പാരീസ്: ജനാധിപത്യം, പൗരാവകാശങ്ങൾ, മനുഷ്യാവകാശങ്ങൾ, അഭിപ്രായ സ്വാതന്ത്ര്യം എന്നിവക്കൊക്കെവേണ്ടി ലോക ജനത നടത്തിയ വൻ പോരാട്ടങ്ങൾക്കെല്ലാം നേതൃത്വം കൊടുത്ത രാഷ്ട്രമായിരുന്നു ഫ്രാൻസ്. ഫ്രഞ്ച് വിപ്ലവം തൊട്ടുള്ള കാര്യങ്ങൾ നോക്കിയാൽ, അക്കാര്യം വ്യക്തമാണ്. എന്നും ലിബറൽ ജനാധിപത്യത്തിന്റെയും, മാനവികതയുടെയും നാടായും, കലാകാരന്മ്മാരുടെയും ബുദ്ധിജീവികളുടെയുമൊക്കെ കേന്ദ്രവുമായാണ് ഫ്രാൻസ് പരിഗണിക്കപ്പെട്ടിരക്കുന്നത്.

എന്നാൽ ഇപ്പോൾ ശക്തമായ മണ്ണിന്റെ മക്കൾ വാദമുയർത്തുന്ന തീവ്ര വലതുപക്ഷം ഫ്രാൻസിൻ വൻതോതിൽ മുന്നേറ്റം നടത്തുകയാണ്. ലിബറൽ ഡെമോക്രാറ്റ് എന്ന് അറിയപ്പെടുന്ന, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോണിനുപോലും, ഇവരുടെ പ്രചാരണത്തിനുമുന്നിൽ പിടിച്ചുനിൽക്കാൻ കഴിയുന്നില്ല. ഇപ്പോഴിതാ മാക്രോൺ രാജ്യത്തെ പാർലമെന്റായ ദേശീയ അസംബ്ലി പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കയാണ്. യൂറോപ്യൻ പാർലമെന്റ് ഇലക്ഷനിൽ എതിരാളിയും തീവ്ര വലതുപക്ഷ പാർട്ടിയുമായ മറൈൻ ലെ പെന്നിന്റെ നാഷണൽ റാലി വൻ വിജയത്തിലേക്ക് നീങ്ങുന്നതിന് പിന്നാലെയാണ് പെട്ടെന്ന് തന്നെ പാർലമെന്റ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.

മാക്രോണിന്റെ പാർട്ടിയേക്കാൾ ഇരട്ടിയിലധികം വോട്ടുകൾ തീവ്ര വലതുപക്ഷ പാർട്ടികൾ നേടുമെന്നാണ് എക്സിറ്റ് പോൾ ഫലങ്ങളും പ്രവചിച്ചിരുന്നത്. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം 32 ശതമാനം വോട്ട് നേടി തീവ്രവലതുപക്ഷ പാർട്ടി മുന്നേറുകയാണ്.

ഫ്രാൻസ് ഇലക്ഷനിലേക്ക്

പാരീസ് ഒളിമ്പിക്സിന് മുമ്പ് രണ്ട് ഘട്ടമായാണ് ഫ്രാൻസിൽ വോട്ടെടുപ്പ് നടക്കുക. ആദ്യഘട്ടം ജൂൺ30നും രണ്ടാം ഘട്ടം ജൂലൈ ഏഴിനും നടക്കുമെന്നും പാർമെന്റ് പിരിച്ചുവിട്ടതിന് പിന്നാലെ പ്രസിഡന്റ മാക്രോൺ പറഞ്ഞു. യൂറോപ്യൻ യൂണിയൻ തെരഞ്ഞെടുപ്പിലെ എക്‌സിറ്റ് പോളുകൾ പ്രഖ്യാപിച്ച് ഒരു മണിക്കൂറിന് ശേഷമാണ് മാക്രോൺ പാർലമെന്റ് പിരിച്ചുവിടുന്നതായി പ്രഖ്യാപിച്ചത്.

നേരത്തെ നാഷണൽ റാലിയുടെ 28 കാരനായ നേതാവ് ജോർദാൻ ബാർഡെല്ല, പാർലമെന്റ് തെരഞ്ഞെടുപ്പ് നേരത്തെ നടത്താൻ പ്രസിഡന്റിനെ വെല്ലുവിളിച്ചിരുന്നു. പ്രസിഡന്റായി രണ്ടാം ടേമിൽ, രണ്ട് വർഷം മാത്രം തികയുന്ന മാക്രോണിന് നിലവിൽ ഫ്രഞ്ച് പാർലമെന്റിൽ ഭൂരിപക്ഷമില്ല. എന്നാൽ യൂറോപ്യൻ യൂണിയൻ തെരഞ്ഞെടുപ്പ് ഫലം നിലവിലെ ഭരണസംവിധാനത്തിന് ഭീഷണിയല്ലെങ്കിലും മുന്നോട്ടുപോകാനുള്ള ആത്മവിശ്വാസത്തെ ബാധിക്കും.

അതേസമയം യൂറോപ്യൻ യൂണിയൻ തെരഞ്ഞെടുപ്പ് എക്‌സിറ്റ്‌പോൾ ഫലങ്ങളെ തീവ്രവലതുപക്ഷ പാർട്ടികൾ സ്വാഗതം ചെത്തു തങ്ങൾ വോട്ടെടുപ്പിന് തയ്യാറാണെന്നും രാജ്യത്തിനകത്തേക്കുള്ള കൂട്ടകുടിയേറ്റം അവസാനിപ്പിക്കുമെന്നും മറൈൻ ലെ പെൻ വ്യക്തമാക്കി. നേരത്തെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മാക്രോണിനോട് രണ്ടുതവണ പരാജയപ്പെട്ട നേതാവാണ് പെൻ. പൊടുന്നനെ തെരഞ്ഞെടുപ്പിലേക്ക് പോകുന്നത് രാജ്യത്തെ സംബന്ധിച്ചിടത്തോളം വലിയ ആശ്ചര്യമാണെങ്കിലും പ്രസിഡന്റ് മാക്രോണിന് വലിയ വെല്ലുവിളിയായിരിക്കുമെന്നാണ് നിരീക്ഷകർ വിലയിരുത്തത്.

പൊളിറ്റിക്കൽ ഇസ്ലാംകൊണ്ടുണ്ടായ വിനകൾ

യൂറോപ്പിൽ ഏറ്റവും കൂടുതൽ മുസ്ലീങ്ങുള്ള രാജ്യമാണ് ഫ്രാൻസ്. ഫ്രഞ്ച് വിപ്ലവമാണ് സ്വാതന്ത്ര്യം, ജാനാധിപത്യം, തുല്യത തുടങ്ങിയ ആശയങ്ങൾ ലോകത്തിന് പരിചയപ്പെടുത്തിയത്. അവിടുന്ന് ഇങ്ങോട്ടും തീർത്തും മതേരമായാണ് ആ രാജ്യം മുന്നോട്ടുപോയത്. ഫ്രഞ്ച് കോളനികളായ അൾജീരിയ, മൊറോക്കോ തുടങ്ങിയ വടക്കനാഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള വൻതോതിലുള്ള കുടിയേറ്റമാണ് ഫ്രാൻസിലെ മുസ്ലിം ജനസംഖ്യ ഉയർത്തിയത്. പ്രശസ്ത ഫുട്ബോളർ സിൻഡൈൻ സിദാന്റെ കുടുംബംവരെ അൾജീരിയയിൽനിന്ന വന്നവരാണ്. അനധികൃത കുടിയേറ്റക്കാർ ആയിട്ടുപോലും അവരെ തിരിച്ചയക്കാതെ ആ രാജ്യം സ്വന്തം പൗരന്മാരായി സ്വാംശീകരിക്കയായിരുന്നു. എന്തിന്, സിറിയയിൽനിന്നും അഫ്ഗാനിൽനിന്നും വന്ന മുസ്ലിം അഭയാർത്ഥികളെ സ്വീകരിക്കാൻ ഒറ്റ ഇസ്ലാമിക രാഷ്ട്രങ്ങൾപോലും മുന്നോട്ടുവന്നില്ല. അന്നും ഫ്രാൻസും, ജർമ്മനിയും, സ്‌കാൻഡനേവിയൻ രാജ്യങ്ങളും അടങ്ങുന്ന യൂറോപ്പാണ്, മുസ്ലിം അഭയാർത്ഥികളെ സ്വകീരിച്ചത്.

എന്നാൽ ഫ്രാൻസിന്റെ മുസ്ലിം പ്രശ്നം ഉടലെടുക്കുന്നത് എൺപതുകൾ മുതലാണ്. പ്പോഴേക്കും ഇസ്ലാമിക ജനസംഖ്യ ഒരു സമ്മർദഗ്രൂപ്പ് ആകാൻ തക്ക രീതിയിൽ ഉയർന്നുവെന്നാണ് ഫ്രാൻസിലെ രാഷ്ട്രീയ ചിന്തകനും സാമ്പത്തിക ശാസ്ത്രജ്ഞനുമായ ചാൾസ് ഗാവെ എഴുതുന്നത്. ഇസ്ലാമിക ജീവിതരീതി ഫ്രാൻസിൽ പതുക്കെ പിടി മുറുക്കി കൊണ്ടിരുന്നു. ഇതോടെ പതുക്കെ സംഘർഷങ്ങളും വർധിച്ചു.

ഫ്രാൻസിലെ സ്‌കൂളുകളിൽ ഒരു തരത്തിലുള്ള മതചിഹ്നങ്ങളും അനുവദിക്കില്ല. അതിനാൽ മതാധിഷ്ഠിതമായി ജീവിക്കാനാഗ്രഹിക്കുന്ന മുസ്ലിം കുടുംബങ്ങൾ ഭീമമായ ഫീസ് നൽകിയാണ് കുട്ടികളെ സ്വകാര്യ സ്‌കൂളുകളിൽ പഠിപ്പിച്ചിരുന്നത്. എന്നാൽ, സാമൂഹികമായ നിയന്ത്രണം ഏറ്റെടുക്കാൻ ഇസ്ലാമിക സമൂഹത്തിന് പ്രാപ്തിയായെന്ന ഘട്ടമെത്തിയപ്പോൾ അവർ കളത്തിനു വെളിയിലേക്ക് കാര്യങ്ങൾ കൊണ്ടു പോയി. 1989-ൽ പൊതുവിദ്യാലയത്തിൽ കുട്ടികളെ ഹിജാബ് ധരിപ്പിച്ച് അയക്കാൻ തുടങ്ങി. സ്‌കൂൾ മേധാവികൾ ഈ കുട്ടികളെ പുറത്താക്കിത്തുടങ്ങി. മുസ്ലിം സമൂഹം ഇതിനെതിരെ കോടതിയിൽ പോയി അനുകൂല വിധി സമ്പാദിച്ചു. പക്ഷെ ഇത്തരം സംഭവങ്ങൾ ആവർത്തിച്ചു. നൂറുകണക്കിന് വിദ്യാർത്ഥിനികൾ പുറത്താവുകയും കോടതി വഴി അനുകൂല വിധി സമ്പാദിക്കുകയും ചെയ്തു.

അപകടരമായ ഈ പ്രവണത തിരിച്ചറിഞ്ഞ ഫ്രാൻസിലെ ഴാക് ഷിറാക് സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മതചിഹ്നങ്ങൾ ധരിക്കുന്നതോ, പ്രദർശിപ്പിക്കുന്നതോ നിരോധിച്ച് നിയമം പാസാക്കി. ഹിജാബ്, കുരിശ്, യഹൂദത്തൊപ്പി തുടങ്ങിയവയെല്ലാം ഒറ്റയടിക്ക് നിരോധിച്ചു. അന്നു മുതൽ ഇസ്ലാമിക തീവ്രവാദകളുടെ ശത്രുപട്ടികയിൽ ഫ്രാൻസ് വന്നു. ഇറാഖിൽ ജോലി ചെയ്തിരുന്ന രണ്ട് ഫ്രഞ്ച് മാധ്യമപ്രവർത്തകരെ തട്ടിക്കൊണ്ടു പോയാണ് തുടക്കം. പിന്നീടിങ്ങോട്ട് സ്ഫോടനം, ചാവേർ ആക്രമണം തുടങ്ങി നിരവധി പ്രതിസന്ധികളിലൂടെ ഫ്രഞ്ച് ജനത കടന്നു പോയി.

ഫ്രാൻസ് നിരന്തരം ഇസ്ലാമിക ഭീകരരുടെ ടാർജറ്റ് ആയി. ഫ്രാൻസിലെ നോർമണ്ടി പ്രദേശത്തെ സെന്റ് എറ്റിയൻ ഡുറുവ്ര് പള്ളിയിൽ ബലിയർപ്പിച്ചുകൊണ്ടിരിക്കേയാണ് ഇസ്ലാമിക ഭീകരർ പള്ളിക്കകത്തു കയറി 86 വയസ്സുകാരൻ ഫാ. ഷാക് ഹാമലിനെ കഴുത്തുറത്തു കൊന്നത് ലോകമാകെ ഭീതി പടർത്തി. അവർ വൈദികനെ മുട്ടുകുത്തി നിറുത്തി അള്ളാഹുവിന്റെ നാമം വിളിച്ചുകൊണ്ടാണ് നിഷ്ഠൂരമായി വധിച്ചത്. കുർബാനയിൽ പങ്കുകൊണ്ടിരുന്ന സിസ്റ്റേഴ്സിനും ഏതാനും ചില വിശ്വാസികൾക്കും ഭീകരരുടെ ആക്രമണത്തിൽ പരിക്കേറ്റു. പാരീസിൽ മുഹമ്മദ് നബിയുടെ പേരിൽ കാർട്ടൂൺ ഇറക്കിയ ഷാർളി അബ്ദോ പത്രത്തിനെതിരെ നടത്തിയ ആക്രമണ പരമ്പരയുടെ ചുവടുപിടിച്ച് ധാരാളം അക്രമങ്ങൾ ഇതിനകം ഫ്രാൻസിലും ഇതര യൂറോപ്യൻ രാജ്യങ്ങളിലും നടക്കുകയുണ്ടായി. അതിനുശേഷമാണ് സാവുമൽ പാറ്റിയെന്ന അദ്ധ്യാപകന്റെ കഴുത്തറത്ത് ഇസ്ലാമിസ്റ്റുകൾ കൊന്നത്. തുടർന്നും ചെറുതും വലുതുമായ നിരവധി ഭീകരാക്രമണങ്ങൾ ഫ്രാൻസിൽ ഉണ്ടായി.

തീവ്ര ലതുപക്ഷം വളരുന്നു

അതോടെ പൊളിറ്റിക്കൽ ഇസ്ലാമിന് തടയിടാൻ കടുത്ത നടപടികൾ മാക്രാൺ സ്വീകരിച്ചു. രാജ്യത്തിന്് പുറമെനിന്നുള്ള മതപ്രബോധകർക്ക് നിയന്ത്രണം ഏർപ്പെടുത്തി. മദ്രസകളിലെ കരിക്കുലം സർക്കാർ അറിയണമെന്ന് നിയമം വന്നു. ഹേറ്റ് സ്പീച്ച് നടത്തിയ ഇമാമുമാരെ നാടുകടത്തി. അതോടെ തുർക്കിയും, ഇറാനും അടക്കമുള്ള ഫ്രാൻസിൽ ഇസ്ലാമോഫോബിയ ആരോപിച്ച് രംഗത്ത് എത്തി. ഒരുഘട്ടത്തിൽ ഇസ്ലാം വേഴ്സസ് ഫ്രാൻസ് എന്ന രീതിയിൽ കാര്യങ്ങൾ മാറുന്നുവെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്തിരുന്നു.

പക്ഷേ അപ്പേഴേക്കും മാക്രോണിനെയും കടത്തിവെട്ടി തീവ്ര വലതുപക്ഷ പാർട്ടിയായ, നാഷണൽ റാലി ഏറെ മുന്നോട്ട്പോയിരുന്നു. കടുത്ത മുസ്ലിം വിരുദ്ധതയും, കുടിയേറ്റ വിരുദ്ധതയുമാണ് ഇവരുടെ മുഖമുദ്ര. ഇസ്ലാമിക തീവ്രവാദ ആക്രമണം കടുത്തതോടെ ലിബറലായ ജനങ്ങൾപോലും വലതുപക്ഷത്ത് എത്തി. ഇനി അടുത്ത തെരഞ്ഞെടുപ്പിൽ ഇമ്മാനുവേൽ മാക്രാണിന് അധികാരം കിട്ടുമോ എന്ന് കണ്ടറിയേണ്ട കാര്യമാണ്.

നമ്മുടെ ആം ആദ്മി പാർട്ടിയെയൊക്കെപ്പോലെ ഒരു പെട്ടെന്നുള്ള വളർച്ചയുടെ കഥയാണ് മാക്രാണിന്റെത്. എൻ മാർഷെ അഥവാ 'പോകാം മുന്നോട്ട്' എന്ന പേരിൽ ഇമ്മാനുവേൽ മാക്രോൺ എന്ന ചെറുപ്പക്കാൻ ഒരു രാഷ്ട്രീയ പ്രസ്ഥാനം രൂപീകരിച്ചപ്പോൾ ഒറ്റവർഷം കൊണ്ട് അദ്ദേഹം ഫ്രഞ്ച് പ്രസിഡന്റിന്റെ കൊട്ടാരമായ എൽസെ പാലസിലെത്തുമെന്ന് ആരും കരുതിയില്ല. വെറും 39ാം വയസ്സിലാണ് അദ്ദേഹം ഫ്രഞ്ച് പ്രസിഡന്റാവുന്നത്. ഫ്രാൻസ്വ ഒലോൻദ് മന്ത്രിസഭയിൽ ധനമന്ത്രിയായിരുന്ന ഇമ്മാനുവേൽ മാക്രോൺ ആഗോളവൽക്കരണത്തിന്റെയും തുറന്ന വിപണിയുടെയും വക്താവാണ്. യൂറാപ്യൻ യൂണിയൻ കൂടുതൽ ശക്തമാക്കണമെന്ന അഭിപ്രായക്കാരനായ അദ്ദേഹം തീവ്രവാദത്തിനെതിരെ കടുത്ത നിലപാട് പ്രഖ്യാപിച്ചു കഴിഞ്ഞു. പക്ഷേ മറൈൻ ലെ പെൻ അവരുടെ നാഷണൽ റാലി പാർട്ടിയും ഇസ്ലാം ഭീതി ഉയർത്തി ഫ്രഞ്ച് ജനതയിൽ ആഴത്തിൽ സ്ഥാനം പിടിച്ചുകഴിഞ്ഞിരുന്നു. ഇനി മാക്രോണിന് ഒരു തിരിച്ചുവരവ് എഴുപ്പമല്ല എന്നാണ് ബിബിസി അടക്കമുള്ള മാധ്യമങ്ങൾ എഴുതുന്നത്.