള നിയമമാണ്. എന്നാൽ സെൽഫിയുടെ കാര്യത്തിൽ ഔദ്യോഗിക പ്രോട്ടോക്കോൾ ഒന്നും ഇല്ല.

ഷെൽഫിഷ് കഴിക്കരുത്: ഭക്ഷ്യവിഷബാധ ഒഴിവാക്കാനാണ് ഷെൽഫിഷ് കഴിക്കരുതെന്ന് പറയുന്നത്. അപരിചിതരിൽ നിന്ന് ഭക്ഷണം വാങ്ങി കഴിക്കാനും രാജാവിന് അനുവാദമില്ല, സുരക്ഷയുടെ ഭാഗമായിട്ടാണ് ഇതും.