ലണ്ടൻ: ബ്രിട്ടനിലെ ആദ്യത്തെ കറുത്ത വർഗ്ഗക്കാരിയായ എം പി ഡയാൻ ആബട്ടിനെ കഴിഞ്ഞ വർഷം ലേബർ പാർട്ടി, പാർട്ടിയിൽ നിന്നും സസ്‌പെൻഡ് ചെയ്തിരുന്നു. യഹൂദ ജനത വംശീയ വിവേചനം അനുഭവിക്കുന്നില്ല എന്നും, അവർക്കുള്ളത് ചില മുൻവിധികൾ മാത്രമാണെന്നും സൂചന നൽകുന്ന തരത്തിലുള്ള സൂചനകൾ നൽകുന്ന ലേഖനം ഗാാർഡിയൻ പത്രത്തിൽ എഴുതിയതിനെ തുടർന്നായിരുന്നു അത്. എന്നാൽ, തെരഞ്ഞെടുപ്പിൽ ലേബർ പാർട്ടിയുടെ സ്ഥാനാർത്ഥിയാകുന്നതിന് അവർക്ക് വിലക്കില്ലെന്ന പ്രഖ്യാപനവുമായി ഇപ്പോൾ പാർട്ടി നേതാവ് സർ കീർ സ്റ്റാർമർ രംഗത്തെത്തിയിരിക്കുകയാണ്.

ലേഖനം പ്രസിദ്ധീകരിച്ച് വന്നതിന് പുറകെ അവർ ക്ഷമാപണം നടത്തിയെങ്കിലും ഒരു വർഷക്കാലത്തിലേറെയായി അവർ പാർലമെന്റിൽ സ്വതന്ത്ര എം പി ആയാാണ് നിലകൊള്ളുന്നത്. പാർട്ടിയുടെ നാഷണൽ എക്സിക്യൂട്ടീവ് കമ്മിറ്റി ഇത് സംബന്ധിച അന്വേഷണം നടത്തുന്നതിനാലായിരുന്നു ഇത്. എന്നാൽ, ചൊവ്വാഴ്ച വൈകിട്ട് പാർട്ടി നിലപാടിൽ മാറ്റം വന്നതായി സ്‌കൈ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. താൻ പ്രതിനിധീകരിക്കുന്ന ഹാക്ക്നി നോർത്ത് നിയോജകമണ്ഡലത്തിൽ, വരുന്ന ജൂലായിലെ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ ഡയാൻ ആബട്ടിന് അതിന് കഴിയും എന്നാണ് ഇപ്പോൾ പാർട്ടി എടുക്കുന്ന നിലപാട്.

നേരത്തെ ആബട്ടിന് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് വിലക്കേർപ്പെടുത്തീയതായ വാർത്തകൾ പുറത്തു വന്നിരുന്നു. ഇത് സത്യമാണെന്ന് കരുതിയ ആബട്ട് ഏറെ നിരാശയിലാണെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. എന്നാൽ, ഇന്നലെ ഉച്ചയോടെയാണ് ഈ ആശയക്കുഴപ്പം അവസാനിപ്പിച്ചുകൊണ്ട് സർ കീർ സ്റ്റാർമർ പ്രസ്താവന ഇറക്കിയത്. ലേബർ പാർട്ടി സ്ഥാനാർത്ഥിയായി മത്സരിക്കുന്നതിന് അവർക്ക് തടസ്സങ്ങൾ ഇല്ലെന്നായിരുന്നു സ്റ്റാർമർ പ്രസ്താവിച്ചത്.

എന്നാൽ, ഇത്തവണ മത്സരിക്കുമോ എന്ന കാര്യം ആബട്ട് വ്യക്തമാക്കിയിട്ടില്ല. ആബട്ടിന്റെ അടുത്ത സുഹൃത്തും, യഹൂദ വിരുദ്ധ പരാമർശത്തിന് പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട മുൻ നേതാവുമായി ജെറമി കോർബിന് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നും പാർട്ടി വിലക്കേർപ്പെടുത്തിയിരുന്നു. തൊട്ടടുത്തുള്ള ഐലിങ്ടൺ നോർത്ത് മണ്ഡലത്തിൽ അദ്ദേഹം ഒരു സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്നുണ്ട്. അത്തരമൊരു സാഹചര്യം ഒഴിവാക്കുവാനാണ് ഇപ്പോൾ ഇങ്ങനെയൊരു പ്രസ്താവന എന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

1987 മുതൽ ലേബർ എം പിയായി തുടരുന്ന ഇവർ, ജനപ്രതിനിധി സഭയിൽ എത്തിയ ആദ്യത്തെ കറുത്ത വർഗ്ഗക്കാരി കൂടിയാാണ്. പാാർട്ടിയിലെ ഇടതുപക്ഷത്തോട് ചേർന്ന് നിൽക്കുന്ന ഇവർ ജെറെമി കോർബിന്റെ അടുത്ത അനുയായി കൂടിയാണ്. കോർബിൻ പ്രതിപക്ഷ നേതാവായിരുന്ന സമയത്ത് ഷാഡോ ഹോം സെക്രട്ടറിയുമായിരുന്നു ഇവർ.