- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലേബർ പാർട്ടി അധികാരത്തിൽ എത്തിയാൽ ഋഷി സുനകിന്റെ റുവാണ്ട പദ്ധതി ഉപേക്ഷിക്കും
ലണ്ടൻ: കടൽ കടന്നെത്തിയ അനധികൃത അഭയാർത്ഥികളെ റുവാണ്ടയിലേക്ക് അയയ്ക്കുന്ന പദ്ധതി തെരഞ്ഞെടുപ്പ് വരെ താത്ക്കാലികമായി മരവിപ്പിച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പിന് ശേഷം അധികാരത്തിലെത്തിയാൽ ആ പദ്ധതിയുമായി മുൻപോട്ട് പോകും എന്ന് തന്നെയാണ് ഋഷി ഉറപ്പിച്ചു പറയുന്നത്. അതേസമയം, ലേബർ പാർട്ടി അധികാരത്തിലെത്തിയാൽ റുവാണ്ടയിലേക്കുള്ള ഒരു വിമാനം പോലും പറന്നു പൊങ്ങില്ലെന്ന നിലപാടാണ് പാർട്ടി നേതാവ് കീർ സ്റ്റാർമർക്ക് ഉള്ളത്.
കുടിയേറ്റ നിയന്ത്രണവുമായി ബന്ധപ്പെട്ട് തന്റെ നയം വ്യക്തമാക്കുന്നതിനിടയിലാണ്, അഭയാർത്ഥികളുമായി ഒരു വിമാനം പോലും റുവാണ്ടയിലേക്ക് പോകില്ല എന്ന് സ്റ്റാർമർ പറഞ്ഞത്. തെരഞ്ഞെടുപ്പിന് ശേഷം അധികാരത്തിൽ എത്തിയാൽ റുവാണ്ടൻ പദ്ധതി പാടെ ഉപേക്ഷിക്കാനാണ് ലേബർ പാർട്ടിയുടെ തീരുമാനം എന്ന റിപ്പോർട്ടുകൾ പുറത്തു വന്നിട്ടുണ്ട്. കഴിഞ്ഞയാഴ്ച കൺസർവേറ്റീവ് പർട്ടി വിട്ട് ലേബർ പാർട്ടിയിലെത്തിയ എം പി നടാൽ;ഇ എൽഫിക്ക് പ്രതിനിധാനം ചെയ്യുന്ന ഡീൽ നിയോജകമണ്ഡലത്തിലെ ഒരു മീറ്റിംഗിലായിരുന്നു കീർ സ്റ്റാർമർ കുടിയേറ്റ നയം വ്യക്തമാക്കിയത്.
റുവാണ്ടൻ പദ്ധതി ഇല്ലാതാക്കുക എന്നത് ഒരു വിഡ്ഢിത്തമാണെന്നാണ് ഹോം സെക്രട്ടറി ജെയിംസ് ക്ലെവർലി പ്രതികരിച്ചത്. ഇതുവരെ ഒരു വിമാനം പോലും പദ്ധതിക്ക് കീഴിൽ റുവാണ്ടയിലേക്ക് പറന്നുയർന്നിട്ടില്ലെങ്കിലും, ഏറെ പ്രായോഗികകരമായ ഒരു പദ്ധതിയാണിതെന്നും അദ്ദേഹം ഉറപ്പിച്ചു പറയുന്നു. എന്നാൽ, ഇത് വെറും കൺകെട്ട് വിദ്യയും, പണം പാഴാക്കുന്ന ഏർപ്പാടുമാണെന്നാണ് സ്റ്റാർമർ പറയുന്നത്. ഇതിനു പകരമായി ഒരു ബോർഡർ സെക്യൂരിറ്റി കമാൻഡായിരിക്കും നിലവിൽ വരിക എന്നും അദ്ദേഹം പറഞ്ഞു.
ചാനൽ കടന്നെത്തുന്ന ബോട്ടുകളെ തടയുമെന്നോ, ചാനൽ വഴിയെത്തുന്ന അഭയാർത്ഥികളുടെ എണ്ണം കുറയ്ക്കാനുള്ള നടപടികളൊ പക്ഷെ സ്റ്റാർമർ വാഗ്ദാനം നൽകിയില്ല. തന്റേത് യാഥാർത്ഥ്യബോധത്തോടെയുള്ള നടപടികളായിരിക്കും എന്ന് പറഞ്ഞ സർ കീർ സ്റ്റാർമർ, ഈ പ്രശ്നം ശാശ്വതമായി പരിഹരിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്നും പറഞ്ഞു. റുവാണ്ടൻ പദ്ധതി ഇപ്പോൾ നടപ്പിലാക്കിയിരുന്നെങ്കിൽ കൂടി നൂറുകണക്കിന് അഭയാർത്ഥികളെ മാത്രം റുവാണ്ടയിലേക്ക് അയയ്ക്കാൻ കഴിയുമായിരുന്നു. അപ്പോഴും മറുവശത്ത് ഇംഗ്ലീഷ് ചാനൽ കടന്നെത്തുന്നത് ആയിരങ്ങളാണെന്നും സ്റ്റാർമർ ഓർമ്മിപ്പിച്ചു.