മാലി: മാലദ്വീപിൽ ഇപ്പോൾ മാറ്റത്തിന്റെ കാറ്റ് വീശുകയാണ്. ഒക്ടോബറിൽ, തിരഞ്ഞെടുപ്പിൽ ജേതാവായപ്പോൾ പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ ആദ്യ പ്രഖ്യാപനം ദ്വീപിൽ നിന്ന് വിദേശ സൈനികരെ പുറത്താക്കും എന്നായിരുന്നു. വിദേശ സൈനികർ എന്നാൽ, ഇന്ത്യൻ സൈനികർ എന്നർഥം. കാരണം, ദ്വീപിൽ സൈനിക സാന്നിധ്യം ഉള്ളത് ഇന്ത്യക്ക് മാത്രമാണ്. 45 കാരനായ മുഹമ്മദ് മുയിസു തന്റെ ആദ്യത്തെ പൊതുജനറാലിയിലാണ് ഇന്ത്യയുടെ പേര് പറയാതെ വിദേശ സൈനികരുടെ സാന്നിധ്യം അവസാനിപ്പിക്കും എന്ന് പ്രഖ്യാപിച്ചത്. ഇപ്പോൾ

മാലദ്വീപിൽനിന്ന് സൈന്യത്തെ പിൻവലിക്കാൻ ഇന്ത്യയോട് ഔദ്യോഗികമായി ആവശ്യപ്പെട്ടിരിക്കുകയാണ് പ്രസിഡന്റ് മുഹമ്മദ് മുയിസു. കേന്ദ്രമന്ത്രി കിരൺ റിജിജുവുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം മാലദ്വീപ് പ്രസിഡന്റിന്റെ ഓഫീസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

്‌സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന്റെ തൊട്ടു പിറ്റേന്നാണ് സൈന്യത്തെ പിൻവലിക്കാൻ അദ്ദേഹം ഇന്ത്യയോട് ഔദ്യോഗികമായി ആവശ്യപ്പെട്ടിരിക്കുന്നത്. മുയിസുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തത് കേന്ദ്ര ഭൗമശാസ്ത്ര മന്ത്രിയായ കിരൺ റിജിജുവായിരുന്നു. പ്രധാനമന്ത്രി പങ്കെടുക്കേണ്ടതിന് പകരം കേന്ദ്രമന്ത്രിയെ അയച്ചത് കീഴ്‌വഴക്കങ്ങളിൽനിന്നുള്ള വ്യതിചലനമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

മാലദ്വീപിൽ ഇന്ത്യക്ക് ഏകദേശം 70 സൈനികരാണുള്ളത്. നിരീക്ഷണ വിമാനങ്ങളുടെയും റഡാറുകളുടെയും മേൽനോട്ട ചുമതലയാണ് ഇവർ വഹിക്കുന്നത്. രാജ്യത്തെ സാമ്പത്തിക മേഖലയുടെ പട്രോളിംഗിന് ഇന്ത്യൻ യുദ്ധ കപ്പലുകളും സഹായിക്കുന്നുണ്ട്. മാലദ്വീപ് പൗരന്മാരെ മെഡിക്കൽ ആവശ്യങ്ങൾക്കും മറ്റും അടിയന്തരമായി ഒഴിപ്പിക്കേണ്ടി വരുമ്പോൾ ഇന്ത്യൻ ഹെലികോപ്ടറുകളുടെ ആവശ്യം പ്രസിഡന്റും ശരി വച്ചിടടുണ്ട. ഇക്കാര്യത്തിൽ ഇരുരാജ്യങ്ങളും കൂടിയാലോചിച്ച് പ്രായോഗിക പരിഹാരം കണ്ടെത്തും.

'ഞങ്ങൾ മാലദ്വീപിൽ നിലയുറപ്പിച്ചിരിക്കുന്ന വിദേശ സൈനികരെ നിയമാനുസൃതമായി മടക്കി അയയ്ക്കും', തലസ്ഥാനമായ മാലിയിൽ തിരഞ്ഞെടുപ്പിന് പിന്നാലെ മുഹമ്മദ് മുയിസു പറഞ്ഞത് ഇങ്ങനെ. ' സൈനിക ശക്തികളെ കൊണ്ടുവന്നവർക്ക് അവരെ മടക്കി അയയ്ക്കണമെന്നില്ല, പക്ഷേ മാലദ്വീപിലെ ജനങ്ങൾ തീരുമാനിച്ചുകഴിഞ്ഞു', അദ്ദേഹം പറഞ്ഞിരുന്നു.

സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹ്, മാലദ്വീപിൽ അനിയന്ത്രിതമായ ഇന്ത്യൻ സാന്നിധ്യം അനുവദിച്ചുവെന്ന് ആരോപണം നേരിട്ടിരുന്നു. എന്നാൽ, മാലദ്വീപിൽ ഇന്ത്യൻ സൈന്യത്തിന്റെ സാന്നിധ്യം ഇരു സർക്കാരുകളും തമ്മിലുള്ള കരാർ പ്രകാരം കപ്പൽ നിർമ്മാണശാല നിർമ്മിക്കുക എന്ന ലക്ഷ്യത്തോടെ മാത്രമാണെന്ന് സോലിഹ് വ്യക്തമാക്കിയിരുന്നു. ചൈനീസ് അനുകൂലിയായി പരസ്യമായി അവകാശപ്പെട്ടിട്ടുള്ള മുയിസു, രണ്ടാം ഘട്ട വോട്ടെടുപ്പിൽ 54% വോട്ടു നേടിയാണു ഇബ്രാഹിം മുഹമ്മദ് സോലിഹിനെ പരാജയപ്പെടുത്തിയത്.

ഇബ്രാഹിം മുഹമ്മദ് സോലിഹിന്റെ മുൻഗാമിയായ അബ്ദുള്ള യമീനാകട്ടെ, മാലദ്വീപിനെ ചൈനയുടെ കേന്ദ്രമാക്കി മാറ്റിയിരുന്നു. അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കായി ചൈനയിൽ നിന്ന് അദ്ദേഹം ധാരാളം വായ്പ എടുത്തിരുന്നു. അഴിമതിക്ക് ക്രിമിനൽ കേസ് വിചാരണ നേരിടുന്ന യമീന് കഴിഞ്ഞ മാസത്തെ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ വിലക്ക് നേരിട്ടിരുന്നു. യമീന്റെ വിശ്വസ്തനാണ് മുഹമ്മദ് മുയിസു.

ജയിച്ച് മണിക്കൂറുകൾകം തന്നെ അതീവസുരക്ഷയുള്ള മാഫുഷി ജയിലിൽ 11 വർഷത്തെ തടവിൽ കഴിയുന്ന യമീനെ പുറത്തിറക്കി മാലിയിൽ വീട്ടുതടങ്കലിലാക്കി. മാലിയിലെ മേയർ കൂടിയായിരുന്നു മുയിസു. താൻ ചൈന അനുകൂലിയായിരിക്കും എന്ന മാധ്യമ വാർത്തകൾ അദ്ദേഹം തള്ളിയിരുന്നു. താൻ മാലദ്വീപ് അനുകൂലിയായിരിക്കും എന്ന് മുയിസു പറഞ്ഞിരുന്നു. മാലദ്വീപ് അനുകൂല നയത്തെ മാനിക്കുകയും, അനുസരിക്കുകയും ചെയ്യുന്ന ഏതു രാജ്യവും ഉറ്റ സുഹൃത്തായിരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇന്ത്യൻ മഹാസമുദ്രത്തിലെ തന്ത്രപ്രധാനമായ ദ്വീപസമൂഹത്തിനു മേൽ ഏതു രാജ്യമാണ് കൂടുതൽ സ്വാധീനം ചെലുത്തുകയെന്നു തീരുമാനിക്കുന്ന ഘടകമായി ഈ തിരഞ്ഞെടുപ്പ് വിലയിരുത്തപ്പെട്ടിരുന്നു. ദ്വീപിൽ നിലയുറപ്പിച്ചിരിക്കുന്ന ഇന്ത്യൻ സൈന്യം മാലദ്വീപിന്റെ പരമാധികാരത്തിനു ഭീഷണിയാണെന്ന് ആരോപിച്ചായിരുന്നു മുയിസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം.

മുയിസുവിനെ അഭിനന്ദിച്ച ആദ്യ നേതാക്കളിൽ ഒരാൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. മാലദ്വീപ്-ഇന്ത്യ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താൻ പ്രതിജ്ഞാബദ്ധമാണെന്നും മോദി എക്സിൽ പോസ്റ്റ് ചെയ്തിരുന്നു. ചൈനയും മുയിസുവിനെ അഭിനന്ദിച്ചിരുന്നു. തന്റെ പാർട്ടി വീണ്ടും അധികാരത്തിൽ വരുമെന്നും ചൈനയുമായുള്ള ബന്ധം കൂടുതൽ ശക്തമാകുന്ന അദ്ധ്യായം രചിക്കുമെന്നും മുയിസു കഴിഞ്ഞ വർഷം ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി ഉദ്യോഗസ്ഥരെ ധരിപ്പിച്ചിരുന്നു.